പേജുകള്‍‌

2012, ഡിസംബർ 28, വെള്ളിയാഴ്‌ച

അത് ഇറ്റലിയാണ്
 
സിപിആര്‍
ബഹുമാനപ്പെട്ട കേന്ദ്ര സര്‍ക്കാരിനോടും സംസ്ഥാന സരക്കാരിനോടും കേരള ഹൈക്കോടതിയോടും ഒരു അപേക്ഷ. കൊച്ചിയില്‍ ജോലി നോക്കിയശേഷം സ്വന്തം വിവാഹക്കാര്യവുമായി ബന്ധപ്പെട്ട് വീട്ടിലേക്കു പോയ പാവം സൗമ്യ എന്ന പെണ്‍കുട്ടിയെ ട്രെയ്നില്‍ നിന്നു തള്ളിയിട്ടു പീഡിപ്പിച്ചു കൊലപ്പെടുത്തിയ ഗോവിന്ദച്ചാമിക്ക് ഈ വര്‍ഷം ശബരിമല മകര വിളക്കു തൊഴാന്‍ പോകാന്‍ അനുവാദം നല്‍കണം. മകരവിളക്കു കഴിയുന്നതിന്‍റെ പിറ്റേദിവസം, അതായതു ജനുവരി പതിനഞ്ചാം തീയതി, വൈകുന്നേരം അഞ്ചു മണിക്കു മുന്‍പ് അയാള്‍ സെന്‍ട്രല്‍ ജയിലില്‍ തിരിച്ചെത്തുമെന്ന ഒരു ഉറപ്പു വാങ്ങിവച്ചാല്‍ തീരാവുന്ന പ്രശ്നമേയുള്ളൂ. എന്നാല്‍ അതുണ്ടാക്കാവുന്ന മാനുഷിക മര്യാദ വളരെ വലുതാണു താനും. ചെയ്തു പോയ മഹാപാപത്തിനു മനസുരുകി പ്രാര്‍ഥിച്ച് പശ്ചാത്തപിച്ച് മാനസാന്തരപ്പെട്ടാല്‍ കുറ്റകൃത്യങ്ങളില്‍ നിന്ന് എന്നേക്കുമായുള്ള മോചനവുമാകും. ശിക്ഷാവിധിയുടെ അന്തഃസത്ത തന്നെ ഇത്തരം മാനസാന്തരങ്ങളാണല്ലോ.

ഭരണ- നീതി നിര്‍വഹണങ്ങളില്‍ കീഴ്വഴക്കങ്ങള്‍ക്കു വലിയ പ്രാധാന്യമുണ്ട്. ഗോവിന്ദച്ചാമിയുടെ കാര്യത്തില്‍ നമുക്കു ചൂണ്ടിക്കാട്ടാന്‍ പുതിയൊരു കീഴ്വഴക്കവും കിട്ടി. തമിഴ്നാട്ടുകാരന്‍ അജേഷ് ബിങ്കിയും കൊല്ലംകാരന്‍ വലന്‍റൈന്‍ ജെലസ്റ്റിനും സാധാരണ മീന്‍പിടിത്തക്കരായിരുന്നു. പച്ചയ്ക്കു പറഞ്ഞാല്‍ കടലിന്‍റെ മക്കള്‍. 2012 ഫെബ്രുവരി 15 നു പതിവുപോലെ ഇവര്‍ മീന്‍ പിടിക്കാന്‍ കടലില്‍ പോയതാണ്. ഒപ്പം വേറെയുമുണ്ടായിരുന്നു അഞ്ചാറു പേര്‍. കൊല്ലം നീണ്ടകര സമുദ്രാതിര്‍ത്തിയില്‍ അന്താരാഷ്ട്ര കപ്പല്‍ച്ചാലിനു സമീപം മീന്‍പിടിക്കവേ, എന്‍റിക്ക ലെക്സി എന്ന ഇറ്റാലിയന്‍ എണ്ണക്കപ്പല്‍ അതു വഴി കടന്നു വന്നു. കപ്പലിന്‍റെ അണിയത്ത് കാറ്റുകൊണ്ടു നിന്ന സാല്‍വത്തോറെ ജിറോണ്‍, ലസ്ത്തോറെ മാസിമിലാനൊ എന്നിവര്‍ക്കൊരു സംശയം. മീന്‍ പിടിക്കുന്നവര്‍ കടല്‍ക്കൊള്ളക്കാരാണോയെന്ന്. ക്യാപ്റ്റനോടു ചോദിച്ചെന്നും ഇല്ലെന്നുമൊക്കെ പറയുന്നു. എന്തായാലും അത്യാധുനിക പിസ്റ്റള്‍ വലിയ ഒച്ച കേള്‍പ്പിക്കാതെ രണ്ടു തവണ തീ തുപ്പി. അജേഷും ജെലസ്റ്റിനും പിടഞ്ഞു മരിച്ചു. ബോട്ടിലുണ്ടായിരുന്ന മറ്റുള്ളവര്‍ നിലത്തു വീണ് ഒരു വിധം രക്ഷപ്പെട്ടു കരയ്ക്കെത്തി. സാല്‍വത്തോറെയും ലസ്ത്തോറെയും അറസ്റ്റിലായി.

