പേജുകള്‍‌

2012, മേയ് 3, വ്യാഴാഴ്‌ച

finger print april 30

തോപ്പില്‍ ഭാസിയുടെ വിഖ്യാത നാടകത്തില്‍ പരമു പിള്ള എന്ന കഥാപാത്രത്തിന്‍റെ അവസാന ഡയലോഗ് ഒരു കാലത്തു കേരളത്തിന്‍റെ രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്കു കുറച്ചൊന്നുമല്ല വീര്യം പകര്‍ന്നത്. “”നിങ്ങളെല്ലാരും കൂടി എന്നെ കമ്മൂണിസ്റ്റാക്കി... അല്ലേലും ഞാനിനി കമ്മൂണിസ്റ്റാാ..!’’ഇതായിരുന്നു ആ ഡയലോഗ്.

നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന നാടകത്തിലൂടെ പരമുപിള്ള പറഞ്ഞ ഡയലോഗ് എത്രയെത്ര വര്‍ഷങ്ങള്‍, എത്രയെത്ര തട്ടുകള്‍ കീഴടക്കി. ഈ ഡയലോഗ് ഏറ്റുപിടിച്ച എത്രയോ പേര്‍ പില്‍ക്കാലത്തു കമ്യൂണിസ്റ്റായി. അതാണു സര്‍ഗസൃഷ്ടികളുടെ സ്വാധീനം. തോപ്പില്‍ ഭാസിയെപ്പോലുള്ള എഴുത്തുകാര്‍ക്കും നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി പോലുള്ള നാടകങ്ങള്‍ക്കും കുറവുണ്ടെങ്കിലും ഇതിവൃത്തങ്ങള്‍ക്കും രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കും ഒരു പഞ്ഞവുമില്ല, ഇക്കാലത്ത്. പക്ഷേ, ആരും മുന്നോട്ടു വരുന്നില്ല എന്ന പരാതി അനുവാചകര്‍ക്കുണ്ട്.

സര്‍ഗാത്മകതയുള്ള എഴുത്തുകാരുണ്ടായിരുന്നെങ്കില്‍ നിങ്ങളെന്നെ കമ്യൂണിസ്റ്റ് അല്ലാതാക്കി, നിങ്ങളെന്നെ കോണ്‍ഗ്രസാക്കി, നിങ്ങളെന്നെ കമ്യൂണിസ്റ്റിലാക്കി തുടങ്ങി എത്രയെത്ര നാടകങ്ങള്‍ക്ക് അടുത്തിടെ സ്കോപ്പുണ്ടായി. എത്രയെത്ര നാടകീയ മുഹൂര്‍ത്തങ്ങള്‍ക്കു നെയ്യാറ്റിന്‍കര എന്ന നഗരപ്രാന്തം സാക്ഷ്യം വഹിച്ചു. രാഷ്ട്രീയ നാടകങ്ങളുടെ ക്ലൈമാക്സും ആന്‍റി ക്ലൈമാക്സും കണ്ട് അവിടെ ജനം അന്തം വിടുകയാണ് ഓരോ ദിവസവും.

കഴിഞ്ഞ വര്‍ഷം മേയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നല്ല അസല്‍ കോണ്‍ഗ്രസ്നേതാവ് തമ്പാനൂര്‍ രവിയെ യുഡിഎഫ് തട്ടകമായ നെയ്യാറ്റിന്‍കരയില്‍ 6702 വോട്ടുകള്‍ക്ക് അട്ടിമറിച്ച സിപിഎം നേതാവായിരുന്നു ആര്‍. ശെല്‍വരാജ്. ഒരു സുപ്രഭാതത്തില്‍ സിപിഎമ്മില്‍ അണിചേര്‍ന്ന ആളായിരുന്നില്ല ശെല്‍വം. അടിയുടെ, ഇടിയുടെ, വെടിയുടെ മുന്നില്‍ അടിപതറാതെ, ചോരച്ചാലുകള്‍ നീന്തിക്കയറി എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രസ്ഥാനങ്ങളിലൂടെ പടിപടിയായി വളര്‍ന്നു പാര്‍ട്ടി ഭാരവാഹിയും സമുദായ നേതാവും ഒക്കെ ആയ ആളാണ് അദ്ദേഹം. സ്വന്തം നിയോജക മണ്ഡലമായ പാറശാലയില്‍ ഒരു തവണ മത്സരിച്ചു നിയമസഭയിലെത്തിയപ്പോഴാണു പാര്‍ലമെന്‍ററി സംവിധാനങ്ങളുടെ സുഖവിവരങ്ങളൊക്കെ പാവത്തിനു പിടികിട്ടിത്തുടങ്ങിയത്. അതോടെ ഈ സൗകര്യങ്ങളൊക്കെ ആജീവനാന്തം തനിക്കു പതിച്ചു കിട്ടണമെന്നു വല്ലാതെ മോഹിച്ചു പോയി. പാറശാലയാണു പറ്റിയ ലാവണമെന്നും മനസാ നിരൂപിച്ചു.

