പേജുകള്‍‌

2011, ഒക്‌ടോബർ 3, തിങ്കളാഴ്‌ച

വാളകത്തെ വിഐപിമാര്‍
Monday, October 03, 2011
സിപിആര്‍

ചത്തതു കീചകനെങ്കില്‍ കൊന്നതു ഭീമന്‍ തന്നെ എന്ന മുന്‍വിധി പുരാണത്തില്‍ മാത്രമല്ല; അച്യുതാനന്ദോക്തിയുടെ അന്തസത്ത തന്നെ അവ്വിധത്തിലാണ്. കൊട്ടാരക്കര വാളകം ആര്‍വി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകന്‍ കൃഷ്ണകുമാര്‍ ആക്രമിക്കപ്പെട്ട സംഭവം ഉദാഹരണം. ആര്‍. ബാലകൃഷ്ണ പിള്ളയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്കൂള്‍. കീചകവധത്തില്‍ ഭീമന്‍റെ റോളു പോലെ പിള്ളയുടെ കാര്യത്തില്‍ രണ്ടിലൊന്നറിഞ്ഞേ അടങ്ങൂ എന്ന പിടിവാശിയിലാണ് അച്യുതാനന്ദന്‍. ചവയ്ക്കാന്‍ കിട്ടാതെ വായടച്ചിരുപ്പോള്‍ എള്ളുണ്ട കിട്ടിയ വാശിയിലാണ് കൃഷ്ണകുമാര്‍ സംഭവമിപ്പോള്‍ സഖാവിന്.

കേരളത്തില്‍ സമാനതകളില്ലാത്തതാണു കൃഷ്ണകുമാര്‍ സംഭവം എന്ന കാര്യത്തില്‍ സംശയമില്ല. തൊടുപുഴ ന്യൂമാന്‍ കോളെജിലെ പ്രൊഫ. ജോസഫിന്‍റെ കൈപ്പത്തി വെട്ടി മാറ്റിയ സംഭവമാണു പിന്നൊന്ന്. കൈവെട്ടു കേസില്‍ ആദ്യം ഉയര്‍ന്ന കിംവദന്തികളല്ല, പിന്നീടു നടത്തിയ അന്വേഷണത്തില്‍ വെളിവായത്. അന്വേഷണം ഇപ്പോഴും പൂര്‍ത്തിയായിട്ടുമില്ല. പക്ഷേ, സംഭവത്തിനു പിന്നിലെ ദുരൂഹതകള്‍ ഏറെക്കുറെ നീങ്ങിക്കഴിഞ്ഞു. പ്രധാന കുറ്റവാളികള്‍ ഏറെക്കുറെ നിയമത്തിന്‍റെ മുന്നില്‍ എത്തുകയും ചെയ്തു. അവരില്‍ പ്രമുഖരും പ്രമുഖരല്ലാത്തവരുമുണ്ട്. നിയമം നിയമത്തിന്‍റെ വഴിയേ പോയാല്‍ ഏതു കേസിലും ഇതൊക്കെത്തന്നെയാണു സംഭവിക്കുക. വാളകം കേസിലും മറിച്ചു സംഭവിക്കില്ല എന്നുറപ്പു വരുത്തേണ്ട ബാധ്യത സര്‍ക്കാരിനു തന്നെ. അതിനു സഹായകമായ നിലപാടുകള്‍ കൈക്കൊള്ളേണ്ടുന്ന ഉത്തരവാദിത്വം പ്രതിപക്ഷത്തിനുമുണ്ട്. നിര്‍ഭാഗ്യവശാല്‍ പ്രതിപക്ഷ നേതാവിന് അങ്ങനെ ഒരുദ്ദേശ്യമുണ്ടോ എന്നു ന്യായമായും സംശയിക്കണം.

കൃഷ്ണകുമാര്‍ അതീവ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച ആദ്യ വിഐപി അച്യുതാനന്ദനാണ്. കിളിരൂര്‍ കേസില്‍ ഇതുപോലെ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞ ശാരിയെന്ന പെണ്‍കുട്ടിയെ ഏതൊക്കെയോ വിഐപികള്‍ സന്ദര്‍ശിച്ചു എന്ന ആരോപണം ഉന്നയിച്ചതും വിഎസ് ആയിരുന്നു. കേസിന്‍റെ ഗതി മാറ്റിയത് ഈ വിഐപി സന്ദര്‍ശനങ്ങളായിരുന്നു എന്ന് ആരോപിച്ചതും മറ്റാരുമായിരുന്നില്ല. താന്‍ അധികാരത്തിലെത്തിയാല്‍ ഈ വിഐപികളെ കൈയാമം വച്ചു തെരുവില്‍ നടത്തുമെന്ന് ഉദ്ഘോഷിച്ചു ജനവിധി തരപ്പെടുത്തി അധികാരത്തിലെത്തി അഞ്ചു വര്‍ഷം ഭരണത്തിന്‍റെ സുഖശീതിളിമയില്‍ ഇരുന്ന സഖാവ് കിളിരൂര്‍ കേസില്‍ എന്തു ചെയ്തു എന്ന് ശാരിയുടെ മാതാപിതാക്കളോടു ചോദിച്ചാല്‍ പറഞ്ഞു തരും.

