പേജുകള്‍‌

2011, സെപ്റ്റംബർ 20, ചൊവ്വാഴ്ച

finger print

പിന്നാമ്പുറ റിപ്പോര്‍ട്ടിങ്

പത്രക്കാരുടെ പൊതുരീതി അങ്ങനെയാണ്. ആരെന്തു പറഞ്ഞാലും പറയുന്നതിന്‍റെ പാതിയേ കേള്‍ക്കൂ. പാതി കേട്ടതു വച്ച് അവര്‍ വാര്‍ത്ത പടയ്ക്കും. എന്താണു പറഞ്ഞത്, എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞത് എന്നൊന്നും ചിന്തിച്ചു നേരം തുലയ്ക്കില്ല. ഇന്നയാള്‍ എന്നില്ല, ആര്‍ക്കു പിന്നാലെയും പായും. അവസരം കിട്ടിയാല്‍ അതൊക്കെ വാര്‍ത്തയാക്കുകയും ചെയ്യും.

മാധ്യമപ്രവര്‍ത്തകരെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. അതവരുടെ വയറ്റിപ്പിഴപ്പിന്‍റെ കാര്യമാണ്. നല്ല കാര്യങ്ങള്‍ മാത്രം പറഞ്ഞാലോ എഴുതിയാലോ കാഴ്ചക്കാരെയോ വായനക്കാരെയോ കിട്ടില്ല. ഒരാള്‍ പറഞ്ഞ കാര്യങ്ങള്‍ മുഴുവന്‍ കൊടുക്കാമെന്നു വച്ചാല്‍ സമയവും സ്ഥലവും കിട്ടിയെന്നും വരില്ല. പിന്നെ ആകെ ചെയ്യാവുന്നത് പറഞ്ഞതില്‍ വച്ചു കുറിക്കു കൊള്ളുന്ന എന്തെങ്കിലും തടഞ്ഞാല്‍ അതില്‍പ്പിടിച്ചു വാര്‍ത്തയാക്കുക. മറ്റെല്ലാം വിട്ടുകളയുക. അതിനാണു റേറ്റിങ്. അഥവാ മാര്‍ക്കറ്റിങ്.

അപകടം മണക്കുന്ന ബുദ്ധിമാന്മാര്‍ ഈ കുരുക്കില്‍ കുടുങ്ങില്ല. ചിലരാകട്ടെ അപകടം തിരിച്ചറിഞ്ഞാല്‍ ഉടന്‍ തിരുത്തും. ചതിച്ച മാധ്യമങ്ങളെ കണക്കിനു നാലു ഭള്ള് പറയുകയും ചെയ്യും. എന്നാല്‍ പബ്ലിസിറ്റി സ്റ്റണ്ട് താത്പര്യമുള്ള ചില വീരന്മാര്‍ പപ്പരാസിപ്പടകളെ കാത്തിരുന്നു തല വച്ചു കൊടുക്കുകയും ചെയ്യും. പബ്ലി സിറ്റിയില്ലാതെ നിലനില്‍പ്പില്ലാത്തവരാണ് ഇക്കൂട്ടര്‍.

പറഞ്ഞുവരുന്നതു കഴിഞ്ഞ ആഴ്ച കണ്ണൂരില്‍ നടന്ന ഡിവൈഎഫ്ഐ സമ്മേളനത്തെക്കുറിച്ചാണ്, എം.ബി. രാജേഷ് എംപിയെക്കുറിച്ചും. സിപിഎമ്മില്‍ അത്യാവശ്യം എഴുത്തും വായനയും പരിചയമുള്ള നേതാവാണു രാജേഷ്. വെറുതേ വിടുവായത്തം പറയില്ല. പാര്‍ലമെന്‍റ് നടപടികളിലും ഈ മിതത്വം പാലിച്ചിട്ടുണ്ട്, ഈ യുവ എംപി. അങ്ങനെയാണു രാജേഷ് കണ്ണൂരിലെ ഡിവൈഎഫ്ഐ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയത്. സമ്മേളനത്തിന്‍റെ ഉദ്ഘാടകനായിരുന്നു അദ്ദേഹം. ഡിവൈഎഫ്ഐ നേതാവ്, യുവ എംപി, പാര്‍ലമെന്‍റേറിയന്‍ തുടങ്ങിയ നിലകളില്‍ യുവാക്കളോട് ഉത്തരവാദിത്വം പുലര്‍ത്തേണ്ടയാള്‍.

