പേജുകള്‍‌

2012, നവംബർ 26, തിങ്കളാഴ്‌ച

ചൈനയിലെപ്പോലെ ഇവിടെയും


കമ്യൂണിസം പഠിക്കുന്നെങ്കില്‍ ചൈനയില്‍ നിന്നു തന്നെ പഠിക്കണം. പണ്ടൊക്കെ നല്ല കമ്യൂണിസ്റ്റുകാരാക്കുന്നതിന് ഇന്ത്യയിലെ കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ സോവ്യറ്റ് യൂണിയനിലേക്ക് സഖാക്കളെ അയയ്ക്കുമായിരുന്നു. പക്ഷേ, പഠിപ്പിച്ചു പഠിപ്പിച്ച് സോവ്യറ്റ് യൂണിയനിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി മാത്രമല്ല, ആ രാജ്യം തന്നെ ഒരു കരയ്ക്കടുത്തു. അതുകൊണ്ടാവണം, ഇന്ത്യയില്‍ നിന്നുള്ള സഖാക്കളെ ചൈനക്കാര്‍ ഏഴയലത്ത് അടുപ്പിക്കാറില്ല. ഏകലവ്യനെപ്പോലെ ദൂരെ ഒളിഞ്ഞിരുന്നു കണ്ടു പഠിക്കുന്നതില്‍ വിരോധമില്ലെന്നു മാത്രം.

ക്യൂബയായിരുന്നു പിന്നീടൊരു മാതൃക. ആഗോള കുത്തക മുതലാളിത്തത്തിന്‍റെ മൂക്കിനു കീഴെ, കഷ്ടിച്ചു കേരളത്തോളം മാത്രം വിസ്തൃതി വരുന്ന ക്യൂബയില്‍ കേരളത്തെക്കാള്‍ കമ്യൂണിസ്റ്റുകളുണ്ടായിരുന്നു. ക്യൂബന്‍ പ്രസിഡന്‍റായി ദശാബ്ദങ്ങള്‍ വാണ ഫിദല്‍ കാസ്ട്രോ, പ്രായാധിക്യം മൂലം അധികാരത്തില്‍ നിന്ന് ഒഴിഞ്ഞപ്പോള്‍ തെരഞ്ഞെടുപ്പു നടത്തി പുതിയ അധികാരിയെ കണ്ടെത്താനൊന്നും നിന്നില്ല. അനുജന്‍ റൗള്‍ കാസ്ട്രോയെ വിളിച്ച് നല്ല നേരം നോക്കി കിരീടവും ചെങ്കോലും നല്‍കി അരിയിട്ടു വാഴിച്ചു. അവിടെയിപ്പോള്‍ കമ്യൂണിസമാണോ ക്യാപ്പിറ്റലിസമാണോ എന്ന് ഒരു പിടിയുമില്ല.

ചൈനയുടെ വാലുപോലെ, ഇന്ത്യന്‍ മഹാസമുദ്രത്തിന്‍റെ വടക്കു കിഴക്ക് മെലിഞ്ഞു കിടക്കുന്ന ലാവോസിലും വിയറ്റ്നാമിലും കമ്യൂണിസ്റ്റ് ഭരണമാണെന്നാണു വയ്പ്. ഉത്തര കൊറിയയിലാണ് അവശേഷിക്കുന്ന വേറേ ചെങ്കൊടികള്‍. പണ്ട് സോവ്യറ്റ് പ്രതാപ കാലത്ത് പോളണ്ട്, റൊമേനിയ, പൂര്‍വ ജര്‍മനി, ചെക്കോസ്ലോവാക്യ, യുഗോസ്ലാവിയ, കംബോഡിയ, അല്‍ബേനിയ തുടങ്ങി ഇരുപതോളം കമ്യൂണിസ്റ്റ് രാജ്യങ്ങളുണ്ടായിരുന്നു. സോവ്യറ്റ് വന്‍മരം വീണപ്പോള്‍ ചോട്ടിലുണ്ടായിരുന്ന പുല്‍ക്കൊടികളും ഉണങ്ങി.

