പേജുകള്‍‌

2013, ജനുവരി 28, തിങ്കളാഴ്‌ച

പെരുന്നയിലെ പ്രധാനമന്ത്രിമാര്‍



ഐക്യത്തിന്‍റെ കാര്യത്തില്‍ രാമലക്ഷ്മണന്മാര്‍ കഴിഞ്ഞിട്ടേയുള്ളൂ, മറ്റാരും. രാമനില്ലെങ്കില്‍ ലക്ഷ്മണനില്ല. അഥവാ, രാമനു വേണ്ടാത്തതൊന്നും ലക്ഷ്മണനു വേണ്ട. തിരിച്ചും. എന്നാത്മനാഥന്‍ വനത്തിന്നു പോയാല്‍, പിന്നെപ്പുരിവാസം എന്തിന്നു വേണ്ടി എന്നു സീതാദേവി, ശ്രീരാമനോടു ചോദിക്കുന്നതിന് എത്രയോ മുന്‍പേ, ശ്രീരാമപാദമൊഴിഞ്ഞൊന്നുമേ, മമ പ്രാണനില്ല എന്നു പ്രഖ്യാപിച്ച ആളാണു ലക്ഷ്മണന്‍. ത്രേതായുഗത്തിലാണ് ഈ അനുപമ സഹോദരങ്ങള്‍ ജീവിച്ചിരുന്നത് എന്നതിനാല്‍ നമുക്കാര്‍ക്കും അവരെ നേരിട്ട് അറിയില്ല. ആദികവി വാത്മീകിയും തുഞ്ചത്ത് ആചാര്യപാദരുമൊക്കെ വര്‍ണിച്ചു പരിചയപ്പെടുത്തിത്തന്നതാണ് അവരെ.

മഹാന്മാരെക്കുറിച്ചുള്ള അറിവുകള്‍ സ്വന്തം ജീവിതത്തിലേക്കു പകര്‍ത്തുകയാണ് ജ്ഞാനികളുടെ ലക്ഷണം. അങ്ങനെ രാമലക്ഷ്ണന്മാരുടെ ഐക്യം സ്വജീവിതത്തിലേക്കു പകര്‍ത്തിയ രണ്ടു ജ്യേഷ്ഠാനുജന്മാര്‍ നമുക്കിടയില്‍ ജീവിക്കുന്നതു കാണുമ്പോള്‍, പഴയ ത്രേതായുഗത്തെക്കുറിച്ച് ഓര്‍ത്തു പോകുന്നു. പെരുന്നയിലെ സുകുമാരന്‍ നായരും കണിച്ചു കുളങ്ങരയിലെ നടേശന്‍ മുതലാളിയുമാണ് അഭിനവ രാമലക്ഷ്മണന്മാര്‍.

രാമലക്ഷ്മണ കഥ പറയുന്ന രാമായണത്തിന് അനേകായിരം വിശകലനങ്ങളും വ്യാഖ്യാനങ്ങളുമുണ്ടെങ്കിലും അഭിനവ കഥയ്ക്ക് അത്രത്തോളം വ്യാഖ്യാനങ്ങള്‍ വിരചിതമായിട്ടില്ല. അന്തരിച്ച പി.കെ. നാരായണപ്പണിക്കര്‍ തന്‍റെ ജ്യേഷ്ഠ സഹോദരനാണെന്നു വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിട്ടുണ്ടെങ്കിലും മണിച്ചേട്ടന് ആ പദവി നല്കിയതായി വെള്ളാപ്പള്ളി വെളിപ്പെടുത്തിയിട്ടുമില്ല. എന്നു കരുതി അവരുടെ സഹോദര ബന്ധം രൂഢമൂലമാണെന്നു സമ്മതിക്കാതെ വയ്യ. ഒരാള്‍ പറയുന്നതാണ് മറ്റൊരാള്‍ക്കു വേദവാക്യം. എന്നാല്‍, ഈയിടെയായി ബന്ധത്തില്‍ ഇത്തിരി വിള്ളല്‍ വീഴുന്നില്ലേ എന്ന സംശയം ഇല്ലാതെയുമില്ല. മണിച്ചേട്ടനാണു കുഴപ്പങ്ങളുണ്ടാക്കുന്നതെന്നു വെള്ളാപ്പള്ളിയോട് അടുത്ത വൃത്തങ്ങള്‍.

