പേജുകള്‍‌

2013, ഫെബ്രുവരി 5, ചൊവ്വാഴ്ച

പീഡ( ിത)ന വ്യവസായം, 
അഥവാ പെണ്‍വാണിഭം


അര്‍ധരാത്രിക്കു സൂര്യന്‍ ഉദിക്കരുത് എന്ന് ആഗ്രഹിക്കുന്നവരാണ് മഹാഭൂരിപക്ഷവും. തനിനിറം ഒരിക്കലും വെളിച്ചത്തു വരരുത് എന്ന് നിര്‍ബന്ധമുള്ളവരാണ് ഇവര്‍. മാന്യതയുടെ മുഖാവരണം അണിഞ്ഞ് സമൂഹത്തില്‍ ഔന്നത്യത്തിന്‍റെ സിംഹാസനത്തില്‍ ഇരിക്കുന്ന ഇക്കൂട്ടരുടെ ഇമേജ് മറയാക്കി ജീവിക്കുന്ന വളരെ ചെറിയ ഒരു ന്യൂനപക്ഷവുമുണ്ട്. ഈ രണ്ടു കൂട്ടരും തമ്മിലുള്ള ഏറ്റുമുട്ടലിന്‍റെ സാക്ഷികളാണ് ഇന്നത്തെ ശരാശരി മലയാളി സമൂഹം. പിടിച്ചുപറി, തട്ടിപ്പ്, കൊള്ള, കൊലപാതകം തുടങ്ങിയ സാധാരണ കുറ്റകൃത്യങ്ങള്‍ക്കു വാര്‍ത്തയുടെ ലോകത്ത് വലിയ മാര്‍ക്കറ്റില്ല. പീഡനമാണ് പിടിച്ചു നില്‍ക്കാന്‍ പറ്റിയ ഏക കച്ചിത്തുരുമ്പ്. അതില്‍ ചുറ്റിപ്പറ്റി ജീവിക്കുന്ന വളരെച്ചെറിയ ഒരു വിഭാഗവുമുണ്ട്.

ഇരയ്ക്കും ഇണയ്ക്കും വേണ്ടിയുള്ള യുദ്ധമാണ് മാനവരാശിയുടെ ചരിത്രം തന്നെ. ഇരയ്ക്കു പരിധിയുണ്ട്. ഇണയുടെ കാര്യത്തില്‍ അങ്ങനെയല്ല. എത്ര കിട്ടിയാലും പലര്‍ക്കും മതിയാകുന്നില്ല. ഈ ത്വരയാണ് ഇന്നും സമൂഹത്തിന്‍റെ ഉറക്കം കെടുത്തുന്നത്. ദശാബ്ദങ്ങള്‍ കഴിഞ്ഞിട്ടും ഐസ് ക്രീം കേസും സൂര്യനെല്ലിയും കിളിരൂരും ലൈവ് ആയി നില്‍ക്കുന്നതിന്‍റെ കാരണവും അതു തന്നെ.

പെണ്‍വാണിഭം എന്ന പ്രയോഗത്തിനാണു പുതുമ. എന്നാല്‍ സ്ത്രീ സംബന്ധമായ വിഷയങ്ങള്‍ക്ക് ഒരു പുതുമയുമില്ല. മാനവരാശിയോളം തന്നെ പഴക്കമുണ്ട് ഈ പ്രക്രിയയ്ക്ക്. പുരാതന സിംഹാസനങ്ങളില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിരുന്നവരാണ് ദേവദാസികള്‍. അപൂര്‍വമെങ്കിലും പല സിംഹാസനങ്ങളിലും ദേവദാസികള്‍ക്കു മാന്യമായ ഇരിപ്പിടങ്ങളും പ്രാതിനിധ്യവും ലഭിച്ചിട്ടുണ്ട്. എന്നാല്‍ അതിലെ കച്ചവട സാധ്യതകള്‍ കണ്ടു പിടിച്ചത് ആധുനിക സമൂഹമാണെന്നു പറയാതെ വയ്യ.

