പേജുകള്‍‌

2012, ഓഗസ്റ്റ് 27, തിങ്കളാഴ്‌ച

ഗ്രീന്‍ പൊളിറ്റിക്സും
ഗ്രീഡി പൊളിറ്റിക്സും

ഗ്രീന്‍ പൊളിറ്റിക്സ് ആണോ ഗ്രീഡി പൊളിറ്റിക്സ് ആണോ മുറ്റിയത് എന്നു ചോദിച്ചാല്‍ മാവാണോ മാങ്ങാണ്ടിയാണോ മുറ്റിയത് എന്ന ഫിലോസഫിക്കല്‍ ചോദ്യം പോലെ കോംപ്ലിക്കേറ്റഡ് ആവും. അഭിനവ പൊളിറ്റിക്സില്‍ ഇറങ്ങുന്നവര്‍ ആദ്യം ഗ്രീന്‍ ആകണം (മുസ്ലിം ലീഗ് അല്ല) എന്നാണു കാര്യവിവരമുള്ളവര്‍ പറയുന്നത്. ഗ്രീന്‍ പൊളിറ്റിക്സ് നന്നായി പച്ച പിടിച്ചാല്‍ പിന്നീട് താനേ ഗ്രീഡി ആയിക്കൊള്ളുമെന്നും ജ്ഞാനികള്‍ പറയുന്നത് അവിശ്വസിക്കേണ്ട കാര്യമില്ല. പക്ഷേ, ഇതൊന്നും പറഞ്ഞാല്‍ വി.ഡി. സതീശന്‍, ടി.എന്‍. പ്രതാപന്‍, എം.എം. ഹസന്‍ തുടങ്ങിയ കോണ്‍ഗ്രസുകാര്‍ക്കു പെട്ടെന്നു മനസിലാകില്ല. വെട്ടൊന്ന്, മുറി രണ്ട് എന്ന പക്ഷത്താണ് എല്ലാവരും. ഏതായാലും ഇവര്‍ക്കിടയിലെ പ്രശ്നം കുറച്ചുകാലത്തേക്ക് ഒന്നു മുറ്റി നില്‍ക്കണേ എന്നാണ് സിപിഎം ക്യാംപിന്‍റെ പ്രാര്‍ഥന. ചാനല്‍ക്കാരുടെയും പത്രക്കാരുടെയും ശല്യം തത്കാലത്തേക്ക് ഒന്നു മാറിക്കിട്ടുമല്ലോ.

കേരളത്തിലെ പച്ചപ്പിന്‍റെ മൊത്ത സൂക്ഷിപ്പുകാരാണ് സതീശനും പ്രതാപനും. അഥവാ തങ്ങള്‍ക്കാണ് അതിന്‍റെ ചുമതല എന്ന് ഇരുവരും ധരിച്ചുവശായിരിക്കുന്നു. പച്ചപ്പിന്‍റെ ഈ കാവല്‍ രാഷ്ട്രീയത്തിനാണ് ഗ്രീന്‍ പൊളിറ്റിക്സ് എന്നു പറയുന്നത്. പണ്ടൊക്കെ ജനങ്ങളുടെ പട്ടിണിയും പരിവട്ടവുമൊക്കെ ഏറ്റുപിടിച്ചായിരുന്നു രാഷ്ട്രീയം പിച്ചവച്ചത്. രാഷ്ട്രീയക്കാര്‍ പിറവിയെടുത്തതും പാവങ്ങളുടെ പട്ടിണിക്കോലം ഉയര്‍ത്തിക്കാട്ടിയായിരുന്നു. ഇന്നിപ്പോള്‍ നാട്ടില്‍ പട്ടിണിയെന്നൊന്നില്ല. എല്ലാവരും സമ്പന്നര്‍. മൊണ്ടെക് സിങ് അലുവാലിയ നഗരങ്ങളിലും നാട്ടിന്‍പുറങ്ങളിലും ദാരിദ്ര്യ രേഖയുടെ അതിര്‍വരമ്പ് മാറ്റിവരച്ചതോടെ, ദരിദ്രനാരായണന്മാര്‍ എന്ന ജനവിഭാഗം ഭൂപടത്തില്‍ പോലും ഇല്ലാതായി. എന്നുകരുതി രാഷ്ട്രീയം കുറ്റിയറ്റുപോകാന്‍ പാടില്ല. അതിനു വല്ല പച്ചയോ മഞ്ഞയോ ഒക്കെ പിടിച്ചു കയറുക തന്നെ. അതിനാണ് പ്രതാപനും സതീശനും ശ്രമിക്കുന്നത്. ഇരുവരും വളരെ പാടുപെട്ടു കൊണ്ടുവന്ന ഗ്രീന്‍ പൊളിറ്റിക്സിനെ ഗ്രീഡി പൊളിറ്റിക്സ് എന്ന് എം.എം. ഹസനല്ല, ഇമ്മിണി വല്യ ഹസന്‍ പറഞ്ഞാലും വെറുതേ വിടില്ല.

