പേജുകള്‍‌

2013, ജനുവരി 14, തിങ്കളാഴ്‌ച

സമരപുളകങ്ങള്‍ തന്‍ 

സിന്ദൂര മാലകള്‍..!

 
 
പത്രവായനയുടെ രസച്ചരടിലിരിക്കെ, അധ്യാപക സുഹൃത്തിന്‍റെ ടെലിഫോണ്‍. ആശാനേ, ഞങ്ങളുടെ സമരം എന്താകും? വല്ല പിടിയുമുണ്ടോ?

എന്താകാന്‍ ചങ്ങാതീ.. എട്ടു നിലയില്‍ പൊട്ടും. അല്ലാതെന്താ?

അപ്പോ, ഒരാഴ്ചത്തെ ശമ്പളം ഗോപി..! മറുപടി പറഞ്ഞു തീരുംമുന്‍പേ സുഹൃത്തിന്‍റെ ആത്മഗതം. കഷ്ടമായിപ്പോയി. വെള്ളിയാഴ്ച കയറി ഒപ്പിട്ടാല്‍ മതിയായിരുന്നു. ഇതിപ്പോള്‍ മൂന്നു ദിവസത്തെ ശമ്പളം വെറുതേ പോയി. അധ്യാപക സുഹൃത്തിന്‍റെ ആത്മഗതത്തിന് ശബ്ദം വച്ചു തുടങ്ങി.

ശരിയാണ്. വെള്ളിയാഴ്ച ഒപ്പിട്ടിരുന്നെങ്കില്‍ മൂന്ന് ഒപ്പ് ഫ്രീ കിട്ടിയേനെ. രണ്ടാം ശനി, ഞായര്‍, തൈപ്പൊങ്കല്‍ അവധികളുടെ ആനൂകൂല്യങ്ങള്‍. ഇതറിയാവുന്ന എത്രയോ പേര്‍ അന്ന് ഒപ്പിട്ടു? സുഹൃത്തിനും അതാകാമായിരുന്നു. ഒന്നുപദേശിച്ചു നോക്കി.

പശുവും ചത്തു, മോരിലെ പുളിയും പോയി. ഇനി പറഞ്ഞിട്ടെന്താ? ഒത്തുതീര്‍പ്പായാലും ഇല്ലെങ്കിലും ഇനി സ്കൂള്‍ തുറക്കുന്ന ദിവസം ഒപ്പിടും. അധ്യാപക സുഹൃത്ത് ഫോണ്‍ കട്ട് ചെയ്തു. സമരം പൊളിയുമെന്നു കരുതാന്‍ വേറേ കാരണം വേണ്ടല്ലോ.

കഴിഞ്ഞ എട്ടിനു തുടങ്ങിയതാണു സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പണി മുടക്ക്. അന്നു തന്നെ വേറൊരു പണിമുടക്കും തുടങ്ങിയിരുന്നു. സ്വകാര്യ ബസ് തൊഴിലാളികളുടെ അനിശ്ചിത കാല പണി മുടക്ക്. തൊഴിലാളികള്‍ പണി മുടക്കി പന്ത്രണ്ടു മണിക്കൂറിനുള്ളില്‍ മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദും ഷിബു ബേബി ജോണും കൊച്ചിയില്‍ പറന്നിറങ്ങി നേതാക്കളുമായി ചര്‍ച്ച നടത്തി. എല്ലാ തൊഴിലാളികളുടെയും മാസ വേതനത്തില്‍ 1800 രൂപയുടെ വര്‍ധന വരുത്തി. ക്രമത്തില്‍ 20 ശതമാനം വര്‍ധന വാഗ്ദാനം ചെയ്തു. വേതന പരിഷ്കരണത്തിന് ഒരു കമ്മിഷനെ വയ്ക്കാനും തീരുമാനിച്ചു. സമരം ചെയ്ത തൊഴിലാളികളുടെ ഒരു ദിവസത്തെ വേതനം പോലും നഷ്ടമായില്ല.

അവര്‍ ഞൊടിയിടയില്‍ കാര്യം സാധിച്ചപ്പോള്‍, ഒരു ചര്‍ച്ചയ്ക്കെങ്കിലും വിളിക്കൂ എന്നു മാത്രമായി സര്‍വീസ് സംഘടനകളുടെ ആവശ്യം. സ്വകാര്യ ബസ് തൊഴിലാളികളുടെ വില പോലുമില്ലേ, സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും എന്നു ചോദിച്ചാല്‍ ബസ് ജീവനക്കാരുടെ വിലയിടിച്ചെന്ന് ആക്ഷേപം പറയരുത്. സര്‍ക്കാര്‍ സര്‍വീസില്‍ ജോലി തേടുകയും കിട്ടാതെ പോയതു കൊണ്ടു മാത്രം സ്വകാര്യ ബസ് ജീവനക്കാരാവുകയും ചെയ്ത ലക്ഷക്കണക്കിന് ആളുകളുണ്ട് നമ്മുടെ സംസ്ഥാനത്ത്. യോഗ്യത ഇല്ലാത്തതു കൊണ്ടല്ല, ഗുളികന്‍ തെളിയാത്തതു കൊണ്ട് അതിനുള്ള യോഗം കിട്ടിയില്ലെന്നു മാത്രം.