വിഎസ് ചെല്ലുമ്പോള്‍ ആശുപത്രിക്കിടക്കയില്‍ ഡോക്റ്റര്‍മാരോടു പോലും പ്രതികരിക്കാന്‍ കഴിയാതെ അബോധാവസ്ഥയിലായിരുന്നു

കൃഷ്ണകുമാര്‍. മൊഴിയെടുക്കാന്‍ ചെന്ന മജിസ്ട്രേറ്റിനോടും പൊലീസ് ഉന്നതരോടും അദ്ദേഹം ഒന്നും മിണ്ടിയില്ല. അതിനുള്ള കെല്‍പ്പ് അപ്പോള്‍ കൃഷ്ണകുമാറിന് ഇല്ലായിരുന്നു എന്നാണു മെഡിക്കല്‍ സ്റ്റേറ്റ്മെന്‍റ്. അങ്ങനെ ഒരു അവസ്ഥയിലായിരുന്ന ഒരാളെ വളരെ തിടുക്കപ്പെട്ട് ആശുപത്രിയില്‍ വിഎസ് സന്ദര്‍ശിച്ചത് എന്തിന്? തൊട്ടുപിന്നാലെ, പിണറായി വിജയനും കോടിയേരി ബാലകൃഷ്നും ആശുപത്രിയില്‍ കൃഷ്ണകുമാറിനെ സന്ദര്‍ശിച്ചു. തനിക്കു നേരേ നടന്ന ആക്രമണം വളരെ ആസൂത്രിതമായിരുന്നു എന്ന് അധ്യാപകന്‍ പറഞ്ഞു എന്നാണ് ഈ നേതാക്കള്‍ ആശുപത്രിക്കു പുറത്തു പ്രതികരിച്ചത്. മൊഴിയെടുക്കാന്‍ ചെന്ന മജിസ്ട്രേറ്റിനോടും പൊലീസിനോടും സംസാരിക്കാന്‍ കഴിയാത്ത ഇദ്ദേഹം സിപിഎം നേതാക്കളോട് സംസാരിച്ചത് എങ്ങനെ എന്ന ചോദ്യത്തിനും ഉത്തരം കിട്ടേണ്ടതല്ലേ?

സംഭവം നടന്ന ദിവസം ആശുപത്രിയിലേക്കു കൊണ്ടു പോകുമ്പോള്‍, എന്താണു സംഭവിച്ചതെന്ന പൊലീസ് ചോദ്യത്തിനു പിന്നീടു പറയാം എന്നായിരുന്നു അധ്യാപകന്‍റെ മൊഴി. ആരോ കാറില്‍ തട്ടിക്കൊണ്ടുപോയി ആക്രമിച്ചു എന്നായിരുന്നു ഒരിക്കല്‍ അദ്ദേഹത്തിന്‍റെ മൊഴി. എന്നാല്‍ കാറിലല്ല, ബസില്‍ നിന്നിറങ്ങുമ്പോള്‍ തള്ളിയിട്ട് ആക്രമിക്കുകയായിരുന്നു എന്നു പിന്നീടു മൊഴി മാറ്റി. കൃഷ്ണകുമാര്‍ തന്‍റെ വീട്ടില്‍ വന്നിരുന്നു എന്നും മകനും മരുമകളും കൂടി അദ്ദേഹത്തെ കാറില്‍ യാത്രയാക്കിയെന്നും ഒരു ജ്യോത്സ്യന്‍റെ മൊഴി. താന്‍ വാളകം വിട്ടു വേറെങ്ങും പോയിട്ടേയില്ലെന്നും ജ്യോത്സ്യനെ കണ്ടിട്ടേയില്ലെന്നും അധ്യാപകന്‍റെ മറുമൊഴി. അധ്യാപകന്‍റെ മൊഴിയില്‍ വൈരുധ്യമുണ്ടെന്നു പൊലീസ് മൊഴി. ഗുരുതരമായി പരുക്കേറ്റു കിടക്കുന്ന ഒരാളുടെ ഓര്‍മശക്തി ശരിയായിരിക്കില്ലെന്നു സിപിഎം മൊഴി. അതേസമയം തന്നെ, കൃഷ്ണകുമാര്‍ താന്‍ ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നിലുള്ളവരെക്കുറിച്ച് തങ്ങളോടു വ്യക്തമായി പറഞ്ഞെന്നും സിപിഎം നേതാക്കള്‍. ഇതൊക്കെ കേള്‍ക്കുമ്പോള്‍ ആകെയൊരു കണ്‍ഫ്യൂഷന്‍. ആരു പറയുതാണു സര്‍, ശരി...?

