പേജുകള്‍‌

2012, നവംബർ 14, ബുധനാഴ്‌ച

ചിത്രകലയുടെ ഒരു തലേവര!

ചുവരുണ്ടെങ്കിലേ ചിത്രം വരയ്ക്കാനാവൂ എന്നു പണ്ടാരാണ്ടു പറഞ്ഞിട്ടുണ്ട്. പറഞ്ഞതാരായാലും അവര്‍ക്കു വലിയ കാര്യബോധമില്ലെന്നു വേണം കരുതാന്‍. സംശയമുള്ള ചിത്രകാരന്മാര്‍ കൊച്ചിക്കു വരിക. ഒരു ചുവരുപോലുമില്ലാതെ ഇവിടെ എത്രയെത്ര ചിത്രങ്ങള്‍ വരച്ചെന്നു കണ്ടു പഠിക്കാം. അഥവാ, ഒരൊറ്റ ചിത്രം പോലും വരയ്ക്കാതെ, സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് അഞ്ചു കോടി രൂപ എങ്ങനെ അടിച്ചുമാറ്റി വെള്ളത്തില്‍ വരച്ച വരയാക്കാമെന്നെങ്കിലും മനസിലാക്കാം. കൊച്ചി ബിനാലെ എന്നു പത്രക്കാരും കൊച്ചി ബയനയല്‍ എന്നു സംസ്ഥാന ധനകാര്യ വകുപ്പും വളിക്കുന്ന ഈ ചിത്രകഥയുടെ കഥ കേട്ടാല്‍ ഇന്നേവരെ ഒരുവര പോലും വരച്ചിട്ടില്ലാത്തവരും ഒരുപാടു വരച്ചിട്ടും തലേവര നന്നാകാതെ പോയവരും ഒരുപോലെ അന്തം വിട്ടുപോകും. സംഗതി ആകെപ്പാടെ ഒന്നുഷാറായാല്‍ മൂന്നുനാലു “ചിത്രകാര’ന്മാര്‍ക്കും ഏതാനും ഉദ്യോഗസ്ഥര്‍ക്കും എം.എ. ബേബി മുതല്‍ അച്യുതാനന്ദന്‍ വരെയുള്ള ചില മുന്‍ ഭരാണാധികാരികള്‍ക്കും പണി കിട്ടുമെന്നാണ് അശരീരി.

ചിത്രകഥയുടെ ചുവരിലേക്ക് ഒരു ഫ്ളാഷ് ബാക്ക്. എഡി 1895. പുരാതന ഇറ്റലിയിലെ വെനീസ് നഗരം. അവിടെയാണു ചരിത്രത്തില്‍ ആദ്യ ബിനാലെക്കു തുടക്കം. നാഗരികതയുടെ വിരല്‍ത്തുമ്പില്‍ പിടിച്ച് ഏതാനും നാടന്‍ കലകള്‍ പിച്ചവയ്ക്കുന്നു. അവയ്ക്ക് ഒരു സ്ഥിരം വേദി വേണമെന്നു ചില ചിത്രകാരന്മാരും സാംസ്കാരിക പ്രവര്‍ത്തകരും തീരുമാനിക്കുന്നു. ചിത്ര രചന, ശില്‍പ്പനിര്‍മാണം, നാടന്‍ കലകള്‍, നാടകങ്ങള്‍, നൃത്തം, പാട്ട് അങ്ങനെ അക്കാലത്തു നാലാള്‍ അറിയുന്ന സര്‍ഗസാധനകളെല്ലാം ഒരുമിച്ചു നിര്‍ത്താന്‍ ഒരിടം. വെനീസ് സിറ്റി കൗണ്‍സിലിന്‍റെ സഹായത്തോടെ പദ്ധതി പ്രാവര്‍ത്തികമായി. രണ്ടു വര്‍ഷം കൂടുമ്പോള്‍ സൗകര്യപ്രദമായി ഇവയുടെ പ്രദര്‍ശനമായിരുന്നു മുഖ്യ അജന്‍ഡ. പ്രദര്‍ശനത്തിനെത്തിനെത്തുന്ന കാണികള്‍ക്ക് ഇഷ്ടപ്പെട്ടാല്‍ സൃഷ്ടികള്‍ വിലയ്ക്കു വാങ്ങാം. അതുവഴി കലാകാരന്മാര്‍ക്കു ചെറിയ കൈത്താങ്ങ്. കലയ്ക്ക് നിലനില്‍പ്പ്.

