പേജുകള്‍‌

2012, ജൂലൈ 19, വ്യാഴാഴ്‌ച

രാമന്‍റെ അയനം, കാലത്തിന്‍റെയും
കാവ്യം സുഗേയം കഥ രാഘവീയം

കര്‍ത്താവു തുഞ്ചത്തുളവായ ദിവ്യന്‍

ചൊല്ലുന്നതോ ഭക്തിമയസ്വരത്തില്‍

ആനന്ദലബ്ധിക്കിനിയെന്തു വേണം...

രാമായണത്തെക്കുറിച്ച് ഇതില്‍ക്കൂടുതല്‍ ഒരു വിശദീകരണമോ വിശകലനമോ ആവശ്യമില്ല. ആദികാവ്യത്തിന്‍റെ തുടക്കത്തില്‍ കവി തന്നെ കുറിച്ചിട്ടതു പോലെ, മലകളും നദികളും ഏതുവരെ നിലനില്‍ക്കുമോ, അതുവരെ രാമയണ കഥ ലോകത്തില്‍ പ്രചരിച്ചുകൊണ്ടേയിരിക്കും. അക്ഷരസ്നേഹികള്‍ക്ക് രാമായണം ഒരു മഹാകാവ്യമാണ്. ചരിത്രകാരന്മാര്‍ക്ക് അതൊരു ഇതിഹാസകൃതി. ആധ്യാത്മിക ജ്ഞാനികള്‍ക്ക് രാമായണം മോക്ഷപ്രാപ്തിയുടെ സാരസര്‍വാംശവും. അതിലെല്ലാമുപരി, അയ്യായിരത്തില്‍പ്പരം സംവത്സരങ്ങള്‍ നീണ്ട ഭാരതീയ സംസ്കൃതിയില്‍ സമാനതകളില്ലാത്ത ആരാധനാ ഗ്രന്ഥമാണ് അധ്യാത്മ രാമായണം.

ലോകത്തെ ഏറ്റവും സമ്പന്നമായ മൃതഭാഷയാണു സംസ്കൃതം. ആ ഭാഷ, ലോകത്തിനു മുമ്പില്‍ ഈടു വച്ചിട്ടുള്ള നിരവധി ഗ്രന്ഥങ്ങളുണ്ട്. വേദേതിഹാസങ്ങളും ഉപനിഷത്തുകളും മറ്റനേകം കാല്‍പ്പനിക കൃതികളും സംസ്കൃതത്തില്‍ വിരചിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ ഭാഷാ ചരിത്രം പരിശോധിച്ചാല്‍, എല്ലാ ഭാഷകളിലും വച്ച് ആദ്യം രചിക്കപ്പെട്ട സമ്പൂര്‍ണ കൃതിയാണു വാത്മീകിയുടെ അധ്യാത്മ രാമായണം. ഭാരതീയ സംസ്കാരത്തെ ഇത്രയധികം സ്വാധീനിച്ചിട്ടുള്ള മറ്റൊരു കൃതിയില്ല; രാമായണമല്ലാതെ. ഹൈന്ദവരുടെ മതഗ്രന്ഥമെന്നാണു രാമായണം പരക്കെ കരുതപ്പെടുന്നത്. എന്നാല്‍. ഹൈന്ദവതയുടെയോ ഹൈന്ദവവത്കരണത്തിന്‍റെയോ ലാഞ്ഛന പോലും രാമായണത്തില്‍ എവിടെയും കാണാനില്ല എന്നതാണു വാസ്തവം. മഹാഭാരതം, മഹാഭാഗവതം, ചതുര്‍വേദങ്ങള്‍, ഉപനിഷത്തുകള്‍ തുടങ്ങിയവയും ഹൈന്ദവ പുരാണങ്ങളാണെങ്കിലും, രാമായണത്തോളം വിശുദ്ധി ഈ കൃതികള്‍ക്കു ഭാരതീയര്‍ നല്‍കുന്നില്ല എന്നതും വാസ്തവം.

