പേജുകള്‍‌

2013, ജനുവരി 22, ചൊവ്വാഴ്ച

ജയ്പൂരിലെ ചിന്തന്‍ ശിവിറും 

ക്ലിഫ് ഹൗസിലെ ചിന്താധാരയും

 
 
ഇരിക്കാന്‍ ആഡംബരക്കസേര വേണ്ടാത്ത മുഖ്യമന്ത്രിയാണു നമുക്കുള്ളത്. കുഷ്യന്‍ പോലുമില്ലാത്ത തടിക്കസേര തന്നെ ധാരാളം. കിടക്കാന്‍ അരക്കട്ടില്‍ തികച്ചു വേണ്ട. തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിലെ കിടപ്പു മുറിയില്‍ കഷ്ടിച്ചു രണ്ടടി വീതിയുള്ള കട്ടിലില്‍ രണ്ടിഞ്ചു കനത്തിലുള്ള വെറുമൊരു ഖാദി മെത്ത വിരിച്ചാണ് ഉമ്മന്‍ ചാണ്ടിയുടെ കിടപ്പ്. കുടിക്കാന്‍ ഇളനീര്‍ക്കുഴമ്പോ ചിക്കന്‍ സൂപ്പോ ബദാം മിക്സോ യാതൊന്നും വേണ്ട. ഇത്തിരി കഞ്ഞിയും പയറും കിട്ടിയാല്‍ കുശാല്‍. വെളിച്ചം കിട്ടുന്ന ഒരു മുറിയും മൂക്കിനു മേല്‍ കണ്ണടയും കൈയിലൊരു പേനയുമുണ്ടെങ്കില്‍ എവിടെയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഓഫിസ് ആക്കി മാറ്റും. ആരെങ്കിലും ഒരു നിവേദനവും കൊണ്ടു വന്നാല്‍ അവിടുരുന്നു വാങ്ങി വായിച്ച് അടിക്കുറിപ്പെഴുതി അസിസ്റ്റന്‍റിനെ ഏല്പിക്കും. കാര്യം നടന്നോ ഇല്ലെയോ എന്നതു വേറേ കാര്യം. നിവേദനം കൊടുത്തവന്‍ ഹാപ്പി. ഉമ്മന്‍ ചാണ്ടിയും ഹാപ്പി.

കാര്യങ്ങളിങ്ങനെയൊക്കെയാണെങ്കിലും ഉമ്മന്‍ ചാണ്ടിക്കു ശത്രുക്കള്‍ കൂടി വരുന്നു എന്നാണ് അടുത്ത കാലത്ത് ഉയരുന്ന അശരീരി. പണ്ടു പാര്‍ട്ടിയില്‍ പടയുണ്ടായിരുന്നു. അന്ന് ആന്‍റണി കഴിഞ്ഞാല്‍ എ വിഭാഗത്തിന്‍റെ പടത്തലവന്‍ ഉമ്മന്‍ ചാണ്ടി തന്നെയായിരുന്നു. ആന്‍റണി ഹൈക്കമാന്‍ഡ് ആയതോടെ എ ഗ്രൂപ്പ് അദ്ദേഹം മനസുകൊണ്ടു പിരിച്ചു വിട്ടു. പക്ഷേ, ഉമ്മന്‍ ചാണ്ടിക്ക് എ ഗ്രൂപ്പ് ഇല്ലാതെ നിലനില്‍ക്കാന്‍ കഴിയാത്തതു കൊണ്ട് അദ്ദേഹമതു കൊണ്ടു നടന്നു, ഇപ്പോഴും കൊണ്ടു നടക്കുന്നു. തന്‍റെ സ്വന്തം ഗ്രൂപ്പില്‍ തനിക്കെതിരേ ഉപജാപങ്ങള്‍ നടക്കുന്നു എന്ന ഒരു തോന്നല്‍ (അതോ കണ്ടെത്തലോ) ഈയിടെയായി അദ്ദേഹത്തെ അലട്ടുന്നു എന്ന് അടുപ്പമുള്ളവര്‍ പറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പുരില്‍ നടന്ന പാര്‍ട്ടി ചിന്തന്‍ ശിവിറില്‍ ഉമ്മന്‍ ചാണ്ടിയുടെ അസാന്നിധ്യം അതാണത്രേ സൂചിപ്പിക്കുന്നത്.

