പേജുകള്‍‌

2011, ജൂലൈ 19, ചൊവ്വാഴ്ച

finger print

പദ്മവ്യൂഹത്തില്‍ അകപ്പെടുന്നത് ആരൊക്കെ

നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം യുഡിഎഫിലും എല്‍ഡിഎഫിലും ബിജെപിയിലുമൊക്കെ വല്ലാത്തൊരു മാന്ദ്യമാണ്. ഒരിടത്തും ഒന്നും നടക്കുന്നില്ല. അവിടെയും ഇവിടെയുമായി ചില പൊട്ടലും ചീറ്റലും കേള്‍ക്കുന്നുണ്ടെങ്കിലും നനഞ്ഞ പടക്കം കത്തിച്ച പ്രതീതിയേ എവിടെയും കാണാനുള്ളൂ. ഭരിക്കാന്‍ വേണ്ടതിനെക്കാള്‍ കഷ്ടിച്ചു മൂന്ന് എംഎല്‍എമാരുടെ കൂടുതലേ യുഡിഎഫിനുള്ളു. അതില്‍ത്തന്നെ ഒന്ന് നോമിനേഷനാണ്. വേറൊരു വിധത്തില്‍പ്പറഞ്ഞാല്‍ ഭരിക്കാന്‍ വേണ്ടതില്‍ നിന്നു കഷ്ടിച്ചു രണ്ടുപേരുടെ കുറവേ എല്‍ഡിഎഫിനുള്ളൂ. അതുകൂടി ലഭിച്ചിരുന്നെങ്കില്‍ ഒരാളെ ഇടതുപക്ഷത്തിനു നോമിനേറ്റ് ചെയ്തു യുഡിഎഫിന്‍റെ ഇപ്പോഴത്തെ അവസ്ഥയിലെത്തി സുഖമായി ഭരിക്കാമായിരുന്നു.
   പഴയ കാലമായിരുന്നെങ്കില്‍ ഇതിനകം എന്തൊക്കെ സംഭവിക്കാമായിരുന്നു. ഹൈക്കോടതിയില്‍ ഏതാനും തെരഞ്ഞെടുപ്പു കേസുകള്‍ നിലവിലുള്ളതാണ് ഏക സ്കോപ്പ്. വല്ലതും വഴി തെറ്റി തിരിഞ്ഞുവന്നാല്‍ കളി മാറും. ഭരിക്കുന്നവരെ പ്രതിപക്ഷത്തിരുത്താനും പ്രതിപക്ഷത്തിരിക്കുന്നവരെ ഭരണപക്ഷത്തിരുത്താനുമൊക്കെ വഴിയുണ്ട്. ഏതായാലും മസിലു പിടിച്ചു തന്നെയാണ് എല്ലാവരുടെയും ഇരിപ്പും നടപ്പും. പത്മവ്യൂഹത്തില്‍പ്പെട്ട അഭിമന്യുവിന്‍റെ അവസ്ഥയാണു മിക്കവര്‍ക്കും. അകത്തു കടന്നു പോയി. ഇനിയിപ്പോള്‍ പുറത്തു ചാടാന്‍ വഴിയുമില്ല.