പിഎസ്സി ചെയര്‍മാനായിരുന്ന അഡ്വ. എം. ഗംഗാധരക്കുറുപ്പ് ഒരിക്കല്‍ പറഞ്ഞത് ഓര്‍ക്കുന്നു. ചെയര്‍മാന്‍ എന്ന നിലയില്‍ അദ്ദേഹത്തിന് അന്‍പതിനായിരം രൂപ ശമ്പളം കിട്ടും. പിഎസ്സി റിക്രൂട്ട് ചെയ്യുന്ന സംസ്ഥാന ജീവനക്കാരെക്കാള്‍ ഒരു രൂപ എങ്കിലും ചെയര്‍മാനു കൂടുതല്‍ കിട്ടണം എന്നാണു ചട്ടമത്രേ. എന്നാല്‍, തനിക്ക് ഇത്രയും പണത്തിന് ആവശിമില്ല. സ്വകാര്യ ആവശ്യങ്ങള്‍ക്കെല്ലാം അന്നും ഇന്നും ഓട്ടോ റിക്ഷ ഉപയോഗിക്കുന്ന ഗംഗാധരക്കുറുപ്പിനെപ്പോലെ ഇങ്ങനെ തുറന്നു പറയാന്‍ എത്ര പേര്‍ക്കു കഴിയും? കൂടുതല്‍ കിട്ടിയ പണം അദ്ദേഹം എന്തു ചെയ്തു എന്നത് അവിടെ നില്‍ക്കട്ടെ. ഇങ്ങനെ ഒരു ആത്മഗതം നടത്താനെങ്കിലും അദ്ദേഹത്തിനു കഴിഞ്ഞല്ലോ.

നാട്ടിന്‍പുറത്തെ അധ്യാപക ദമ്പതികള്‍ റിട്ടയര്‍ ചെയ്തിട്ട് ഒരു വര്‍ഷമായി. അവരിപ്പോള്‍ താമസം തിരുവനന്തപുരത്താണ്. രണ്ടു പേര്‍ക്കും കൂടി റിട്ടയര്‍മെന്‍റ് ബെനിഫിറ്റ് ആയി നാല്പതു ലക്ഷത്തോളം രൂപ ലഭിച്ചു. അതു കൊടുത്ത് അവര്‍ തലസ്ഥാനത്ത് ഒരു വീടു വാങ്ങി. അവരുടെ ഭാഗ്യം. എക്സൈസില്‍ ഇരുപത്തേഴു വര്‍ഷം സര്‍വീസുള്ള ഒരു അസിസ്റ്റന്‍റ് ഇന്‍സ്പെക്റ്റര്‍ ഈയിടെ വിരമിച്ചു. റിട്ടയര്‍മെന്‍റ് ബെനിഫിറ്റ് 19 ലക്ഷം രൂപ. വ്യവസായ വകുപ്പിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരന്‍ വിരമിച്ചപ്പോള്‍ ലഭിച്ചത് പതിനൊന്നു ലക്ഷം രൂപ. എയ്ഡഡ് കോളെജില്‍ നിന്നു വിരമിച്ച പ്രോഫസറുടെ റിട്ടയര്‍മെന്‍റ് തുക പറഞ്ഞില്ല. അര ലക്ഷത്തോട് അടുത്തൊരു തുക പെന്‍ഷന്‍ ലഭിക്കുമത്രേ. മുപ്പതാമത്തെ വയസിലാണ് അദ്ദേഹം ജോലിയില്‍ പ്രവേശിച്ചത്. 25 വര്‍ഷത്തെ സര്‍വീസ് ലഭിച്ചു. ഇപ്പോഴത്തെ ആരോഗ്യം വച്ചു നോക്കിയാല്‍ ഇനി 25 വര്‍ഷമെങ്കിലും താന്‍ ജീവിച്ചിരിക്കുമെന്ന് അദ്ദേഹത്തിന് ഉറപ്പ്. ഒരു കാര്യം കൂടി അദ്ദേഹം തമാശയായി പറഞ്ഞു. താന്‍ അവസാനം വാങ്ങിയ ശമ്പളത്തെക്കാള്‍ വലിയൊരു തുക പെന്‍ഷനായി വാങ്ങിയിട്ടേ മരിക്കുകയുള്ളൂ എന്നും. അതു വെറും തമാശയല്ല എന്നതു കാര്യം വേറേ.