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വലിയ ചിന്തയോ ബൈഠക്കോ ഒന്നും പതിവുള്ളതല്ല. എഐസിസിയാണു പാര്‍ട്ടിയുടെ പരമാധികാര പൊതു സമിതി. പൂര്‍ണ തോതില്‍ അതൊന്നു വിളിച്ചു കൂട്ടണമെങ്കില്‍ ഡല്‍ഹിയിലെ രാംലീലാ മൈതാനമോ തത്തുല്യ സ്ഥല സന്നാഹങ്ങളോ വേണം. അത്രയ്ക്കുണ്ട് എഐസിസി അംഗസംഖ്യ. വല്ലപ്പോഴും പ്രവര്‍ത്തക സമിതിയെന്ന ഡയറക്റ്റര്‍ ബോര്‍ഡ് യോഗം കൂടി രഘുപതി രാഘവ രാജാറാം പാടി പിരിയുകയാണു പതിവ്. അതുകൊണ്ട് ഐഐസിസി സമ്മേളനം എന്ന അതിസാഹത്തിനൊന്നും സാധാരണ മുതിരാറില്ല. അതുകൊണ്ടാണ് വളരെ അസാധാരണമായ നിലയില്‍ ഇന്നലെ ജയ്പൂരില്‍ കൂടിയ എഐസിസി യോഗം വാര്‍ത്തയായത്. അതിനു മുന്‍പ് രണ്ടു ദിവസങ്ങളിലായി ഇവിടെത്തന്നെ ആയിരുന്നു ചിന്തന്‍ ശിവിര്‍ എന്ന കോണ്‍ഗ്രസ് ബൗദ്ധിക പ്രക്ഷാളന മഹാമഹം.

ഈ മഹാമഹങ്ങളിലെല്ലാം പാര്‍ട്ടി നേതാക്കള്‍, പിസിസി പ്രസിഡന്‍റുമാര്‍, പാര്‍ട്ടിയുടെ മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എല്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. ഇതില്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടിയിരുന്ന ഉമ്മന്‍ ചാണ്ടി പക്ഷേ, അവസാന നിമിഷം യാത്ര മാറ്റിയതിന്‍റെ കാരണങ്ങള്‍ അന്വേഷിക്കുകയാണു പപ്പരാസിപ്പടയെന്നുമുണ്ട് കിംവദന്തികള്‍.

നല്ല രീതിയില്‍ ഭരണം നടത്താന്‍ പാര്‍ട്ടിയുടെ ഒരു മുഖ്യമന്ത്രിയെയും ഇന്നോളം അനുവദിച്ചിട്ടില്ല, കേരളത്തിലെ കോണ്‍ഗ്രസുകാര്‍. ഐക്യ കേരളത്തില്‍ പാര്‍ട്ടിയുടെ ആദ്യ മുഖ്യമന്ത്രി ആര്‍. ശങ്കറിന്‍റെ കാലത്തു തുടങ്ങിയ ഏര്‍പ്പാടാണത്. അധികാരമേറ്റ അന്നു മുതല്‍ തുടങ്ങി, ശങ്കറിനെ വലിച്ചിറക്കാനുള്ള ശ്രമങ്ങള്‍. ഇന്നു കേരള കോണ്‍ഗ്രസുകാര്‍ തങ്ങളുടെ തലതൊട്ടപ്പന്‍ എന്നു വാഴ്ത്തുന്ന പി.ടി. ചാക്കോ ജീവിച്ചതും മരിച്ചതും നല്ല കൊടിവച്ച കോണ്‍ഗ്രസുകാരനായിരുന്നു. (അദ്ദേഹത്തിന്‍റെ മരണ ശേഷമാണ് കേരള കോണ്‍ഗ്രസ് പിറന്നതും ചാക്കോ അതിന്‍റെ അമരക്കാരനായതും.)