ദശാവതാരങ്ങളില്‍ ഏഴാമതാണു ശ്രീരാമാവതാരം. മത്സ്യം, കൂര്‍മം, വരാഹം, നരസിംഹം തുടങ്ങിയ അവതാരങ്ങള്‍ക്കു ശേഷം, വാമനന്‍ എന്ന ചെറിയ മനുഷ്യനിലേക്കാണ്മഹാവിഷ്ണു പരിണമിച്ചത്. പരശുരാമാവതാരവും കഴിഞ്ഞ് ആധുനിക മനുഷ്യനിലേക്കുള്ള ചുവടു വയ്പ് ശ്രീരാമനിലൂടെ നിര്‍വഹിക്കപ്പെടുകയായിരുന്നു. ഭാരതീയ സംസ്കാരത്തില്‍ മര്യാദാപുരുഷോത്തമനായ ആദ്യ മനുഷ്യന്‍ ശ്രീരാമനാണ്. അയോധ്യയുടെ രാജാവ്, അവതാര പുരുഷന്‍ തുടങ്ങിയ വീരപരിവേഷങ്ങള്‍ പലതുണ്ടായിട്ടും ഒരു സാധാരണ മനുഷ്യന്‍റെ ജീവിതത്തില്‍ ഉണ്ടായേക്കാവുന്ന മുഴുവന്‍ സംഘര്‍ഷങ്ങളും സങ്കടങ്ങളും ദുഃഖദുരിതങ്ങളും ശ്രീരാമനിലൂടെ നാം വായിച്ചറിയുന്നു. ജീവിതത്തിന്‍റെ സങ്കീര്‍ണതകളെ എങ്ങനെ അതിജീവിക്കാമെന്ന സന്ദേശമാണ് ശ്രീരാമ കഥയിലൂടെ ആദികവി പഠിപ്പിച്ചുതരുന്നത്. ആ കഥകള്‍ വായിക്കുമ്പോള്‍, അതില്‍ പലതും നമ്മുടേതെന്ന തോന്നല്‍ ഉണ്ടാക്കുന്നു. അവയെ എങ്ങനെ അതിജീവിക്കാമെന്നും രാമായണം വഴിതെളിക്കുന്നു. ദൈവമേ, എനിക്ക് ഇങ്ങനെ സംഭവിച്ചല്ലോ എന്നു വേപഥു കൊള്ളുമ്പോള്‍, അവതാര പുരുഷനായിരുന്നിട്ടും എനിക്കും അതെല്ലാം സംഭവിച്ചില്ലേ എന്നു രാമായണത്തിലെ ശ്രീരാമന്‍ നമ്മോടു തിരിച്ചു ചോദിക്കുന്നു. ഈ ചോദ്യത്തിലൂടെ നമ്മുടെ കണ്ണീരിന്‍റെ കനം കുറയുന്നു.

യുദ്ധഭൂമിയില്‍ രഥത്തിന്‍റെ ചക്രം ഊരിത്തെറിക്കാന്‍ തുടങ്ങുമ്പോള്‍, അച്ചാണിയായി തന്‍റെ കൈവിരല്‍ താഴ്ത്തി വീരാംഗനയായ കൈകേയിയെ രാമായണത്തില്‍ നാം വായിക്കുന്നു. തന്‍റെ ജീവനും രാജ്യത്തിന്‍റെ അഭിമാനവും കാത്ത പ്രിയതമയ്ക്കു പ്രാണന്‍ വരെ പകരം വയ്ക്കുന്ന ദശരഥനോട് പ്രതിഫലം പിന്നീടു ചോദിക്കാമെന്നു പറയുന്ന കൈകേയി എത്രയോ കാണ്ഡങ്ങളില്‍ രാമായണത്തിന്‍റെ പ്രിയ കഥാപാത്രമാണ്. എന്നാല്‍, സ്വന്തം മകനെക്കാള്‍ പ്രിയങ്കരനായ ശ്രീരാമനെ, സ്ത്രീയുടെ സഹജതയില്‍ മന്ധര എന്ന കുബുദ്ധിയുടെ പ്രേരണയാല്‍, പട്ടാഭിഷേകത്തലേന്ന് കാട്ടിലയക്കാന്‍ കാട്ടുന്ന കുടിലതയ്ക്കു മുന്നില്‍ കൈകേയി എന്ന അമ്മ വെറും കാട്ടാളത്തിയാകുന്നു. സ്വാര്‍ഥതയുടെ മൂശയില്‍ എല്ലാം മറക്കുകയും ത്യജിക്കുകയും ചെയ്യുന്ന മനുഷ്യന്‍റെ പ്രതീകമായി അധഃപതിക്കുന്നു ഇവിടെ കൈകേയി.

