പേജുകള്‍‌

2013, ഫെബ്രുവരി 28, വ്യാഴാഴ്‌ച

 

ചിദംബരത്തിന്‍റെ പെട്ടിയില്‍ എന്തുണ്ട് ?

 
 
പ്രശസ്തമായ ഹാര്‍വാഡ് സര്‍വകലാശാലയില്‍ നിന്നു നിയമബിരുദം നേടിയിട്ടുണ്ട് പളനിയപ്പന്‍ ചിദംബരം എന്ന നമ്മുടെ ധനമന്ത്രി. രാഷ്ട്രീയപ്പണി അത്ര തിട്ടമില്ലെന്നേയുള്ളൂ. കോര്‍പ്പറേറ്റ് ആക്റ്റുകള്‍ കരതലാമലകം പോലെ ഹൃദിസ്ഥം. മദ്രാസ് ഹൈക്കോടതി മുതല്‍ സൂപ്രീം കോടതിയും കടന്നു യുഎസ് പരമാധികാര കോടതി വരെയും ചിദംബരം കേസ് നടത്തിയിട്ടുണ്ട്. ലോകപ്രശസ്ത അമെരിക്കന്‍ ബ്രാന്‍ഡ് ആയിരുന്ന എന്‍റോണ്‍ കമ്പനിയുടെ വക്കീലായിരുന്നു ഒരിക്കല്‍ ചിദംബരം. 2000ല്‍ 101 ലക്ഷം കോടി അമെരിക്കന്‍ ഡോളറിന്‍റെ ടേണോവര്‍ ഉണ്ടായിരുന്ന ഈ കമ്പനി ഇപ്പോള്‍ പാപ്പരായത് ചിദംബരം കേസ് നടത്തിയതു കൊണ്ടല്ല എന്നത് എടുത്തു പറയണം. പക്ഷേ, അങ്ങനെയും സംഭവിച്ചിട്ടുണ്ട് ചരിത്രം എന്ന് ഓര്‍മിക്കാതെ വയ്യ.

പാര്‍ലമെന്‍റില്‍ ഇന്നു തന്‍റെ ആറാമത്തെ ബജറ്റ് അവതരണത്തിനു പെട്ടി തുറക്കുമ്പോള്‍ ചിദംബരം ഒരുപക്ഷേ, തുറന്നു പറഞ്ഞില്ലെങ്കിലും ഒരു കാര്യം മനസിലെങ്കിലും പറയും. ദൈവമേ, എന്‍റോണിനെപ്പോലെ ഭാവിയില്‍ എന്‍റെ രാജ്യവും പാപ്പര്‍പ്പട്ടികയില്‍ ഉള്‍പ്പെട്ടു പോകരുതേ എന്ന്. ഈ പ്രാര്‍ഥന ഫലിക്കണമെങ്കില്‍ ദൈവത്തിനു മാത്രമല്ല, ചിദംബരത്തിനും ചിലതൊക്കെ ചെയ്തേ മതിയാകൂ. അങ്ങനെ ചെയ്താല്‍ അതിന്‍റെ പഴി താന്‍ മാത്രമല്ല, ആസന്നമായ തെരഞ്ഞെടുപ്പിലേക്കു പാര്‍ട്ടിയെ കൈപിടിച്ചു നടത്താനിരിക്കുന്ന ബൂത്ത് പ്രസിഡന്‍റ് വരെ കേള്‍ക്കേണ്ടി വരുമെന്നതും ചിദംബരത്തിന്‍റെ ഉറക്കം കെടുത്തുന്നു. ചുരുക്കത്തില്‍ പഴയൊരു പഴങ്കഥയിലെ കുട്ടിയുടെ റോള്‍ ആണ് ഇപ്പോള്‍ ചിദംബരത്തിന്. നേരു പറഞ്ഞാല്‍ അമ്മയ്ക്ക് അടി കൊള്ളും. കള്ളം പറഞ്ഞാല്‍ അച്ഛന്‍ പട്ടിയിറച്ചി തിന്നും എന്ന അവസ്ഥ.

