മാര്‍ക്സിസം പോലെ
പഴകുമോ മാണിസം?
ഈ മാണിഗോളം തിരിയുന്ന മാര്‍ഗം... എന്നു പണ്ടൊരു കാര്‍ട്ടൂണ്‍ കുറിപ്പു കണ്ടതോര്‍ക്കുന്നു. ഇ.കെ. നായനാരുടെ മന്ത്രിസഭയ്ക്കു നല്‍കിവന്ന പിന്തുണ പിന്‍വലിക്കുന്നതിനെക്കുറിച്ച് കെ.എം. മാണി ആലോചിക്കുന്നതിനിടെയയായിരുന്നു കാര്‍ട്ടൂണ്‍ അവതരിക്കപ്പെട്ടത്. അതിങ്കലെങ്ങാനുമൊരിടത്തിരുന്നു നോക്കുന്ന നായനാര്‍ കഥയെന്തു കണ്ടു..എന്ന ഗോസിപ്പോടെ കാര്‍ട്ടൂണ്‍ മനസില്‍ നിന്നു മായുന്നു.
പണ്ടേ അങ്ങനെയാണ് കെ.എം. മാണി. അദ്ദേഹത്തിന്‍റെ ഓരോ നീക്കവും അനന്തം, അജ്ഞാതം, അവര്‍ണനീയം. എമര്‍ജിങ് കേരളയുടെ പേരില്‍ കേരളത്തില്‍ കുഞ്ഞൂഞ്ഞൂം കുഞ്ഞാപ്പയും കൂട്ടരും വെള്ളം കുടിക്കുന്നതടക്കം ഇടതു വലതു മുന്നണിയിലെ എല്ലാവരുടെയും കാര്യം ജഗപൊക. എന്നാല്‍ പാലാ കരിങ്ങോഴയ്ക്കല്‍ മാണി മകന്‍ മാണിസാറിന് അത്യാദി നേരംകൊല്ലിത്തരങ്ങളിലൊന്നും ഒരു കമ്പവുമില്ല. കണ്ണുള്ളവര്‍ അദ്ദേഹത്തെ കണ്ടു പഠിക്കണം. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കളെ വിദേശ മാധ്യമങ്ങള്‍ തലങ്ങും വിലങ്ങും അലക്കി വെളുപ്പിക്കുമ്പോള്‍, വിഖ്യാതരായ ബിബിസി അടക്കമുള്ള മാധ്യമശ്രേഷ്ഠന്മാര്‍ മാണിയുടെ സുവിശേഷത്തെ വാനോളം പുകഴ്ത്തുന്നതു കാണുമ്പോള്‍ മേലാകെ കോരിത്തരിക്കുന്നു. എങ്ങനെ തരിക്കാതിരിക്കും?
ബ്രിട്ടീഷ് പാര്‍ലമെന്‍റ് ഹാളില്‍ അദ്ദേഹം ചെയ്ത പ്രസംഗം കേട്ടവര്‍ക്കെല്ലാം ആ തരിപ്പ് വിട്ടുമാറിയിട്ടുണ്ടാവില്ല. ആഗോള രാഷ്ട്രീയ മാനിഫെസ്റ്റോയില്‍ ഇന്ത്യാ മഹാരാജ്യത്തിന് രണ്ടു സംഭാവനകളേയുള്ളൂ. ഒന്ന് ബുദ്ധിസം. ബോധിവൃക്ഷത്തണലില്‍ നിന്ന് സിദ്ധാര്‍ഥ രാജകുമാരന് ഉയിര്‍ക്കൊണ്ട ഒരുള്‍വിളി, ലങ്കയും ടിബറ്റും ജപ്പാനും മറ്റനേകം രാജ്യങ്ങളും കടന്ന് ബുദ്ധിസം ലോകമതമായി ഇന്നു വളര്‍ന്നു പന്തലിച്ചിരിക്കുന്നു.
ബുദ്ധിസം കഴിഞ്ഞാല്‍ ലോകത്തിന് ഇന്ത്യയുടെ സംഭാവന ഗാന്ധിസമാണ്. അക്രമവിരുദ്ധവും അരാജകരഹിതവുമായ അഹിംസാ സിദ്ധാന്തത്തില്‍ അധിഷ്ഠിതമായ ഈ മാനിഫെസ്റ്റോയുടെ ഉപജ്ഞാതാവ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെന്ന നമ്മുടെ രാഷ്ട്രപിതാവ്.