പീഡനം എന്ന വാക്കിന് പെണ്‍വാണിഭം എന്നു കൂടി അര്‍ഥം കല്‍പ്പിച്ച സംഭവമാണ് സൂര്യനെല്ലി. മലയാളികളുടെ സാംസ്കാരിക പൈതൃകത്തിനേറ്റ വലിയ മുറിവാണ് ഈ സംഭവം. പതിനെട്ടു വയസു പൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ ഒന്നര മാസത്തിനുള്ളില്‍ നാലപതില്‍പ്പരം പേര്‍ ചേര്‍ന്നു ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു. അറിവില്ലാത്ത പ്രായത്തില്‍ ഒരു പെണ്‍കുഞ്ഞിനെ അങ്ങനെ ദുരുപയോഗം ചെയ്യാന്‍ കഴിയുമോ എന്ന് ആലോചിക്കുന്ന മഹാഭൂരിപക്ഷം വരുന്ന രക്ഷിതാക്കളുടെ പക്ഷത്താണ് ഈ ലേഖകന്‍. കര്‍ക്കശമായി ഒരു നോട്ടത്തില്‍ തളയ്ക്കാവുന്നതേയുള്ളു ഏതു ലൈംഗികാതിക്രമവും. വകതിരിവുള്ള ഏതെങ്കിലും ഒരു പെണ്‍കുട്ടിയെ വശപ്പിശകായി ഒന്നു നോക്കിയാല്‍ ജയില്‍ശിക്ഷ ലഭിക്കാന്‍ പറ്റിയ വകുപ്പുകളും നിയമ വ്യവസ്ഥകളും നമ്മുടെ നാട്ടിലുണ്ടു താനും. മാനഭംഗക്കേസില്‍ വധ ശിക്ഷ വേണമെന്നു വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി ഒപ്പുവയ്ക്കു മുന്‍പുതന്നെ തിരുവനന്തപുരം വെമ്പായത്ത് ആര്യ എന്ന പെണ്‍കുഞ്ഞിനെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ കേസില്‍ രാജേഷ് കുമാര്‍ എന്ന ഓട്ടൊറിക്ഷ ഡ്രൈവര്‍ക്ക് വധ ശിക്ഷ വിധിക്കാന്‍ പുതിയ ഒരു നിയമപുസ്തകവും പരതേണ്ടി വന്നില്ല, തിരുവനന്തപുരം ജില്ലാ സെഷന്‍സ് ജഡ്ജിക്ക്. അതിനുള്ള വകുപ്പുകള്‍ വളരെ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട് പണ്ടേക്കു പണ്ടു തന്നെ നമ്മുടെ സിവില്‍ ക്രിമിനല്‍ കോഡില്‍.

പതിനാറു വര്‍ഷമായി തുടരുന്ന സൂര്യനെല്ലി കേസും ഇതു പോലെ തീര്‍പ്പാക്കപ്പെടേണ്ടതാണ്. സൂര്യനെല്ലിയെക്കാള്‍ എത്രയോ വലിയ പീഡനക്കേസുകള്‍ ഉണ്ടായിട്ടുണ്ട് കേരളത്തില്‍. അവയ്ക്കു ലഭിക്കാതെ പോയ എന്തു പ്രസക്തിയും പ്രാധാന്യവുമാണ് സൂര്യനെല്ലിക്കുള്ളത്? ആരുടെ കുറ്റം കൊണ്ടാണ് സൂര്യനെല്ലി കേസ് ഉണ്ടായത്? പുലര്‍ച്ചെ അഞ്ചു മണിക്കു പുറപ്പെടുന്ന ഒരു സ്വകാര്യ ബസില്‍ പതിവായി യാത്ര ചെയ്യാന്‍ പാകത്തിന് ഒരു പെണ്‍കുട്ടിയെ പ്രേരിപ്പിച്ച സാഹചര്യം കൂടി ചര്‍ച്ച ചെയ്യേണ്ടതില്ലേ, ആധുനിക സൂമഹം. സ്വന്തം ഇഷ്ടപ്രകാരമാണ് സൂര്യനെല്ലി പെണ്‍കുട്ടി വീടു വിട്ടിറങ്ങിയതും വഴിവിട്ടു സഞ്ചരിച്ചതും. എന്നിട്ടും ആ പെണ്‍കുട്ടിക്കു നിയമപരമായ സംരക്ഷണം നല്‍കാന്‍ പൊതു ഖജനാവില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ ലക്ഷങ്ങള്‍ ചെലവാക്കി. പ്രത്യേക പരിഗണന നല്‍കി മന്ത്രി സഭാ തീരുമാനപ്രകാരം സംസ്ഥാന സര്‍ക്കാര്‍ ജോലി നല്‍കി. ഇതൊക്കെ കഴിഞ്ഞിട്ടും ഇന്നും സര്‍ക്കാര്‍ വ്യവഹാരങ്ങളില്‍ സജീവമായി നിലനില്‍ക്കാന്‍ മാത്രം എന്തു പ്രാധാന്യമാണ് സൂര്യനെല്ലി കേസിനുള്ളതെന്ന് നൂറു വട്ടം ആലോചിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.

