പേജുകള്‍‌

2012, ഡിസംബർ 12, ബുധനാഴ്‌ച

പ്രതിപക്ഷ നേതാവിന്‍റെ
കസേരയില്‍ കൈ വയ്ക്കാന്‍

ഉമ്മന്‍ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും തീരെ കഴിവുകെട്ടവരാണെന്നു സാക്ഷാല്‍ എ.കെ. ആന്‍റണി പോലും കരുതിയിട്ടുണ്ടാവില്ല. തിരുവനന്തപുരത്ത് ബ്രഹ്മോസ് വേദിയില്‍ ഏതാണ്ടു പറഞ്ഞെന്നു വച്ച്, അവരൊട്ടു പിണങ്ങിയിട്ടുമില്ല. അതുകൊണ്ടാണ് കാസര്‍ഗോട്ട് ചെന്ന് ആന്‍റണി പ്രസ്താവനയില്‍ ഇത്തിരി വെള്ളം ചേര്‍ത്തത്. പക്ഷേ, ഉമ്മന്‍ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും എത്രമാത്രം കഴിവുള്ളവരാണെന്ന് മറ്റാരെക്കാളും നന്നായി അറിയാവുന്നത് വി.എസ്. അച്യുതാനന്ദന് ആണെന്നു തോന്നുന്നു. കൂടെക്കിടക്കുന്നവര്‍ക്കല്ലേ രാപ്പനിയുടെ കുളിരറിയൂ. ആന്‍റണി ഡല്‍ഹിയിലും സഖാവ് അനന്തപുരിയിലുമാണല്ലോ.

സംസ്ഥാന മന്ത്രിസഭയിലെ ഒന്നാമനാണ് ഉമ്മന്‍ ചാണ്ടി. ഉമ്മന്‍ ചാണ്ടി വിചാരിച്ചാല്‍ ഈ സംസ്ഥാനത്ത് എന്തു വേണമെങ്കിലും നടക്കും, നടക്കണം. മാണിസാര്‍ സമ്മതിച്ചാലും ഇല്ലെങ്കിലും മന്ത്രിസഭയിലെ രണ്ടാമന്‍ പി.കെ. കുഞ്ഞാലിക്കുട്ടി തന്നെയാണ്. കുറഞ്ഞത്, രണ്ടാം നമ്പര്‍ സ്റ്റേറ്റ് കാറെങ്കിലും കുഞ്ഞാപ്പയുടെ കൈയിലുണ്ട്. ആ സ്ഥിതിക്ക് കുഞ്ഞാലിക്കുട്ടി വിചാരിച്ചാലും ചിലതൊക്കെ നടക്കും. ദൈവം സഹായിച്ച് ഇപ്പോള്‍ മുസ്ലിം ലീഗ് വിചാരിച്ചാല്‍ നടക്കാത്ത ഒന്നുമില്ലെന്ന് വി.കെ. ഇബ്രാഹിം കുഞ്ഞു മന്ത്രി തുറന്നു സമ്മതിച്ചിട്ടുമുണ്ട്. ഇതൊക്കെ വച്ചു നോക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും കൂടി ഒരുമിച്ചു വിചാരിച്ചാല്‍ എന്താണു നടക്കാത്തതെന്ന് അച്യുതാനന്ദനെന്നല്ല, ആര്‍ക്കുമില്ല സംശയം.

അപ്പോഴും ഒരു പ്രതീക്ഷ ബാക്കിയുണ്ടായിരുന്നു. വേറേ ആരെയൊക്കെ എങ്ങോട്ടൊക്കെ മാറ്റിയാലും കേരളത്തിന്‍റെ പ്രതിപക്ഷ നേതാവിന്‍റെ കസേരയില്‍ കൈ വയ്ക്കാന്‍ ഇവര്‍ ഉച്ചികുത്തി നിന്നാലും കഴിയില്ലെന്നായിരുന്നു, നമ്മുടെയൊക്കെ ധാരണ. പക്ഷേ, ഇതാ അതും സംഭവിച്ചിരിക്കുന്നു. കേരളം ഭരിക്കുക മാത്രമല്ല, പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്നതും കുഞ്ഞൂഞ്ഞും കുഞ്ഞാപ്പയുമാണെന്നു വി.എസ് തന്നെ പറഞ്ഞാല്‍ വിശ്വസിച്ചേ പറ്റൂ.