എന്നാല്‍, ബുദ്ധിസത്തിനും ഗാന്ധിസത്തിനും പിന്നാലെ മൂന്നാമതൊരു മാനിഫെസ്റ്റോ, ഒരു ഇന്ത്യക്കാരനില്‍ നിന്നു പിറന്നുവീണതിന്‍റെ തരിപ്പിലാണു സായിപ്പു പോലും എന്നാണ് അശരീരി. തിയറി ഒഫ് ടോയ്ലിങ് മാസ് എന്നു സായിപ്പും അധ്വാനവര്‍ഗ സിദ്ധാന്തമെന്ന് പാലാക്കാരും വാഴ്ത്തുന്ന ഈ മാനിഫെസ്റ്റോയെ മാണിസം എന്നു തിരുത്തി നിര്‍ദേശിക്കണമെന്ന് ഒരു അഭ്യര്‍ഥനയുണ്ട്. ബുദ്ധിസത്തിന്‍റെ ഉപജ്ഞാതാവ് ബുദ്ധനും ഗാന്ധിസത്തിന്‍റെ ഉപജ്ഞാതാവ് ഗാന്ധിജിയും മാര്‍ക്സിസത്തിന്‍റെ ഉപജ്ഞാതാവ് മാര്‍ക്സും ആയ സ്ഥിതിക്ക്, മാണി കൊണ്ടു വന്ന മാനിഫെസ്റ്റോ മാണിസം എന്നു തന്നെയാണ് അറിയപ്പെടേണ്ടതും. ബുദ്ധിസത്തിനും ഗാന്ധിസത്തിനും ആഗോള തലത്തില്‍ വേരോട്ടം ലഭിച്ചതുപോലെ മാണിസത്തിനും നല്ല പിന്തുണ കിട്ടുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട.
തൊഴിലാളി വര്‍ഗ സര്‍വാധിപത്യമല്ല, അധ്വാനവര്‍ഗ മേധാവിത്വമാണ് മാണിസത്തിന്‍റെ പൊരുള്‍. നമ്മള്‍ സാധാരണക്കാര്‍ക്ക് ഇന്നോളമുള്ള പരിചയം വച്ച് ഉത്പാദന മേഖലയില്‍ രണ്ടു മാനവ വിഭാഗങ്ങളേയുള്ളൂ. ഒന്ന് മുതലാളി. രണ്ട് തൊഴിലാളി. ഉത്പാദനത്തിന് ആവശ്യമായ മൂലധനം മുടക്കുന്നവന്‍ മുതലാളി. ഈ മൂലധനം ഉപയോഗിച്ച് ഉത്പാദനപ്രക്രിയയില്‍ ഏര്‍പ്പെട്ടിരിക്കുന്നവന്‍ തൊഴിലാളി. ഉത്പാദനം നടക്കണമെങ്കില്‍ മുതലാളിയും തൊഴിലാളിയും വേണം. മുതലാളിക്കു ലാഭവും തൊഴിലാളിക്കു കൂലിയും കിട്ടിണം. മുതലാളിക്കു മുന്തൂക്കം കൊടുക്കുന്ന വ്യവസ്ഥിതിയെ മുതലാളിത്തമെന്നും തൊഴിലാളികള്‍ക്കു മുന്തൂക്കം കൊടുക്കുന്നതിനെ തൊഴിലാളിവര്‍ഗ സര്‍വാധിപത്യമെന്നും (നിര്‍വചനങ്ങളില്‍ വ്യത്യാസമുണ്ടെങ്കിലും ഇങ്ങനെ പറയുന്നതാണ് മനസിലാക്കാന്‍ എളുപ്പം. അഥവാ, അങ്ങനെയാണു മിക്കവരും മനസിലാക്കിയിരിക്കുന്നത്) വിളിക്കും.