ഹസന്‍ ആര്‍ത്തി പൂണ്ട ദേശാടനപ്പക്ഷിയാണെന്നത്രേ സതീശന്‍റെ നിരീക്ഷണം. മണ്ഡലം വിട്ടു മണ്ഡലം മാറുന്ന ഹസനെയാണ് സതീശന്‍ ഒന്നു കൊത്തിയത്. ഹസന്‍ അഞ്ചു തവണ കേരള നിയമസഭയിലെത്തിയിട്ടുണ്ട്. രണ്ടു തവണ കഴക്കൂട്ടത്തു നിന്നും രണ്ടു തവണ തിരുവനന്തപുരം വെസ്റ്റില്‍ നിന്നും ഒരിക്കല്‍ കായംകുളത്തു നിന്നും. കായംകുളത്തു നിന്നു തെരഞ്ഞെടുക്കപ്പെട്ട് ആന്‍റണി മന്ത്രിസഭയില്‍ ഇന്‍ഫൊര്‍മേഷന്‍, നോര്‍ക്ക മന്ത്രിയുമായി. അങ്ങനെ മൊത്തം മൂന്നു മണ്ഡലങ്ങളില്‍ മത്സരിച്ചതാണ് ഹസനെ സതീശന്‍ ദേശാടനപ്പക്ഷിയാക്കിയത്. കഴിഞ്ഞ തവണ എവിടെയെങ്കിലും ഒരു സീറ്റ് വേണമെന്നു ഹസന്‍ മോഹിച്ചു. അതിനുവേണ്ടി കുറച്ചൊക്കെ പണിയുകയും ചെയ്തു. പക്ഷേ, വക്താവ് എന്ന പദവി നല്‍കി ഹസനു സീറ്റ് നിഷേധിച്ചു പാര്‍ട്ടി. നാലാമതൊരിടം നല്‍കിയിരുന്നെങ്കില്‍ അവിടെയും ജയിച്ചേനെ, ഹസന്‍. സംശയമുള്ളവര്‍ ഓരോ മണ്ഡലത്തിലെയും ജനശ്രീ അംഗങ്ങളുടെ കണക്ക് പരിശോധിക്കുക.

അങ്ങനെയുള്ള തന്നെ ദേശാടനപ്പക്ഷി എന്നു വിളിച്ചാല്‍, ഹസന്‍ വെറുതേ വിടുമോ? താന്‍ ദേശാടനപ്പക്ഷിയാണെന്ന വസ്തുത അദ്ദേഹം ശരിവച്ചു. ദേശാടനപ്പക്ഷിക്ക് എവിടെ വേണമെങ്കിലും കടന്നുചെല്ലാമെന്ന യുക്തിയും നിരത്തി. കൂട്ടത്തില്‍ ഒരു കുത്ത് സതീശനു കൊടുക്കാനും മറന്നില്ല. ദേശാടനപ്പക്ഷി പോകുന്നതു പോലെ വല്ല കാക്കയും കുയിലുമൊ ന്നും ഊരു ചുറ്റരുതെന്നാണ് ഉപദേശം. അവര്‍ക്കു വഴിതെറ്റും. അല്ലെങ്കില്‍ വല്ലവരുടെയുമൊക്കെ കൊത്തു കൊള്ളും. സംഗതി ഏറ്റു. പുതിയ പക്ഷിമൃഗാദികളുടെ സ്വഭാവ ചേഷ്ടകള്‍ പഠിച്ചുവരികയാണ് സതീശന്‍. മറുപടിക്കു കാത്തിരിക്കാം.