പക്ഷേ, സിപിഎം സെക്രട്ടറി പിണറായി വിജയന്‍ പറയുന്നതു കേള്‍ക്കുമ്പോള്‍ മൊത്തത്തിലൊരു കണ്‍ഫ്യൂഷന്‍. പ്രതിപക്ഷ നേതാവിനെ നിശ്ചയിച്ചത് മറ്റാരുമല്ല പാര്‍ട്ടിയാണെന്നാണ് സെക്രട്ടറിയുടെ തിരുത്ത്. അതിന്‍റെ ക്രെഡിബിലിറ്റിയില്‍ ആര്‍ക്കെങ്കിലും സംശയം തോന്നിയാല്‍ കുറ്റപ്പെടുത്തരുത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു സമയത്തെ പാര്‍ട്ടി പട്ടിക മറക്കാറായിട്ടില്ലല്ലോ. സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിക്കുന്നതു വരെ അച്യുതാനന്ദന്‍റെ പേര് പട്ടികയില്‍ ഇല്ലെന്നായിരുന്നു ചാനല്‍ വാര്‍ത്തകള്‍. അച്യുതാനന്ദനു സീറ്റു കൊടുക്കാത്തതിന്‍റെ വിഷമം സിപിഎം പ്രവര്‍ത്തകരെക്കാള്‍ കൂടുതലായിരുന്നു അന്ന്” ഉമ്മന്‍ ചാണ്ടിക്ക്. മുഖ്യമന്ത്രി ആയിരിക്കുന്ന ആള്‍ക്ക് മത്സരിക്കാന്‍ ടിക്കറ്റ് പോലും കൊടുക്കാന്‍ കഴിയാത്ത വിധം വിഭാഗീയത കൊണ്ടു ജീര്‍ണിച്ചു പോയി സിപിഎം എന്ന് ഉമ്മന്‍ ചാണ്ടി നാടുനീളെ പ്രസംഗിച്ചു. ഒടുവില്‍ പാര്‍ട്ടിസ്ഥാനാര്‍ഥികളുടെ ഔദ്യോഗിക പട്ടിക വന്നപ്പോള്‍ മലമ്പുഴയില്‍ വിഎസിന്‍റെ പേര് ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ അന്ന് ടിക്കറ്റ് നല്‍കിയതു പാര്‍ട്ടിയല്ലെന്നും തന്‍റെ പോരാട്ട വീര്യം കൊണ്ട് നില്‍ക്കക്കള്ളിയില്ലാതെ സീറ്റ് തരാന്‍ പാര്‍ട്ടി നിര്‍ബന്ധിതമാകുകയാണ് ഉണ്ടായതെന്നുമായിരുന്നു വിഎസിന്‍റെ നിലപാട്.

തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്‍റെ അംഗബലം 72ല്‍ ഒതുക്കിയതും പ്രതിപക്ഷത്തിന്‍റെ അംഗബലം 68 ല്‍ എത്തിച്ചതും വിഎസിന്‍റെ മിടുക്കാണെന്നു മാധ്യമങ്ങള്‍ കണ്ടു പിടിച്ചപ്പോഴും അച്യുതാനന്ദന്‍ മറുത്തൊന്നും പറഞ്ഞില്ല. കോണ്‍ഗ്രസിലെ ഗ്രൂപ്പു കളിയില്‍ ഇരുപത്തഞ്ചോളം സീറ്റ് അവര്‍ക്ക് നഷ്ടപ്പെട്ടെന്ന് യുഡിഎഫ് ഏറ്റുപറയുമ്പോഴും തന്‍റെ വ്യക്തിഗത പോരാട്ട വീര്യത്തിലാണ് ഇടതുപക്ഷത്തിന്‍റെ സീറ്റ് കൂടിയതെന്ന് വിഎസ് വിശ്വസിക്കുന്നു. ഏതായാലും അച്യുതാനന്ദനു നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് വാങ്ങിക്കൊടുക്കാന്‍ ഉമ്മന്‍ ചാണ്ടിയുടെ പരിശ്രമമുണ്ടായിട്ടുണ്ടാകാം. പക്ഷേ, പ്രതിപക്ഷ നേതാവാക്കിയതില്‍ ഈ പരിശ്രമം ഉണ്ടെന്ന് വിഎസ് ഇന്നോളം പറഞ്ഞിട്ടില്ല. എന്നാലിപ്പോള്‍ പ്രതിപക്ഷ നേതൃസ്ഥാനത്തു തന്നെ നീക്കി പകരം മറ്റാരെയോ വയ്ക്കുന്നതിന് കുഞ്ഞാലിക്കുട്ടിയെ കൂട്ടുപിടിച്ച് ഉമ്മന്‍ ചാണ്ടി ശ്രമിക്കുന്നു എന്ന് വിഎസ് പറയുമ്പോള്‍ അവിശ്വസിക്കേണ്ട കാര്യമില്ല.

