പേജുകള്‍‌

2011, മേയ് 9, തിങ്കളാഴ്‌ച

finger print

ചില ശരിദൂര സദാചാര ചിന്തകള്‍
മന്നം പൂട്ടിയ സ്കൂളു തുറക്കാന്‍ മുണ്ടശേരി വളര്‍ന്നില്ല എന്നൊരു മുദ്രാവാക്യമുണ്ടായിരുന്നു, പണ്ട്. ജോസഫ് മുണ്ടശേരി വിദ്യാഭ്യാസ മന്ത്രി ആയിരുന്ന കാലത്ത് കൊണ്ടുവന്ന വിദ്യാഭ്യാസ ബില്ലിനെ എതിര്‍ത്ത് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ആയിരുന്ന മന്നത്തു പദ്മനാഭന്‍റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ സ്വകാര്യ സ്കൂളുകള്‍ അനിശ്ചിത കാലത്തേക്ക് അടച്ചിട്ടു. സ്കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന ഭീഷണി ഉയര്‍ന്നപ്പോഴാണു മേല്‍പ്പറഞ്ഞ മുദ്രാവാക്യം ഉയര്‍ന്നു കേട്ടത്. സ്വകാര്യ സ്കൂളുകളുടെ നടത്തിപ്പിലും അധ്യാപക നിയമനത്തിലും ശമ്പള പരിഷ്കരണത്തിലുമൊക്കെ മുണ്ടശേരി പല പരിഷ്കാരങ്ങളും നടപ്പാക്കിയെങ്കിലും സ്വകാര്യ സ്കൂളുകള്‍ ഏറ്റെടുക്കാനുള്ള നീക്കം വിജയിച്ചില്ല.

അക്കാലത്തു കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ വിദ്യാഭ്യാസ ഏജന്‍സി ആയിരുന്നു എന്‍എസ്എസ്. പിടിയരി ഫണ്ടും ഉത്പന്നപ്പിരിവും നടത്തിയാണ് മന്നത്തു പദ്മനാഭന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ചത്. അവയ്ക്കു നേരേ ആരെങ്കിലും വിരല്‍ ചൂണ്ടിയപ്പോഴെല്ലാം സ്വസമുദായത്തിലും സഹോദര സമുദായത്തിലുമുള്ളവര്‍ അതിനെ ചെറുത്തിട്ടുണ്ട്. സംസ്ഥാനത്തിന്‍റെ വിദ്യാഭ്യാസ പുരോഗതിക്ക് ഈ സ്ഥാപനങ്ങള്‍ വലിയ പങ്ക് വഹിച്ചിട്ടുമുണ്ട്. ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ പിരിച്ചുവിടലില്‍ കലാശിച്ച വിമോചന സമരത്തിന്‍റെ അമരത്തും മന്നത്തു പദ്മനാഭനുണ്ടായിരുന്നു. പെരുന്നയിലിരുന്ന് മന്നം ഒരു ഉത്തരവ് ഇട്ടാല്‍ ഒന്നോ രണ്ടോ ആഴ്ച കൊണ്ട് അതു കേരളത്തിന്‍റെ എല്ലാ കോണിലും എത്തുമായിരുന്നു. ഈ ഉത്തരവ് ലഭിച്ചാല്‍ ഞൊടിയിടയില്‍ അതു പ്രാവര്‍ത്തികമാക്കുകയും ചെയ്യുമായിരുന്നു. അതുകൊണ്ടാണ് ഇഎംഎസിന്‍റെ നേതൃത്വത്തിലുള്ള ഒന്നാം കമ്യൂണിസ്റ്റ് മന്ത്രസഭയെ പുറത്താക്കാന്‍ വരെ മന്നത്തിന്‍റെ നേതൃത്വത്തിനു കഴിഞ്ഞത്.