1930 വരെ വെനീസ് സിറ്റി കൗണ്‍സില്‍ നേതൃത്വം നല്‍കിയ വെനീസ് ബിനാലെ പിന്നീടു സര്‍ക്കാര്‍ ഏറ്റെടുത്തു. ഇന്നതു ലോകത്തേക്കും വലിയ കലാ-സാംസ്കാരിക കൂട്ടായ്മയാണ്. വിശ്രുത ഇറ്റാലിയന്‍ ശില്‍പ്പി കാര്‍ലോ സ്കാര്‍പ്പയുടെ കൈയൊപ്പു പതിഞ്ഞ ബിനാലെയില്‍ ഇപ്പോള്‍ ഇല്ലാത്ത ഇനങ്ങളില്ല. ചിത്രകല, ശില്‍പ്പകല, നാടന്‍ കലകള്‍, സംഗീതം, നൃത്തം, നാടകം, സിനിമ തുടങ്ങി കലയുമായി ബന്ധപ്പെട്ടതെന്തും വെനീസ് ബിനാലെയില്‍ സന്ധിക്കുന്നു.

ബിനാലെ ഒന്നിനൊന്ന് അഭിവൃദ്ധിപ്പെട്ടു. ലോകത്തിന്‍റെ മിക്ക ഭാഗത്തു നിന്നു കാണികളും കലാകാരന്മാരും വെനീസിലേക്കൊഴുകി. മിക്ക രാജ്യങ്ങളും അവിടെ തങ്ങളുടെ കലാകാരന്മാര്‍ക്കു വേണ്ടി സ്ഥിരം പവലിയന്‍ പണിതു. കഴിഞ്ഞ വര്‍ഷം ഇന്ത്യയും അവിടെ പവലിയന്‍ തുറന്നു. വെനീസ് ബിനാലെയ്ക്ക് ഇപ്പോള്‍ മൂന്നു ലക്ഷത്തില്‍പ്പരം സന്ദര്‍ശകര്‍ എത്തുന്നു എന്നാണ് ഒടുവിലത്തെ കണക്ക്.

ലോകപ്രശസ്തമായ ഈ ബിനാലെയിലൂടെ ആയിരക്കണക്കിനു കലാകാരന്മാരും ചിത്രകാരന്മാരും മറ്റും രക്ഷപ്പെട്ടു. ഓരോ വര്‍ഷവും ജനപങ്കാളിത്തം കൊണ്ടും കലാപരിപോഷണം കൊണ്ടും വെനീസ് ബിനാലെ പുതിയ ചക്രവാളം വികസിപ്പിക്കുന്നു. അതുപൊലൊരു ബിനാലെ നടത്താന്‍ ഏതു കലാകാരനും കൊതിച്ചുപോകും. ഇത്തരം ഏര്‍പ്പാടുകളില്‍ മലയാളികളെ തോല്‍പ്പിക്കാന്‍ ഈരേഴു പതിന്നാലു ലോകത്തും ഒരാളെ കിട്ടില്ല. അങ്ങനെയാണ് വെനീസിലെ ബിനാലെ കൊച്ചിയിലേക്കു പറിച്ചു നടാന്‍ നാലു മലയാളികള്‍ ചേര്‍ന്നു തീരുമാനിച്ചത്.