1960 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ശങ്കര്‍ നയിച്ച കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും ശങ്കര്‍ മുഖ്യമന്ത്രി ആയില്ല. പകരം പിഎസ്പിയുടെ പട്ടം താണു പിള്ളയെ അവരോധിച്ചു. രണ്ടു വര്‍ഷത്തിനു ശേഷം പട്ടത്തെ പഞ്ചാബ് ഗവര്‍ണറാക്കി കെട്ടുകെട്ടിച്ചു ശങ്കര്‍ മുഖ്യമന്ത്രി ആയി. പി.ടി. ചാക്കോയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം നടത്തിയ ശങ്കര്‍ വിരുദ്ധ നിലപാടുകള്‍ക്കൊടുവില്‍ മന്ത്രിസഭയ്ക്കു ഭൂരിപക്ഷം നഷ്ടപ്പെട്ട് അദ്ദേഹം രാജിവച്ചു.

കെ. കരുണാകരനായിരുന്നു അടുത്ത അവസരം. രാഷ്ട്രീയത്തിലെ ചാണക്യ തന്ത്രങ്ങളെല്ലാം വശമുണ്ടായിരുന്നിട്ടും ഇടം വലം തിരിയാന്‍ സമ്മതിക്കാതെ വട്ടം ചുറ്റിച്ചവരില്‍ ഒപ്പമുണ്ടായിരുന്ന കോണ്‍ഗ്രസുകാരായിരുന്നു മുന്നില്‍. രാജന്‍ കേസ് മുതല്‍ ചാരക്കേസ് വരെ എന്തൊക്കെ കഥകള്‍. നേതൃമാറ്റ, അഖണ്ഡ നാമജപങ്ങള്‍ക്കൊടുവില്‍ പാവത്തിനെ ഒരു പരുവത്തിലാക്കി എന്നു പറഞ്ഞാല്‍ മതിയല്ലോ. ഗുരു കാരണവന്മാരുടെ അനുഗ്രഹം ഉണ്ടായിരുന്നതു കൊണ്ട് കോണ്‍ഗ്രസുകാരനായി മരിക്കാനുള്ള ഭാഗ്യമുണ്ടായി കരുണാകരന്. അല്ലായിരുന്നെങ്കില്‍ പി.ടി. ചാക്കോയെപ്പോലെ അദ്ദേഹത്തെയും മറ്റു വല്ലവരും ഹൈജാക്ക് ചെയ്തേനേ.

ഇന്നത്തെ സര്‍വ പ്രതാപിയായ സാക്ഷാല്‍ എ.കെ. ആന്‍റണിയെപ്പോലും വെറുതേ വിട്ടിട്ടില്ല, ഇവിടുത്തെ കോണ്‍ഗ്രസുകാര്‍ എന്നതും മറക്കരുത്. നേതൃമാറ്റം, പ്രതിച്ഛായ ചര്‍ച്ച എന്നൊക്കെപ്പറഞ്ഞ് രണ്ടു തവണ താഴെയിറക്കി. ഒരു തെരഞ്ഞെടുപ്പില്‍ തോല്പിച്ച് നാടുകടത്തപ്പെട്ട ആന്‍റണയുടെ ജാതക ഗുണം കൊണ്ട് അദ്ദേഹം ഇന്നത്തെ നിലയിലെത്തി.