നായര്‍- ഈഴവ ഐക്യത്തിന്‍റെ ബലം പറ്റി, മറ്റ് ഹൈന്ദവ സമുദായങ്ങളെക്കൂടി കൂടെക്കൂട്ടി, വിശാല ഹിന്ദു ഐക്യം ഉണ്ടാക്കി കുറച്ച് വോട്ടു സ്വരുക്കൂട്ടാനായിരുന്നു നടേശന്‍ മുതലാളിയുടെ പദ്ധതി. അതിനുള്ള ആള്‍ബലവും അര്‍ഥബലവും അദ്ദേഹത്തിനുണ്ടു താനും. കേരളത്തിന്‍റെ ജനസംഖ്യ പരിശോധിച്ചാല്‍ 27 ശതമാനത്തോളം വരും മുസ്ലിംകള്‍. 25 ശതമാനത്തോളം വരും ക്രൈസ്തവര്‍. അവശേഷിക്കുന്നവര്‍ ഹൈന്ദവര്‍. (കനേഷുമാരി പ്രകാരം ജാതിമതം തിരിച്ചുള്ള കണക്കുകള്‍ ലഭ്യമല്ല. മറ്റു പല കണക്കുകളില്‍ നിന്ന് ഭേദപ്പെട്ട ഒരെണ്ണം എടുത്തന്നേയുള്ളൂ. തെറ്റുണ്ടെങ്കില്‍ ആരും കോപിക്കരുത്) ഏതായാലും മുസ്ലിംകളെക്കാ ളും ക്രൈസ്തവരെക്കാളും കേരളത്തില്‍ ഹിന്ദുക്കളുടെ എണ്ണം ഇത്തിരി കൂടും.

എണ്ണത്തില്‍ കൂടുതലുള്ളവര്‍ക്കാണു സംഘബലം. അഥവാ തിണ്ണമിടുക്ക്. അങ്ങനെയുള്ളവര്‍ വേണം എണ്ണത്തില്‍ കുറഞ്ഞവരെ ഭരിക്കാന്‍ എന്ന കാര്യത്തില്‍ മറ്റാരൊക്കെ തര്‍ക്കിച്ചാലും മണിച്ചേട്ടനും വെള്ളാപ്പള്ളിക്കുമിടയില്‍ ഒരു തര്‍ക്കവുമില്ല. എന്നാല്‍, കേരളം ഇനി ഭരിക്കേണ്ടത് ഭൂരിപക്ഷ സമുദായമായിരിക്കണം എന്ന വാദത്തിലും വെള്ളാപ്പള്ളിക്ക് അശേഷമില്ല, അസ്ക്യത. എന്നാല്‍ ഭരണത്തലപ്പത്ത് ഒരു നായര്‍ തന്നെ വേണമെന്ന് മണിച്ചേട്ടനല്ല, അതിലും വലിയ ചേട്ടന്മാര്‍ പറഞ്ഞാലും വെള്ളാപ്പള്ളി കോപിക്കും.