ദോഷം പറയരുത്. കേരകേദാര കേരള ഭൂമിയില്‍ താമസിക്കുന്ന ഒരൊറ്റ മലയാളിക്കും അങ്ങനെ ഒരു ബുദ്ധി ഉദിച്ചില്ല. സഹ്യപര്‍വതം വിട്ടാലെ മലയാളിക്കു വകതിരിവുണ്ടാകൂ എന്ന പ്രമാണ പ്രകാരം കേരളത്തിനു പുറത്തു താമസമാക്കിയ ബോസ് കൃഷ്ണമാചാരി, റിയാസ് കോമു, വി. സുനില്‍, ബോണി തോമസ് എന്നിവരുടെ മൂശയിലാണു ബുദ്ധി തെളിഞ്ഞത്. നാലുപേരും ചേര്‍ന്നു കേരളത്തിലെ ചിത്ര കലയെ പോഷിപ്പിക്കാന്‍ ഒരു ട്രസ്റ്റ് രൂപീകരിച്ചു. അതിനായി മുംബൈയില്‍ നിന്ന് കൊച്ചിയില്‍ വന്ന് അവിടെ നിന്ന് ടാക്സി പിടിച്ച് അങ്കമാലിയിലെത്തി അവിടെ ഒരു ഓഫിസ് തുറന്നു. 2010 ഓഗസ്റ്റ് നാലിന് ഈ ട്രസ്റ്റ് രജിസ്റ്റര്‍ ചെയ്തു. ട്രസ്റ്റ് ഓഫിസ് അങ്കമാലിയിലാണെങ്കിലും ഭാവിയില്‍ എവിടേക്കു വേണമെങ്കിലും പറിച്ചു മാറ്റാം എന്ന സ്വയം തീരുമാനപ്രകാരം മുംബൈയില്‍ വേറൊരു ഓഫിസ് തുറന്നു. അതോടെ ഒന്നാം ഘട്ടം ശുഭം.

അടുത്ത ഘട്ടമാണു ഘട്ടം. അക്കൊല്ലം ഓഗസ്റ്റ് രണ്ടാം വാരം. കേരളത്തിലെ ചിത്രകാരന്മാരെ പരിപോഷിപ്പിക്കുന്നതിന് ട്രസ്റ്റ് ഒരു പ്രൊജക്റ്റ് ഉണ്ടാക്കുന്നു. അതിനു 73.26 കോടി രൂപ ചെലവുണ്ടെന്നും കണക്കാക്കി. ഈ കണക്ക് ഒരു വെള്ളപ്പേപ്പറില്‍ തയാറാക്കി സംസ്ഥാന സര്‍ക്കാരിനു സമര്‍പ്പിച്ചു. ട്രസ്റ്റിന്‍റെ അപേക്ഷ രണ്ടു മാസങ്ങള്‍ക്കുള്ളില്‍ (ഒക്റ്റോബര്‍ 06) അച്യുതാനന്ദന്‍ മന്ത്രി സഭ പുല്ലുപോലെ അംഗീകരിച്ചു. തീര്‍ന്നില്ല, കൃത്യം രണ്ടു മാസം കൂടി കഴിഞ്ഞപ്പോഴേക്കും ട്രസ്റ്റിന്‍റെ കീശയിലേക്ക് പൊതുഖജനാവില്‍ നിന്ന് അഞ്ചു കോടി രൂപയും പറന്നുവീണു.