ഒരു കമ്യൂണിസ്റ്റിന് പാര്‍ലമെന്‍ററി വ്യാമോഹം പാടില്ലാത്തതാണെന്നു പാര്‍ട്ടി പഠിപ്പിച്ചിട്ടുണ്ട്. പക്ഷേ, ഗുരുസ്ഥാനത്തു വി.എസ്. അച്യുതാനന്ദനെ പ്രതിഷ്ഠിച്ചു പോയതിനാല്‍ പാര്‍ട്ടി പറയുന്നതിനെക്കാള്‍ വിഎസ് പറയുന്നതായിരുന്നു പഥ്യം. സീറ്റ് നിഷേധിച്ചാല്‍ അഞ്ചാറാളെക്കൂട്ടി വല്ല പന്തംകൊളുത്തി പ്രകടനവും നടത്തി സീറ്റ് തരപ്പെടുത്താനുള്ള തന്ത്രം ഗുരുവിനറിയാം. എന്നാല്‍ ശിഷ്യന് അത്രയ്ക്കു പിടിപാടില്ല.

പാറശാല സ്ഥിരമായി പതിച്ചു നല്‍കിയിരുന്നെങ്കില്‍ അവിടെത്തന്നെ സിദ്ധി കൂടാമായിരുന്നു. എന്നാല്‍ പാര്‍ട്ടി അദ്ദേഹത്തെ നെയ്യാറ്റിന്‍കരയിലേക്കു ട്രാന്‍സ്ഫര്‍ ചെയ്തു. അന്നു മുതല്‍ പാര്‍ട്ടിയുടെ ജീര്‍ണത ശെല്‍വം തിരിച്ചറിഞ്ഞുതുടങ്ങി. ഒടുവില്‍ ജീര്‍ണിച്ച പാര്‍ട്ടിയില്‍ നിന്ന് അദ്ദേഹം പുറത്തുചാടി. ഇത്രയും വച്ച് നിങ്ങളെന്നെ കമ്യൂണിസ്റ്റ് അല്ലാതാക്കി എന്ന ഒരു നാടകത്തിനു സ്കോപ്പ് ഉണ്ടായിരുന്നു. എഴുതാന്‍ ആളില്ലാതെ പോയി.

എന്നാല്‍ ക്ലൈമാക്സിലല്ല, ആന്‍റി ക്ലൈമാക്സിലാണ് ശെല്‍വത്തിനു കമ്പം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വളരെ ജീര്‍ണിച്ച പാര്‍ട്ടിയാണെന്നു നെയ്യാറ്റിന്‍കര നിരത്തി പ്രചരിച്ചിരുന്നു. അങ്ങനെയുള്ള കോണ്‍ഗ്രസിലേക്കു പോകുന്നതു ആത്മഹത്യയ്ക്കു തുല്യം എന്നായിരുന്നു സിപിഎമ്മില്‍ നിന്നു രാജിവച്ച മാര്‍ച്ച് ഒന്‍പതിനു ശെല്‍വത്തിന്‍റെ നിലപാട്. എന്നാല്‍ കൂടെ നില്‍ക്കുന്നവര്‍ എന്തു പറയുന്നുവോ അതു താന്‍ അനുസരിക്കുമെന്ന് മാര്‍ച്ച് പത്തിന് ശെല്‍വം തിരുത്തി. കൂടെ നില്‍ക്കുന്നവര്‍ കോണ്‍ഗ്രസില്‍ ചേരണമെന്നു നിര്‍ബന്ധിച്ചാലോ എന്നായി അടുത്ത ചോദ്യം. അവരങ്ങനെ നിര്‍ബന്ധിക്കില്ലെന്ന് ഉത്തരം. കൂടെ നിന്ന ആരെങ്കിലും നിര്‍ബന്ധിച്ചിട്ടാണോ എന്നറിയില്ല, ഇക്കഴിഞ്ഞ ബുധനാഴ്ച ശെല്‍വം കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഏതായാലും ഒരു കമ്യൂണിസ്റ്റ്കാരനെ നാല്‍പ്പത്തെട്ടു ദിവസം കൊണ്ട് കോണ്‍ഗ്രസുകാരനാക്കി നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കിയ സംഭവബഹുലമായ കഥ കോര്‍ത്തിണക്കി, നിങ്ങളെന്നെ കോണ്‍ഗ്രസ് ആക്കി എന്ന പേരില്‍ നാടകം എഴുതാന്‍ കഴിവില്ലാതെ പോയ നാടകകൃത്തുക്കളാരും മാപ്പര്‍ഹിക്കുന്നില്ല. പാര്‍ട്ടി മെംബറാകാന്‍ മൂന്നു രൂപയും കൊണ്ടു മൂന്നു കൊല്ലം ഊരുചുറ്റിയ കെ. മുരളീധരനും നാടാര്‍ സമുദായത്തില്‍ നിന്നു മന്ത്രിയാകാന്‍ മോഹിച്ചു മോഹഭംഗമുണ്ടായ എന്‍. ശക്തനും ചടങ്ങു ബഹിഷ്കരിച്ച സാഹചര്യം പശ്ചാത്തലമാക്കി, പാമ്പുകള്‍ക്കു മാളമുണ്ട്... പറവകള്‍ക്കാകാശമുണ്ട്... എന്ന ഒരു ശോക വിപ്ലവ ഗാനത്തിനും സ്കോപ്പ് ഉണ്ടായിരുന്നു.