കേരളത്തിലെ രാഷ്ട്രീയ പ്രവര്‍ത്തന ശൈലിയെക്കുറിച്ചും നേതാക്കളുടെ പൊതു പെരുമാറ്റങ്ങളെക്കുറിച്ചും അദ്ദേഹം ചിലതു പറഞ്ഞു. നമ്മുടെ പല നേതാക്കള്‍ക്കും നാടിന്‍റെ പൊതു പ്രശ്നങ്ങളെക്കുറിച്ചു ചിന്തിക്കാനോ പറയാനോ നേരമില്ലെന്നായിരുന്നു രാജേഷിന്‍റെ പ്രധാന പരാതി. ചെറുപ്പക്കാരെക്കുറിച്ചു പറയാന്‍ പ്രശ്നങ്ങളില്ലാത്തതല്ല കാരണങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കാലത്തിനൊത്ത് നമ്മുടെ നാടും ഇവിടുത്തെ തൊഴില്‍, ജീവിത സാഹചര്യങ്ങളും മാറണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. സമൂഹത്തില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടണം. യുവാക്കള്‍ക്കു നല്ല ജീവിത സാഹചര്യങ്ങള്‍ ലഭിക്കണം. പെന്‍ഷന്‍ പ്രായം ഉള്‍പ്പെടെയുള്ള നിരവധി പ്രശ്നങ്ങളില്‍ സജീവമായ ചര്‍ച്ചകള്‍ നടക്കണം. ലോകത്തിന്‍റെ തന്നെ സാമ്പത്തിക സ്ഥിതി മാറ്റി മറിക്കുന്ന മാറ്റങ്ങള്‍ സംഭവിക്കുന്നു. പല കോണുകളില്‍ നിന്നായി വിദേശ കുത്തകാധിപത്യം സമ്മര്‍ദമുണ്ടാക്കുന്നു. യുവശക്തിയെ വഴിതെറ്റിക്കുന്ന തരത്തില്‍ വര്‍ഗീയ ശക്തികള്‍ ബലം പ്രാപിക്കുന്നു. ഇതേക്കുറിച്ചൊക്കെ നമ്മുടെ രാഷ്ട്രീയ നേതൃത്വം ശക്തമായി ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രസംഗം മുന്നേറിയത്. കൂട്ടത്തില്‍ ഒന്നു കൂടി രാജേഷ് ചൂണ്ടിക്കാട്ടി- “”നമ്മുടെ യുവത്വത്തിന്‍റെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു പകരം, പി. കെ. കുഞ്ഞാലിക്കുട്ടിയെയും ആര്‍. ബാലകൃഷ്ണ പിള്ളയെയും കുറിച്ചു പ്രസംഗിച്ചു കൈയടി നേടാനാണു ചലര്‍ക്കു താത്പര്യമത്രേ. ഇതു വില കുറഞ്ഞ പബ്ലിസിറ്റിക്കു വേണ്ടിയുള്ള അടവാണ്. ഈ അടവ് ജനങ്ങള്‍ തിരിച്ചറിയും.’’

രാജേഷ് ആദ്യം പറഞ്ഞ കാര്യങ്ങളൊന്നും മാധ്യമങ്ങള്‍ വേണ്ടത്ര ഗൗരവത്തോടെ റിപ്പോര്‍ട്ട് ചെയ്തില്ല. അഥവാ, അപ്പറഞ്ഞ കാര്യങ്ങളൊന്നും പപ്പരാസിപ്പട കേട്ടതായി ഭാവിച്ചില്ല. എന്നാല്‍ കുഞ്ഞാലിക്കുട്ടിയെയും ബാലകൃഷ്ണപിള്ളയെയും കുറിച്ചു പറഞ്ഞതു നന്നായി കേള്‍ക്കുകയും ലൈവ് ഹെഡ് ആന്‍ഡ് പ്രിന്‍റ്ലൈന്‍ ആക്കുകയും ചെയ്തതു രാജേഷിനെ കുഴിയില്‍ ചാടിച്ചു. പക്ഷേ, അപകടം മണത്ത അദ്ദേഹം ഉടന്‍ ചാടിവീണു. വാര്‍ത്ത പ്രസിദ്ധപ്പെടുത്തി മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ പത്രസമ്മേളനം നടത്തി വാര്‍ത്ത തിരുത്തി. പപ്പരാസിപ്പടയ്ക്കു വിവരമില്ലെന്നായിരുന്നു ആദ്യ പ്രതികരണം. താന്‍ പറഞ്ഞതിന്‍റെ മുറിയും മുക്കാലും പിടിച്ചു വാര്‍ത്ത സൃഷ്ടിച്ചവര്‍ക്കു സംസ്കാരമില്ലെന്നു വരെ യുവരാജന്‍ പറഞ്ഞുവച്ചു. ഇതു കേട്ടു പപ്പരാസികള്‍ അന്തം വിട്ടു. രാജേഷിന്‍റെ പ്രസംഗം അവര്‍ വീണ്ടും വീണ്ടും റീപ്ലേ ചെയ്തു കേട്ടു. രാജേഷ് പറഞ്ഞ എല്ലാ കാര്യങ്ങളും റിപ്പോര്‍ട്ട് ചെയ്തില്ലെന്നേയുള്ളൂ, അദ്ദേഹം പറയാത്തതൊന്നും ആരും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പിന്നെന്തേ, യുവ എംപി മാധ്യമപ്രവര്‍ത്തകര്‍ക്കു മേല്‍ പഴിചാരുന്നു?