പരിതാപകരമാണു നമ്മുടെ സാമ്പത്തിക സ്ഥിതി. ആഗോള സാമ്പത്തിക മാന്ദ്യത്തിന്‍റെ തണല്‍ പറ്റി, രക്ഷപ്പെടാവുന്ന അവസ്ഥയിലല്ല നമ്മളിപ്പോള്‍. സാമ്പത്തിക പരിഷ്കരണ നടപടികളിലൂടെ നടുവൊടിഞ്ഞു തരിപ്പണമായ ഇറ്റലി, സ്പെയ്ന്‍, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളുടെ നിരയിലേക്ക് ഇന്ത്യ ചെന്നു വീഴുമോ എന്നാണ് അന്താരാഷ്ട്ര സമൂഹം പോലും ഉറ്റുനോക്കുന്നത്. ബ്രസീല്‍, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ അതിദ്രുത വികസ്വര രാജ്യങ്ങളുടെ നിരയിലാണ് (ബ്രിക്സ്) ഇന്ത്യ. എന്നാല്‍ വളര്‍ച്ചയില്‍ ഈ പഞ്ചശക്തികളില്‍ പിന്നാക്കമാണ് നമ്മളെന്നു പുത്തന്‍ കണക്കുകള്‍ വെളിപ്പെടുത്തുന്നു.

അതുകൊണ്ടു തന്നെ, പുറംപൂച്ചിനുള്ള ഉപായങ്ങളല്ല, നിലനില്‍പ്പിനുള്ള നടപടികളാണ് ഇന്നത്തെ ബജറ്റില്‍ രാജ്യത്തെ സാമ്പത്തികകാര്യ വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്. സാമ്പത്തിക പരിഷകരണ നടപടികളുടെ ദൂഷ്യം കൊണ്ടല്ല രാജ്യത്തിന് ഈ അവസ്ഥ വന്നുപെട്ടത്. അതു നടപ്പാക്കുന്നതിലെ രാഷ്ട്രീയ വീഴ്ചകള്‍ കൊണ്ടാണ്.

1980കളിലാണ് രാജ്യം ഇതിനു മുന്‍പ് ഇത്ര മോശപ്പെട്ട നിലയിലെത്തിയത്. സ്വന്തം ഖജനാവ് കാലിയായെന്നു മാത്രമല്ല, ഭണ്ഡാരത്തിലിരുന്ന സ്വര്‍ണം വിദേശത്തു കൊണ്ടുപോയി പണയം വയ്ക്കേണ്ട അവസ്ഥ വരെയുണ്ടായി, അക്കാലത്ത്. അവിടെ നിന്നു രാജ്യത്തെ കരകയറ്റിയത് ഇന്നത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് ആണെന്നുമുണ്ട് ചരിത്ര രേഖകള്‍. 1991ല്‍ അന്നത്തെ സര്‍ക്കാരിനെ നയിച്ച പി.വി. നരസിംഹറാവുവിന്‍റെ കണ്ടെത്തലായിരുന്നു ഡോ. മന്‍മോഹന്‍ സിങ് എന്ന ബ്യൂറോക്രാറ്റിക് ധനമന്ത്രി. അദ്ദേഹം 1991ല്‍ തുടങ്ങി വച്ച സാമ്പത്തിക പരിഷ്കരണ നടപടികളുടെ ഇരുപത്തിരാണ്ടാം വര്‍ഷമാണ് കടന്നു പോകുന്നത്. അന്നത്തെ പ്രതീക്ഷിത വളര്‍ച്ചയുടെ നാലയലത്ത് എത്തിയില്ല മന്‍മോഹനിസമെന്ന് അദ്ദേഹം പോലും സമ്മതിക്കും.

