പേജുകള്‍‌

2011, മാർച്ച് 30, ബുധനാഴ്‌ച

kkkk

അന്തരാഷ്ട്ര ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും നശിപ്പിക്കുന്നതിനും കായികവേദികളും മത്സരങ്ങളും അവസരമൊരുക്കിയ ഒട്ടേറെ അനുഭവങ്ങള്‍ ചരിത്രത്തിന്‍റെ ഏടുകളിലുണ്ട്. ഒളിംപിക്സ്, ക്രിക്കറ്റ്, ഫുട്ബോള്‍, അത്ലറ്റിക് തുടങ്ങിയ ഒട്ടുമിക്ക കായിക മാമാങ്കങ്ങളും ഉദാഹരണമായി നിരത്താനാവും.

അതിര്‍ത്തിയിലെ സംഘര്‍ഷം രൂക്ഷമായിരിക്കെ 1987ല്‍ പാക് പ്രസിഡന്‍റ് സിയാ ഉള്‍ ഹഖ് ജയ്പൂരിലെത്തി ഇന്ത്യാ-പാക് ടെസ്റ്റ് ക്രിക്കറ്റ് കണ്ടിട്ടുണ്ട്. 1989-90ല്‍ ഇരു രാജ്യങ്ങളും തമ്മില്‍ കടുത്ത സംഘര്‍ഷം നിലനില്‍ക്കെ പാക് ടൂറിലായിരുന്ന ഇന്ത്യന്‍ ടീമിനു നേര്‍ക്ക് ക്രിക്കറ്റ് ഗ്രൗണ്ടില്‍ അപകടകരമായ കുപ്പിയേറുണ്ടായി. ഇന്ത്യന്‍ ക്യാപ്റ്റനു നേര്‍ക്ക് ഗ്രൗണ്ടില്‍ കൈയേറ്റശ്രമം പോലും നടന്നു. തുടര്‍ന്ന് ഒരു ദശാബ്ദത്തിലധികം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരങ്ങള്‍ തന്നെ ഉപേക്ഷിക്കപ്പെട്ടു. മുംബൈയില്‍ പാക് ടീമിനെ കളിപ്പിക്കാന്‍ അനുവദിക്കില്ലെന്ന ശിവസേനാ ഭീഷണി രാജ്യാന്തരവേദികളില്‍ ഇന്ത്യയ്ക്കെതിരെയും വിമര്‍ശനമുയര്‍ത്തി. 1972ല്‍ ഇസ്രേലി ഒളിംപിക്സ് ടീമിനു നേര്‍ക്ക് പലസ്തീനിയന്‍ തോക്കുധാരി നടത്തിയ വെടിവെയ്പ്പില്‍ പിടഞ്ഞുമരിച്ചത് പതിനേഴ് ഇസ്രേലിയന്‍ കായികതാരങ്ങള്‍. സ്പോര്‍ട്സും നയതന്ത്ര ബന്ധങ്ങളും തമ്മിലുള്ള ചരിത്രം പരിശോധിച്ചാല്‍ ഇത്തരം എത്രയെത്ര സംഭവങ്ങള്‍!