ക്ഷേത്രമായ ക്ഷേത്രങ്ങളിലെല്ലാം നായര്‍ പൂജാരികള്‍ മാത്രം പൂജിച്ചാല്‍ മതിയെന്നു സുകുമാരന്‍ നായര്‍ പറഞ്ഞതിന്‍റെ കലിപ്പ് അടങ്ങിയിട്ടില്ല, മുതലാളിക്ക്. അയിത്തവും അനാചാരവും കൊടികുത്തി നിന്ന കാലത്ത് ഈഴവാദി പിന്നാക്ക വിഭാഗക്കാര്‍ക്കു ക്ഷേത്രങ്ങളില്‍ പ്രവേശനം വിലക്കപ്പെട്ടിരുന്ന കാലത്ത്, ആലുവയിലും അരുവിക്കരയിലും മറ്റും ഈഴവ ശിവനെ പ്രതിഷ്ഠിച്ച് കീഴ്ജാതിക്കാര്‍ക്കു ക്ഷേത്രാചാരങ്ങള്‍ക്ക് അവസരം ഒരുക്കിയിട്ടുണ്ട് ശ്രീനാരായണ ഗുരുദേവന്‍. അതു പക്ഷേ, ഒരു സമുദായത്തെ ചെറുതാക്കാനോ വലുതാക്കാനോ ആയിരുന്നില്ല, അധഃസ്ഥിത വിഭാഗങ്ങള്‍ക്കു കൂടി ക്ഷേത്ര പ്രവേശനം ഒരുക്കാനായിരുന്നു.

നായന്മാരുടെ ക്ഷേത്രം, നായന്മാരുടെ പൂജ... ഇതൊക്കെ നായന്മാര്‍ക്കു തീരുമാനിക്കാവുന്നതേയുള്ളൂ. എന്നാല്‍ കേരളം ഭരിക്കേണ്ടത് ആരെന്നു തീരുമാനിക്കാനുള്ള അവകാശം കൂടി നായര്‍ക്കു വേണമെന്നു പറയുന്നത് ഇത്തിരി കടന്ന കൈ തന്നെ. ഈ തീറവകാശം നായര്‍ക്കെന്നല്ല, മലപ്പുറത്തുള്ളവര്‍ക്കും പതിച്ചു കൊടുത്തിട്ടില്ല കേരള ജനത. പാലായിലും പുതുപ്പള്ളിയിലുമുള്ളവര്‍ക്കുമില്ല അതിനുള്ള പൈതൃകാവകാശം. കെപിസിസി പ്രസിഡന്‍റ് രമേശ് ചെന്നിത്തലയെ മന്ത്രിയാക്കാതെ ഇനി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ഒരു നിമിഷം മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞത് ഇത്തിരി കടന്ന കൈ ആയിപ്പോയി.

ആലപ്പുഴ ചെന്നിത്തലയിലെ സര്‍ക്കാര്‍ ഹൈസ്കൂളില്‍ കെഎസ്യു യൂനിറ്റ് പ്രസിഡന്‍റ് ആയി രാഷ്ട്രീയം കളിച്ചു തുടങ്ങിയ ആളാണു രമേശ് ചെന്നിത്തല. മികച്ച വാഗ്മി, സംഘാടകന്‍, ബഹുഭാഷാ പണ്ഡിതന്‍, എംഎല്‍എ, എംപി, മന്ത്രി, അഖിലേന്ത്യാ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ്, എഐസിസി സെക്രട്ടറി തുടങ്ങിയ പദവികള്‍ അലങ്കരിച്ച ശേഷമാണ് അദ്ദേഹം ഇപ്പോള്‍ കെപിസിസി പ്രസിഡന്‍റ് ആയിരിക്കുന്നത്. കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ആരൊക്കെ എവിടെയൊക്കെ ഇരിക്കണമെന്നു തീരുമാനിക്കാന്‍ ചുമതലപ്പെട്ട ഇപ്പോഴത്തെ കേരളത്തിലെ പാര്‍ട്ടി ഹൈക്കമാന്‍ഡ്. അങ്ങനെയുള്ള രമേശ് ചെന്നിത്തലയ്ക്കു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സീറ്റ് വാങ്ങിക്കൊടുത്തത് താന്‍ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിട്ടാണെന്നു പറയുന്ന ജി. സുകുമാരന്‍ നായരുടെ അല്പത്വത്തെ കുറഞ്ഞ പക്ഷം രമേശ് ചെന്നിത്തല എങ്കിലും ഖണ്ഡിക്കണമായിരുന്നു.

