എമര്‍ജിങ് (ക്വട്ടേഷന്‍) കേരള
ദൈവത്തിന്‍റെ സ്വന്തം നാടെന്ന ചെല്ലപ്പേരുണ്ടായിരുന്നു, കേരളത്തിന്. അതൊക്കെ പണ്ട്. കളം നിറഞ്ഞു കളിക്കുന്ന ക്വട്ടേഷന്‍ സംഘമാണു കേരളത്തില്‍ നിന്ന് പാവം ദൈവത്തെ കെട്ടുകെട്ടിച്ചത്. ഇവിടെ ആര്‍ക്ക് എന്തു പദ്ധതി നടപ്പാക്കണമെങ്കിലും ഒന്നു ഞൊടിച്ചാല്‍ മതി, സംഘം പറന്നെത്തും. തല വെട്ടാനും നഖം വെട്ടാനും വരെ സംഘം റെഡി.
പണ്ടൊക്കെ വലിയ പണച്ചെലവേറിയ പണിയായിരുന്നു ക്വട്ടേഷന്‍ സംഘത്തെ മേയ്ക്കുക എന്നത്. ഇന്നിപ്പോള്‍ അതൊന്നും വേണ്ട. ഒഞ്ചിയത്തെ ചന്ദ്രശേഖരനെ വധിക്കാന്‍ അന്‍പതു ലക്ഷത്തിന്‍റെ ക്വട്ടേഷനാണു നല്‍കിയതെന്നു കേട്ടപ്പോള്‍, ഒരുമാതിരിപ്പെട്ടവര്‍ക്കാര്‍ക്കും ക്വട്ടേഷന്‍ സംഘത്തെ കൊണ്ടുനടക്കാന്‍ പറ്റില്ലെന്നു തോന്നിപ്പോയി. എന്നാല്‍ അന്വേഷണത്തിനൊടുവില്‍ വെറും അര ലക്ഷത്തിനാണു ക്വട്ടേഷന്‍കാര്‍ ചന്ദ്രശേഖരന്‍റെ കഥ കഴിച്ചതെന്നു കേട്ടപ്പോളാണ് ക്വട്ടേഷന്‍കാര്‍ക്കു പഴയ മാര്‍ക്കറ്റ് ഇല്ലെന്ന തിരിച്ചറിവുണ്ടായത്.
2005 ജൂലൈയില്‍ കണിച്ചുകുളങ്ങരയിലുണ്ടായ മുക്കൊലക്കേസാണ് കേരളത്തിലെ ആദ്യ ക്വട്ടേഷന്‍ ഹിറ്റ്. ഹിമാലയ ഗ്രൂപ്പ് മേധാവികളായ സജിത്തിനും ബിനീഷിനും വേണ്ടി മൃഗം സജുവിന്‍റെ നേതൃത്വത്തില്‍ ക്വട്ടേഷന്‍ സംഘം ഏറ്റെടുത്തു നടപ്പാക്കിയ അപകടക്കൊലപാതകം ചായക്കടച്ചര്‍ച്ചകളില്‍ വര്‍ഷങ്ങളോളം നിറഞ്ഞോടി. മുത്തൂറ്റ് പോള്‍ വധക്കേസും കേസിലെ താരം എസ് കത്തിയുമാണു ക്വട്ടേഷന്‍ സംഘത്തിനു പിന്നീടു ഗ്ലാമര്‍ ഉയര്‍ത്തിയത്. അതിനുശേഷം അല്ലറ ചില്ലറ അടിപിടിയും കൂലിത്തല്ലും ഗൂണ്ടാപ്പിരിവുമൊക്കെയായി കഷ്ടിച്ചു പിടിച്ചുനില്‍ക്കുകയായിരുന്നു സംഘം.
ടി.പി. ചന്ദ്രശേഖരന്‍ വധക്കേസോടെ, സര്‍വപ്രതാപങ്ങളും സടകുടഞ്ഞെഴുന്നേറ്റ് ജ്വലിച്ചു നില്‍ക്കുന്നു കേരള ക്വട്ടേഷന്‍ ടീം. ഇക്കഴിഞ്ഞ നാലാം തീയതി രാത്രി കോഴിക്കോട് വള്ളിക്കാട്ടു വച്ചാണ് അന്‍പതില്‍പ്പരം തവണ വെട്ടി ചന്ദ്രശേഖരനെ വധിച്ചത്. അന്നുണ്ടായ ക്വട്ടേഷന്‍ പ്രകമ്പനത്തിന്‍റെ പ്രഭവ കേന്ദ്രം ഒഞ്ചിയം ആണെങ്കിലും അങ്ങു ബംഗാള്‍വരെ ഇപ്പോഴും അതിന്‍റെ തുടര്‍ ചലനത്തിലാണ്. ചന്ദ്രശേഖരനെ വധിച്ചത് ഒരു ക്വട്ടേഷന്‍ സംഘമാണെങ്കില്‍ അനുബന്ധ മേഖലകളെല്ലാം ക്വട്ടേഷന്‍ സംഘത്തിന്‍റെ പിടിയിലാണെന്നാണു വിവരം.