കമ്യൂണിസ്റ്റ് കണ്ണില്‍ മുതലാളി ബൂര്‍ഷ്വായും തൊഴിലാളി അടിസ്ഥാന വര്‍ഗവുമാണ്. നാട്ടുനടപ്പനുസരിച്ചു കോണ്‍ഗ്രസുകാരെ പൊതുവില്‍ ബൂര്‍ഷ്വാസികളെന്നും കമ്യൂണിസ്റ്റുകാരെ അടിസ്ഥാന വര്‍ഗമെന്നും വിചാരിച്ചു പോരുന്നു. കോണ്‍ഗ്രസിലെ അടിസ്ഥാന വര്‍ഗക്കാരുടെയും കമ്യൂണിസത്തിലെ ബൂര്‍ഷ്വാസിമാരുടെയും കാര്യം ഹാ, കഷ്ടം എന്നു പറയാന്‍ വരട്ടെ. ഈ ഗ്യാപ്പിലാണു മാണിയുടെ തിയറി ഒഫ് ടോയ്ലിങ് മാസ് അഥവാ അധ്വാനവര്‍ഗ സിഗദ്ധാന്തത്തിന്‍റെ സ്കോപ്പ്. അദ്ദേഹത്തിന്‍റെ ജ്ഞാനദൃഷ്ടിയില്‍ കേവലം തൊഴിലാളികള്‍ മാത്രമല്ല അധ്വാനവര്‍ഗം. ചെറുകിട കര്‍ഷകര്‍, ചെറുകിട വ്യാപാരികള്‍, ചെറുകിട വ്യവസായികള്‍, പട്ടികജാതി പട്ടിക വര്‍ഗ വിഭാഗക്കാര്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്കക്കാരും മറ്റുള്ളവരും, ലഘു ശമ്പളക്കാര്‍, തൊഴില്‍ രഹിതരും തൊഴില്‍ അന്വേഷകരും, സ്വയം തൊഴില്‍ കണ്ടുപിടിച്ചവര്‍, സമൂഹത്തിലെ പീഡിത വിഭാഗക്കാര്‍ തുടങ്ങിയവരെല്ലാം അധ്വാന വര്‍ഗത്തില്‍പ്പെടും. ഇക്കൂട്ടരെ ഓരോരുത്തരെയായി ഇനം തരിച്ചു പരിശോധിച്ചാല്‍ പട്ടികപ്രകാരം അവര്‍ എന്ത് അധ്വാനമാണു ചെയ്യുന്നതെന്നു ചോദിക്കരുത്. ഒരു മാനിഫെസ്റ്റോ ആകുമ്പോള്‍ എല്ലാ സംശയങ്ങള്‍ക്കും ഉടന്‍ ഉത്തരം ലഭിച്ചുകൊള്ളണമെന്നില്ല.
ഏതായാലും ഒരു കാര്യം ഉറപ്പ്. ബൂര്‍ഷ്വാ ഭരണം പരീക്ഷിച്ച അമെരിക്ക, ബ്രിട്ടന്‍, ജപ്പാന്‍, ഓസ്ട്രേലിയ, കാനഡ തുടങ്ങിയ സമ്പന്ന രാജ്യങ്ങളെല്ലാം ഇപ്പോള്‍ കഞ്ഞിക്കു വകയില്ലാതെ വലയുകയാണ്. എങ്കില്‍പ്പിന്നെ കമ്യൂണിസത്തിലേക്കു മാറാമെന്നു വച്ചാല്‍ സോവ്യറ്റ് യൂണിയന്‍, ക്യൂബ, ചൈന, പൂര്‍വ യൂറോപ്യന്‍ രാജ്യങ്ങള്‍ തുടങ്ങിയ രാജ്യങ്ങളില്‍ കമ്യൂണിസം വഴിമാറുകയോ വകമാറി മറ്റെന്തോ ആയിത്തീരുകയോ ചെയ്തിട്ടുണ്ട്. ലോകത്ത് ഏതാണ്ട് എല്ലാ രാജ്യങ്ങളും ഈ രണ്ടു ചേരികളിലാണ് ഉള്‍പ്പെട്ടിട്ടുള്ളത്. രണ്ടും കാലഹരണപ്പെടുകയോ, അപ്രത്യക്ഷമാകുകയോ ചെയ്ത രാജ്യങ്ങളില്‍ ഇതാ മികച്ചൊരു ബദല്‍- മാണിസം.
