പേജുകള്‍‌

2013, ജനുവരി 8, ചൊവ്വാഴ്ച

ആര്, ആരെ അടിക്കണം?



"നമ്മളു കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ''’’ എന്നായിരുന്നു കേരളത്തിലെ കമ്യൂണിസ്റ്റുകാര്‍ ആദ്യം വിളിച്ചു ശീലിച്ച മുദ്രാവാക്യം. വേറൊരു തരത്തില്‍ പറഞ്ഞാല്‍ ഇങ്ങനെ മുദ്രാവാക്യം വിളിക്കാന്‍ പരിശീലിപ്പിച്ചായിരുന്നു ഇഎംഎസും എകെജിയുമൊക്കെ ജ ന്മി-ബൂര്‍ഷ്വാ അടിമത്ത വ്യവസ്ഥിതിയില്‍ നിന്ന് പാവപ്പെട്ട കര്‍ഷകത്തൊഴിലാളികളെ മോചിപ്പിച്ചു വര്‍ഗാധിപത്യ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിലേക്കു കൈ പിടിച്ചു നടത്തിയത്.

ഈ കൈപിടിച്ചു നടത്തത്തില്‍ കാളകാട്ട് ഇല്ലം, നെടുമ്പിള്ളി തരണനെല്ലൂര്‍ മന, പാമ്പുമ്മേക്കാട്ടു മന, പുലാമന്തോള്‍ മന, സൂര്യകാലടി മന, തറയില്‍ കുഴിക്കാട്ടു മന, തുരുത്തി പുതുമന ഇല്ലം മുതലിങ്ങോട്ട് ഏലംകുളം മനയ്ക്കല്‍ മന വരെ കേരളത്തിലെ വിഖ്യാതമായ മനകള്‍ പലതും ശോഷിച്ചു. റാണി, ചിത്തിര, മാര്‍ത്താണ്ഡം കായല്‍പ്പാടങ്ങളില്‍ ചെളി കുത്തി കരയാക്കി നെല്ലു വിതച്ച് നൂറുമേനി വിളവെടുത്ത കായല്‍ മുരിക്കന്മാരും ഗതികെട്ടു. കമ്യൂണിസ്റ്റ് സഖാക്കള്‍ അന്നു നടത്തിയ മിച്ചഭൂമി സമരത്തില്‍ പാവപ്പെട്ട എത്ര പേര്‍ക്കു ഭൂമി പതിച്ചു കിട്ടി എന്നതിന്‍റെ കൃത്യമായ കണക്ക് അറിയില്ല. വശംകെട്ടു നടന്ന പല കമ്യൂണിസ്റ്റ്കാരും അതിന്‍റെ പേരില്‍ പ്രമാണിമാരായി, എംഎല്‍എമാരായി, മന്ത്രിമാരായി, മുഖ്യമന്ത്രി വരെയായി നമുക്കിടയില്‍ ഇന്നും ആഘോഷമായിത്തന്നെ ജീവിക്കുന്നു.

അന്നത്തെ ഒരു കണക്കു വച്ചു നോക്കിയാല്‍ കേരളത്തില്‍ ഭൂമിയില്ലാത്ത ഒരാള്‍പോലും ഉണ്ടാകേണ്ടതല്ല. ഇങ്ങനെ ഒരു ഊഹാപോഹത്തിനു കാരണങ്ങള്‍ പലതുണ്ട്. ഒന്ന് അന്നത്തെക്കാലത്ത് ഭൂരഹിതരായി ഇത്രയും പേരുണ്ടായിരുന്നില്ല. ഭൂമിക്ക് ഇത്ര വിലയും ഉണ്ടായിരുന്നില്ല. പിടിച്ചെടുക്കാന്‍ ഭൂമി വളരെക്കൂടുതലുണ്ടായിരുന്നു. ആരെങ്കിലും ഇത്തിരി വല്ലതും കൊണ്ടു പോകുന്നെങ്കില്‍ കൊണ്ടു പൊയ്ക്കട്ടെ എന്നു ജന്മിമാരും കരുതി. സഖാക്കള്‍ പിടിച്ചെടുക്കുന്ന മിച്ചഭൂമിയില്‍ സഖാക്കള്‍ തന്നെ കൃഷിയിറക്കുന്നതിനാല്‍ കേരളത്തില്‍ ഭക്ഷ്യക്ഷാമം എന്നൊന്ന് ഉണ്ടാകില്ലെന്നായിരുന്നു അന്നത്തെ പ്രവചനം. പ്രചവചനം ഫലിച്ചില്ലെന്നു മാത്രമല്ല, പിടിച്ചെടുക്കപ്പെട്ട ഭൂമിയില്‍ പലതും പാഴാകുകയോ തരിശാകുകയോ ചെയ്തു എന്നാണു ചരിത്രം. എങ്കിലും കമ്യൂണിസ്റ്റ്കാരുടെ പത്രാസിന് ഒരു കുറവും വന്നില്ല. കേരളത്തിലെ ആദ്യ തെരഞ്ഞെടുപ്പില്‍ അവര്‍ അധികാരത്തിലെത്തി ചരിത്രം കുറിക്കുകയും ചെയ്തു.