ഇന്നു പക്ഷേ, അങ്ങനെയല്ല കാര്യങ്ങള്‍. പെരുന്നയിലിരുന്ന് ഒരു സ്വിച്ച് ഇട്ടാല്‍ കനക്ഷന്‍ ഉള്ള സ്ഥലത്തെല്ലാം ലൈറ്റ് തെളിയുമെന്നല്ലാതെ പെരുന്നക്കാര്‍ പറയുന്നതെല്ലാം അപ്പടി നടന്നുകൊള്ളണമെന്നില്ല. പെരുന്നക്കാര്‍ക്ക് എന്‍ഡിപി എന്ന പേരില്‍ സ്വന്തമായി ഒരു പാര്‍ട്ടിയും ഏതാനും എംഎല്‍എമാരും ഒരു മന്ത്രിപോലുമുണ്ടായിരുന്ന കാലമുണ്ടായിരുന്നു. ദോഷം പറയരുത്, എസ്എന്‍ഡിപി യോഗത്തിന്‍റെ നേതൃത്വത്തില്‍ എസ്ആര്‍പി എന്ന വേറൊരു പാര്‍ട്ടിയും അന്നു നിലവിലുണ്ടായിരുന്നു. യുഡിഎഫ് പക്ഷത്തായിരുന്നു രണ്ടിന്‍റെയും പൊറുതി. ലീഡര്‍ കെ. കരുണാകരന്‍ എന്ന തന്ത്രശാലിയുടെ മൂശയിലായിരുന്നു രണ്ടിന്‍റെയും ജനനവും മരണവും.

സ്വന്തമായി ഒരു പാര്‍ട്ടി ഇല്ലെങ്കിലും എന്‍എസ്എസിന് ഇന്നും രാഷ്ട്രീയമുണ്ട്. ദൂരവ്യത്യാസമുണ്ടെങ്കിലും അതിന്‍റെ പേരില്‍ അഭിപ്രായങ്ങളും അഭിപ്രായവ്യത്യാസങ്ങളുമുണ്ടാവുക സ്വാഭാവികം. അതു പാടില്ല എന്നു കല്‍പ്പിക്കുന്നതിലെ വൈരുധ്യമാണു മനസിലാകാത്തത്. കേരളത്തില്‍ ആരായിരിക്കും അടുത്ത മുഖ്യമന്ത്രിയെന്നു തീരുമാനിക്കുന്നതിനു മുന്‍പ് ഒരുപാട് അഭിപ്രായങ്ങള്‍ ഉരുത്തിരിയും. കോണ്‍ഗ്രസ് തലപ്പത്ത് ഒന്നിലേറെപ്പേരുകള്‍ ഇതിനകം ഉയര്‍ന്നു കേട്ടു. ഇവരെല്ലാം മുഖ്യമന്ത്രി സ്ഥാനത്തേക്കു യോഗ്യര്‍ തന്നെ. പക്ഷേ, ഒരാളുടെ പേര് മറ്റാരെങ്കിലും പറഞ്ഞു എന്നു വച്ച് ജനാധിപത്യ പാര്‍ട്ടിയായ കോണ്‍ഗ്രസില്‍ പോലും പ്രശ്നങ്ങളില്ല. എന്നാല്‍ കേഡര്‍ പ്രസ്ഥാനങ്ങളുടെ സ്ഥിതി അതല്ല.

പണ്ടൊക്കെ പാര്‍ട്ടി നയങ്ങളും പരിപാടികളും പറഞ്ഞായിരുന്നു കമ്യൂണിസ്റ്റുകള്‍ തെരഞ്ഞെടുപ്പു നേരിട്ടത്. ഈ നയങ്ങളും പരിപാടികളും പൊതുവേദികളില്‍ ചര്‍ച്ച ചെയ്തു തെരഞ്ഞെടുപ്പു നേരിട്ടശേഷം, വിജയിച്ചാല്‍ പാര്‍ട്ടി ഫോറം ചര്‍ച്ച ചെയ്തു മുഖ്യമന്ത്രിയെ തീരുമാനിക്കും. ഒന്നാം കമ്യൂണിസ്റ്റ് മന്ത്രിസഭ രൂപീകരിക്കുന്നതിനു തൊട്ടുമുന്‍പ്, കേരളത്തിന്‍റെ ആദ്യ മുഖ്യമന്ത്രിയായി ഇഎംഎസ് നിര്‍ദേശിച്ച പേര് സി. അച്യുത മേനോന്‍റേതായിരുന്നു. താനല്ല, ഇഎംഎസ് ആണു മുഖ്യമന്ത്രി ആകേണ്ടതെന്നു മേനോന്‍ വാശി പിടിച്ചു. ഒടുവില്‍ പാര്‍ട്ടി ഭൂരിപക്ഷം അച്യുതമേനോന്‍റെ നിര്‍ദേശം അംഗീകിരിച്ച് ഇഎംഎസിനെ മുഖ്യമന്ത്രി ആക്കി.