മുഖ്യമന്ത്രിയായിരുന്ന അച്യുതാനന്ദന്‍ സ്വന്തക്കാരനുവേണ്ടി സര്‍ക്കാര്‍ ഭൂമിയില്‍ നടത്തിയ തിരിമറികളെക്കുറിച്ചുള്ള അന്വേഷണമാണ് അദ്ദേഹത്തിന്‍റെ തന്നെ കഞ്ഞിയില്‍ മണ്ണു വാരിയിടുന്നത്. ഭൂമി തട്ടിപ്പു കേസില്‍ അച്യുതാനന്ദന്‍ ഒന്നാം പ്രതിയാണ്. മറ്റ് ഏഴുപേര്‍ കൂടിയുണ്ട് കേസിലെ പ്രതികളായി. അവരില്‍ ഐഎഎസ് ഉദ്യോഗസ്ഥരെ ഒഴിവാക്കി. ബാക്കിയുള്ളവരുടെ കേസാണ് കോടതി പരിശോധിക്കുന്നത്. അച്യുതാനന്ദന്‍ ഒഴികെയുള്ളവരുടെ ഹര്‍ജികള്‍ സുപ്രിം കോടതിയുടെ പരിഗണനയിലാണ്. കേസ് കോടതിയില്‍ വന്നിട്ടേയുള്ളൂ. കുറ്റപത്രം വന്നിട്ടില്ല, വിചാരണ വന്നിട്ടില്ല, വാദപ്രതിവാദങ്ങളൊന്നും നടന്നിട്ടില്ല. പക്ഷേ, ഈ കേസ് രാഷ്ട്രീയപ്രേരിതമാണെന്ന കാര്യത്തില്‍ വിഎസിനു തെല്ലുമില്ല സംശയം.

ഇനി അച്യുതാനന്ദന്‍ നടത്തിയ ചില പ്രമാദ കേസുകളുടെ കാര്യം കൂടി ഒന്നു പരിശോധിക്കാം. കുഞ്ഞാലിക്കുട്ടിക്കെതിരേ വിഎസ് നടത്തുന്ന പോരാട്ടം ഒരു ഐസ്ക്രീമിനെച്ചൊല്ലിയാണല്ലോ. കുഞ്ഞാലിക്കുട്ടി ആര്‍ക്കെങ്കിലും ഐസ്ക്രീം വാങ്ങിക്കൊടുത്തെങ്കിലോ ആരെങ്കിലും അതു വാങ്ങി കഴിച്ചെങ്കിലോ അച്യുതാനന്ദന്‍ അടക്കം നമ്മള്‍ നാട്ടുകാര്‍ക്ക് എന്താണു കാര്യം? കൊടുത്തവരും തിന്നവരും തമ്മില്‍ എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അവര്‍ തമ്മില്‍ തീര്‍ക്കണം. തര്‍ക്കമുണ്ടെങ്കില്‍ കേസ് കൊടുക്കണം. ശിക്ഷ ഉണ്ടായാല്‍ അത് അനുഭവിക്കണം. സര്‍ക്കാരിന് ഏതെങ്കിലും തരത്തിലുള്ള കഷ്ടനഷ്ടങ്ങളുണ്ടായിട്ടുണ്ടെങ്കില്‍ നഷ്ടപരിഹാരം ഈടാക്കണം.