പിടിച്ചെടുത്ത മിച്ചഭൂമിയില്‍ ഉത്പാദനം കുറഞ്ഞപ്പോള്‍ ആന്ധ്രയില്‍ നിന്നും മറ്റും വലിയ തോതില്‍ അരി ഇറക്കുമതി ചെയ്തു. ഇറക്കുമതിയില്‍ വലിയ അഴിമതി ആരോപണങ്ങളുണ്ടായി. റേഷന്‍ കടകളില്‍ അരി കിട്ടാതായി. ഇതിനെതിരേ കോണ്‍ഗ്രസുകാര്‍ വലിയ തോതില്‍ പ്രചാരണം നടത്തി. അതിനെ ചെറുക്കാന്‍ സഖാക്കള്‍ മുഴക്കിയ മുദ്രാവാക്യമാണു പൈങ്കിളി കഴിഞ്ഞാല്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്. “""”ഞങ്ങടെ കാര്‍ഡിന്നരിയില്ലെങ്കില്‍ നിങ്ങള്‍ക്കെന്താ കാണ്‍ഗ്രസേ''’’ എന്ന് അവര്‍ തിരിച്ചു മുദ്രാവാക്യം മുഴക്കിയപ്പോള്‍, കോണ്‍ഗ്രസുകാരുടെ വായടഞ്ഞു പോയി.

അച്യുതാനന്ദന്‍ സഖാവിന്‍റെ വിപ്ലവ വീര്യത്തിനായിരുന്നു പിന്നീടു മാര്‍ക്കറ്റ്. ഓര്‍ക്കുന്നില്ലേ വെട്ടിനിരത്തല്‍ സമരം. പാവപ്പെട്ട ഏതൊക്കെയോ കൃഷിക്കാര്‍ പാടത്തിന്‍റെ അരികത്തും തോട്ടിന്‍കരയിലുമൊക്കെ നാലോ അഞ്ചോ മൂട് തെങ്ങോ വാഴയോ വച്ചു പിടിപ്പിച്ചതെല്ലാം നീര്‍ത്തട സംരക്ഷണത്തിന്‍റെ പേരില്‍ സഖാവ് വെട്ടി നിരത്തി. പഴയ കാലത്തെ ജന്മി ബൂര്‍ഷ്വാ കാലത്ത് സ്വന്തം പിതാവ് വേലിക്കകത്ത് ശങ്കരന്‍, പാടം നികത്തി കരയുണ്ടാക്കി, അതില്‍ കെട്ടിപ്പൊക്കിയ വീട്ടിലാണു മാതാപിതാക്കളും സഹോദരങ്ങളുമായി താനും ജീവിച്ചതെന്നു ആത്മകഥ കുറിച്ചിട്ടുണ്ട് സഖാവ്. പക്ഷേ, വേലിക്കകത്തു വീട്ടുകാരുടെ സൗഭാഗ്യം മറ്റാര്‍ക്കും വേണ്ടെന്നു സഖാവു തീരുമാനിച്ചാല്‍ ആര്‍ക്കാണു തടയാന്‍ കഴിയുക. ഏതായാലും രണ്ടു മാസക്കാലം നിറഞ്ഞോടിയ വെട്ടി നിരത്തല്‍ സമരം പിന്നീടു കൊട്ടകയൊഴിഞ്ഞു.