ഇന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ അതു വല്ലതുമാണോ നടക്കുന്നത്? പാര്‍ട്ടി വേറേ, ഭരണം വേറെ. കേരളത്തില്‍ മുഖ്യമന്ത്രി എന്നൊരു പദവി ഉണ്ടെങ്കില്‍ അതിന് ഏകയോഗ്യന്‍ അച്യുതാനന്ദന്‍ സഖാവ് മാത്രം എന്ന മട്ടിലാണു കാര്യങ്ങളുടെ പോക്ക്. പാര്‍ട്ടിക്ക് അങ്ങനെയൊരു നിലപാടുണ്ടോ എന്നു ചോദിക്കരുത്. പ്രകടനക്കാരുള്ളിടത്തോളം പാര്‍ട്ടി വല്ലാതെ പേടിക്കും. കടലിലെ വെള്ളത്തെക്കാള്‍ പാര്‍ട്ടിക്കു പേടി ബക്കറ്റിലെ വെള്ളത്തെയാണ്. പാര്‍ട്ടി പറയുന്നതു കേള്‍ക്കുന്നയാളല്ല, വി.എസ്. അദ്ദേഹത്തിനു മേല്‍ ആര്‍ക്കും ഒരു നിയന്ത്രണവുമില്ല. വി.എസിന്‍റെ കണ്ണില്‍ വി.എസ് മാത്രമാണു യോഗ്യന്‍. മറ്റുള്ളവര്‍ വെറും പോഴന്‍, കൊഞ്ഞാണന്‍, മേല്പോട്ടു വാണം വിടുന്നവന്‍, തള്ള, വയസി, ഒരുത്തി, ഒരുത്തന്‍..പദാവലി നീളും. വിവരമുള്ളവര്‍ ഇതിനോടൊന്നും പ്രതികരിക്കില്ല.

തന്‍റെകാര്യമഖിലം നടക്കണം, തന്‍റെ ദാര-സുതന്മാര്‍ സുഖിക്കണം, അന്യരാകെ അതിഖിന്നരാകണം, തന്നെ വന്നനുദിനം വണങ്ങണം എന്നതാണു സഖാവിന്‍റെ ശൈലി. അതിനു വിഘ്നം വരുമ്പോഴൊക്കെ അദ്ദേഹത്തിനു കലികയറും. ഉറഞ്ഞു തുള്ളും. അങ്ങനങ്ങു തുള്ളാന്‍ എന്‍എസ്എസിന്‍റെ വോട്ടില്ല എന്നു മാത്രമാണു ആക്റ്റിങ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞതിന്‍റെ അര്‍ഥം. വി.എസ് മുഖ്യമന്ത്രി ആകാതിരിക്കാന്‍ തങ്ങള്‍ ഇക്കുറി സമദൂരം മാറ്റി ശരിദൂരം സ്വീകരിച്ചു എന്നാണ് അദ്ദേഹം പറഞ്ഞത്. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളില്‍ തങ്ങളുടെ ഭാഗത്തേക്കുള്ള ദൂരം ഇത്തിരി കുറയ്ക്കണേ എന്നു വി.എസ് നേരിട്ട് അഭ്യര്‍ഥിച്ചെന്നു വെളിപ്പെടുത്തിയത് അന്നത്തെ ജനറല്‍ സെക്രട്ടറി പി. കെ. നാരായണപ്പണിക്കര്‍. സാമുദായിക സംഘടനകളുടെ വോട്ട് വേണ്ടെന്നു പൊതുവേദികളില്‍ പ്രസംഗിച്ചിട്ടുള്ള വി.എസ്, തനിക്കുവേണ്ടി ഏതു സംഘടനയോടും സമരസപ്പെടുമെന്നും ഭള്ളുള്ളവരെ ഏതു നിലയ്ക്കും തള്ളിപ്പറയുമെന്നാണു ഇപ്പോഴത്തെ സമദൂരസദാചാര വിചാരണ നല്‍കുന്ന പാഠം.