സൂര്യ നെല്ലി പെണ്‍കുട്ടിക്ക് ഇപ്പോള്‍ 34 വയസുണ്ട്. സംസ്ഥാന സര്‍ക്കാരില്‍ ജോലിയുമുണ്ട്. അനേക ലക്ഷം പാവപ്പെട്ട മലയാളികളെക്കാള്‍ ഉയര്‍ന്ന നിലയിലുമാണ് അവരുടെ ജീവിതം. വിചാരണയും പുനര്‍ വിചാരണയും പിന്നിട്ട് എന്നേ അടഞ്ഞ അധ്യായവുമാണ് അവരുടേത്. ഇനിയും നീതി ലഭിച്ചില്ലെന്ന് തോന്നുന്നെങ്കില്‍ അവര്‍ സ്വന്തം നിലയില്‍ നിയമയുദ്ധം നടത്തണം. അല്ലാതെ സൂര്യ നെല്ലി കേസില്‍ പൊതു ഖജനാവില്‍ നിന്ന് ചില്ലിക്കാശു പോലും ചെലവാക്കാന്‍ പാടില്ലാത്തതാണ്.

സൂര്യനെല്ലി കേസ് എന്നല്ല, ഒരു പീഡനക്കേസിലും സര്‍ക്കാര്‍ കക്ഷി ചേരരുത് എന്ന വിനീതമായ അഭിപ്രായമുള്ള ലക്ഷക്കണക്കിന് ജനങ്ങളുടെ പക്ഷത്താണ് ഈ ലേഖകനും. നിഷേധിക്കപ്പെട്ട നീതിക്കു വേണ്ടി നിരവധി കേസുകളില്‍പ്പെട്ട് വലയുന്ന എത്രയോ ലക്ഷം ആളുകളുണ്ട്. ഒരു ജീവിതകാലം മുഴുവന്‍ പരിശ്രമിച്ചിട്ടും സര്‍ക്കാര്‍ ജോലി എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടാതെ പോയവരുണ്ട്. അവര്‍ക്കൊന്നും ലഭിക്കാതെ പോയ സൗഭാഗ്യം മാനഭംഗത്തിന്‍റെ പേരില്‍ ആരെങ്കിലും സ്വന്തമാക്കുന്നത് ന്യായീകരിക്കാനാവില്ല. സ്വയം മാനഭംഗത്തിന് വശപ്പെട്ട ശേഷം, അത് സര്‍ക്കാര്‍ ജോലിക്കു പോലും മാനദണ്ഡമാക്കപ്പെടുന്ന സാഹചര്യം ഒരുതരത്തിലും അംഗീകരിക്കാനാവില്ല. മാനഭംഗത്തിനിരയാകുന്നവര്‍ക്ക് സര്‍ക്കാര്‍ സംരക്ഷണവും പുനരധിവാസവും എന്ന മുന്‍വിധി അടിയന്തിരമായി പരിഷ്കരിക്കപ്പെടേണ്ടതുണ്ട്. അത്തരം കേസുകള്‍ നടത്തുന്നതുപോലും അതിന് ഇരയാകുന്നവരുടെ സ്വന്തം ചെലവില്‍ മതി എന്നു വന്നാല്‍ത്തന്നെ, കുറയും മിക്ക പീഡനക്കേസുകളും. സ്വയം പീഡനത്തിന് അവസരം ഒരുക്കുകയും ഒടുവില്‍ കച്ചവട വ്യവസ്ഥയ്ക്ക് ഭംഗം വരുമ്പോള്‍ പീഡനം എന്നു