ധനക്കമ്മി 5.3 ശതമാനം എന്ന ഉയരത്തിലാണ്. ഇത് 4.8 ശതമാനം എങ്കിലുമായി കുറയ്ക്കണം. നാണയപ്പെരുപ്പം ഇരട്ടയക്കത്തോളമെത്തി, താഴ്ന്നു തുടങ്ങി. ഇതിന്‍റെയൊന്നും കണക്ക് സാധാരണക്കാര്‍ക്കു പെട്ടെന്നു പിടികിട്ടില്ലെങ്കിലും താങ്ങാനാവാത്ത വിലക്കയറ്റത്തിനു കാരണം ഇതൊക്കെയാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട് മിക്കവരും. 5.5 ലക്ഷം കോടി രൂപയുടെ റവന്യൂ കമ്മിയില്‍ രാജ്യത്തിന്‍റെ ബാലന്‍സ് ഷീറ്റ് നില്‍ക്കുമ്പോള്‍ ഇന്ത്യാക്കാരായ പെരുങ്കള്ളന്മാര്‍ വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്നത് 1.4 ലക്ഷം ലക്ഷം (മഹാലക്ഷം) കോടി അമെരിക്കന്‍ ഡോളര്‍ ആണെന്ന് അസൂയാലുക്കള്‍ പറയുന്നു. ഇത് ഇത്തിരി കൂടുതലാണെന്നും കഷ്ടിച്ചു രണ്ടു ലക്ഷം കോടി ഡോളറിന്‍റെ (ഏതാണ്ട് ഒരു കോടി ലക്ഷം രൂപ) മാത്രമേ തങ്ങളുടെ പക്കല്‍ നിക്ഷേപിച്ചിട്ടുള്ളൂ എന്ന് സ്വിസ് ബാങ്ക് അധികൃതര്‍ ആണയിടുന്നു. ബാങ്കുകാര്‍ പറയുന്നതു തന്നെ മുഖവിലയ്ക്കെടുക്കാം. എങ്കില്‍പ്പോലും ഈ രാജ്യത്തു നിന്നു നികുതി വെട്ടിച്ചു കടത്തിക്കൊണ്ടു പോയ തുകയുടെ കഷ്ടിച്ച് അഞ്ചു ശതമാനം തുക തിരിച്ചു പിടിച്ചാല്‍ മതി, ചിദംബരത്തിന്‍റെ പ്രാര്‍ഥന ദൈവം കേള്‍ക്കും. അതിന് എന്തെങ്കിലും വഴി ചിദംബരം ഇന്നത്തെ ബജറ്റില്‍ പറഞ്ഞുതരുമോ എന്നതാണു രാജ്യം ഉറ്റുനോക്കുന്ന പ്രധാന പ്രശ്നം.

പെരുങ്കള്ളന്മാരെ പിടിക്കാന്‍ വലിയ സാധ്യതയില്ല. പിന്നെ പതിവുള്ള പരല്‍മീനുകളെ പിഴിയുകയാണ് എളുപ്പം. അതിനുള്ള നിരവധി വഴികള്‍ ചിദംബരം തന്‍റെ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാകും. സബ്സിഡികളിലാവും ചിദംബരത്തിന്‍റെ കത്രിക ആദ്യം വീഴുക. കയറ്റുമതി രംഗം തകര്‍ന്നതാണ് ട്രഷറിയെ തകര്‍ക്കുന്നത്. ഇറക്കുമതി വഴിയുള്ള ചോര്‍ച്ച കൂടിയാകുമ്പോള്‍ സ്ഥിതി ദയനീയം. ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ പത്തു മാസങ്ങള്‍ക്കുള്ളിലെ വാണിജ്യക്കമ്മി പത്തു ശതമാനം വരും. സമീപകാലത്തെ റെക്കോഡ്. എണ്ണ ഇറക്കുമതിയിലെ വര്‍ധനവും ആഗോള വിപണിയിലെ വിലയുമാണ് മുഖ്യ കാരണം. ചിദംബരം കാണുന്ന പരിഹാരം ഒന്നു മാത്രം. ഡീസല്‍ അടക്കമുള്ള ഇന്ധനങ്ങള്‍ക്ക് സബ്സിഡി എടുത്തുകളയുക. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഡീസല്‍ വില ലിറ്ററിന് പത്തു രൂപ വരെ ഉയര്‍ന്നേക്കാം. മറ്റ് ഇന്ധനങ്ങളുടെ വിലയും വ്യത്യാസപ്പെടാം.