** ** **

എന്‍ഡിപിയുടെയും എസ്ആര്‍പിയുടെയും വഴിയേ ഇനിയും പാര്‍ട്ടികളുണ്ടെന്നതിനു കൂടുതല്‍ അനുഭവ സാക്ഷ്യങ്ങള്‍. രാമചന്ദ്രന്‍ കടന്നപ്പള്ളിയെ ദേവസ്വം മന്ത്രി ആക്കിയതോടെ കോണ്‍ഗ്രസ് എസ് എന്ന സംഘടന ഏറെക്കുറെ പരണപ്പുറത്തായി. ഇനിയൊരു തെരഞ്ഞെടുപ്പിന് ആ പാര്‍ട്ടി ഉണ്ടാവില്ലെന്നു പറഞ്ഞതു പാര്‍ട്ടി പ്രസിഡന്‍റ് പ്രദീപ് കുമാര്‍. ഒരു പിഎസ് സി അംഗത്വത്തിന്‍റെ പേരില്‍ പിളര്‍ന്ന പാര്‍ട്ടിയുടെ ഒരു കഷണം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേരുന്നു. അവശേഷിക്കുന്ന കഷണം പിന്നാലെയെത്തുമെന്നും അല്ലെങ്കില്‍ വേറേ എവിടെയെങ്കിലും വിലയം പ്രാപിക്കുമെന്നാണു പ്രദീപിന്‍റെ പ്രവചനം. ഫലിക്കുമെന്ന് നൂറുവട്ടം ഉറപ്പ്.

എം.പി. വീരേന്ദ്ര കുമാറിന്‍റെ സോഷ്യലിസ്റ്റ് ജനതാ ദള്‍ ആണു മറ്റൊന്ന്. കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ തനിക്ക് ഒരു സീറ്റ് നിഷേധിച്ചതിന്‍റെ പേരില്‍ അര നൂറ്റാണ്ടായി മടിയില്‍ വച്ചിരുന്ന ആശയങ്ങളാണു വീരന്‍ വലിച്ചു ദൂരെക്കളഞ്ഞത്. എല്‍ഡിഎഫ് വിട്ട് മറു പാളയത്തിലെത്തിയ വീരന് അവിടെയുമുണ്ട് വളരെ ശക്തമായ ഒരു ആവശ്യം. യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ മന്ത്രിസഭയില്‍ മകന്‍ ശ്രേയാംസ് കുമാര്‍ മന്ത്രി ആവണം. കഴിഞ്ഞ മന്ത്രിസഭയില്‍ മാത്യു ടി തോമസിനു പകരം ശ്രേയാംസ് കുമാറിനെ പ്രതിഷ്ഠിക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റിയതാണ്. പാര്‍ട്ടിയിലെ പാരകള്‍ അവസരം കൊടുത്തില്ല.

അഴിച്ചുപണിയില്‍ മാത്യു ടി. തോമസിനു പകരം ജോസ് തെറ്റയില്‍ വരുന്നതിനു മുന്‍പും വീരന്‍ ഒരു കളി കളിച്ചു നോക്കി. പക്ഷേ, സൂചി കുത്താന്‍ അനുവദിച്ചില്ല കൂടെയുള്ളവര്‍. അപ്പോള്‍പ്പിന്നെ പുകഞ്ഞ കൊള്ളികള്‍ പുറത്ത്. മകനെയും കൂട്ടി വീരന്‍ മറുകണ്ടം ചാടി. ഈ ചാട്ടത്തിന്‍റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ ശരിക്കും മനസിലാക്കിയിരുന്നെങ്കില്‍ കൃഷ്ണന്‍ കുട്ടി മാഷിന് ഇന്നത്തെ ഗതി വരില്ലായിരുന്നു. മത്സരിക്കാന്‍ തനിക്ക് പാര്‍ട്ടി അവസരം നല്‍കുമെന്നും ചിറ്റൂരില്‍ മത്സരിച്ചു വിജയിക്കാമെന്നും വിജയിച്ചാല്‍ സീനിയോരിറ്റി പരിഗണിച്ചു തനിക്കു മന്ത്രിയാകാമെന്നുമൊക്കെ പാവം മോഹിച്ചു. നടന്നതു തന്നെ. മക്കളെ നല്ല നിലയിലാക്കണമെന്നു വിചാരമുള്ള അച്ഛന്മാരുള്ളിടത്തോളം കൃഷ്ണന്‍ കുട്ടിയുടെ മോഹങ്ങള്‍ വ്യാമോഹമായിത്തന്നെ തുടരും. ഏറിപ്പോയാല്‍ വീരന്‍റെ പാര്‍ട്ടിയില്‍ ഒരു പിളര്‍പ്പ് കൂടി. അത്രയേ സംഭവിക്കൂ. അതു കഴിഞ്ഞാല്‍പ്പിന്നെ, വീരദളത്തിനും ജലസമാധി!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