മുന്‍ഗാമികളുടെ ഈ അനുഭവങ്ങള്‍ മനഃപാഠമാക്കിയിട്ടുണ്ട് ഉമ്മന്‍ ചാണ്ടി. അധികാരത്തിന്‍റെ രണ്ടാമൂഴത്തില്‍ രണ്ടു വര്‍ഷം തികയ്ക്കാന്‍ പോകുന്നു അദ്ദേഹം. പതിവു വച്ചു നോക്കിയാല്‍ പണി കിട്ടാന്‍ സമയമായി. പണി തരുന്നത് ഒപ്പം നില്‍ക്കുന്നവരോ, അതോ വടക്കു നിന്ന് ഇറക്കുമതി ചെയ്യുന്നവരോ എന്നു മാത്രമേ സംശയിക്കാനുള്ളൂ. ചിന്തന്‍ ശിവിറിന്‍റെ പോക്കു കണ്ടാല്‍ കാര്യങ്ങളുടെ പോക്ക് എളുപ്പം മനസിലാകും. പിസിസി പ്രസിഡന്‍റുമാരും ഡിസിസി പ്രസിഡന്‍റുമാരും മൂന്നു വര്‍ഷം വീതമുള്ള രണ്ടു ടേമില്‍ കൂടുതല്‍ തുടര്‍ച്ചയായി തുടരരുത് എന്നാണ് ഒരു ആലോചന. അവര്‍ക്കു പാര്‍ട്ടി ടേം കഴിഞ്ഞാല്‍ പാര്‍ലമെന്‍ററി രംഗത്ത് പയറ്റാം. മുഖ്യമന്ത്രിമാരുടെ കാര്യത്തില്‍ ഇങ്ങനെ ഒരു ആലോചന വന്നതായി ആരും പറഞ്ഞു കേട്ടില്ല. എന്നു കരുതി അങ്ങനെ ആലോചിച്ചു കൂടെന്നുമില്ല. അങ്ങനെ വന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ രണ്ടാമൂഴം കഴിയാറായി. ചെന്നിത്തലയുടേതും. ഒരു വച്ചു മാറ്റത്തിനു സാധ്യത തള്ളിക്കളയരുത്.

വയലാര്‍ രവി, വി.എം. സുധീരന്‍, കെ. ശങ്കര നാരായണന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ മുതലിങ്ങോട്ട് എത്ര പേരാണ് ക്ലിഫ് ഹൗസിലെ കട്ടില്‍ കണ്ടു പനിക്കുന്നത്? ഇവരില്‍ ചെന്നിത്തല ഒഴികെ എല്ലാവരും പഴയ എ ഗ്രൂപ്പുകാര്‍. പി.സി. ചാക്കോ, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയവരും കേരളഭരണത്തില്‍ അത്ര തൃപ്തരല്ലത്രേ. പ്രൊഫ. കെ.വി. തോമസ്, കെ.സി. വേണു ഗോപാല്‍ തുടങ്ങിയവരും മുറുമുറുപ്പിലാണ്. ഇവര്‍ക്കൊന്നും വെട്ടിത്തുറന്നൊന്നും പറയാന്‍ പറ്റുന്നില്ല എന്ന തിരിച്ചറിവില്‍ നിന്നാണ്, കേരളത്തിലെ ഭരണം അറു ബോറാണെന്ന് തിരുവനന്തപുരത്ത് ബ്രഹ്മോസ് ഉദ്ഘാടന വേദിയില്‍ ഉമ്മന്‍ ചാണ്ടിയെ വേദിയിലിരുത്തി സാക്ഷാല്‍ എ.കെ. ആന്‍റണി തുറന്നടിച്ചത്. മന്ത്രി കുഞ്ഞാലിക്കുട്ടിക്കാണ് കൊണ്ടതെങ്കിലും നൊന്തത് ഉമ്മന്‍ ചാണ്ടിക്കാണ്. പറഞ്ഞത് ആന്‍റണി മാറ്റിപ്പറഞ്ഞതുമില്ല.