*** * ** ***

കാതുകുത്തിയവന്‍ പോയാല്‍ കടുക്കനിട്ടവന്‍ എന്നാണു നാട്ടുനടപ്പ്. ശെല്‍വരാജന്‍ പാര്‍ട്ടി വിട്ടു മറുചേരിയിലെത്തി സ്ഥാനാര്‍ഥിയായാല്‍, മറുചേരിയില്‍ നിന്നൊരാളെ മറുകണ്ടം ചാടിച്ചു സ്ഥാനാര്‍ഥിയാക്കുന്നതു തന്നെയാണു മിടുക്ക്. ഈ പ്രക്രിയയെ പ്രതിനാടകം എന്നും വിളിക്കാം. കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പില്‍ നിന്നു തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും വിജയിച്ചു പഞ്ചായത്ത് അംഗമാകുകയും ചെയ്ത അഡ്വ. ലോറന്‍സിനെ ആദ്യം പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനാക്കുകയും ഇപ്പോള്‍ പാര്‍ട്ടി അംഗത്വം നല്‍കി ശെല്‍വരാജനെതിരേ മത്സരിപ്പിക്കുകയും ചെയ്യുന്ന സിപിഎം നടപടിയും മികച്ച നാടകത്തിനു തന്നെ ഇതിവൃത്തമുണ്ടാക്കി. നിങ്ങളെന്നെ കമ്യൂണിസ്റ്റിലാക്കി എന്ന പേരു മാത്രം മതി, തോപ്പില്‍ഭാസിയെ കടത്തിവെട്ടാമായിരുന്നു.

കെ. അബ്ദുള്ളക്കുട്ടി, ഡോ. കെ.എസ്. മനോജ് തുടങ്ങിയ പഴയ പോരാളികളെപ്പോലെ ലോറന്‍സിനെ പടക്കുതിരയാക്കി പാര്‍ട്ടിക്കു പാര വയ്ക്കുന്നവര്‍ക്ക്, ചോര തുടിക്കും ചെറു കൈയുകളെ, പേറുക വന്നീ പന്തങ്ങള്‍ എന്നു നീട്ടിപ്പാടാമായിരുന്നു. പാര്‍ട്ടിയില്‍ നിന്ന് ഒരു ലാറ്റിന്‍ നാടാര്‍ പോയാല്‍ പകരം സിഎസ്ഐ നാടാര്‍. എത്ര സുന്ദരമായ സാമുദായിക സമവാക്യം..!

സ്റ്റോപ്പ് പ്രസ്:

സിപിഎമ്മില്‍ നിന്നു രാജിവച്ചു വന്ന സിന്ധു ജോയിയെ യൂത്ത് കമ്മിഷന്‍ അധ്യക്ഷയാക്കിയതിനെതിരേ മഹിളാ കോണ്‍ഗ്രസില്‍ പ്രതിഷേധം. കേരള കോണ്‍ഗ്രസുകാരനായ ലോറന്‍സിനു നിയമസഭാ സീറ്റു നല്‍കിയതില്‍ സിപിഎമ്മില്‍ പ്രതിഷേധം. ലീഗിന് അഞ്ചാം മന്ത്രിയെ നല്‍കിയതില്‍ യൂത്ത് കോണ്‍ഗ്രസിനു പ്രതിഷേധം. പിറവത്തു സമദൂരം വിട്ടു ശരിദൂരം തെരഞ്ഞെടുത്ത എന്‍എസ്എസ്, നെയ്യാറ്റിന്‍കരയിലെ ശരിയായ നായര്‍ സ്ഥാനാര്‍ഥിയോട് എതിര്‍ദൂരം കല്‍പ്പിക്കുന്നതില്‍ ബിജെപിക്കു പ്രതിഷേധം. സമനില തെറ്റിപ്പോകുമോ എന്നു ജനങ്ങളുടെ പേടിക്ക് ആരു സമാധാനം പറയും?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