വിചാരണത്തടവുകാരായി അവര്‍ കേരളത്തില്‍ കഴിയുകയായിരുന്നു. അപ്പോഴേക്കും ഇറ്റലിയുടെ ദേശീയോത്സവമായ ക്രിസ്മസ് എത്തി. കുടുംബാംഗങ്ങളോടൊത്ത് ക്രിസ്മസ് ആഘോഷിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് അവര്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചു. മറ്റുള്ളവരുടെയും കാര്യത്തിലെപ്പോലെ ഇവരുടെ കാര്യത്തില്‍ സര്‍ക്കാര്‍കാര്യം മുറപോലെ ആയിരുന്നില്ല.

ഗോവിന്ദച്ചാമിയെപ്പോലല്ല സാല്‍വത്തോ റെയും ലസ്ത്തോറെയും. വെടിയേറ്റു മരിച്ച മത്സ്യത്തൊഴിലാളികള്‍ക്ക് ഇറ്റലിക്കാര്‍ ഓരോ കോടി രൂപ കൊടുത്തു. ഇടനില നിന്നവര്‍ക്ക് എത്ര കോടി കൊടുത്തു എന്ന് കൊടുത്തവരും വാങ്ങിയവരും വെളിപ്പെടുത്താത്തതു കൊണ്ട് അതേക്കുറിച്ച് കൂടുതല്‍ അറിയില്ല. കോടതി പറഞ്ഞതനുസരിച്ച് ആറു കോടി രൂപ ബാങ്കില്‍ കെട്ടി വച്ചതിന്‍റെയും കണക്കുണ്ട്. കൊച്ചിയില്‍ നിന്നു നാട്ടിലേക്കുള്ള വിമാനത്തില്‍ കയറുന്നതു വരെ ആര്‍ക്കൊക്കെ എത്ര കോടി കൊടുത്തെന്നു കണ്ടു പിടിക്കാന്‍ വിവരാവകാശ നിയമങ്ങളില്‍പ്പോലും വകുപ്പില്ലാത്തതു ഭാഗ്യം. അല്ലായിരുന്നെങ്കില്‍ സ്പെക്ട്രം കേസ് ഒക്കെ വല്ലാതെ ചെറുതായിപ്പോയേനെ. 600 കോടിയെങ്കി ലും ചെലവു വന്നു കാണുമെന്ന് വിഎച്ച്പി നേതാവ് അശോക് സിംഗാള്‍ പറയുന്നു. ഉള്ളതോ കള്ളമോ എന്ന് സിംഗാളിനു മാത്രം അറിയാം.

ഇറ്റലിക്കാരെ ക്രിസ്മസ് ആഘോഷിക്കാന്‍ നാട്ടില്‍ വിട്ടതു ന്യായീകരിച്ച തിരുവനന്തപുരം മെത്രാന്‍ ഡോ. സൂസ പാക്യം പറഞ്ഞ മറ്റൊരു കാര്യവും തുല്യ പ്രാധാന്യം അര്‍ഹിക്കുന്നു. സ്വന്തം നാവികരുടെ മോചനത്തിന് ഇറ്റാലിയന്‍ ഭരണകൂടം കാണിച്ച അത്യുത്സാഹം ഇന്ത്യാ ഗവണ്മെന്‍റും കണ്ടു പഠിക്കണമത്രേ. സാല്‍വത്തോറെയെയും ലസ്ത്തോറെയെയും ഇന്ത്യന്‍ അധികൃതര്‍ പിടികൂടിയ നിമിഷം മുതല്‍ ഡല്‍ഹിയിലെ ഇറ്റാലിയന്‍ എംബസിക്ക് ഊണും ഉറക്കവും നഷ്ടപ്പെട്ടു. വിദേശ കാര്യ മന്ത്രി മുതല്‍ പ്രധാനമന്ത്രി വരെയുള്ള അധികാര കേന്ദ്രങ്ങളില്‍ അവര്‍ കയറിയിറങ്ങി. നീണ്ടകര മുതല്‍ ഇന്ദ്രപ്രസ്ഥം വരെ കൈ നീട്ടിയവര്‍ക്കെല്ലം കൈ നിറയെ കൊടുത്തു. ജയിലിനു പകരം പഞ്ച നക്ഷത്ര ഹോട്ടല്‍ മുറികള്‍ തടവറയായി വാങ്ങി. കോടതി പറഞ്ഞ ആറു കോടി രൂപ അര മണിക്കൂറു കൊണ്ട് ബാങ്കില്‍ നിക്ഷേപിച്ചു ശീട്ടാക്കി.