കഴിഞ്ഞ ദിവസങ്ങളില്‍ ജയ്പൂരില്‍ നടന്ന ചിന്തന്‍ ശിവിറില്‍ ഇവരില്‍ പലരുമുണ്ടായിരുന്നു. കോണ്‍ഗ്രസിന്‍റെ പുതിയ യുവരാജാവിനെ അരിയിട്ടു വാഴിച്ചത് സാക്ഷാല്‍ എ.കെ. ആന്‍റണി. പാര്‍ട്ടി പുനഃഘടനയുടെ കരട് അവതരിപ്പിച്ചു കൈയടി നേടിയത് രമേശ് ചെന്നിത്തല. അവിടെച്ചെന്ന് സ്വന്തം സുവിശേഷം വിളമ്പിയാല്‍ ആരു കേള്‍ക്കാന്‍ എന്ന് ഉമ്മന്‍ ചാണ്ടി കരുതിയെങ്കില്‍ കുറ്റം പറയാനാവില്ല. പകരം നല്ലൊരു പണി അദ്ദേഹം പറ്റിച്ചതു കാണാതിരിക്കാനും കഴിയില്ല. ജയ്പൂര്‍ പ്രഖ്യാപനം അരങ്ങു തകര്‍ക്കുമ്പോള്‍, ഇംഗ്ലീഷ് അറിയാവുന്ന പത്രക്കാരെ ക്ലിഫ് ഹൗസില്‍ വിളിച്ചിരുത്തി, തന്‍റെ സര്‍ക്കാരിന്‍റെ കഴിഞ്ഞ 20 മാസത്തെ പ്രവര്‍ത്തന മികവ് വിശദീകരിച്ചു കൊടുത്തു ഉമ്മന്‍ ചാണ്ടി. കൊച്ചി മെട്രൊയുടെ പച്ചക്കൊടി, സ്മാര്‍ട്ട് സിറ്റിക്ക് ഏക സെസ്, കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ റണ്‍വേ, വിഴിഞ്ഞം തുറമുഖത്തിന്‍റെ പരിസ്ഥിതി ക്ലിയറന്‍സ് തുടങ്ങി ജന സമ്പര്‍ക്ക പരിപാടിയുടെ വന്‍ വിജയം വരെ അക്കമിട്ടു നിരത്തി.

തീര്‍ന്നില്ല. അടുത്ത ഇരുപതു മാസത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വാചാലനായി. വിഷന്‍ 2030 എന്ന സ്വപ്നം വേറേ. ചുരുക്കത്തില്‍ അടുത്ത പത്തു പതിനേഴു വര്‍ഷത്തേക്കുള്ള പദ്ധതികളുമായി അതിവേഗം പായുന്ന ഉമ്മന്‍ ചാണ്ടിക്ക് ചിന്തന്‍ ശിവിര്‍ പോലുള്ള ചില്ലറ മണിയടി പരിപാടികളിലൊന്നും വലിയ കമ്പമില്ല. ആരെങ്കിലും എവിടെയെങ്കിലും ഇരിക്കുകയോ ചിന്തിക്കുകയോ ദിവാസ്വപ്നം കാണുകയോ ഒക്കെ ചെയ്തോട്ടെ. നമുക്കെന്തു കാര്യം.

സോണിയയെ അരിയിട്ടു വാഴിക്കാന്‍ സ്വന്തം വാര്‍ധക്യകാലം ഉഴിഞ്ഞുവച്ച മുതിര്‍ന്ന നേതാവിയിരുന്നു കരുണാകരന്‍. രാഹുലിന്‍റെ അരിയിട്ടു വാഴ്ചയുടെ ഏകാംഗ കാര്‍മികന്‍ ആന്‍റണിയോട്, സോണിയ കരുണാകരനോടു ചെയ്തൊന്നും രാഹുല്‍ ചെയ്യാതിരിക്കട്ടെ. ആമേന്‍!

സ്റ്റോപ് പ്രസ്:

പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാന്ദന്‍റെ പെഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കെതിരായ അച്ചടക്ക നടപടി അടുത്ത കേന്ദ്ര കമ്മിറ്റിയിലേക്കു മാറ്റി.

പ്രതിലോമകാരികളും പ്രതിക്രിയാ വാദികളും തമ്മിലുള്ള അന്തര്‍ധാര തുടരുക തന്നെ ചെയ്യും..!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