എല്ലാ രാജാധികാരങ്ങളും കൈവന്ന്, സുഖലോലുപതയുടെയും പരിലാളനയുടെയും പരകോടിയിലേക്കു പ്രവേശിക്കാന്‍ സര്‍വസജ്ജമാകുന്നതിനിടെ, അച്ഛന്‍ ഇളയമ്മയ്ക്കു കൊടുത്ത വാക്കു പാലിക്കാന്‍ എല്ലാം ഇട്ടെറിഞ്ഞു വനവാസത്തിന് ഇറങ്ങിപ്പുറപ്പെടുന്ന ശ്രീരാമന്‍ ത്യാഗത്തിന്‍റെ മഹാ പ്രതീകമാണ്. ഭര്‍ത്താവു കാട്ടില്‍പ്പോയാല്‍ തനിക്ക് അയോധ്യയിലെ പട്ടണവാസം എന്തിനെന്നു ചോദിക്കുന്ന സീത, ഭാരതീയ സ്ത്രീത്വത്തിന്‍റെ പ്രതീകം തന്നെയാണ്. രാജ സിംഹാസനം വെടിഞ്ഞു വനംപൂകുന്ന ജ്യേഷ്ഠനെ പരിചരിക്കാന്‍ ഒപ്പം ഇറങ്ങിത്തിരിച്ച ലക്ഷ്മണന്‍ തന്നെയാണ് ഇക്കണ്ട കാലമത്രയും ഭാരതീയ സംസ്കൃതിയില്‍ ഉത്തമ സഹോദരന്‍.

ആര്‍ക്കു വേണ്ടിയാണോ മാതാവ് കൈകേയി, ശ്രീരാമനില്‍ നിന്ന് കിരീടം തട്ടിയെടുത്തത്, അതേ കിരീടം ഉപേക്ഷിച്ചു രാജസിംഹാസനത്തില്‍ രാമപാദുകം പ്രതിഷ്ഠിച്ച് കാവല്‍ഭരണം നടത്തിയ ഭരതനോളം ഉത്തമനായ ഏതു രാജാവുണ്ട് ഭാരതത്തില്‍. ത്രേതായുഗത്തിലെ ഈ മാതൃക ഈ കലിയുഗത്തിലും ഭാരതീയര്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്നു, രാമായണത്തിലൂടെ.