- എ ഷോര്‍ട്ട് ബ്രേക്ക്- ഒരു മഴക്കാലത്ത് നമ്മുടെ ആരുടെയെങ്കിലും വീട്ടുമുറ്റത്തെ തെങ്ങു പിഴുതു പുരപ്പുറത്തു വീണെന്നു കരുതുക. നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നും കരുതുക. വില്ലെജ് ഓഫിസില്‍ അപേക്ഷ കൊടുത്ത് ഒന്നരക്കൊല്ലം കഴിഞ്ഞാലും അഞ്ഞൂറു രൂപ കിട്ടാന്‍ എന്തൊക്കെ പങ്കപ്പാടുണ്ടെന്ന് പാടു പെട്ടവര്‍ക്കേ അറിയൂ. എന്നാല്‍ ചിത്രകലയുടെ കാര്യം അങ്ങനെയല്ല. ചിത്രകാരന്‍റെ ഭാവന എപ്പോഴാണു മുരടിക്കുക എന്ന് ആരു കണ്ടു. അതുകൊണ്ടാവണം മുംബൈക്കാരായ നാലു പേര്‍ ചേര്‍ന്നുണ്ടാക്കിയ വെറുമൊരു സ്വകാര്യ കടലാസ് ട്രസ്റ്റിന് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് അഞ്ചു കോടി രൂപ ചുളുവില്‍ എറിഞ്ഞുകൊടുത്തത്.

ഇനി ഈ അഞ്ചു കോടി രൂപ എന്തു ചെയ്തു എന്നു കൂടി കേരളത്തിലെ ചിത്രകാരന്മാര്‍ അറിയുക. ബിനാലെ ഉദ്ഘാടനം ചെയ്ത വകയില്‍ ചെലവാക്കിയത് 32.66 ലക്ഷം രൂപ. നാലു ട്രസ്റ്റികളും അവരുടെ ശിങ്കിടികളും കൂടി പതിന്നാലു മാസം കൊണ്ട് യാത്ര ചെയ്ത വകയില്‍ (ഇരുപതു വിദേശ യാത്രകള്‍ അടക്കം) ചെലവ് 58.32 ലക്ഷം രൂപ. ഉദ്ഘാടന മാമാങ്കം വിളംബരം ചെയ്തു നടത്തിയ പത്രസമ്മേളനത്തിന് 85,731 രൂപ. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഒന്നര മണിക്കൂര്‍ നീണ്ട ഒരു സംഗീതപരിപാടിക്കു ചെലവ് ഏഴര ലക്ഷം രൂപ. ട്രസ്റ്റികളും ശിങ്കിടികളും 2011 ഫെബ്രുവരി 17ന് ഒരൊറ്റ ദിവസം കൊച്ചി കാസിനോ ഹോട്ടലില്‍ താമസിച്ച ചെലവ് 1,05,632 രൂപ. അന്ന് ഒരൊറ്റ ദിവസം ഇവര്‍ കുടിച്ച മദ്യത്തിനു കൊടുത്ത തുക 35,112 രൂപ. ഈശ്വരാ..! ആലോചിച്ചിട്ടു കൊതി വരുന്നു. ഇവരുടെ എവിടെയെങ്കിലും വരച്ച ഒരു വര നമ്മുടെ ആരുടെയും തലയില്‍ വരച്ചില്ലല്ലോ എന്നു ചിത്രം വരയ്ക്കാത്തവര്‍ പോലും പഴിച്ചുപോകും.

കൊച്ചി എറണാകുളത്തപ്പന്‍ ഗ്രൗണ്ടിലുള്ള ഡര്‍ബാര്‍ ഹാള്‍ മോടി പിടിപ്പിക്കുന്നതിനു 2.6 കോടി ചെലവിട്ടു എന്നു പറയുന്നു. ഡര്‍ബാര്‍ ഹാള്‍ രണ്ടു കൊല്ലം മുന്‍പ് കണ്ടിട്ടുള്ളവര്‍ക്ക് ഈ കോടികളുടെ പുനരുദ്ധാരണത്തെക്കുറിച്ച് ഒന്നും പിടികിട്ടില്ല. പണിക്കു കരാറില്ല, പര്‍ച്ചെയ്സ് ബില്ല് ഇല്ല, വൗച്ചര്‍ ഇല്ല, ആരാണു ജോലിക്കു മേല്‍നോട്ടം വഹിച്ചതെന്നുമില്ല. ശിവശിവ! ഡര്‍ബാര്‍ ഹാളില്‍ ഇതുപോലൊരു “പണി’ ഇതിനു മുന്‍പ് നടന്നിട്ടില്ല.