പഴയ സോവ്യറ്റ് യൂണിയനെപ്പോലെയല്ല ചൈന. മറ്റു രാജ്യങ്ങളില്‍ കമ്യൂണിസം വളര്‍ത്താനൊന്നും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ കിട്ടില്ല. ചൈനയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി നമ്മുടെ സിപിഐയെപ്പോലെയോ സിപിഎമ്മിനെപ്പോലെയോ ആര്‍എസ്പിയെപ്പോലെയോ ഫോര്‍വേഡ് ബ്ലോക്കിനെപ്പോലെയോ എന്തിന് കടന്നപ്പള്ളി രാമചന്ദ്രന്‍റെ കോണ്‍ഗ്രസ് എസിനെപ്പോലെയോ ഒന്നുമല്ല. ഇത്തിരി മുതലാളിത്തം, ഇത്തിരി അഴിമതി, ഇത്തിരി ആര്‍ഭാടം ഒക്കെ അനുവദിച്ചിട്ടുണ്ട്. പക്ഷേ, പുറത്താരും അറിയരുതെന്നു മാത്രം. 1949 ല്‍ തുടങ്ങി വച്ച ഏര്‍പ്പാടാണത്.

പത്തു മുപ്പതു വര്‍ഷം മുന്‍പ് ചൈനയില്‍ അഴിമതിയും സ്വകാര്യ സ്വത്ത് സമ്പാദനവുമൊക്കെ അതിരുവിട്ടപ്പോള്‍ അവിടുത്തെ കമ്യൂണിസ്റ്റ് നേതാവ് ഡെങ് സിയാവോപിങ് നല്‍കിയ ഒരു സന്ദേശമുണ്ട്- എല്ലാവരും ഒരുമിച്ചു സമ്പന്നരാകാന്‍ കാത്തു നില്‍ക്കാതെ ചിലര്‍ മാത്രം ആദ്യം സമ്പന്നരാകുന്നതില്‍ തെറ്റൊന്നുമില്ല എന്നത്രേ ഡെങ് പറഞ്ഞത്. ഇന്നിപ്പോള്‍ ചൈന കൈവരിച്ചു എന്നു പറയപ്പെടുന്ന മുഴുവന്‍ നേട്ടങ്ങള്‍ക്കും പിന്നില്‍ ഡെങ് നടത്തിയ ഈ സാമ്പത്തിക നീതിശാസ്ത്രത്തിന്‍റെ സ്വാധീനമുണ്ടെന്നു നൂറുവട്ടം സമ്മതിച്ചേ പറ്റൂ.

ഇപ്പോഴത്തെ അധികാരികളായ ഹു ജിന്‍റാവോ, വെന്‍ ജിയബാവോ എന്നിവരും ഉടന്‍ വരാനിരിക്കുന്ന ഷി ചിന്‍പിങ്, ലീ കെക്യാങ് എന്നിവരുമൊക്കെ ഡെങ്ങിന്‍റെ സ്വാധീനത്തിന് അടിപ്പെട്ടവര്‍ തന്നെ. നല്ല കമ്യൂണിസ്റ്റുകാരെല്ലാം ഇന്നു നടപ്പിലാക്കുന്നതും ഡെങ്ങിന്‍റെ ഉപദേശമാണെന്നാണ് അശരീരി. ദോഷം പറയരുത്, കേരളത്തില്‍ വി.എസ്. അച്യുതാനന്ദനെപ്പോലെ നലം തികഞ്ഞ ഒരു കമ്യൂണിസ്റ്റിനെ മഷിയിട്ടു നോക്കിയാല്‍ കാണാന്‍ കിട്ടില്ല. അപ്പോള്‍പ്പിന്നെ അച്യുതാനന്ദനും ഡെങ്ങിന്‍റെ അനുയായി ആണെന്ന കാര്യത്തില്‍ ഒരു തര്‍ക്കവും വേണ്ട. എല്ലാവരും സമ്പന്നരാകാന്‍ ഒരുമിച്ചു കാത്തുനിന്നാല്‍ ആര്‍ക്കും സമ്പന്നരാകാന്‍ കഴിയില്ല എന്ന് അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു.