ഐസ്ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടി കുറ്റക്കാരനാണെങ്കില്‍ കോടതി ശിക്ഷിക്കട്ടെ. അതിന്‍റെ പേരില്‍ അദ്ദേഹത്തിന്‍റെ പാര്‍ട്ടി അദ്ദേഹത്തിനു രാഷ്ട്രീയ വനവാസം കല്‍പ്പിക്കട്ടെ. പാര്‍ട്ടിക്ക് അതിനു കഴിയില്ലെങ്കില്‍ ജനകീയ കോടതിയിലെത്തുന്ന കുഞ്ഞാലിക്കുട്ടിയെ ജനങ്ങള്‍ തോല്‍പ്പിക്കട്ടെ. ഇവിടെ അതൊന്നും ഉണ്ടായിട്ടില്ല. ഐസ്ക്രീം കേസ് സുപ്രീം കോടതി വരെ ചെന്നു വിധിയായതാണ്. അതില്‍ കുഞ്ഞാലിക്കുട്ടി കുറ്റവിമുക്തനാക്കപ്പെട്ടു. അദ്ദേഹത്തിന്‍റെ പാര്‍ട്ടി ഉയര്‍ന്ന പദവിയിലിരുത്തി. തെരഞ്ഞെടുപ്പില്‍ ജനങ്ങളെ സമീപിച്ച് വന്‍ ഭൂരിപക്ഷത്തോടെ നിയമസഭയിലെത്തി. ഒന്നിലേറെത്തവണ മന്ത്രിയുമായി. എന്നിട്ടും പോരാട്ടവും കൊണ്ട് അച്യുതാനന്ദന്‍ കുഞ്ഞാലിക്കുട്ടിയുടെ പിന്നാലെ നടക്കുന്നത് രാഷ്ട്രീയമല്ലാതെ വേറേ എന്തു പ്രേരണ കൊണ്ടാണ്?

മറ്റൊരു പ്രമാദ കേസാണല്ലോ ഇടമലയാര്‍. ആര്‍. ബാലകൃഷ്ണ പിള്ള വൈദ്യുതി മന്ത്രിയായിരിക്കെ ഇടമലയാര്‍ അണക്കെട്ടിന്‍റെ സര്‍ജ് ഷാഫ്റ്റ് കരാര്‍ നല്‍കിയതില്‍ സംസ്ഥാനത്തിന് രണ്ടു കോടി രൂപയുടെ നഷ്ടമുണ്ടാക്കി എന്നാണു കേസ്. ബാലകൃഷ്ണ പിള്ള വ്യക്തിപരമായി എന്തെങ്കിലും നേട്ടമുണ്ടാക്കിയതായി സുപ്രീം കോടതി പോലും പറഞ്ഞില്ല. എന്നാല്‍ അധികാര ദുര്‍വിനിയോഗം മൂലം സംസ്ഥാനത്തിനു നഷ്ടമുണ്ടാക്കിയ സാഹചര്യത്തിലാണ് സുപ്രീം കോടതി പിള്ളയടക്കം മൂന്നു പേര്‍ക്ക് ഒരു വര്‍ഷത്തെ കഠിന തടവ് ശിക്ഷ വിധിച്ചത്.

ഈ വിധി വന്ന ഉടന്‍ അച്യുതാനന്ദന്‍ നടത്തിയ പ്രസ്താവന, ഇപ്പോഴത്തെ ഭൂമി തട്ടിപ്പു കേസിനും വളരെ അനുയോജ്യമാണ്. പൊതു മുതല്‍ കട്ടുതിന്നുന്നവര്‍ക്കും അധികാര ദുര്‍വിനിയോഗം നടത്തുന്നവര്‍ക്കുമുള്ള മുന്നറിയിപ്പാണത്രേ ഈ വിധി.

അച്യുതാനന്ദന്‍റെ വാക്ക് അറം പറ്റുന്നതാണ് ഭൂമിതട്ടിപ്പു കേസിലും വരാനിരിക്കുന്നത്. കരുണാകരന്‍റെ കസേര തെറിപ്പിച്ച ചാരക്കേസ്, ഉമ്മന്‍ ചാണ്ടിയെ വട്ടം കറക്കുന്ന പാമോയില്‍ കേസ്, കെ.പി. വിശ്വനാഥന്‍റെ കസേര തെറിപ്പിച്ച ചന്ദനക്കേസ്, എം.പി. ഗംഗാധരനെ വഴിയാധാരമാക്കിയ പ്രായക്കേസ് തുടങ്ങിയ കേസുകളെല്ലാം രാഷ്ട്രീയമല്ലാതെ സാമൂഹ്യപ്രേരിതമായിരുന്നില്ലല്ലോ.

