പേജുകള്‍‌

2011, ജൂലൈ 26, ചൊവ്വാഴ്ച

ചില സൂപ്പര്‍ റെയ്ഡ് ചിന്ത ശകലങ്ങള്‍ 

 പണി കൊടുക്കുന്നെങ്കില്‍ ഇങ്ങനെതന്നെ കൊടുക്കണം. ഇടതുപക്ഷ അനുഭാവിയായ മമ്മൂട്ടിയെ പണിതതു ഭരണം പിടിച്ച യുഡിഎഫുകാരാരെങ്കിലുമാണെന്നു കരുതാം. എന്നാല്‍ കോണ്‍ഗ്രസ് പാരമ്പര്യമുള്ള മോഹന്‍ ലാലിനെയോ? ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്‍റ് കേണല്‍ പദവി വഹിക്കുന്ന ആളാണ് അദ്ദേഹം. ടെറിട്ടോറിയല്‍ ആര്‍മിയുടെ തലപ്പത്ത് മോഹന്‍ ലാല്‍ ആദരിക്കുന്ന സാക്ഷാല്‍ എ.കെ. ആന്‍റണിയുണ്ട്. അദ്ദേഹത്തിന്‍റെ പോലും കണ്ണുവെട്ടിച്ച് ആദായ നികുതി അധികൃതര്‍ ലാലിന്‍റെ വീട്ടിലെത്തിയതിനെക്കുറിച്ചു സമയം കിട്ടുമ്പോള്‍ തീര്‍ച്ചയായും അന്വേഷിക്കേണ്ടതാണ്.

സൂപ്പര്‍ സ്റ്റാറുകളായ മമ്മൂട്ടിയുടെയും മോഹന്‍ ലാലിന്‍റെയും വീടുകളിലും ഓഫിസുകളിലും സ്ഥാപനങ്ങളിലും ആദായനികുതി അധികൃതര്‍ നടത്തിയ പരിശോധനകള്‍ നമ്മുടെ മാധ്യമങ്ങള്‍ക്ക് ഒരാഴ്ചത്തേക്കുള്ള സദ്യവട്ടമായി. മമ്മൂട്ടിയുടെ വീട്ടില്‍ നിന്നു ലക്ഷങ്ങള്‍ കിട്ടിയെന്നു വാര്‍ത്ത വായിച്ചവര്‍ മോഹന്‍ ലാലിന്‍റെ വീട്ടില്‍ തുറക്കാത്ത അറകളുണ്ടെന്നു വരെ വായിച്ചതു കേട്ടപ്പോള്‍, എന്‍റെ ശ്രീപദ്മനാഭാ! എന്നു മൂക്കത്തു കൈവച്ചുപോയി. ചായക്കട ചര്‍ച്ചകളില്‍ നല്ല സൂപ്പര്‍ഹിറ്റ് ഡയലോഗുകള്‍ക്കുള്ള വേദിയൊരുങ്ങി. ഏതോ പീഡനക്കേസിലെ പ്രതികളെ കൈകാര്യം ചെയ്യുന്നതുപോലെ ചാനലുകള്‍ താരങ്ങളെ അപഹസിച്ചു.

സൂപ്പര്‍ എന്നല്ല, ഏതു സാധാരണ പൗരനും ഈ രാജ്യത്തു നിലവിലുള്ള നികുതികള്‍ മുറതെറ്റാതെ ഒടുക്കാന്‍ ബാധ്യസ്ഥരാണ്. അഥവാ ആരെങ്കിലും നികുതി വെട്ടിപ്പു നടത്തിയാല്‍ അവരെ പിടികൂടാനുള്ള സംവിധാനങ്ങളും ഇവിടെയുണ്ട്. കൃത്യമായ ആദായനികുതി ഒടുക്കിയിട്ടില്ലെങ്കിലോ, യഥാര്‍ഥ വരവില്‍ കുറച്ചു വരുമാനം കാണിച്ചാലോ ഒരാളെയും പിടിച്ചു ജയിലില്‍ അടയ്ക്കുക പതിവില്ല. അധികം കണ്ടെത്തിയ പണത്തിന് അധിക നികുതി അടയ്ക്കുന്നതോടെ ആ പ്രശ്നം അവസാനിക്കും. മമ്മൂട്ടിയുടെയും മോഹന്‍ ലാലിന്‍റെയും കൈവശം വരവില്‍ കവിഞ്ഞ സമ്പാദ്യമുണ്ടോ, അഥവാ അവര്‍ കാണിച്ചിരിക്കുന്നതു ശരിയായ ആദായസ്രോതസുകള്‍ തന്നെയോ എന്ന പരിശോധന മാത്രമാണു കഴിഞ്ഞ ദിവസങ്ങളില്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ നടത്തിയത്. തങ്ങളുടെ കൈവശം കണക്കില്‍പ്പെടാത്ത പണമില്ലെന്നും എല്ലാത്തിനും വ്യക്തമായ രേഖകളുണ്ടെന്നും താരങ്ങള്‍ പറഞ്ഞിട്ടും തുറക്കാത്ത അറകളെക്കുറിച്ചും മുറികളെക്കുറിച്ചുമാണ് ഇപ്പോഴും വാര്‍ത്താഗവേഷണം.