ഈ പശ്ചാത്തലത്തിലാണ് പഞ്ചാബിലെ മൊഹാലി സ്റ്റേഡിയത്തില്‍ ബുധനാഴ്ച നടക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ ഐസിസി വേള്‍ഡ്കപ്പ് ക്രിക്കറ്റ് സെമി ഫൈനലിനെ അന്താരാഷ്ട്ര സമൂഹം നോക്കിക്കാണുന്നത്. അപ്രതീക്ഷിതമായ ഒരു നയതന്ത്ര ചര്‍ച്ചയ്ക്കു കൂടി ഈ മത്സരം വഴിതുറന്നിരിക്കുന്നു. മുംബൈ 26/11നു ശേഷം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള നയതന്ത്രബന്ധം ഒട്ടും സുഖകരമല്ല. പാക്കിസ്ഥാനില്‍ പരിശീലനം നേടിയ ഏതാനും ഭീകരര്‍ മുംബൈ കടല്‍ കടന്ന് ഇന്ത്യയ്ക്കു നേരെ നടത്തിയ യുദ്ധം നമ്മുടെ മനസില്‍ വീഴ്ത്തിയ മുറിവ് ഇനിയും ഉണക്കിയിട്ടില്ല. ഈ സംഭവത്തിന്‍റെ ആസൂത്രണവും പരിശീലനവും നടത്തിപ്പുമെല്ലാം പാക്കിസ്ഥാനിലാണു സംഭവിച്ചതെന്ന് അന്താരാഷ്ട്ര സമൂഹം തെളിവുകളുടെ അടിസ്ഥാനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടും കുറ്റവാളികളെ പിടികൂടാനോ, വിചാരണ നടത്തി ശിക്ഷിക്കാനോ, അവരെ ഇന്ത്യയ്ക്കു കൈമാറാനോ പാക് ഭരണകൂടം തയാറായിട്ടില്ല. ഈ സാഹചര്യത്തില്‍ ആ രാജ്യവുമായി നയതന്ത്രബന്ധം തുടരുന്നതില്‍ ഒരു കാര്യവുമില്ലെന്ന വിശദീകരണത്തോടെയാണ് ഇന്ത്യ-പാക് ചര്‍ച്ച പാളംതെറ്റിയത്.

ഇതു പുനഃസ്ഥാപിക്കുന്നതിന് പല കേന്ദ്രങ്ങളില്‍ നിന്നും സമ്മര്‍ദമുണ്ടായെങ്കിലും ഫലം കണ്ടില്ല. അതിനിടെയാണ് ഈ ദൗത്യം ക്രിക്കറ്റ് എന്ന കായിക നയതന്ത്രത്തിലൂടെ രംഗപ്രവേശനം ചെയ്യുന്നത്. ബുധനാഴ്ച നടക്കുന്ന സെമിഫൈനല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള കായികയുദ്ധമാണെങ്കിലും അതുവഴി സമാധാനത്തിനുള്ള സാധ്യതയ്ക്കുകൂടി ശ്രമിച്ചത് ഇന്ത്യാ ഗവണ്‍മെന്‍റും പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങുമാണ്. മൊഹാലി മത്സരം കാണാന്‍ പാക് പ്രസിഡന്‍റ് ആസിഫ് അലി സര്‍ദാരി, പ്രധാനമന്ത്രി യൂസഫ് റാസാ ഗിലാനി എന്നിവരെ പ്രധാനമന്ത്രി ക്ഷണിക്കുകയായിരുന്നു. മൂന്നു ദിവസത്തിനുള്ളില്‍ ക്ഷണം സ്വീകരിച്ച് ഇന്ത്യ സന്ദര്‍ശിക്കാന്‍ ഗിലാനി സമ്മതിച്ചു. അതോടെ മൊഹാലി ലോകത്തിന്‍റെ ശ്രദ്ധാകേന്ദ്രമായി. രാഷ്ട്രപതി പ്രതിഭ പാട്ടീല്‍, പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്, പാക് പ്രധാനമന്ത്രി ഗീലാനി, കേന്ദ്രമന്ത്രിമാര്‍, വിവിധ സംസ്ഥാന മുഖ്യമന്ത്രിമാര്‍, നയതന്ത്ര പ്രതിനിധികള്‍ എന്നിവരടക്കം വിഐപികളുടെ വന്‍ നിരതന്നെ എത്തും. മൊഹാലി, ചണ്ഡിഗഡ് തുടങ്ങിയ നഗരങ്ങളിലൊന്നും ഒരു മുറിപോലും കിട്ടാനില്ല. സ്റ്റേഡിയത്തിന്‍റെ ശേഷിയും പിന്നിട്ടു കുതിക്കുകയാണ് ടിക്കറ്റ് വില്‍പ്പന. വിസാ നിയന്ത്രണങ്ങളില്‍ ഇളവുവരുത്തി 1500 പാക് പൗരന്മാര്‍ക്കുകൂടി കളി കാണാനുള്ള അവസരമൊരുക്കിയിട്ടുണ്ട് ഇന്ത്യാ ഗവണ്‍മെന്‍റ്. വിസാ നിയന്ത്രണം ദ്രുതഗതിയില്‍.