ഈ കുറിപ്പ് വായിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും ആത്മ പരിശോധന നടത്തണമെന്ന് ഒരപേക്ഷയുണ്ട്. പൊതുഖജനാവില്‍ നിന്ന് നിങ്ങള്‍ക്കു ലഭിക്കുന്നത് ഇന്നത്തെ ജീവിത സാഹചര്യങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ സാമാന്യം തൃപ്തികരമല്ലേ? ഈ സൗഭാഗ്യം ലഭിക്കുന്നത് ആകെയുള്ള മൂന്നേകാല്‍ കോടി മലയാളികളില്‍ വെറും പത്തു ലക്ഷത്തില്‍പ്പരം പേര്‍ക്കു മാത്രമാണെന്നു കൂടി വരുമ്പോള്‍, ഇനി എന്നെങ്കിലും സര്‍വീസില്‍ കയറാനിരിക്കുന്നവര്‍ക്ക് പത്തോ ഇരുപതോ അതിലും കൂടുതലോ വര്‍ഷങ്ങള്‍ക്കു ശേഷമുണ്ടായേക്കാവുന്ന പെന്‍ഷന്‍ പ്രശ്നത്തിന്‍റെ പേരില്‍ എന്തിനാണിത്ര പിടിവാശി?

അതുകൊണ്ടാണ് സമരം പൊട്ടിയെന്നു ഉമ്മന്‍ ചാണ്ടിയും കെ.എം. മാണിയും രമേശ് ചെന്നിത്തലയും പറയുമ്പോള്‍ ജനം കൈയടിക്കുന്നതും സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍ നില ഉയരുന്നതും. സമരത്തിന്‍റെ തിരക്കിലായതിനാല്‍ പണ്ടത്തെപ്പോലെ ഫെയ്സ് ബുക്ക് നോക്കാന്‍ ജീവനക്കാര്‍ക്കു സമയം കിട്ടില്ലെന്നറിയാം. എങ്കിലും വല്ലപ്പോഴും ഒന്നു നോക്കിയാല്‍ കൊള്ളാം. ഒരു ചെറുപ്പക്കാരന്‍റെ കുറിപ്പ് ഇങ്ങനെ. ഇപ്പോഴത്തെ സര്‍ക്കാര്‍ ജീവനക്കാരെ മുഴുവന്‍ പിരിച്ചു വിടുക. പകരം പുതിയ ആളുകളെ പിഎസ് സി വഴി ജോലിക്കെടുക്കുക. ഇപ്പോഴത്തേതിന്‍റെ പകുതി ശമ്പളം മതി. പെന്‍ഷന്‍ വേണ്ടേ, വേണ്ട..! അതാണു ചെറുപ്പം.

2002 ലും സംസ്ഥാനത്ത് ഇതുപോലൊരു സമരമുണ്ടായിട്ടുണ്ട്. എ.കെ. ആന്‍റണി ആയിരുന്നു അന്നു മുഖ്യമന്ത്രി. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് 32 ദിവസം പണി മുടക്കിയെങ്കിലും കാര്യമായ ഒരു നേട്ടവുമില്ലാതെ സമരം അവസാനിപ്പിക്കേണ്ടി വന്നു ജീവനക്കാര്‍ക്ക്. സമരത്തോടനുബന്ധിച്ചു പൊതുമുതല്‍ നശിപ്പിച്ചാല്‍, നേതാക്കന്മാരുടെ കൈയില്‍ നിന്നു നഷ്ടപരിഹാരം ഈടാക്കാമെന്നുവരെ അന്നു വ്യവസ്ഥയുണ്ടാക്കി. ഇതിനെതിരേ സംഘടനകള്‍ സുപ്രീം കോടതിയില്‍ പോയെങ്കിലും സര്‍ക്കാര്‍ നിലപാട് കോടതി ശരി വയ്ക്കുകയായിരുന്നു.

ജനാധിപത്യ സംവിധാനത്തില്‍ സംഘടിത സമൂഹത്തിന്‍റെ ആയുധമാണ് പ്രക്ഷോഭങ്ങള്‍. സംഘടിത മേഖലകളില്‍ ഇന്നുണ്ടായിട്ടുള്ള സമസ്ത നേട്ടങ്ങള്‍ക്കും പിന്നില്‍ പല തരത്തിലുള്ള പ്രക്ഷോഭങ്ങളും അതിന്‍റെ പേരിലുള്ള സമ്മര്‍ദവുമുണ്ട്. ഇത്തരം പ്രക്ഷോഭങ്ങളുടെ അവസാനത്തെ ആയുധമാണ് പണിമുടക്ക്. വളരെ നാളത്തെ ആലോചനകള്‍ക്കും വരുംവരായ്കളെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ക്കും വിജയ സാധ്യതകളെക്കുറിച്ചുമൊക്കെ ശേഷമം മാത്രമേ ഈ ആയുധം പ്രയോഗിക്കാവൂ. സാമൂഹ്യ പ്രസക്തിയില്ലാത്ത ഒരു സമരത്തിനും ജന പിന്തുണ കിട്ടില്ലെന്നും സമരത്തിന് ഇറങ്ങിപ്പുറപ്പെടുന്നവര്‍ ആലോചിക്കണം.