സൂപ്പര്‍ സ്റ്റാറുകള്‍ മാത്രമല്ല, ഏതു സ്റ്റാര്‍ ആയാലും നിയമപ്രകാരമുള്ള എല്ലാ നികുതികളും കൊടുക്കണമെന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. എന്നാല്‍, അതിന് ഒരു മറുവശം കൂടിയുണ്ട്. കേരളത്തിലടക്കം എല്ലാ സംസ്ഥാനങ്ങളിലും ടാക്സ് കണ്‍സള്‍ട്ടന്‍റ്സ് എന്ന പേരില്‍ അഭിഭാഷകരുടെ പ്രത്യേക വിഭാഗം തന്നെയുണ്ട്. എന്താണ് അവരുടെ പണി? ഒരാളുടെ വരുമാനത്തില്‍ നിന്ന് സര്‍ക്കാരിനു ലഭിക്കേണ്ട നികുതികളില്‍ ഏതൊക്കെ ഇളവുകള്‍ നേടിക്കൊടുക്കാമെന്നു പരിശോധിക്കുക തന്നെയല്ലേ? നിങ്ങള്‍ അധ്വാനിച്ചുണ്ടാക്കുന്ന പണം ആദായനികുതി വകുപ്പ് തിന്നുകയാണോ.. പരിഹാരമുണ്ട് എന്ന അര്‍ഥത്തില്‍ എത്രയോ പത്രപ്പരസ്യങ്ങള്‍ നാം കാണുന്നു? അതായത് ഒരാളുടെ യഥാര്‍ഥ വരുമാനത്തില്‍ നിന്ന് നികുതിപ്പണം സംരക്ഷിച്ചു നിര്‍ത്താന്‍ ഒട്ടേറെ സൗകര്യങ്ങള്‍ സര്‍ക്കാര്‍ തന്നെ ചെയ്തു കൊടുക്കുന്നുണ്ട് എന്നു ചുരുക്കം. എത്രയോ വ്യവസായികള്‍, ഉദ്യോഗസ്ഥര്‍, പ്രൊഫഷനലുകള്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ ഇങ്ങനെ നികുതിയില്‍ നിന്നു സംരക്ഷണം നേടുന്നു? അവര്‍ക്കുള്ള നിയമസംരക്ഷണം ചലച്ചിത്ര താരങ്ങള്‍ക്കു പാടില്ലെന്നുണ്ടോ?

ആധുനിക ബോളിവുഡിന്‍റെ ഇതിഹാസം അമിതാഭ് ബച്ചനെ പണ്ട് ആദായനികുതി വകുപ്പും മാധ്യമങ്ങളും ശത്രുക്കളും കൂടി വല്ലാതെ വേട്ടയാടിയിരുന്നു. എത്രയോ തവണ അദ്ദേഹത്തിന്‍റെ വീട്ടിലും ഓഫിസിലും റെയ്ഡുകള്‍ നടത്തി! ദീര്‍ഘകാലത്തെ അഭിനയസപര്യ കൊണ്ട് അദ്ദേഹം നേടിയതെല്ലാം മുടക്കി എബിസി അഥവാ അമിതാഭ് ബച്ചന്‍ കോര്‍പ്പറേഷന്‍ എന്ന സ്ഥാപനം ഉണ്ടാക്കി, അതിന്‍റെ പേരില്‍ ഒരു സൗന്ദര്യ മത്സരം നടത്തി, കടം കയറി പാവം കുത്തുപാളയെടുത്തു. നരിമാന്‍ പോയ്ന്‍റിലെ സ്വന്തം വീടു പോലും കൈവിടുമെന്ന ഘട്ടമെത്തിയപ്പോള്‍ ബച്ചനെ മെഗാസ്റ്റാര്‍ എന്നു പുകഴ്ത്തി നടന്ന ആരും രക്ഷയ്ക്കെത്തിയില്ല. കഞ്ഞികുടി മുട്ടിയ ഘട്ടത്തില്‍ ഒരു ടിവി പരിപാടിയിലൂടെ അദ്ദേഹം വന്‍ തിരിച്ചുവരവു നടത്തി. ഒപ്പം നില്‍ക്കാന്‍ അന്നുണ്ടായിരുന്നതു സ്വന്തം വീട്ടുകാരും അമര്‍ സിങ്ങും മാത്രം.