പ്രധാനമന്ത്രിതല ഉച്ചകോടിക്കു മുന്നോടിയായി ആഭ്യന്തര സെക്രട്ടറിതല ചര്‍ച്ചകള്‍ ഇന്നും നാളെയുമായി ന്യൂഡല്‍ഹിയില്‍ നടക്കും. ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന എല്ലാ പ്രശ്നങ്ങളും ഇതോടെ പരിഹരിച്ചുകളയും മൊഹാലി ഉച്ചകോടി എന്ന് ആരും കരുതുന്നില്ല. എന്നാല്‍ ലോകത്തിന്‍റെ പല കോണുകളിലും അയല്‍ രാജ്യങ്ങളും ശത്രുരാജ്യങ്ങളും തമ്മില്‍ രൂക്ഷപോരാട്ടം നടക്കുന്ന ഈ കാലഘട്ടത്തില്‍ പൂര്‍വേഷ്യയിലെ രണ്ടു സംഘര്‍ഷരാഷ്ട്രങ്ങള്‍ തമ്മില്‍ നടക്കുന്ന സന്ധിസംഭാഷണത്തിന് അന്താരാഷ്ട്ര തലത്തില്‍ വളരെയേറെ പ്രാധാന്യമുണ്ട്.

അതിദ്രുതം വളര്‍ച്ച നേടുന്ന സാമ്പത്തികശക്തിയാണ് ഇന്ത്യ. അതേ സമയം ആഭ്യന്തരതലത്തിലും അതിര്‍ത്തിക്കപ്പുറത്തുനിന്നും നിരവധി സുരക്ഷാ ഭീഷണിയും നേരിടുന്നുണ്ട്. ഇന്ത്യയ്ക്കെതിരായ സുരക്ഷാ ഭീഷണിക്ക് മൂര്‍ച്ച കൂട്ടുന്നവരില്‍ പ്രധാനിയാണ് പാക്കിസ്ഥാന്‍. മുംബൈ 26/11 തന്നെ അതിനു ശക്തമായ തെളിവും. യുദ്ധസമാനമായ സ്ഥിതിവിശേഷത്തിന് ഉത്തരവാദികളായവര്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നതാണ് ഇന്ത്യയുടെ പ്രധാന ആവശ്യം. ഇന്ത്യയ്ക്കെതിരായ പാക് പരിശീലനവും നുഴഞ്ഞുകയറ്റമടക്കമുള്ള ഒളിയുദ്ധങ്ങളും അവര്‍ അവസാനിപ്പിക്കണം. ഇതായിരിക്കും ഗിലാനിയുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ ഇന്ത്യയുടെ പ്രധാന ആവശ്യങ്ങള്‍. പാക്കിസ്ഥാനുമുണ്ട് സമാനമായ നിര്‍ദേശങ്ങള്‍. 68 പേര്‍ മരിക്കാനിടയായ 2007ലെ സംഝോധ എക്സ്പ്രസ് സ്ഫോടനം, ബലൂചിസ്ഥാനിലെ ആഭ്യന്തരക്കുഴപ്പങ്ങള്‍ എന്നിവയില്‍ ഇന്ത്യന്‍ നിലപാട് അറിയുകയായിരിക്കും ഗിലാനി ലക്ഷ്യം വയ്ക്കുക. ഇതിലൊന്നിലും വ്യക്തമായ നടപടിയോ മറുപടിപോലുമോ ഉണ്ടാവണമെന്നില്ല. എങ്കിലും ആയുധം എന്ന അവസാനവാക്കിനു മുന്‍പ് അനുരഞ്ജനം എന്ന പരിശ്രമം സാര്‍വത്രികമായി സ്വാഗതം ചെയ്യപ്പെടേണ്ടതുണ്ട്. ആ നിലയ്ക്ക് ഡോ. മന്‍മോഹന്‍ സിങ്ങിന്‍റെ തീരുമാനത്തിന് ഇന്ത്യന്‍ ജനതയുടെ അംഗീകാരം ലഭിക്കുമെന്നുതന്നെ പ്രതീക്ഷിക്കാം. വിജയാശംസകള്‍...!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