എന്നാല്‍, അതുണ്ടാക്കുന്ന വിലക്കയറ്റവും നാണ്യപ്പെരുപ്പവും എങ്ങനെ നേരിടണമെന്ന് അഡ്വ. ചിദംബരത്തിന് വലിയ പിടിയില്ല. പലിശ നിരക്ക് വലിയ തോതില്‍ അഡ്ജസ്റ്റ് ചെയ്യാന്‍ റിസര്‍വ് ബാങ്ക് അനുവദിക്കാനും തരമില്ല. നിര്‍മാണ മേഖലയിലും വാഹന വിപണിയിലും കൂടുതല്‍ പ്രോത്സാഹനം എന്നൊരു ആശയം പറഞ്ഞു കേള്‍ക്കുന്നുണ്ട്. വ്യാവസായിക മേഖല നേരിടുന്ന മാന്ദ്യത്തിന് അത് ഇത്തിരി ആശ്വാസം പകര്‍ന്നേക്കും. ഭവന വായ്പകള്‍ക്കുള്ള പലിശ സബ്സിഡി ഒന്നര ലക്ഷത്തില്‍ നിന്ന് മൂന്നു ലക്ഷം രൂപ വരെയും വാഹന വായ്പ ഉദാരമാക്കുകയും ചെയ്തേക്കാം. ഈ മേഖലകളില്‍ നികുതി ഇളവുകള്‍ പരിഗണിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. ഈ രംഗത്തു മുതല്‍ മുടക്കിയ ആഗോള ഭീമന്മാരും ആഭ്യന്തര ഉത്പാദകരും അത്തരത്തിലുള്ള പ്രതീക്ഷ വച്ചു പുലര്‍ത്തുന്നു.

ആദായ നികുതിയുടെ സ്ലാബ് പരിഷ്കരിക്കുമോ എന്നാണ് സ്ഥിരവരുമാനക്കാരായ ഇടത്തരക്കാര്‍ ഉറ്റുനോക്കുന്നത്. നിലവിലുള്ള ഒഴിവു പരിധി രണ്ടു ലക്ഷത്തില്‍ നിന്ന് 2.5 ലക്ഷമായോ മൂന്നു ലക്ഷം രുപ വരെയായോ ഉയര്‍ത്തുമെന്ന് അഭ്യൂഹമുണ്ട്. സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ പരിധിയും ഉയര്‍ത്തിയേക്കും.

കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുന്ന വിവിധ ക്ഷേമ പരിപാടികളിലും ചിദംബരം കൈവച്ചേക്കും. അല്ലെങ്കില്‍ അവ പുനഃപരിഷ്കരിക്കും. ഇതുവഴി പദ്ധതി കൂടുതല്‍ പ്രത്യുത്പാദനപരമാക്കുകയാണ് ലക്ഷ്യം. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി, ഐസിഡിസി പ്രൊജക്റ്റ്, ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്‍, സ്കൂളുകളിലെ ഉച്ചക്കഞ്ഞി, സര്‍വശിക്ഷാ അഭിയാന്‍, ഇന്ദിര ആവാസ് യോജന തുടങ്ങിയ പദ്ധതികള്‍ വേണ്ടത്ര റിട്ടേണ്‍ തരുന്നില്ല എന്ന് ആസൂത്രണ വിഭാഗം രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരം പദ്ധതികള്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കു വിട്ടുകൊടുത്ത്, കേന്ദ്ര സഹായം പരിമിതപ്പെടുത്തുക എന്ന ആശയം തെരഞ്ഞെടുപ്പിന്‍റെ തൊട്ടു തലേ വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിക്കുമോ എന്നു മാത്രമേ സംശയിക്കാനുള്ളൂ. ആലോചന എപ്പോഴേ തുടങ്ങിക്കഴിഞ്ഞു. പന്ത്രണ്ടാം പദ്ധതിക്കാലത്ത് 15 ലക്ഷം കോടി രൂപയാണ് ഇങ്ങനെ ചെലവാക്കേണ്ടത്. അതായത് ഒരു വര്‍ഷം മൂന്നു ലക്ഷം കോടി രൂപ. പക്ഷേ, അതിനുള്ള പണം എവിടെ എന്ന് ചിദംബരത്തിനും വലിയ പിടിയില്ല.

ധനമന്ത്രാലയത്തില്‍ ഡോ. മന്‍മോഹന്‍ സിങ്ങിന്‍റെ ഗുരുവായിരുന്ന പ്രണബ് കുമാര്‍ മുഖര്‍ജിയുടെ കഴിഞ്ഞ ബജറ്റുകളുടെ താളപ്പിഴകളാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്നുമുണ്ട് ആസൂത്രണ വിഭാഗത്തിലെ തലയെടുപ്പുകാര്‍ക്ക് പരിഭവം. അതില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും ഉള്‍പ്പെടും. രാഷ്ട്രീയമായി വിശ്രമിക്കാന്‍ അവസരം തേടിയ പ്രണബിനെ റെയ്സിനക്കുന്നിലേക്കു പറഞ്ഞു വിട്ട്, തന്‍റെ സാമ്പത്തിക പരിഷ്കരണ സഹചാരി ചിദംബരത്തിനെ ധനമന്ത്രാലയത്തിലെത്തിച്ചത് മന്‍മോഹന്‍ സിങ്ങിന്‍റെ കൂടി പരിശ്രമ ഫലമാണ്.

അതിന്‍റെ ഫലം കണ്ടു തുടങ്ങുകയും ചെയ്തു. ധനക്കമ്മിയുടെ വളര്‍ച്ചാ നിരക്ക് കുറഞ്ഞു, സബ്സിഡി ആനുകൂല്യങ്ങള്‍ ഇടിഞ്ഞു, നാണയപ്പെരുക്കവും ഇത്തിരിയെങ്കിലും കുറഞ്ഞു. അപ്പോഴും മന്‍മോഹന്‍ സിങ് ജനങ്ങളോടു പറയുന്നു- കാത്തിരിക്കുക, കൂടുതല്‍ കടുത്ത നടപടികള്‍ വരുന്നു.

20 ലക്ഷം രൂപയ്ക്കു മുകളില്‍ വരുമാനമുള്ളവര്‍ക്കു കൂടുതല്‍ നികുതി, പരമ്പരാഗത സ്വത്തുക്കള്‍ കൈമാറ്റം ചെയ്യുന്നതിനുള്ള ഇന്‍ഹെരിറ്റന്‍സ് നികുതി, സേവന നികുതി പരിധിക്കുള്ളിലേക്കു കൂടുതല്‍ സര്‍വീസുകള്‍, കൂടുതല്‍ പേരെ നികുതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തല്‍ തുടങ്ങി ആശയങ്ങള്‍ പലതുണ്ട്, ചിദംബരത്തിനും അദ്ദേഹത്തിന്‍റെ ഗുരുവിനും. അവ എന്തൊക്കെയാകുമെന്ന് ഇന്നറിയാം. ചിദംബരം പെട്ടിയൊന്നു തുറക്കട്ടെ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