ബിനാലെ ഓഫീസിലേക്കു സാധന സാമഗ്രികള്‍ വാങ്ങിയ ഇനത്തില്‍ 32 ലക്ഷത്തോളം രൂപ ചെലവാക്കിയെന്നു ട്രസ്റ്റ്. ധനകാര്യ വകുപ്പില്‍ നിന്ന് ഈയിടെ പരിശോധനയ്ക്കെത്തിയപ്പോള്‍ കണ്ടത് ഒഴിഞ്ഞ ചില കവറുകളും ഏതാനും കസേരകളും മേശകളും കാലിയാക്കിയ മദ്യക്കുപ്പികളും. 73.26 കോടി രൂപയ്ക്കു സംസ്ഥാന സര്‍ക്കാരിന്‍റെ ഭരണാനുമതി ലഭിച്ച പദ്ധതിയാണ് കൊച്ചി ബിനാലെ. അതിന്‍റെ ആദ്യ ഗഡുവാണ് അഞ്ചു കോടി രൂപ. ചിത്രകലയെ പരിപോഷിപ്പിക്കുകയായിരുന്നു സര്‍ക്കാരിന്‍റെ ലക്ഷ്യമെങ്കില്‍ അതിനു ലളിത കലാ അക്കാഡമിയുണ്ട്. അക്കാഡമിയെ നോക്കുകുത്തിയാക്കി, ഞാനും അപ്ഫനും പിന്നെ സുഭദ്രയും അംഗങ്ങള്‍ എന്ന മട്ടിലുള്ള ഒരു കടലാസ് ട്രസ്റ്റിന് നാലുമാസം കൊണ്ട് അഞ്ചു കോടി രൂപ അനുവദിച്ചത് മറ്റാരുമല്ല. കേരളത്തിന്‍റെ പോരാട്ട നായകന്‍ സാക്ഷാല്‍ അച്യുതാനന്ദന്‍ നയിച്ച സര്‍ക്കാര്‍.

അഴിമതിവിരുദ്ധ പോരാട്ടത്തിന്‍റെ മൊത്തക്കച്ചവടം കരാറെടുത്ത സഖാവ്, സ്വന്തം കൈയൊപ്പിലൂടെ ഒരു കൈവിരലില്‍ എണ്ണാവുന്ന ചിലര്‍ തട്ടിയെടുത്ത അഞ്ചു കോടി രൂപയുടെ കണക്കു പറഞ്ഞേ പറ്റൂ. ഈ തട്ടിപ്പിനെതിരേ ഇപ്പോഴത്തെ യുഡിഎഫ് സര്‍ക്കാര്‍ എന്തു നടപടി എടുക്കുമെന്നും ശ്രദ്ധിക്കുന്നുണ്ട്, അത്താഴപ്പട്ടിണിക്കാരായ ഇവിടുത്തെ സാധാരണ ചിത്രകാരന്മാര്‍. ഒന്നുമുണ്ടായില്ലെങ്കില്‍ പെരുങ്കള്ളന്മാരെ ഓടിച്ചിട്ടു തല്ലാന്‍ ആകാശമാര്‍ഗേന വന്നേക്കാം, ഒരു ബിനാലെയും കാണാതെ, കേരളത്തിന്‍റെ ചിത്രഭംഗി ലോകത്തെമ്പാടുമെത്തിച്ച സാക്ഷാല്‍ രാജാ രവിവര്‍മ.

സ്റ്റോപ് പ്രസ്

അടുത്ത പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ ശക്തിപ്പെടുത്തണമെന്ന് എഐസിസി സംവാദ ബൈഠക്.

ഡോണ്ട് വറി...കേരളത്തില്‍ അതിനുള്ള “പണി’ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ത്തന്നെ തുടങ്ങിക്കഴിഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