    കോണ്‍ഗ്രസില്‍ത്തന്നെ തുടങ്ങാം. ജയദ്രഥന്‍ തുടങ്ങി ആറു വില്ലാളിവീരന്മാരോടാണ് അഭിമന്യു മഹാഭാരതയുദ്ധത്തില്‍ പോരടിച്ചത്. പത്മവ്യൂഹത്തില്‍ പ്രവേശിക്കാനല്ലാതെ പുറത്തു ചാടാനുള്ള വിദ്യ മാതുലന്‍ സാക്ഷാല്‍ ശ്രീകൃഷ്ണന്‍ പറഞ്ഞുകൊടുക്കാതിരുന്നതുകൊണ്ടു മാത്രമാണു ജയദ്രഥനും പാര്‍ട്ടിയും ചേര്‍ന്നു പാവത്തിന്‍റെ കഥ കഴിച്ചത്. ഒന്നോര്‍ത്താല്‍ അന്നത്തെ അഭിമന്യുവിന്‍റെ അവസ്ഥയിലായ എത്രയെത്ര കോണ്‍ഗ്രസുകാരുണ്ട്? നിയമസഭയില്‍ ഏറ്റവും പിന്നറ്റത്തെ സീറ്റിലാണു തന്‍റെ ഇരിപ്പെന്നു പരിതപിക്കുന്ന കെ. മുരളീധരന്‍ അവിടെയിരിക്കാനാണോ ഈ പെടാപ്പാടെല്ലാം സഹിച്ചു കോണ്‍ഗ്രസ് എന്ന പദ്മവ്യൂഹത്തില്‍ കടന്നത്? പദ്മവ്യൂഹത്തില്‍ പ്രവേശിച്ചെങ്കിലും ചുറ്റും ജയദ്രഥന്മാരാണെന്നു വൈകിയാണു പാവത്തിനു ബോധ്യമായത്. വ്യൂഹം ഭേദിക്കാനുള്ള വിദ്യ പഠിച്ചുകൊണ്ടിരിക്കുകയാണത്രേ മുരളി. സഹോദരി പദ്മജയുമായി ചേര്‍ന്നു പഴയ ഐ ഗ്രൂപ്പിന്‍റെ പൊടി തട്ടിയെടുക്കുകയാണു മുരളീഭക്തര്‍. അടുത്ത ഡിസംബറില്‍ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന കരുണാകര അനുസ്മരണ പരിപാടികളാണ് ഇവര്‍ ആസൂത്രണം ചെയ്യുന്നത്. അതൊന്നു കഴിഞ്ഞോട്ടെ, ആരാണു പദ്മവ്യൂഹത്തില്‍ അകപ്പെടുന്നതെന്നും ആരൊക്കെ പുറത്തുചാടുമെന്നും അതോടെ അറിയാം.
     മുരളിക്കു പിന്നാലെ, ടി.എന്‍. പ്രതാപന്‍, വി.ഡി. സതീശന്‍ തുടങ്ങി പലരും അഭിമന്യു കളിക്കുകയാണെന്നാണു സംസാരം. യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് എം. ലിജുവാണ് ഒരു വിധത്തില്‍ വ്യൂഹം പൊട്ടിച്ചു പേരിനെങ്കിലും പുറത്തു വന്നത്. യൂത്ത് കോണ്‍ഗ്രസില്‍ ഐ ഗ്രൂപ്പിനെ അവഗണിക്കുന്നു എന്നാരോപിച്ചു സംസ്ഥാന കമ്മിറ്റി യോഗത്തില്‍ നിന്നു വോക്കൗട്ട് നടത്തുകയായിരുന്നു ലിജു. ഏതായാലും കോണ്‍ഗ്രസില്‍ കളം കൊഴുക്കുന്നുണ്ട്. അണിയറയില്‍ അക്ഷൗഹിണി തന്നെ ഒരുങ്ങുന്നു എന്നാണ് അശരീരി.
     അഞ്ചാം മന്ത്രി എന്ന പദ്മവ്യൂഹത്തിലാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്. മഞ്ഞളാംകുഴി അലിക്കു വേണ്ടി വളരെ മോഹിച്ചു ചെന്നു കയറിയതാണ് ഈ പടയില്‍. പടപ്പുറപ്പാടു കഴിഞ്ഞപ്പോഴാണു സംഗതി ബേജാറായത്. തുടക്കത്തില്‍ അലിയെ വച്ച് ഒന്നു കളിച്ചുനോക്കിയതാണു കുഞ്ഞാപ്പയും കൂട്ടരും. ഒന്നുകില്‍ ലീഗിന് കേരളത്തില്‍ അഞ്ചു മന്ത്രിമാര്‍. ഇല്ലെങ്കില്‍ അങ്ങു ഡല്‍ഹിയില്‍ അഹമ്മദ് സാഹിബിന് ഇമ്മിണി മുഴുത്ത ക്യാബിനറ്റ് റാങ്ക്. രണ്ടിലൊന്നില്ലാതെ ഉറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണു ലീഗ് നേതൃത്വം.