അതൊക്കെ അവിടെ നില്‍ക്കട്ടെ. സ്വന്തം പാര്‍ട്ടി സെക്രട്ടറിക്കെതിരേ ഉയര്‍ന്ന ലാവ്ലിന്‍ കേസിന്‍റെ കാര്യത്തില്‍ എന്തായിരുന്നു വിഎസിന്‍റെ നിലപാട്? പാര്‍ട്ടി പദവികളില്‍ ഇരിക്കുന്നവര്‍ സംശയത്തിന്‍റെ നിഴലില്‍ വരരുത് എന്നായിരുന്നു വിഎസ് അന്നു പറഞ്ഞത്. അങ്ങനെ വരുന്നതു പാര്‍ട്ടിയെയും സംശയത്തിന്‍റെ നിഴലിലാക്കും. രണ്ടാമതു വേറൊന്നു കൂടി പറഞ്ഞു, സഖാവ്. കേസില്‍ പങ്കില്ലെങ്കില്‍ അന്വേഷണത്തെ എന്തിനു ഭയക്കണം. അന്വേഷണവുമായി സഹകരിക്കുകയാണു വേണ്ടത്. ഇതിനെല്ലാമുപരി മറ്റൊരു സുപ്രധാന നിരീക്ഷണം കൂടി നടത്തി, നീതിമാനായ അച്യുതാനന്ദന്‍. നിയമം നിയമത്തിന്‍റെ വഴിക്കു തന്നെ പോകണം. അതു ചോദ്യം ചെയ്യരുത്. നിപരാധിത്വം തെളിയിക്കാനുള്ള ബാധ്യത ആരോപണവിധേയര്‍ക്കുണ്ട്. ഇനി അദ്ദേഹം പറയാതെ പറഞ്ഞ ഒരു കാര്യം കൂടിയുണ്ട്. പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തു നിന്നു മാറി നില്‍ക്കണം.

അച്യുതാനന്ദന്‍ പറഞ്ഞതെല്ലാം അതേപടി സമ്മതിക്കാമായിരുന്നു. മുഖ്യമന്ത്രിയായിരിക്കേ, ബന്ധുവിനു സര്‍ക്കാര്‍ ഭൂമി പതിച്ചു നല്‍കാന്‍ വഴിവിട്ടു പ്രവര്‍ത്തിച്ചു എന്ന പഴി കേട്ട മാത്രയില്‍ അധികാരസ്ഥാനങ്ങളില്‍ നിന്ന് സ്വയം ഒഴിഞ്ഞു നിന്ന് അന്വേഷണം നേരിട്ട് അഗ്നിശുദ്ധി വരുത്തിയിരുന്നെങ്കില്‍ അദ്ദേഹത്തിന്‍റെ പോരാട്ട വീര്യത്തെ സ്തുതിക്കാമായിരുന്നു. എന്നാല്‍, എണ്‍പത്തൊന്‍പതാം വയസിലും പ്രതിപക്ഷ നേതാവിന്‍റെ കസേര പോലും കൈമോശം വരാന്‍ മനസ് അനുവദിക്കാത്ത അദ്ദേഹത്തിന്‍റെ പാര്‍ലമെന്‍ററി വ്യാമോഹത്തിന്‍റെ ഗുട്ടന്‍സ് ഒട്ടും പിടികിട്ടുന്നില്ല സാര്‍. ഒരു പക്ഷേ, മുഖ്യമന്ത്രി സ്ഥാനത്തേക്കും പ്രതിപക്ഷ നേതൃസ്ഥാനത്തേക്കും യോഗ്യതയുള്ള മറ്റാരും സിപിഎമ്മില്‍ ഇല്ലായിരിക്കും. അതേക്കുറിച്ചു പറയേണ്ടത് ആ പാര്‍ട്ടിയാണ്. അവരതു പറയാത്തിടത്തോളം വിഎസ് പറയുന്നതു വിശ്വസിക്കുകയേ വഴിയുള്ളൂ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