സര്‍വം സഹയായ ഭൂമിദേവിയുടെ പുത്രിയായിട്ടും സീതാദേവി അനുഭവിച്ച ദുരിതങ്ങളുടെ ഒരംശം ഇന്നത്തെ സ്ത്രീകള്‍ അനുഭവിക്കുന്നുണ്ടോ? ശ്രീരാമന്‍ വനത്തില്‍ പോയാലും സര്‍വ സുഖസൗകര്യങ്ങളോടും കൂടി സീതയ്ക്ക് അയോധ്യയില്‍ പട്ടമഹിഷിയായി തുടരാമായിരുന്നു. എന്നാല്‍, സര്‍വവും ത്യജിച്ച്, മരവുരി ധരിച്ചു ശ്രീരാമപാദങ്ങള്‍ പിന്തുടര്‍ന്നു വ നവാസത്തിനു പോയ സീതയ്ക്ക് അവസാനം എന്തു കിട്ടി? പതിവ്രതാരത്നമെന്ന് അറിയാമായിരുന്നിട്ടും പ്രജകളുടെ പാഴ്വാക്കു കേട്ട് സ്വന്തം ഭാര്യയെ ത്യജിച്ചില്ലേ, ഉത്തമ പുരുഷനെന്നു പുകള്‍പെറ്റ ശ്രീരാമന്‍. ശരി തിരിച്ചറിയാമായിരുന്നിട്ടും, അന്യരെ ബോധ്യപ്പെടുത്തുന്നതിനു വലിയ തെറ്റു ചെയ്യാന്‍ നിര്‍ബന്ധിതനായി അയോധ്യയിലെ രാജാവ്. ഏതു വലിയ മഹാരാജാവായാലും, സപത്നിയെ സംശയിക്കുന്ന പുരുഷന്‍ നിന്ദ്യനെന്നു ശപിക്കുന്നു, രാമായണത്തിലെ സീത. ദുഃഖം കൊണ്ടു നെഞ്ചു പൊട്ടിയ സ്വപുത്രിയെ ഏറ്റുവാങ്ങാന്‍ സ്വയം പിളര്‍ന്നെത്തിയ ഭൂമിദേവി തന്നെയല്ലേ, മാതൃത്വത്തിന്‍റെ എക്കാലത്തെയും മഹദ്രൂപം?

ധര്‍മാധര്‍മങ്ങളുടെ ഏറ്റുമുട്ടലുകളാണ് രാമായണത്തിന്‍റെ ആറു കാണ്ഡങ്ങളും. സ്വയം വരുത്തിവയ്ക്കുന്നതും വന്നു ഭവിക്കുന്നതുമായ ശരിതെറ്റുകള്‍ നിരവധിയുണ്ട് അതില്‍ വായിച്ചെടുക്കാന്‍. ഒരാള്‍ ധര്‍മിയാകുന്നതും അല്ലാതാകുന്നതും എങ്ങനെയെന്നും വരികള്‍ക്കിടയില്‍ മനസിലാക്കാവുന്നതാണ്. ദൈവത്തിന്‍റെ മനുഷ്യാവതാരത്തിലൂടെ, ദൈവം നമുക്കിടയില്‍ ജീവിക്കുന്നതാണു രാമായണത്തിന്‍റെ ഇതിവൃത്തം. രാമായണ കഥ അനുവര്‍ത്തിക്കാനോ അനുകരിക്കാനോ ഉള്ളതല്ല. അതൊരു അനുഭവ പാഠമാണ്. ജീവിച്ചിരുന്ന എത്രയോ പേരെ ഓര്‍ക്കാനും രാമായണത്തിലൂടെ അവരുടെ ജീവിതം അനുഭവമാക്കാനും അതിന്‍റെ വെളിച്ചത്തില്‍ സ്വന്തം ജീവിതം കെട്ടിപ്പടുക്കാനും രാമായണം നമ്മെ ഉപദേശിക്കുന്നു. ഭക്തിമാര്‍ഗത്തിലുള്ള ഉപദേശമാണ് അതിന്‍റെ സാരാംശം. അതുകൊണ്ടാണ് രാമായണം വിശുദ്ധ ഗ്രന്ഥമാകുന്നത്. അതുകൊണ്ടു തന്നെയാണു ഭക്തര്‍ നിത്യവും രാമായണം പാരായണം ചെയ്യുന്നത്.

അദ്ധ്യാത്മ പ്രദീപകമത്യന്തം രഹസ്യമി-

തദ്ധ്യാത്മ രാമായണം മൃത്യുശാസന പ്രോക്തം

അദ്ധ്യയനം ചെയ്തീടും മര്‍ത്യ ജന്മികള്‍ക്കെല്ലാം

മുക്തിസിദ്ധിക്കുമസന്ദിഗ്ധമിജ്ജന്മം കൊണ്ടേ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