      എങ്ങനെ വീണാലും ലീഗ് നാലു കാലിലേ നില്‍ക്കൂ എന്നു കുഞ്ഞാലിക്കുട്ടി മലപ്പുറത്തു പ്രഖ്യാപിക്കുകയും ചെയ്തു. പക്ഷേ, കോഴിക്കോട് സര്‍വകലാശാലാ വൈസ് ചാന്‍സിലര്‍ നിയമനം, സിബിഎസ്ഇ സ്കൂള്‍ അനുമതി, പ്ലസ് വണ്‍ ബാച്ചുകള്‍, തുടങ്ങി പലതിലും ചാട്ടം പിഴയ്ക്കുമ്പോഴാണു പഴയ പദ്മവ്യൂഹത്തെക്കുറിച്ച് ലീഗും പരിതപിക്കുന്നത്. ഈ വക്ത്രത്തില്‍ നിന്നു പുറത്തു ചാടാന്‍ എന്തെങ്കിലും വഴി തുറക്കണേയെന്നാണു ലീഗിന്‍റെ പ്രാര്‍ഥന.
     കോണ്‍ഗ്രസിലെയും ലീഗിലെയും അവസ്ഥ പിന്നെയും സഹിക്കാം. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ പദ്മവ്യൂഹം മാത്രമല്ല, അക്ഷൗഹിണി മുതല്‍ പാളയത്തില്‍പ്പട വരെയുണ്ടത്രേ. ലീഗിന്‍റെ അഞ്ചാംമന്ത്രി മോഹം പോലെ, കേരള കോണ്‍ഗ്രിസില്‍ ചിലര്‍ക്കു മൂന്നാം മന്ത്രിമോഹം കലശലായിരുന്നു. വല്ല വിധേനയും ചീഫ് വിപ്പ് പദവി കൊണ്ടു കാര്യങ്ങള്‍ ഒരു വശത്തായതായിരുന്നു. വല്ല സാധ്യതയുമുണ്ടെങ്കില്‍ ജോസ് .കെ. മാണിക്കു കേന്ദ്രത്തില്‍ ഒരു സഹമന്ത്രിസ്ഥാനം കൂടി തരപ്പെടുത്തി ശിഷ്ടകാലം ആമോദത്തോടെ കഴിയാമെന്ന മാണിസാറിന്‍റെ കണക്കുകൂട്ടലുകളൊക്കെ തെറ്റി. ജോസ്മോന്‍ മന്ത്രിയായില്ല. പി.സി. ജോര്‍ജിനു മന്ത്രിയാകാന്‍ കഴിയാത്തതിന്‍റെ കലിപ്പും മാറിയിട്ടില്ല. അതിനിടയില്‍ ജോര്‍ജും ജോസഫും ഫ്രാന്‍സിസുമൊക്കെക്കൂടി ആകെ ജഗപൊക..! മാണിസാര്‍ ഇപ്പോള്‍ ഏതു വ്യൂഹത്തിലാണെന്ന് അദ്ദേഹത്തിനു പോലും നല്ല പിടിയില്ല.