അധ്യാപകനെ ആക്രമിച്ചത് ആര്‍. ബാലകൃഷ്ണ പിള്ളയും അദ്ദേഹത്തിന്‍റെ മകന്‍ കെ.ബി. ഗണേഷ് കുമാറും ചേര്‍ന്നു നടത്തിയ ഗൂഢാലോചനയുടെ ഫലമാണെന്നാണ് വിഎസ് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞത്. കേരളത്തിലെ വെറുമൊരു സാധാരണ രാഷ്ട്രീയ നേതാവല്ല വിഎസ്; തലമുതിര്‍യാളാണ്; മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷത്തിന്‍റെ നായകനുമാണ്. അങ്ങനെയൊരാള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ വസ്തുതാപരമായി മതിയായ പിന്‍ബലമുള്ളതാവണം. വാളകം കേസില്‍ കുറ്റവാളികളെക്കുറിച്ച് എന്തെങ്കിലും തെളിവ് തന്‍റെ പക്കലുണ്ടെങ്കില്‍ വിഎസ് അത് അന്വേഷണസംഘത്തിനു കൈമാറണം. കൈമാറിയ തെളിവുകളെക്കുറിച്ച് മുഖ്യമന്ത്രിയെ ധരിപ്പിക്കണം. പക്ഷേ, അതൊന്നും വിഎസിന്‍റെ പണിയല്ല. മാധ്യമപ്രവര്‍ത്തകരെ കാണുമ്പോള്‍ അന്നത്തെ തലക്കെട്ടിന് ഒരു കമന്‍റ്...! അതില്‍ക്കവിഞ്ഞൊന്നും വിഎസിന്‍റെ വെടിക്കെട്ടിലില്ല. ഈ വെടിക്കെട്ടില്‍ രക്ഷപ്പെട്ടുപോകുന്നത് യഥാര്‍ഥ കുറ്റവാളികളാണെന്ന കാര്യം ആരും മറക്കരുത്. അത് ആരു തയൊയാലും.... കിളിരൂര്‍ കേസിലെ വിഐപികളെപ്പോലെ.... ആരെങ്കിലും പിന്നിലുണ്ടെങ്കില്‍ അവരും ശിക്ഷിക്കപ്പെടുക തന്നെ വേണം. അച്യുതാനന്ദന്‍ പറയുന്നതില്‍ എന്തെങ്കിലും വിശ്വാസ്യതയോ ആത്മാര്‍ഥതയോ ഉണ്ടെങ്കില്‍ അതാണു സംഭവിക്കേണ്ടത്.

പക്ഷേ, വെടിക്കെട്ടു നടത്തുവര്‍ക്ക് ആറാട്ട് നന്നാവണമെന്ന് ഒരു നിര്‍ബന്ധവുമില്ല. സ്വന്തം കാര്യത്തില്‍ ഇത്തരം വെടിക്കെട്ടുകളോടു താത്പര്യം തീരെയില്ലതാനും. മകന്‍ അരുണ്‍ കുമാറിനെതിരായ വിജിലന്‍സ് കേസിന്‍റെ അന്വേഷണപരിധിയില്‍ അന്നത്തെ മുഖ്യമന്ത്രിയുടെ ഓഫിസ് വരേണ്ടതില്ലെന്ന നിര്‍ദേശം നല്‍കിയത് എന്തിനായിരുന്നു എന്നു ചോദിക്കരുത്. സഖാവ് വായ തുറക്കില്ല. ചന്ദനം ഫാക്റ്ററി ഉടമ ഖാദര്‍ പാലോത്തില്‍ നിന്ന് ലക്ഷങ്ങളുടെ കൈക്കൂലി, വ്യാജ പിഎച്ച്ഡി രജിസ്ട്രേഷന്‍, ഐഎച്ച്ആര്‍ഡി നിയമനം, മക്കാവു വിദേശ യാത്ര, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങി അരുണ്‍ കുമാര്‍ പ്രതിയായ പത്തു കേസുകളുടെ അന്വേഷണം ലോകായുക്തയുടെ പരിധിയില്‍ വരില്ല എന്നറിയാമായിരുന്നിട്ടും എന്തുകൊണ്ട് ഉമ്മന്‍ ചാണ്ടിയുടെ പരാതി ലോകായുക്തയ്ക്കു വിട്ടു? അതു റദ്ദാക്കി, അന്വേഷണം വിജിലന്‍സിനു വിട്ട ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ നടപടി ശരിവച്ച ഹൈക്കോടതി വിധിയെക്കുറിച്ച് അച്യുതാനന്ദനു പ്രതികരണമില്ല. വിവാദ മാന്ത്രികന്‍ സന്തോഷ് മാധവനില്‍ നിന്നു പണം പറ്റിയതിനെക്കുറിച്ചു ചോദിച്ചാലും ഒന്നും പറയില്ല, പാവം. മറ്റുള്ളവര്‍ അഴിമതി കാണിക്കരുതെന്ന നിര്‍ബന്ധമേയുള്ളൂ സഖാവിന്. സ്വന്തം വീട്ടിലുള്ളവര്‍ക്ക് അല്‍പ്പസ്വല്‍പ്പം അഴിമതിയൊക്കെയാവാം. അവര്‍ക്കും ജീവിക്കണ്ടേ സര്‍? കണ്ണേ മടങ്ങുക...!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