ജാമ്യത്തിലിറങ്ങിയ സ്വന്തം പൗരന്മാരെ അവരുടെ രാജ്യത്തിന്‍റെ തന്നെ പ്രസിഡന്‍റ് നേരിട്ടു ഫോണില്‍ വിളിച്ചു സംസാരിച്ചു സുഖവിവരങ്ങള്‍ ആരാഞ്ഞു. അവരെ നാട്ടിലെത്തിക്കാന്‍ ഇറ്റാലിയന്‍ നാവിക സേനയുടെ പ്രത്യേക വിമാനം കൊച്ചിയില്‍ പറന്നിറങ്ങി. കൊച്ചിയില്‍ നിന്ന് റോമാ വിമാനത്താവളത്തിലിറങ്ങിയ നാവികരെ സ്വീകരിക്കാന്‍ ഇറ്റാലിയന്‍ വിദേശ കാര്യമന്ത്രി ഗിലിയാനോ ടെറസിയ, പ്രതിരോധ മന്ത്രി ജിയാംപാവ്ലോ ഡി പാവ്ലോ, നാവിക സേനാ മേധാവി അഡ്മിറല്‍ ലൂഗി പിനേലി മാന്‍ടെല്‍ എന്നിവര്‍ നേരിട്ടെത്തി. നാവികരുടെ ഉറ്റവര്‍ വിമാനത്താവളത്തില്‍ വച്ചു തന്നെ, ഇറ്റാലിയന്‍ സര്‍ക്കാര്‍ ചെയ്ത സഹായങ്ങള്‍ ആഗോള മാധ്യമ പ്രവര്‍ത്തകരോടു വിശദീകരിച്ചു. ഇരട്ടക്കൊലക്കേസ് പ്രതികളാണ് സാല്‍വത്തോറെ ജിറോണും ലസ്ത്തോറെ മാസിമിലാനോയും എന്നു മറക്കരുത്. എന്നിട്ടും എത്ര സുഖപര്യവസായിയായ കഥ! അതാണ് ഇറ്റലി.

അവരെക്കണ്ട് ഇന്ത്യ പഠിക്കണമെന്നു പറഞ്ഞ മെത്രാച്ചനു സ്തുതി. ഇത്തരം അവസരങ്ങളില്‍ ലോകത്തിനു കണ്ടു പഠിക്കാന്‍ എത്രയെത്ര നല്ല കാര്യങ്ങളാണ് നമ്മുടെ സര്‍ക്കാര്‍ ചെയ്തതും ചെയ്തു കൊണ്ടിരിക്കുന്നതും ഇനി ചെയ്യാന്‍ പോകുന്നതും. പറയാന്‍ തുടങ്ങിയാല്‍ ഒരുപാട് പറയാനുണ്ട്. വിസ്താര ഭയത്താല്‍ ഒന്നു രണ്ടെണ്ണം മാത്രം ഇവിടെ കുറിക്കാം. കോഴിക്കോട് കൊയിലാണ്ടി കൊളാറ വീട്ടില്‍ ബിജുവിനെ ഓര്‍മയില്ലേ? ജോലി ചെയ്യുന്ന അബുദാബിയില്‍ നിന്നു ഭാര്യവീടുള്ള ഫിലിപ്പീന്‍സിലേക്കു വിരുന്നു പോയതാണ് ബിജു. അവിടെ വച്ച് അബു സയ്യാഫ് എന്ന ഭീകരസംഘടനയുടെ ആളുകള്‍ അയാളെ റാഞ്ചി. മോചന ദ്രവ്യമായി വന്‍ തുക ആവശ്യപ്പെട്ടു.

അവര്‍ ആവശ്യപ്പെട്ട തുക കൊടുക്കാന്‍ നാട്ടിലുള്ള അച്ഛന്‍ നാരായണനോ അമ്മ നളിനിക്കോ ആകുമായിരുന്നില്ല. സഹായ ഹസ്തം തേടി അവര്‍ അനന്തപുരി മുതല്‍ ഇന്ദ്രപ്രസ്ഥം വരെയുള്ള മുഴുവന്‍ അധികാരകേന്ദ്രങ്ങളുടെയും വാതില്‍ മുട്ടി. വരട്ടെ, നോക്കട്ടെ, പരിഗണിക്കാം, പരിശോധിച്ചു കൊണ്ടിരിക്കുന്നു, പ്രാര്‍ഥിക്കാം എന്നു തുടങ്ങി കുറേ നല്ല വാക്കുകളല്ലാതെ ഒന്നും സംഭവിച്ചില്ല.