ഇനി ഗ്രീഡി പൊളിറ്റിക്സിന്‍റെ കാര്യം. സതീശന്‍ മൂന്നു തവണ നിയമസഭയിലെത്തി. മൂന്നു തവണയും പ്രതിനിധീകരിച്ചത് എറണാകുളത്തെ വടക്കന്‍ പറവൂരിനെ. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് ജയിച്ചപ്പോള്‍ മന്ത്രിയാവണമെന്നു മോഹിച്ചു. യോഗ്യതയ്ക്ക് ഒരു കുറവും ഇല്ലായിരുന്നെങ്കിലും പെരുന്ന നായന്മാരും തിരുവനന്തപുരം നായന്മാരും മറ്റും ചേര്‍ന്ന് സതീശന്‍റെ ചാന്‍സ് തെറിപ്പിച്ചു. എന്നു കരുതി ഇനി ഒരിക്കലും മന്ത്രിപ്പണി പറ്റില്ലെന്നു പറയാനാവില്ല. അടുത്ത ചാന്‍സിലെങ്കിലും മന്ത്രി ആകണമെങ്കില്‍ പച്ചയും മഞ്ഞയുമൊക്കെ പയറ്റിയേ പറ്റൂ. അത് ഗ്രീഡി പൊളിറ്റിക്സ് എങ്കില്‍ ഗ്രീഡി. ഗ്രീന്‍ പൊളിറ്റിക്സ് എങ്കില്‍ ഗ്രീന്‍.

പ്രതാപന്‍റെ കാര്യം കുറച്ചു കൂടി കുഴഞ്ഞതാണ്. പയറ്റുന്നത് ഗ്രീന്‍ പൊളിറ്റിക്സ് എന്നു പറഞ്ഞാലും ദേശാടനക്കാര്യത്തില്‍ ഹസന്‍റെ പിന്‍ഗാമിയാണു പ്രതാപനും. സഭയില്‍ സതീശനെപ്പോലെ പ്രതാപനും മൂന്നാമൂഴം. രണ്ടു തവണ തെരഞ്ഞെടുക്കപ്പെട്ടത് നാട്ടിക മണ്ഡലത്തില്‍ നിന്ന്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പി ല്‍ നാട്ടിക വിട്ട് പ്രതാപന്‍ കൊടുങ്ങല്ലൂരിലാണു മത്സരിച്ചതും ജയിച്ചതും. ആ നിലയ്ക്ക് ഹസനെ ദേശാടനപ്പക്ഷി എന്നു വിളിക്കാന്‍ പ്രതാപന് ധൈര്യമില്ല.

ഹസനും സതീശനും പ്രതാപനുമൊക്കെ പക്ഷി നിരീക്ഷണം നടത്തുമ്പോള്‍ മൊത്തത്തില്‍ കണ്‍ഫ്യൂഷനിലാണു ജനങ്ങള്‍. നിയമസഭയിലേക്കു മത്സരിക്കാന്‍ സീറ്റു പോലും നിഷേധിച്ച് ഹസനെ മാറ്റി നിര്‍ത്തിയതു പാര്‍ട്ടിയുടെ ഔദ്യോഗിക വ ക്താവ് ആക്കാനാണ്. പാര്‍ട്ടിക്ക് ഔദ്യോഗികമായി വല്ലതും പറയാനുണ്ടെങ്കില്‍ വക്താവ് ആണ് അക്കാര്യം പറയേണ്ടത്. വക്താവിനല്ലാതെ, പാര്‍ട്ടിക്കാര്യം പറയാന്‍ കെപിസിസി പ്രസിഡന്‍റിനു മാത്രമേ അധികാര മുള്ളൂ. എന്നാല്‍ ഹസന്‍ പറയുന്നതു പാര്‍ട്ടി നയമല്ല എന്ന് കെപിസിസി പ്രസിഡന്‍റ് രമേശ് ചെന്നിത്തല ഇപ്പോള്‍ പറയുന്നു. ഹസനെ പാര്‍ട്ടി വക്താവ് ആയി നിലനിര്‍ത്തുകയും ചെയ്യുന്നു. അതെങ്ങനെ ശരിയാകും? വി.ഡി. സതീശനാണു നിയമസഭയില്‍ കോണ്‍ഗ്രസിന്‍റെ വിപ്പ്. പക്ഷേ, സര്‍ക്കാരിനെതിരേ സതീശന്‍ നിലപാട് സ്വീകരിക്കുന്നു. അതും എങ്ങനെ ശരിയാകും?