സ്വന്തം വീട്ടില്‍ നിന്ന് അതിനു തുടക്കമിട്ടു സഖാവ്. വഴിവിട്ടാണെങ്കിലും മകന് ആറക്കം ശമ്പളമുള്ള സര്‍ക്കാര്‍ ജോലി, മകള്‍ക്ക് അതിലും മുന്തിയ ജോലി, ഗവേഷണക്കശപിശ തുടങ്ങിയ വരുമാനമാര്‍ഗങ്ങള്‍. വയസ് തൊണ്ണൂറോട് അടുക്കുന്നെങ്കിലും കഞ്ഞിക്കുള്ളത് സഖാവ് നേരിട്ടു തന്നെ സമ്പാദിക്കുന്നു, ഇന്നും. ജീവനുണ്ടെങ്കില്‍ 2016 ലെ തെരഞ്ഞെടുപ്പിലും സഖാവ് മത്സരിക്കും. ജയിച്ചു മുഖ്യമന്ത്രിയോ പ്രതിപക്ഷ നേതാവോ ആവുകയും ചെയ്യും. പാര്‍ട്ടിയിലെ എല്ലാവരും മുഖ്യമന്ത്രി ആകാന്‍ കാത്തുനിന്നാല്‍ ആര്‍ക്കും അതിനു കഴിഞ്ഞെന്നു വരില്ല. പിന്നെ കഴിയുന്നവര്‍ അങ്ങനെ ആകുന്നതില്‍ എന്താണു തെറ്റ്? സംശയമുള്ളവര്‍ ഡെങ്ങിന്‍റെ സിദ്ധാന്തം വീണ്ടും വീണ്ടും വായിക്കുക.

സ്വന്തം വീട് രക്ഷപ്പെട്ടാല്‍ ഏതൊരു കമ്യൂണിസ്റ്റും ശ്രദ്ധിക്കേണ്ടത് കുടുംബക്കാരെക്കൂടി രക്ഷപ്പെടുത്തി എടുക്കുകയാണ്. പണ്ടൊക്കെ ഒരു വീട്ടില്‍ നിന്ന് ഒരാള്‍ ബര്‍മയിലോ കൊളംബിലോ പേര്‍ഷ്യയിലോ മറ്റോ പോയാല്‍ എളേതങ്ങളെ ഓരോരുത്തരെയായി മറുകരയ്ക്കെത്തിക്കുന്ന പതിവുണ്ടായിരുന്നു. അതുപോലെ താനും കുടുംബവും രക്ഷപ്പെട്ടപ്പോള്‍ പിതൃസഹോദര പുത്രനെക്കൂടി ഒന്നു രക്ഷപ്പെടുത്തി എടുക്കാന്‍ അച്യുതാനന്ദന്‍ ശ്രമിച്ചതില്‍ ഒരു തെറ്റുമില്ല.

ജീവിക്കാന്‍ വേറൊരു മാര്‍ഗവുമില്ലാതെ, ഏതെങ്കിലും വഴിയരികില്‍ ഒരു മാടക്കട കെട്ടി ചായക്കച്ചവടം നടത്തുന്നവന്‍റെ മുതുകത്തു കൂടി ജെസിബി പായിച്ച്, കട പൊളിച്ചു തീയിട്ടാലും കലി അടങ്ങാത്ത സഖാവ്, സര്‍ക്കാര്‍ വക 2.3 ഏക്കര്‍ ഭൂമി ഇഷ്ടബന്ധുവിനു തീറാധാരം നല്‍കിയതില്‍ ഒരു അപാകതയും പറയാനില്ല. അധികാരത്തിലിരിക്കുമ്പോഴല്ലേ, ആര്‍ക്കെങ്കിലും എന്തെങ്കിലും നല്ല കാര്യം ചെയ്തു കൊടുക്കാന്‍ കഴിയൂ. പക്ഷേ, അവിടെയും സ്വന്തം കാര്യം സിന്ദാബാദ് എന്നു വിളിച്ച സഖാവിന്‍റെ നടപടി ദോഷത്തില്‍ ചിലരുടെ തലകള്‍ ഉരുണ്ടിട്ടും കണ്ട ഭാവമില്ലാത്തതിലാണ് പലര്‍ക്കും വിഷമം.