മാര്‍ക്സിസം ജനങ്ങളെ തൊഴിലാളിയെന്നും മുതലാളിയെന്നും രണ്ടു ശത്രുപക്ഷങ്ങളില്‍ നിര്‍ത്തുമ്പോള്‍, മാണിസമാകട്ടെ, ഇരുകൂട്ടരെയും ഒരൊറ്റ സമൂഹമായി ഏകോപിപ്പിക്കുന്നു. സമൂഹത്തിന്‍റെ നിമ്ന മേഖലയില്‍പ്പെടുന്ന (നിമ്ന മേഖലയ്ക്കു തത്ക്കാലം നിഘണ്ടുവിലുള്ള അര്‍ഥം മാത്രം കല്‍പ്പിച്ചാല്‍ മതി. മാണിസത്തിലെ സുപ്രധാന നയരൂപീകരണ മേഖലയെങ്കിലും അതിനു മറ്റ് അര്‍ഥങ്ങള്‍ കല്‍പ്പിച്ചു കാണുന്നില്ല.) ഒരു കാര്യം ഉറപ്പ്. ഡെമൊക്രാറ്റിക് പാര്‍ട്ടി, റിപ്പബ്ലിക്കന്‍ പാര്‍ട്ടി, ലേബര്‍ പാര്‍ട്ടി, കണ്‍സര്‍വേറ്റിവ് പാര്‍ട്ടി, ലിബറല്‍ ഡെമൊക്രാറ്റിക് പാര്‍ട്ടി...എന്തിനധികം നമ്മുടെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി പോലും ബൂര്‍ഷ്വാ പാര്‍ട്ടികളാണ്. ഇന്ത്യ, ചൈന, ക്യൂബ, റഷ്യ എന്നിവിടങ്ങളിലെയെല്ലാം കമ്യൂണിസ്റ്റ് പാര്‍ട്ടികളാവട്ടെ തൊഴിലാളി വര്‍ഗ സര്‍വാധിപത്യ കക്ഷികളും. ഇവരെല്ലാം വൃദ്ധിക്ഷയം നേരിടുന്ന സാഹചര്യത്തില്‍ ബൂര്‍ഷ്വാസികള്‍ക്കും കമ്യൂണിസ്റ്റുകള്‍ക്കും യോജിച്ചു പ്രവര്‍ത്തിക്കാന്‍ പറ്റിയ ഒരു കോമണ്‍ പ്ലാറ്റ് ഫോം- മാണിസം. മാര്‍ക്സിസം ഏറ്റുപിടിച്ച എത്രയെത്ര പാര്‍ട്ടികളുണ്ട് ലോകത്ത് പലേടത്തും. അതേപോലെ ഇനി മാണിസത്തെ കൂട്ടുപിടിച്ച് പുതിയ പാര്‍ട്ടികളുണ്ടാകണം.
മാണിസാര്‍ 1978ല്‍ അധ്വാനവര്‍ഗ സിദ്ധാന്തം എഴുതിയപ്പോള്‍ ലോകത്ത് മുതലാളിത്തവും കമ്യൂണിസവും ഏറെക്കുറെ തുല്യ ശക്തികളായിരുന്നു. രണ്ടുപേര്‍ക്കും ഇന്നത്തെ അവസ്ഥ ഉണ്ടാകുമെന്ന ദീര്‍ഘദൃഷ്ടിയില്‍ നിന്നാണ് അധ്വാനവര്‍ഗ സിദ്ധാന്തത്തിന്‍റെ പിറവി. അതു പാലായില്‍ മാത്രം പന്തലിക്കേണ്ട ഒന്നല്ലെന്ന് വൈകിയെങ്കിലും ബോധ്യമായതുകൊണ്ടാണ് പറന്നു ചെന്ന് ലണ്ടനിലെ പാര്‍ലമെന്‍റ് ഹാളിലും ഓക്സ്ഫഡ് സര്‍വകലാശാലയിലും പ്രസംഗിച്ചു രേഖപ്പെടുത്തിയത്. ഇനിയെല്ലാം വിധി. മാര്‍ക്സിസത്തെ വെല്ലുമോ മാണിസം എന്നറിയാന്‍ നമുക്കു കാത്തിരിക്കാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