ചന്ദ്രശേഖരനെ വധിക്കാന്‍ സിപിഎം ക്വട്ടേഷന്‍ നല്‍കിയെന്നു കോണ്‍ഗ്രസും യുഡിഎഫും. പാര്‍ട്ടിയെ തകര്‍ക്കാന്‍ കോണ്‍ഗ്രസ് ആണു ക്വട്ടേഷന്‍ നല്‍കിയതെന്നു സിപിഎം. പൊലീസുകാര്‍ക്കു ക്വട്ടേഷന്‍ ബന്ധമുണ്ടെന്ന് ഉണ്ണിത്താന്‍ കേസിലൂടെ തെളിയിക്കപ്പെട്ടതാണ്. വന്നുവന്ന്, കാര്യസാധ്യത്തിനു പത്രക്കാരും ക്വട്ടേഷന്‍ സംഘത്തെ കൂട്ടുപിടിക്കുന്നുണ്ടെന്നു എളമരം കരീം പറഞ്ഞതിലും അവിശ്വസിക്കേണ്ടതായി ഒന്നുമില്ല. എന്നാല്‍, സംശുദ്ധരെന്നു ബഹുജനം വിശ്വസിച്ച ഒരു കൂട്ടരുണ്ടായിരുന്നു. സംസ്ഥാനത്തെ സാംസ്കാരിക നായകന്മാര്‍. പ്ലാവില്‍ നിന്നു പഴുത്തില വീണാലും കരഞ്ഞു കവിതയെഴുതുന്ന ഇനത്തില്‍പ്പെട്ടവരാണ് ഇക്കൂട്ടര്‍. അവരും ക്വട്ടേഷന്‍ സംഘത്തിന്‍റെ ആരാധന മൂത്തു നിശ്ബദരായെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെ രേഖപ്പെടുത്തുമ്പോള്‍ ക്വട്ടേഷന്‍ സംഘത്തോടു വല്ലാത്ത ഒരു ആരാധന.
ക്വട്ടേഷന്‍ സംഘം തല്ലിക്കെടുത്തിയ വലിയൊരു പ്രതീക്ഷയുണ്ടായിരുന്നു. നെയ്യാറ്റിന്‍കരയില്‍ ഒ. രാജഗോപാലിന്‍റെ തെരഞ്ഞെടുപ്പു വിജയം. കഴിഞ്ഞതവണ കൈപ്പത്തിക്കെതിരേ ചുറ്റിക അരിവാള്‍ നക്ഷത്രം അടയാളത്തില്‍ മത്സരിച്ചു വിജയിച്ച ശെല്‍വരാജന്‍, ഒരു വര്‍ഷത്തിനുള്ളില്‍ രാജിവച്ചു കൈപ്പത്തിച്ചിഹ്നത്തില്‍ മത്സരിക്കുന്നതില്‍ മനം നൊന്തു കഴിയുകയാണ് അവിടുത്തെ വോട്ടര്‍മാര്‍. പരമ്പരാഗത പാര്‍ട്ടി പ്രവര്‍ത്തകരെ തഴഞ്ഞു വലിഞ്ഞുകയറി വന്നയാളെ സ്ഥാനാര്‍ഥിയാക്കിയതിന്‍റെ നിരാശ ചില സിപിഎം പ്രവര്‍ത്തകരിലെങ്കിലും ഉണ്ട്. ഈ വിടവിലൂടെ, ഉരുത്തിരിഞ്ഞ അസാധാരണമായ വിജയ സാധ്യതയായിരുന്നു ബിജെപിക്കും രാജഗോപാലിനും. എന്നാല്‍ ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട സിപിഎംവിരുദ്ധ സമീപനവും യുഡിഎഫ് ഉയര്‍ത്തുന്ന സഹതാപ സാഹചര്യങ്ങളും തിരിച്ചടി ആകുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. ചന്ദ്രശേഖരന്‍ വധത്തെ ലോകമഹായുദ്ധമായി പ്രചരിപ്പിക്കുന്ന യുഡിഎഫ് നടപടിക്കെതിരേയാണു ബിജെപിയുടെ എല്ലാ നീക്കങ്ങളും. ഫലം കാണുമോ എന്നു കണ്ടറിയാം.