മൂന്നാര്‍ കുടിയിറക്കായിരുന്നു അടുത്ത വീര്യം. സര്‍ക്കാര്‍ ചെലവില്‍ പോയി, സര്‍ക്കാര്‍ ഭൂമിയില്‍ കയറിയിറങ്ങി, കമ്പിവേലി കെട്ടി, സര്‍ക്കാര്‍ വക ഭൂമി എന്നു ബോര്‍ഡ് സ്ഥാപിച്ചതല്ലാതെ, കാല്‍ സെന്‍റ് ഭൂമിയെങ്കിലും അന്യന്‍റെ കൈയില്‍ നിന്നു പിടിച്ചെടുത്തു എന്നതിനു തെളിവൊന്നുമില്ല. സ്വന്തം മുന്നണിയിലും പാര്‍ട്ടിയിലും വരെ പെട്ട ഭൂമി പിടിച്ചെടുക്കാന്‍ അവസരം ലഭിച്ചെങ്കിലും അച്യുതാനന്ദന്‍റെ പുലികളും പൂച്ചകളുമൊന്നും അതിസാഹസത്തിനു മുതിര്‍ന്നില്ല. ക്ലച്ച് പിടിക്കാതെ പോയ ഇങ്ങനെ എത്രയെത്ര വിപ്ലവ പോരാട്ടങ്ങള്‍.

അതിന്‍റെയൊക്കെ കേടു തീര്‍ക്കും സിപിഎം പ്രഖ്യാപിച്ച പുതിയ ഭൂമി പിടിച്ചെടുക്കല്‍ സമരം എന്നാണ് എല്ലാവരും കരുതിയത്. അതും പാഴാകുന്ന സ്ഥിതിയാണുള്ളത്. ഭൂമി പിടിച്ചെടുക്കല്‍ സമരത്തിന്‍റെ ഉദ്ഘാടന പ്രസംഗത്തില്‍ അച്യുതാനന്ദന്‍ സഖാവിനു സംഭവിച്ച നാവു ദോഷമാണ് ഇപ്പോള്‍ പാര്‍ട്ടിയെയും പ്രതിസന്ധിയിലാക്കിയത്. തങ്ങള്‍ കൊടികെട്ടിയ ഭൂമി പിടിച്ചെടുത്തു കുടില്‍ കെട്ടുമെന്നും ഭൂമി സമരം അടിച്ചമര്‍ത്താന്‍ ആരെങ്കിലും വന്നാല്‍ ഒരടിക്കു രണ്ടടി എന്ന കണക്കില്‍ തിരിച്ചു കിട്ടുമെന്നുമായിരുന്നു സഖാവിന്‍റെ മുന്നറിയിപ്പ്. പ്രഖ്യാപനം കേട്ടു കൈയടിച്ചവര്‍ക്കു കൂടുതല്‍ സമയം സന്തോഷിക്കാനായില്ല.

ഭൂസമരത്തിന്‍റെ ഭാഗമായി സഖാക്കള്‍ കൊടികുത്തിയ ഭൂമികളില്‍ ഒന്ന് ആറന്മുളയിലെ നിര്‍ദിഷ്ട വിമാനത്തവാളത്തിനു വേണ്ടി വാങ്ങിയതാണ്. വിമാനക്കമ്പനി അതു വാങ്ങുന്നതിനു വേണ്ട മുഴുവന്‍ ഒത്താശയും നടപടിക്രമങ്ങളും ശരിയാക്കിക്കൊടുത്തത് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന്‍റെ അറിവോടും അനുഗ്രഹത്തോടും. അപ്പോള്‍ ആറന്മുളയില്‍ ആര്, ആരെ അടിക്കും? ആറന്മുള കൊണ്ടും പ്രശ്നം തീരുന്നില്ല. എറണാകുളത്ത് കടമക്കുടിയില്‍ കുത്തിയ കൊടിയുടെ പേരിലും പാര്‍ട്ടി അടി കൊള്ളുന്ന സ്ഥിതിയാണ്. ക്രിക്കറ്റ് താരം കപില്‍ ദേവിന്‍റെ കമ്പനിയുടെ പേരിലുള്ളതാണ് ഈ ഭൂമി. അതു കപിലിനു പതിച്ചു കൊടുക്കാന്‍ വേണ്ട സഹായ സഹകരണങ്ങളെല്ലാം ചെയ്തു കൊടുത്തു, മുന്‍ അച്യുതാനന്ദന്‍ സര്‍ക്കാര്‍. ആറന്മുളയിലെപ്പോലെ, അച്യുതാനന്ദന്‍ സര്‍ക്കാര്‍ പതിച്ചു കൊടുത്ത ഭൂമി, സിപിഎം പ്രവര്‍ത്തകര്‍ പിടിച്ചെടുക്കാന്‍ വരുകയും അച്യുതാനന്ദന്‍ സഖാവ് ഈ സമരം ഉദ്ഘാനം ചെയ്യുകയും സമരം തടയാനെത്തുന്നവര്‍ക്ക് ഒന്നിന് രണ്ട് എന്ന കണക്കില്‍ അടി കൊടുക്കണമെന്നു പറയുകയും ചെയ്യുന്നതിന്‍റെ ഗുട്ടന്‍സ് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല, കൊമ്രേഡ്സ്..!