പറഞ്ഞ് പൊതുസമൂഹത്തിലിറങ്ങുകയും ചെയ്യുന്നവര്‍ ഒരു തരത്തിലുമുള്ള സഹാനുഭൂതി അര്‍ഹിക്കിക്കുന്നില്ല. കെട്ടുപ്രായം കഴിഞ്ഞിട്ടും മാനം വില്‍ക്കാതെ, പട്ടിണി കിടന്നു ജീവിതം തള്ളി നീക്കുന്ന എത്രയോ സഹോദരിമാരുണ്ട് നമുക്കിടയില്‍. അവരില്‍ ഒരാളെയെങ്കിലും സംരക്ഷിക്കാന്‍ ശ്രമിക്കട്ടെ, പൊതു സമൂഹവും സര്‍ക്കാരും. അല്ലാതെ പീഡിപ്പിച്ചവരുടെ എണ്ണം നോക്കി സാമ്പത്തിക സഹായവും സര്‍ക്കാര്‍ സൗജന്യങ്ങളും നല്‍കുന്ന ഇപ്പോഴത്തെ ഏര്‍പ്പാട് അവസാനിപ്പിക്കാത്തിടത്തോളം പീഡനക്കേസുകള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. സൂര്യനെല്ലി കേസ് പൊതുസമൂഹത്തിന്‍റെയോ സര്‍ക്കാരിന്‍റെയോ കുഴപ്പം കൊണ്ടു സംഭവിച്ചതല്ല. അതുകൊണ്ടു തന്നെ ഇനി ആ കേസ് നടത്തേണ്ട ബാധ്യതയും പൊതു സമൂഹത്തിനല്ല. അതിന് ഇരയായവര്‍ക്ക് കേസ് നടത്താനുള്ള ശേഷിയുമുണ്ട്. അവര്‍ കേസ് നടത്തുകയോ ഒതുക്കുകയോ ചെയ്യട്ടെ. പെണ്‍വാണിഭം ഇപ്പോള്‍ വലിയ ലാഭമുണ്ടാക്കുന്ന കച്ചവടമാണ്. കോഴിക്കോട് ഐസ് ക്രീം കേസില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടിയെ രാഷ്ട്രീയ ലാഭത്തിനു വേണ്ടി ആരൊക്കെയോ മാസശമ്പളം നല്‍കി പരിപാലിക്കുന്നു എന്നാണു പുതിയ വെളിപ്പെടുത്തല്‍. സൂര്യനെല്ലി പെണ്‍കുട്ടിയുടെ കാര്യത്തിലും അത്തരത്തില്‍ എന്തൊക്കെയോ കച്ചവടങ്ങള്‍ ഉണ്ടെന്നുമുണ്ട് വര്‍ത്തമാനം. ഇത്തരക്കാര്‍ക്ക് പൊതുഖജനാവില്‍ നിന്ന് എന്തെങ്കിലും സഹായം ലഭിക്കുന്നത് വളരെ മ്ലേച്ഛമായ സന്ദേശമാകും നല്‍കുന്നത്. ഇത്തരം കേസുകള്‍ വിട്ട്, പാവപ്പെട്ട എത്രയോ ആളുകളെ ബാധിക്കുന്ന എത്രയോ വലിയ കാര്യങ്ങളുണ്ട്. അതില്‍ ശ്രദ്ധിക്കട്ടെ, സര്‍ക്കാരും പൊതു സമൂഹവും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