അധികം ആലോചിച്ചു തലപുണ്ണാക്കേണ്ടി വന്നില്ല. അതാ വരുന്നൂ, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍റെ വക കമന്‍റ്. രാജേഷിനെപ്പോലുള്ളവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണത്രേ. ഈ പ്രസ്താവനയോടെ മാധ്യമപ്രവര്‍ത്തകര്‍ക്കു സംഗതിയുടെ കിടപ്പു പിടികിട്ടി. രാജേഷിന്‍റെ പ്രസംഗം തനിക്കെതിരാണെന്ന് അച്യുതാനന്ദന്‍ തെറ്റിദ്ധരിച്ചു. യുവാക്കളുടെ നീറുന്ന നൂറുനൂറു പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ളപ്പോള്‍ പഴകിദ്രവിച്ച പഴയ മുദ്രാവാക്യങ്ങള്‍ക്കും കുഞ്ഞാലിക്കുട്ടിക്കും പിള്ളയ്ക്കും പുറകേ നടന്നു നേരം കളയരുതെന്ന് രാജേഷ് ഉപദേശിച്ചത് തന്നെയാണെന്ന് വിദൂഷകര്‍ വിഎസിന്‍റെ ചെവിയിലോതി. കേട്ടപാതി കേള്‍ക്കാത്ത പാതി സഖാവ് രാജേഷിനെ ഭര്‍ത്സിച്ചുകൊണ്ട് പ്രസ്താവന ഇറക്കുകയും ചെയ്തു.

തന്‍റെ വാര്‍ത്ത മാധ്യമങ്ങള്‍ തെറ്റിദ്ധരിപ്പിച്ചു എന്നു രാജേഷിനു ബോധ്യമായ മാത്രയില്‍ അദ്ദേഹമതു തിരുത്തി. പക്ഷേ, സ്വന്തം സഖാക്കള്‍ക്കെതിരേ ലഭിക്കുന്ന ഏതവസരവും ശരിക്കും മുതലാക്കുന്ന അച്യുതാനന്ദനാകട്ടെ, അങ്ങനെയൊരു ശീലമില്ലതാനും. സ്മാര്‍ട്ട് സിറ്റി തുറക്കുന്നതും റോഡ് വെട്ടുന്നതും വൈദ്യുതി ഉത്പാദിപ്പിക്കുന്നതും വ്യവസായങ്ങള്‍ വരുന്നതും നിക്ഷേപം തുടങ്ങുന്നതുമൊന്നും സഖാവിനു വിഷയമേ അല്ല. ആകെ അറിയാവുന്നതു കേസ് നടത്തിപ്പ് മാത്രം. കേസുകെട്ടും നാട്ടുകൂട്ടവും നടത്തി നാലുകെട്ട് മുടിച്ച പഴയ ഫ്യൂഡല്‍ മാടമ്പിമാരുടെ മാനസികാവസ്ഥയിലാണ് ഇപ്പോഴും. നാട്ടില്‍ നല്ല പണക്കാരുണ്ടെങ്കില്‍ കേസ് നടത്തിപ്പൊന്നും സഖാവിന് ഒരു പ്രശ്നമല്ല. പിന്നെ, പീഡനം, പെണ്‍വാണിഭം, ഐസ്ക്രീം, ഇടമലയാര്‍ എന്നിത്യാദി പഴഞ്ചന്‍ പദപ്രയോഗങ്ങളിലാണ് ഇന്നും കമ്പം. അതേക്കുറിച്ചെല്ലാം മണിക്കൂറുകള്‍ പ്രസംഗിക്കും. കാശുമുടക്കില്ല, കാഴ്ചക്കാരെയും കേള്‍വിക്കാരെയും ഏറെ കിട്ടുകയും ചെയ്യും.

ഇനി സഖാവിന്‍റെ വായടപ്പിക്കണമെങ്കില്‍ യുവാക്കള്‍ക്ക് ഇഷ്ടപ്പെട്ട എത്രയെത്ര വിഷയങ്ങള്‍ വേറേയുണ്ട്. മക്കാവു, ഐഎച്ച് ആര്‍ഡി, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ബയൊടെക്നോളജി തുടങ്ങിവയെക്കുറിച്ചു ചോദിച്ചു നോക്കൂ, സഖാവ് വായ് തുറക്കില്ല. ഇത്തരം വിഷയങ്ങളെക്കുറിച്ചു മാത്രമേ ഇനി സംസാരിക്കൂ എന്ന് രാജേഷും രാജേഷിനെപ്പോലുള്ളവരും നിര്‍ബന്ധം പിടിച്ചാല്‍ മതി, സഖാവ് മിണ്ടാതിരുന്നുകൊള്ളും. ഇപ്പോള്‍ നടക്കുന്ന പാര്‍ട്ടി പ്രാദേശിക സമ്മേളനങ്ങള്‍ സ്മൂത്ത് ആയി മുന്നോട്ടു പോകും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