** **
ക്വട്ടേഷന്‍ സംഘവും ചന്ദ്രശേഖരന്‍ വധവും അനുബന്ധ കൊടിപടഹങ്ങള്‍ക്കുമിടയില്‍ എല്ലാവരും മറന്നുപോയ ഒരു പെണ്‍കുട്ടിയുണ്ട്. കോട്ടയം കുടമാളൂര്‍ ഗോപികയില്‍ ശ്രീകാന്തിന്‍റെ മകള്‍ ശ്രുതി. നഴ്സിങ് പഠനത്തിനു ബാങ്ക് വായ്പ ലഭിക്കാത്തതില്‍ മനം നൊന്ത് ആത്മഹത്യ ചെയ്തതാണ് ഈ പെണ്‍കുട്ടി. ചന്ദ്രശേഖരന്‍ വധക്കേസു പോലെ മികച്ച വോട്ടു ബാങ്ക് അല്ലാത്തതു കൊണ്ട് ഒരു രാഷ്ട്രീയ നേതാവും ശ്രുതിയുടെ വീട്ടില്‍ച്ചെന്നതായി അറിവില്ല. മുഖ്യമന്ത്രി, ധനമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവരുടെ ജില്ലക്കാരിയായിട്ടും പഠിപ്പില്‍ മിടുക്കിയായ ശ്രുതിക്ക് ബാങ്ക് വായ്പ നിഷേധിക്കപ്പെട്ടത് എന്തുകൊണ്ടെന്ന് ആരും അന്വേഷിച്ചില്ല. പീഡനക്കേസ് അല്ലാത്തതു കൊണ്ടു പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും ഈ കേസില്‍ അത്ര താത്പര്യം തോന്നിയില്ല. പ്രശസ്തിക്കു വകയില്ലാത്തതുകൊണ്ടു ശ്രുതിയുടെ പേരില്‍ സാംസ്കാരിക ക്വട്ടേഷന്‍കാരാരും കവിതയോ കഥയോ കുറിച്ചില്ല. ക്യാംപസുകളില്‍ സ്വയം പൊക്കല്‍ ഫ്ളക്സുകള്‍ ഉയര്‍ത്തിക്കെട്ടുന്ന വിദ്യാര്‍ഥിസംഘടനാ നേതാക്കള്‍ക്കും ശ്രുതിയെക്കുറിച്ചു വലിയ പിടിപാടുണ്ടായില്ല. തീണ്ടലും തൊടീലും കൊണ്ടു പൊറുതിമുട്ടിയ കേരളത്തെ നോക്കി പണ്ടു മഹാകവി കുമാരനാശാന്‍ പാടിയത് ഓര്‍ത്തുപോകുന്നു, ഹരഹര ഇങ്ങനെ വല്ല നാടു
മുണ്ടോ..?
സ്റ്റോപ്പ് പ്രസ്:
ടി.പി. ചന്ദ്രശേഖരന്‍റെ വീട്ടിലേക്കു സിപിഎം നേതാക്കളാരും വരേണ്ടന്ന് ആര്‍എംപി. എന്നാല്‍, ചന്ദ്രശേഖരനെ ധീരനായ കമ്യൂണിസ്റ്റ് എന്നു വിശേഷിപ്പിച്ച അച്യുതാനന്ദന്‍, സഖാവിന്‍റെ വീട് സന്ദര്‍ശിക്കുമെന്നു കരുതിയവരുണ്ട്. വിഎസിനും ആഗ്രഹമില്ലാഞ്ഞിട്ടല്ല. മുംബൈ 26/11 സംഭവത്തിലെ ധീര രക്തസാക്ഷി സന്ദീപ് ഉണ്ണിക്കൃഷ്ണന്‍റെ ബംഗളൂരുവിലെ വീട് സന്ദര്‍ശിച്ച അനുഭവം മറക്കാറായിട്ടില്ല. അതില്‍പ്പിന്നെ മരണ വീടുകള്‍ സന്ദര്‍ശിക്കുന്നതിനു മുന്‍പു മൂന്നുവട്ടം ആലോചിക്കും, സഖാവ്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