ഇക്കണക്കിനു പോയാല്‍ സതീശന്‍റെ വിപ്പ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ അനുസരിക്കുമോ? പക്ഷേ, പാര്‍ട്ടി കോണ്‍ഗ്രസ് അല്ലേ? ഇതിലും വലുതു പ്രതീക്ഷിക്കാം.

വര്‍ക്കല കഹാറിന്‍റെ വോട്ടവകാശം കോടതി മരവിപ്പിക്കുകയും കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കിടയില്‍ ഭിന്നത രൂക്ഷമാവുകയും ചെയ്യുമ്പോള്‍, ക്ലിഫ്ഹൗസിലോ പുതുപ്പള്ളി ഹൗസിലോ കിടന്നാ ല്‍ ഉമ്മന്‍ ചാണ്ടിക്ക് ഉറക്കം വ രില്ല. ദുര്‍ബല ഗര്‍ഭിണി ആയ അവസ്ഥയിലാണ് പാവം കുഞ്ഞൂഞ്ഞ് എന്നാണ് ഈ ഓണക്കാലത്തെ അടുക്കളപ്പാട്ട്.

തിരുവന്തപുരം മുതല്‍ കഴക്കൂട്ടം വരെയും അവിടെ നിന്നു കായംകുളം വരെയും അളന്നാല്‍ ഏറിയാല്‍ ഒരു 100-110 കിലോമീറ്റര്‍ ദൂരമേ വരൂ. എന്നാല്‍ പഞ്ചാബില്‍ ജനിച്ച മന്‍മോഹന്‍ സിങ് ആയിരക്കണക്കിനു കിലോമീറ്റര്‍ അകലെയുള്ള അസമിലെത്തി, വ്യാജ മേല്‍വിലാസത്തില്‍ മത്സരിച്ചാണു രാജ്യസഭയിലെത്തി പ്രധാനമന്ത്രിയായത്.

പഴയ ഉത്തര്‍ പ്രദേശിലെ റായ്ബറേലി വിട്ട്, കര്‍ണാടകത്തിലെ ചിക്കമംഗലൂരില്‍ മത്സരിക്കാനെത്തി സാക്ഷാല്‍ ഇന്ദിരാ ഗാന്ധി. ഇന്ദിരയുടെ മരുമകളും ഇപ്പോഴത്തെ പാര്‍ട്ടി അധ്യക്ഷയുമായ സോണി ഗാന്ധി പോലും റായ്ബറേലിയില്‍ നിന്ന് ദേശാടനം നടത്തി കര്‍ണാടകത്തിലെ ബെല്ലാരിയില്‍ ജനവിധി തേടിയ കാര്യം കോണ്‍ഗ്രസിലെ പക്ഷിനിരീക്ഷകര്‍ ഓര്‍മിച്ചാല്‍ കൊള്ളാം.

എന്തിനധികം. ചേര്‍ത്തലക്കാരന്‍ സാക്ഷാല്‍ എ.കെ. ആന്‍റണി പോലും എവിടെല്ലാം മത്സരിച്ചിരിക്കുന്നു. സ്വന്തം മണ്ഡലം വിട്ട് അദ്ദേഹം കഴക്കൂട്ടത്തും തിരൂരങ്ങാടിയിലും ജനവിധി തേടിയിട്ടുണ്ട്. മാളയുടെ മാണിക്യമായിരുന്നിട്ടും ലീഡര്‍ കെ. കരുണാകരന്‍ നേമത്തു മത്സരിച്ചതും ദേശാടനത്തിന്‍റെ കണക്കില്‍പ്പെടുമോ, ആവോ.

ഗ്രീന്‍ പൊളിറ്റിക്സിലെ സലിം അലിമാര്‍ ഇവരെ ആരെയും ദേശാടന ക്കിളിയെന്നോ ബ്രോയ്ലര്‍ ചിക്കനെന്നോ ഒന്നും പൂര്‍വകാല പ്രാബല്യത്തോടെ വിളിച്ചേക്കരുത്, സതീശന്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