      കേരളത്തില്‍ നിന്ന് ഇടയ്ക്കൊന്നു തലവലിക്കാന്‍ വേണ്ടിയാണു ഗുഡ്സ് ആന്‍ഡ് സര്‍വീസ് ടാക്സ് (ജിഎസ്ടി) അധ്യക്ഷ സ്ഥാനത്തേക്ക് ഒന്നു ശ്രമിച്ചു നോക്കിയത്. വാറ്റ് അടക്കമുള്ള നികുതി നിര്‍ണയത്തിനു വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ധനമന്ത്രിമാരുടെ ഉന്നതാധികാര സമിതിയാണു ജിഎസ്ടി. അതിന്‍റെ അധ്യക്ഷ സ്ഥാനത്തിരിക്കാന്‍ തനിക്കു താത്പര്യമുണ്ടെന്നു കെ.എം. മാണി നേരത്തേ വ്യക്തമാക്കിയിരുന്നു. ഒന്‍പതു തവണ സംസ്ഥാന ബജറ്റ് അവതരിപ്പിച്ചിട്ടുള്ള മാണിക്ക് ജിഎസ്ടി അധ്യക്ഷ സ്ഥാനത്തിരിക്കാനുള്ള എല്ലാ യോഗ്യതയുമുണ്ട്. പക്ഷേ, ഇരുത്താന്‍ കോണ്‍ഗ്രസുകാര്‍ തയാറായില്ല. കേരളത്തിലെയും കേന്ദ്രത്തിലെയും കോണ്‍ഗ്രസുകാര്‍ മാണിസാറിനെ പദ്മവ്യൂഹത്തില്‍ തളച്ചിട്ടിട്ടു കുറച്ചു നാളായി. ഇന്‍റര്‍ ചര്‍ച്ച് കൗണ്‍സില്‍, പ്ലസ് വണ്‍ ബാച്ച്, ബജറ്റ് പ്രതിഷേധം തുടങ്ങി കോണ്‍ഗ്രസ് ആവനാഴികള്‍ നിറയെ ക്രൂരമ്പുകളാണ്. കോണ്‍ഗ്രസിലെ പദ്മവ്യൂഹവും പാളയത്തിലെ അക്ഷൗഹിണിയും ചേര്‍ന്നു മാണിസാറിനെ വശം കെടുത്തുന്നു എന്നു പറഞ്ഞാല്‍ മതിയല്ലോ.
    പടയൊരുക്കവും പടപ്പുറപ്പാടും യുഡിഎഫില്‍ മാത്രമാണെന്നു കരുതിയെങ്കില്‍ തെറ്റി. ഇടതു മുന്നണിയിലും അത്യാവശ്യത്തിനു പടയോട്ടമുണ്ട്. ഇടതു മുന്നണിയുടെ തന്നെ മെഗാസ്റ്റാര്‍ സാക്ഷാല്‍ വി.എസ്. അച്യുതാനന്ദന്‍ പെട്ടതു പദ്മവ്യൂഹത്തിലൊന്നുമല്ല, കുംഭീപാകത്തില്‍ത്തന്നെയാണ്. മകളുടെ ഗവേഷണത്തട്ടിപ്പും മകന്‍റെ നിയമനത്തട്ടിപ്പും മറ്റുമായി പാവം വശം കെട്ടു.
    അഴിമതി വിരുദ്ധനെന്ന ചെല്ലപ്പേരില്‍ ഒരു വിധം പിടിച്ചു നില്‍ക്കുകയായിരുന്നു കക്ഷി. അപ്പോഴാണു മക്കള്‍വ്യൂഹത്തില്‍പ്പെട്ടുഴലുന്നത്. ലോകത്ത് ആര്‍ക്കെതിരേ വേണമെങ്കിലും വി.എസ്. ചന്ദ്രഹാസമെടുക്കും. പക്ഷേ മക്കളുടെ കാര്യം വരുമ്പോള്‍ കണ്ണടയ്ക്കും. ഏതായാലും മക്കള്‍ക്കെതിരേ പാണന്മാര്‍ പാടുന്ന വീരഗാഥകള്‍ കേട്ടു വിഎസ് ചെവി പൊത്തുകയാണത്രേ. ശാന്തം..പാവം..!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