ഭൂമിദാനത്തിന് ആദ്യം കൂട്ടുപിടിച്ച കെ.പി. രാജേന്ദ്രനെ തുടക്കത്തില്‍ത്തന്നെ അച്യുതാനന്ദന്‍ കൈവിട്ടു. ടി.കെ. സോമനു ഭൂമി പതിച്ചു കൊടുത്തത് അന്നത്തെ റവന്യൂ മന്ത്രി കെ.പി. രാജേന്ദ്രനാണ്. രാജേന്ദ്രന്‍ അങ്ങനെ വല്ലതും ചെയ്താല്‍ പാവം വിഎസ് എന്തു ചെയ്യും? ഐഎഎസ് ഉദ്യോഗസ്ഥരായ ഷീല തോമസ്, ആനന്ദ് സിങ്, എന്‍. എ. കൃഷ്ണന്‍ കുട്ടി എന്നിവരും പ്രതിപ്പട്ടികയിലുണ്ടായിരുന്നു. വല്ല പോഴന്മാരും കൊഞ്ഞാണന്മാരുമൊക്കെ പറയുന്നതു കേട്ട് സര്‍ക്കാര്‍ ഫയലില്‍ ഒപ്പിട്ടാല്‍ പ്രതിപ്പട്ടികയില്‍ ഇടം പിടിച്ചെന്നിരിക്കും. യോഗമുണ്ടെങ്കില്‍ ഏതെങ്കിലും സെന്‍ട്രല്‍ ജയിലില്‍ അഴിയെണ്ണി കഴിയുകയും ചെയ്യാം. സഹായിക്കാന്‍ വലിഞ്ഞുകയറി വന്ന വിവരാവകാശ കമ്മിഷണര്‍ നടരാജന്‍റെ കാര്യമാണ് ഏറെ കഷ്ടം. പഴയ സഹായികള്‍ക്കു കിട്ടിയ പണി നടരാജനും കിട്ടി. ഷാജഹാന്‍, ഋഷി രാജ് സിങ്, രാജു നാരായണ സ്വാമി, സുരേഷ് കുമാര്‍, ബാലകൃഷ്ണന്‍ തുടങ്ങി എത്രയെത്ര പേരാണ് സഖാവിനെ സഹായിച്ച് വഴിയാധാരമായത്. ഒരു നിമിഷമെങ്കിലും അവരെക്കുറിച്ച് ഒന്നോര്‍ത്തിരുന്നെങ്കില്‍ നടരാജന് ഈ ഗതി വരുമായിരുന്നോ? വിനാശകാലേ വിപരീത ബുദ്ധി..! അല്ലാതെ എന്തു പറയാന്‍.

ഏതായാലും ഭൂമിദാനക്കേസിന്‍റെ കുറ്റപത്രം തയാറായിക്കഴിഞ്ഞു. മിക്കവാറും ഈ ആഴ്ച തന്നെ അതു കോടതിയില്‍ സമര്‍പ്പിക്കും. മൊത്തം ഏഴുപേരാണ് കേസിലെ പ്രതികള്‍. ഒന്നാം പ്രതി അച്യുതാനന്ദന്‍ എങ്ങനെയെങ്കിലുമൊക്കെ തടിതപ്പും. മറ്റുള്ളവരുടെ കാര്യം ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല. താന്‍താന്‍ നിരന്തരം ചെയ്യുന്ന കര്‍മങ്ങള്‍ താന്‍താനനുഭവിച്ചീടുകെന്നേ വരൂ എന്നാണല്ലോ പ്രമാണം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