ഏതായാലും സിപിഎമ്മിന്‍റെ ഭൂസമരം അവര്‍ക്കു തന്നെ തിരിച്ചടിയാണെന്നു പറയുന്ന പ്രകാശ് മന്ത്രിയെ വല്ലവരും അടിച്ചു കളയുമോ എന്ന പേടിയും ഇല്ലാതില്ല. സ്വന്തമായി ഒരു തുണ്ടു ഭൂമിയില്ലാത്തവര്‍ക്ക് ഇതുവരെയുള്ള എല്ലാ സര്‍ക്കാരുകളും കൂടി കൊടുത്തുകൊടുത്ത് 3,33,232 പേര്‍ ഇപ്പോഴും ഭൂരഹിതരായിട്ടുണ്ടെന്നു മന്ത്രി തന്നെ പറയുന്നു. അവര്‍ക്കെല്ലാവര്‍ക്കും കൂടി നല്‍കാന്‍ 7,735 ഹെക്റ്റര്‍ ഭൂമി വേണമത്രേ. 2015 ജനുവരി എന്നൊരു മാസമുണ്ടെങ്കില്‍ ഭൂമി ഇല്ലാത്ത എല്ലാവര്‍ക്കും ഭൂമി നല്‍കുമെന്നും കട്ടായം. അങ്ങനെ കൊടുക്കാന്‍ ഭൂമിമലയാളത്തില്‍ ഭൂമിയില്ലെങ്കില്‍ ബദല്‍ മാര്‍ഗം ആരായുമെന്നും മന്ത്രി തറപ്പിച്ചു പറയുന്നു. എന്താണ് ഈ ബദല്‍ മാര്‍ഗമെന്നു ചോദിക്കരുത്. തണ്ണീര്‍ത്തട സംരക്ഷണ പരിധിയില്‍ ആഴക്കടല്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നു വായിച്ചറിവില്ല. വേണ്ടി വന്നാല്‍ കടല്‍ നികത്തും.

ഗാഡ്ഗില്‍ റിപ്പോട്ടില്‍ പശ്ചി മഘട്ടത്തിന്‍റെ പരിസ്ഥിതി ദൗര്‍ബല്യത്തെക്കുറിച്ചാണു പരാമര്‍ശം. ലോകത്ത് പശ്ചിമഘട്ടം മാത്രമല്ലല്ലോ, മലനിരകള്‍. ആവശ്യം വന്നാല്‍ മൗണ്ട് എവറസ്റ്റില്‍ വരെ മലയാളികള്‍ക്കു വീടുയരും. ഇനി ഭൂമിയില്‍ ഒരിടത്തും ഒരു പിടി മണ്ണു കിട്ടിയില്ലെങ്കിലോ? വിഷമിക്കണ്ട. ചന്ദ്രനിലേക്ക് ആളെ അയയ്ക്കാനുള്ള വിദ്യകള്‍ രാജ്യം സ്വായത്തമാക്കിക്കഴിഞ്ഞു.അങ്ങനെയെങ്ങാനും സംഭവിച്ചാല്‍ ആദ്യമായി ചന്ദ്രനില്‍ കാലു കുത്തുന്ന ഇന്ത്യക്കാരന്‍ കേരളത്തില്‍ നിന്നുള്ള പഴയൊരു പാര്‍വത്യകാരും സര്‍വെയറും ആയിരിക്കുമെന്ന കാര്യത്തില്‍ സംശയിക്കണ്ട. കേരളീയര്‍ക്ക് ആവശ്യമായ മുഴുവന്‍ ഭൂമിയും അളന്നു തിട്ടപ്പെടുത്തി കുറ്റിയടിച്ച ശേഷം മാത്രമേ അവരെ ഭൂമിയില്‍ തിരിച്ചെത്തിക്കൂ, മൂന്നു തരം. അതുവരെ അടൂര്‍ പ്രകാശ് മന്ത്രിക്കു സാവകാശം കൊടുക്കണം. അതോടൊപ്പം, ആറന്മുളയിലും കടമക്കുടിയിലും സംഭവിച്ചതു പോലെ നോട്ടപ്പിശകു വരുത്തിയ സ്വന്തം പാര്‍ട്ടി സഖാക്കളുടെ പേര് വണ്‍..ടു...ത്രീ... പറഞ്ഞ് പട്ടിക തയാറാക്കി കണ്ടു പിടിച്ച്, നല്ല ചുട്ട അടി കൊടുക്കണം, പിണറായി സഖാവും മറ്റു സഖാക്കളും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