2001ലെ ഇന്ത്യന്‍ ട്രെയ്ഡ് യൂണിയന്‍ ആക്റ്റ് പ്രകാരം ഒരു തൊഴില്‍ സ്ഥാപനത്തിലെ പത്തു ശതമാനം പേര്‍, അല്ലെങ്കില്‍ നൂറു പേര്‍, രണ്ടില്‍ ഏതാണോ കുറവ് അത്രയും പേര്‍ സംയുക്തമായി തീരുമാനിച്ചാല്‍ ഒരു യൂണിയന്‍ രജിസ്റ്റര്‍ ചെയ്യാം എന്നാണു ചട്ടം. ഒരു സ്ഥാപനത്തില്‍ ഇങ്ങനെ എത്ര യൂണിയന്‍ വേണമെങ്കിലും രജിസ്റ്റര്‍ ചെയ്യുകയും ചെയ്യാം. ഒന്നിനോടും തൊഴിലുടമ, അഥവാ തൊഴില്‍ ദാതാവ് വിവേചനം കാണിക്കരുത് എന്നുമുണ്ട് നിയമം. എന്നാല്‍ ഇവയുടെ സംഘടിത വിലപേശലിനെതിരേ സ്ഥാപനങ്ങള്‍ ഒറ്റയ്ക്കും സംസ്ഥാനങ്ങള്‍ വേറിട്ടും പല തരത്തിലുള്ള നിയമ സംരക്ഷണങ്ങളും നേടിയിട്ടുണ്ട്. പണി മുടക്കുകള്‍ ശക്തമായി നേരിടാനും കര്‍ശന നടപടികള്‍ സ്വീകരിക്കാനും തൊഴിലുടമകള്‍ക്ക് അധികാരവുമുണ്ട്. 2002ല്‍ തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ നടത്തിയ അനിശ്ചിത കാല സമരത്തെ സര്‍ക്കാര്‍ നേരിട്ടത് മൂന്നര ലക്ഷത്തോളം ജീവനക്കാരെ സര്‍വീസില്‍ നിന്നു പിരിച്ചു വിട്ടുകൊണ്ടായിരുന്നു.

2002ലെ പൊതു പണിമുടക്കിനു ലഭിച്ചത്ര പോലും പിന്തുണ ഇപ്പോഴത്തെ സമരത്തിനു ലഭിക്കുന്നുണ്ടോ എന്നു സംശയമുണ്ട്. ജീവനക്കാരുടെ ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള പിന്‍ബലമുണ്ടായിരുന്നു സര്‍വീസ് സംഘടനകള്‍ക്ക്. ഇന്ന് അതു കൈമോശം വന്നിരിക്കുന്നു എന്നതിന്‍റെ സൂചനയാണു അവയ്ക്കു പുറത്തു നിന്നുള്ള പാര്‍ട്ടി പിന്തുണ. അതുകൊണ്ടും ഫലം കാണാതെ, മറ്റു ട്രെയ്ഡ് യൂണിയനുകളെ അണിനിരത്തി പൊതു പണിമുടക്കിനുള്ള ഒരുക്കങ്ങളും തുടങ്ങിയിരിക്കുന്നു. എന്നിട്ടും ഒരു ചര്‍ച്ചയ്ക്കു പോലും മുതിരുന്നില്ല സര്‍ക്കാര്‍. അതുകൊണ്ട് സര്‍ക്കാര്‍ കാര്യങ്ങള്‍ക്കൊന്നും ഒരു മുടക്കവും വരുന്നില്ല. ജീവനക്കാരുടെ സമരം ഏതു വഴിക്കാണു പോകുന്നതെന്ന് ഇനിയും സംശയമുള്ളവര്‍ മലപ്പുറത്തേക്കു വണ്ടി കയറുക. അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്നു ഭംഗിയായി നടത്തേണ്ടിയിരുന്ന സംസ്ഥാന സ്കൂള്‍ യുവജനോത്സവം മുസ്ലിം ലീഗുകാര്‍ എത്ര ഭംഗിയായാണു നടത്തുന്നതെന്നു നേരിട്ടു കാണാം. അധ്യാപക സംഘടനകളുടെ കാര്യം, ഹാ കഷ്ടം..!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