പിന്നീടിങ്ങോട്ടു ടിവി ഷോ, ചലച്ചിത്രങ്ങള്‍, മകന്‍ അഭിഷേകിന്‍റെ ഉജ്വലമുന്നേറ്റം... ഒടുവില്‍ ബച്ചന്‍ ഒരുമാതിരി പച്ചപിടിച്ചപ്പോള്‍ സ്തുതിപാഠകരായി മാധ്യമങ്ങളും വിമര്‍ശകരും പിന്നാലെ കൂടി. ഒരിക്കല്‍ ബോളിവുഡിലെ താരചക്രവര്‍ത്തിയായിരുന്ന ബച്ചനെ പക്ഷേ, ഇല്ലായ്മയില്‍ ആരും തിരിഞ്ഞുനോക്കിയതേയില്ല. അന്നത്തെ വറുതിയില്‍ നിന്ന് ഇന്നത്തെ ക്രോര്‍പതിയിലേക്കുള്ള ബച്ചന്‍റെ വളര്‍ച്ച സ്വന്തം അധ്വാനം കൊണ്ടും പ്രതിഭകൊണ്ടും ജനങ്ങള്‍ നല്‍കിയ പിന്തുണ കൊണ്ടുമാണ്. അതുതന്നെയല്ലേ, കേരളത്തിന്‍റെ സൂപ്പര്‍ സ്റ്റാറുകളുടെയും അവസ്ഥ?

ഇന്നത്തെ അവസ്ഥയിലായിരുന്നോ ഒരു പത്തിരുപത്തഞ്ചു വര്‍ഷം മുന്‍പ് മമ്മൂട്ടിയും മോഹന്‍ ലാലുമൊക്കെ? അവരും ഏറെ കഷ്ടപ്പെട്ടിട്ടുണ്ടാവാം. പട്ടിണി സഹിച്ചിട്ടുണ്ടാവാം. എത്രയോ വര്‍ഷത്തെ കഷ്ടപ്പാടുകളുടെ ആകെത്തുകയല്ലേ ഇന്നു നാം കാണുന്ന ഈ സൂപ്പര്‍സ്റ്റാറുകള്‍.

തന്‍റെ വീട്ടില്‍ നടന്ന ആദായ നികുതി പരിശോധനയ്ക്കു പിന്നില്‍ ഗൂഢാലോചന നടന്നേക്കാമെന്ന മമ്മൂട്ടി പ്രതികരണം കേള്‍ക്കാതെ പോകരുത്. ആരുടെയെങ്കിലും രാഷ്ട്രീയ വൈരത്തിന്‍റെ ഇരയാകേണ്ട ആളാണോ മമ്മൂട്ടി? ബോധപൂര്‍വം വന്‍ നികുതി വെട്ടിപ്പു നടത്തി പ്രതാപം കാട്ടുന്നയാളാണോ മോഹന്‍ ലാല്‍? അഥവാ എന്തെങ്കിലും വീഴ്ച സംഭവിച്ചെങ്കില്‍ അനേക സഹസ്രങ്ങള്‍ ആരാധിക്കുന്ന ഇവരെ സൂപ്പര്‍ വെട്ടിപ്പുകാര്‍ എന്ന് മുദ്രകുത്താന്‍ എന്തിനാണ് വ്യഗ്രത? ചിന്തിക്കേണ്ടതാണെന്നു തോന്നുന്നു.

നേരത്തേ സൂചിപ്പിച്ചതുപോലെ, ഇവര്‍ എല്ലാ നിയമസംവിധാനങ്ങള്‍ക്കും അതീതരാണെന്നല്ല പറഞ്ഞുവച്ചത്. പദ്മശ്രീ വരെ നല്‍കി ഈ രാജ്യം ആദരിച്ചിട്ടുള്ള പ്രതിഭകളാണ് ഇരുവരും. ലോകത്തെ ഏത് അഭിനേതാക്കളോടും കിടപിടിക്കാന്‍ പോന്ന അഭിനയശേഷിയും അവര്‍ക്കുണ്ട്.

അതുകൊണ്ടാണ് സാധാരണ ജനങ്ങള്‍ അവരെ ഇതിഹാസതാരങ്ങളായി ആദരിക്കുന്നത്. ഈ ആദരം നിലനിര്‍ത്താനുള്ള സദാ ജാഗ്രത അവര്‍ക്കും വേണ്ടതു തന്നെ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