പതിന്നാലു മാസം കൊടുംകാട്ടില്‍ കൊടിയ ഭീകരരുടെ തോക്കിന്‍ മുനയില്‍ മരണത്തിനു മുഖാമുഖമിരുന്ന ഈ ചെറുപ്പക്കാരന്‍, ഒടുവില്‍ അതിസാഹസത്തിന്‍റെ തീരെച്ചെറിയ ഒരു നൂല്‍ച്ചരടില്‍ പിടിച്ചുകയറി കാട്ടില്‍ നിന്നു പുറത്തു ചാടി ജീവിതത്തിലേക്ക് അലറിവിളിച്ചു തിരിച്ചു വന്നപ്പോഴും മുന്‍പറഞ്ഞ അധികാര കേന്ദ്രങ്ങളില്‍ നിന്ന് ഒരു ഫോണ്‍വിളി പോലും ഉണ്ടായില്ല. ആയുസിന്‍റെ ബലം കൊണ്ടും വീട്ടുകാരുടെ പ്രാര്‍ഥന കൊണ്ടും ബിജുവിനു ജീവന്‍ തിരിച്ചു കിട്ടിയെന്നു മാത്രം.

ബിജുവിന്‍റെ ഭാഗ്യം എല്ലാവര്‍ക്കും കിട്ടണമെ ന്നില്ല. തങ്ങളുടെ മക്കളുടെ ആയുസിന്‍റെ ദൈര്‍ഘ്യം കൂട്ടണേയെന്ന പ്രാര്‍ഥനയോടെ കരളുരുകി കരയുന്ന അഞ്ചു മലയാളി നാവികരുടെ അമ്മമാരും സൂസ പാക്യം തിരുമേനിയുടെ ഉദ്ബോധനം ഒന്നല്ല ആയിരം തവണ വിളിച്ചു പറയും. നമ്മുടെ ഭരണാധികാരികള്‍ ഇറ്റാലിയന്‍ ഭരണകൂടത്തെ കണ്ടു തന്നെ പഠിക്കണമെന്ന സൂക്തം. സാല്‍വത്തോറെയെയും ലസ്ത്തോറെയെയും പോലെ ഒരു ജര്‍മന്‍ കപ്പലിലെ നാവികരായ മലയാളികളാണ് ഡിപിന്‍ ഡേവിഡ്, മനേഷ് മോഹന്‍, കെ.സി. മിഥുന്‍, ദിബിന്‍, മൃദുല്‍ എന്നിവര്‍. കൃത്യനിര്‍വഹണത്തിനിടെ ഇവരുടെ കപ്പല്‍ സൊമാലിയന്‍ കൊള്ളക്കാര്‍ റാഞ്ചി. ഇവരടക്കമുള്ള കപ്പലിലെ ജീവനക്കാരുടെ മോചനത്തിന് 17 ലക്ഷം ഡോളറാണ് കൊള്ളക്കാര്‍ ചോദിക്കുന്നത്. അതു കിട്ടേണ്ട സമയപരിധി കഴിഞ്ഞെന്നു റാഞ്ചികള്‍. തങ്ങള്‍ ഏതു നിമിഷവും വധിക്കപ്പെടുമെന്ന് ഈ നാവികര്‍ ബന്ധുക്കളെ അറിയിച്ചു.

അതേത്തുടര്‍ന്ന് മാതാപിതാക്കളും ബന്ധുക്കളും ബിജുവിന്‍റെ വീട്ടുകാരെപ്പോലെ നെട്ടോട്ടത്തിലാണ്. ഓരോ വാതിലിലും അവര്‍പ്രതീക്ഷയോടെ മുട്ടുന്നു. വരട്ടെ, നോക്കട്ടെ, പരിഗണിക്കാം...ഉത്തരങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു. കാരണം ഈ നാവികര്‍ ഇന്ത്യക്കാരാണ്. ഇവിടെ ഇതൊക്കെയേ നടക്കൂ. എല്ലാം വിധിക്കു വിടുക. പിന്നെ കണ്ണടച്ചു പ്രാര്‍ഥിക്കുക. അല്ലെങ്കില്‍ കൊളാറ ബിജുവിനെപ്പോലെ വിപദിധൈര്യം കാണിക്കുക..! 
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