തെരഞ്ഞെടുപ്പ് കാലത്തു കോണ്‍ഗ്രസ് നേതാക്കള്‍ മതനേതാക്കളെ കാണാന്‍ പോകുന്നതിനെതിരേ നിരവധി പേര്‍ രംഗത്തു വന്നിട്ടുണ്ട്. മദ്രസകളിലും പള്ളികളിലും അരമനകളിലും സമുദായ നേതാക്കളുടെ അന്തഃപുരങ്ങളിലും കയറിയിറങ്ങിയാലേ തങ്ങള്‍ക്കു ജയ സാധ്യത ഉള്ളൂ എന്നു മുഖ്യധാരാ രാഷ്ട്രീയ നേതാക്കളുടെ അബദ്ധ ധാരണയാണ് സമുദായ രാഷ്ട്രീയങ്ങളുടെ പൊയ്ക്കാല്‍ വിഗ്രഹങ്ങളെ സൃഷ്ടിക്കുന്നത്.

എണ്ണം കൊണ്ട് വളരെ ദുര്‍ബലമായ ബ്രാഹ്മണ സമുദായത്തില്‍ നിന്ന് ഇഎംഎസ് നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായതു യോഗക്ഷേമ സഭയുടെ പിന്‍ബലത്തിലല്ല. എസ്എന്‍ഡിപി യോഗത്തിന്‍റെയും എസ്എന്‍ ട്രസ്റ്റിന്‍റെയും അമരത്തിരുന്നിട്ടും ആര്‍. ശങ്കര്‍ കേരളം ഭരിച്ചത് അദ്ദേഹത്തിന്‍റെ സമുദായബലത്തിലായിരുന്നില്ല. വി.എസ്. അച്യുതാനന്ദനെ മുഖ്യമന്ത്രിയാകാന്‍ ഒരിക്കല്‍പ്പോലും പിന്തുണച്ചിട്ടില്ല, എസ്എന്‍ഡിപി യോഗം. സി. അച്യുത മേനോനെയും കെ. കരുണാകരനെയും പി.കെ. വാസുദേവന്‍ നായരെയും മുഖ്യമന്ത്രിമാരാക്കിയത് തങ്ങളാണെന്ന് അന്നത്തെ ഒരു എന്‍എസ്എസ് നേതാവും പറഞ്ഞിട്ടുമില്ല. കേരളത്തിന്‍റെ എക്കാലത്തെയും സരസ മുഖ്യമന്ത്രി ഇ.കെ. നായനാര്‍ ഏതു സമുദായക്കാരനാണെന്ന് ഏതെങ്കിലും ഒരു സ്കൂള്‍ വിദ്യാര്‍ഥി ഇന്നോളം മനഃപാഠം പഠിച്ചിട്ടുണ്ടോ? മുസ്ലിം ലീഗുകാരനാണെങ്കിലും സി.എച്ച് മുഹമ്മദ് കോയ മുസ്ലിം ആയതു കൊണ്ടാണ് മുഖ്യമന്ത്രിയായതെന്ന് ഏതെങ്കിലും മത നേതാക്കള്‍ പറഞ്ഞതായി കേട്ടിട്ടില്ല.

കേരളത്തിന്‍റെ മുഖ്യമന്ത്രി ആകാന്‍ എല്ലാ യോഗ്യതയും ഉണ്ടായിട്ടും തന്നെ മുഖ്യമന്ത്രി ആക്കണമെന്ന ആവശ്യവുമായി കെ.എം. മാണി ഒരു അരമനയിലും പോയതായി അറിവില്ല. പോയാല്‍ അദ്ദേഹം മുഖ്യമന്ത്രി ആവുകയുമില്ല; കേരളത്തിലെ ജനങ്ങള്‍ അദ്ദേഹത്തെ പിന്തുണച്ചില്ലെങ്കില്‍. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ കാര്യത്തിലും ഇതു തന്നെയാണ് അവസ്ഥ. ഇരുവരും രാഷ്ട്രീയമായി അതിനുള്ള കരുത്തു നേടിയാല്‍ മുഖ്യമന്ത്രിയല്ല, പ്രധാനമന്ത്രി തന്നെ ആവുകയും ചെയ്യും.

ഉമ്മന്‍ ചാണ്ടിയെ മുഖ്യമന്ത്രിയാക്കിയത് ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷനല്ല. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ ഹൈക്കമാന്‍ഡ് ആണ്. രമേശ് ചെന്നിത്തലയെ കെപിസിസി പ്രസിഡന്‍റ് ആക്കിയത് എന്‍എസ്എസുമല്ല, കോണ്‍ഗ്രസിന്‍റെ ഹൈക്കമാന്‍ഡ് തന്നെ. അതിന്‍റെയൊക്കെ ക്രഡിറ്റ് എടുക്കാന്‍ ശ്രമിക്കുന്നവര്‍ വൈക്കം മുഹമ്മദ് ബഷീറിന്‍റെ വിഖ്യാത കഥാപാത്രത്തെ ഓര്‍ക്കണം. കേരളത്തിന്‍റെ മുഖ്യമന്ത്രിയും മന്ത്രിയും മറ്റ് ഭരണത്തലവന്മാരുമാകാന്‍ യോഗ്യതയും കഴിവുള്ള ലക്ഷക്കണക്കിന് ആളുകള്‍ എല്ലാ സമുദായങ്ങളിലുമുണ്ട്. സ്വന്ത നിലയില്‍ ഒരു പാര്‍ട്ടിയുണ്ടാക്കി, അതിന്‍റെ പ്രതിനിധികളെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ച് വിജയിപ്പിച്ചു ഭൂരിപക്ഷമുണ്ടാക്കി, മുഖ്യമന്ത്രിയെയോ പ്രധാനമന്ത്രിയെത്തന്നെയോ സൃഷ്ച്ചിട്ട് ആസ്ഥാനമന്ദിരങ്ങളിലിരുന്നു കല്പിക്കട്ടെ, ദേ, ഇദ്ദേഹത്തെ മുഖ്യമന്ത്രി അഥവാ, മന്ത്രി ആക്കിയത് ഞാനാണ് അല്ലെങ്കില്‍ എന്‍റെ സമുദായമാണ് എന്ന്. എന്‍ഡിപി, എസ്ആര്‍പി തുടങ്ങിയ പഴയ കാല പാര്‍ട്ടികള്‍ എത്രയെണ്ണമുണ്ടായിരുന്നു, ഇവിടെ? അതൊന്നു പുനഃരുജ്ജീവിപ്പിച്ചിട്ടു പോരേ, അധികാരത്തില്‍ ആജ്ഞാനുവര്‍ത്തികളെ അവരോധിക്കാനുള്ള അതിമോഹം. മുസ്ലിം ലീഗിന്‍റെയും കേരള കോണ്‍ഗ്രസിന്‍റെയും വാലേല്‍ കെട്ടാന്‍ വളര്‍ന്നോ നായന്മാരുടെയും ഇഴവരുടെയും ബ്രാന്‍ഡഡ് പാര്‍ട്ടികള്‍?

സുകുമാരന്‍ നായര്‍ക്കു സ്വന്തം മുഖ്യമന്ത്രിയെ ഉണ്ടാക്കണമെങ്കില്‍ പഴയ എന്‍ഡിപിയെ ഒന്നു പുനരുജ്ജീവിപ്പിച്ചു നോക്ക്. എന്നിട്ടാവട്ടെ, ചെന്നിത്തലയുടെ മേല്‍വിലാസത്തില്‍ ഹജൂര്‍ കച്ചേരി അടക്കി ഭരിക്കാനുള്ള അതിമോഹം. പെരുന്നയിലെ ജനറല്‍ സെക്രട്ടറിയുടെ ആടുതല്ലിയല്ല കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷനെന്നു നാലാള്‍ കേള്‍ക്കെ വിളിച്ചു പറയാന്‍ പോന്ന ചങ്കൂറ്റം രമേശ് ചെന്നിത്തലയ്ക്ക് ഉണ്ടാകട്ടെ. അതിനു വേണ്ടി പെരുന്ന ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ വഴിപാടു നേരട്ടെ കോണ്‍ഗ്രസുകാരായ നല്ല നായന്മാര്‍.!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