പേജുകള്‍‌

2013, മാർച്ച് 21, വ്യാഴാഴ്‌ച

ലമ്പൂര്‍ തേക്ക് തോല്‍ക്കുന്ന ഐക്യബലം

 
 
 ഐക്യം ഐക്യം എന്നൊക്കെപ്പറയുന്നത് ഐക്യജനാധിപത്യ മുന്നണിയെ കണ്ടാണു പഠിക്കേണ്ടത്. മുന്നണിയിലെ ഓരോ പാര്‍ട്ടിയിലെയും ഐകമത്യം ആ പാര്‍ട്ടിക്കു പകരുന്ന മഹാബലം ഓര്‍ത്താല്‍ ആരും കോരിത്തരിക്കും. ഇത്തരം മഹാബലങ്ങള്‍ ഒന്നിച്ച് ഒരു മുന്നണിയായി ഒരു കുടക്കീഴില്‍ നില്‍ക്കുന്നതു കാണുമ്പോള്‍ ബഹുബഹു മഹാബാഹോ എന്ന് ആരും കൈകൂപ്പി സ്തുതിച്ചു പോകും. പി.പി. തങ്കച്ചനെ സമ്മതിക്കണം. സര്‍പ്പയജ്ഞം നടത്തിയ പാമ്പു വേലായുധന്‍ പോലും ഇത്രയ്ക്ക് അനുഭവിച്ചിട്ടുണ്ടാവില്ല.

യുഡിഎഫ് എന്ന ഐക്യമുന്നണിയുടെ നിയമസഭാ നടപടികള്‍ ഏകോപിപ്പിക്കേണ്ട ആളാണു ചീഫ് വിപ്പ്. സഭയ്ക്കുള്ളില്‍ മുന്നണിക്കു കൂട്ടായി ഒരു തീരുമാനം നടപ്പാക്കേണ്ടതുണ്ടെങ്കില്‍ അക്കാര്യം ഏകോപിപ്പിക്കേണ്ട ചുമതല ചീഫ് വിപ്പിനാണ്. വിപ്പ് പറയുന്ന കാര്യം ഏതെങ്കിലും മന്ത്രിയോ എംഎല്‍എയോ ലംഘിച്ചാല്‍ ആ ആള്‍ പിന്നെ സഭയിലുണ്ടാകില്ല. വിപ്പ് ലംഘിച്ചതിന്‍റെ പേരില്‍, വഹിക്കുന്ന സ്ഥാനം രാജിവച്ചു മുന്നണിയില്‍ നിന്നു പോലും പുറത്തു പോകേണ്ടി വരും. പക്ഷേ, ഇപ്പോഴത്തെ ചീഫ് വിപ്പ് വെറും ചീപ് വിപ്പാണെന്നും ഇത്രയ്ക്കു ചീപ്പായ ഒരാളെ ഇനി അര നാഴിക പോലും വച്ചു പൊറുപ്പിക്കരുതെന്നും മിക്ക എംഎല്‍എമാരും ഓരോ പാര്‍ട്ടിക്കും മറു വിപ്പ് കൊടുക്കുമ്പോഴാണ് മുന്നണിക്കു നല്ല കെട്ടുറപ്പാണെന്നു നമ്മള്‍ കാഴ്ചക്കാര്‍ക്കു തോന്നുന്നത്.

താനാണു ശരിയെന്നാണു ചീഫ് വിപ്പിന്‍റെ മനസിലിരിപ്പ്. അതു മാത്രമായിരുന്നെങ്കില്‍ സഹിക്കാമായിരുന്നു. എന്നാല്‍, മറ്റുള്ളവരെല്ലാം വഴി പിഴച്ചവരാണെന്നും വകയ്ക്കു കൊള്ളാത്തവരാണെന്നും ചീഫ് വിപ്പു പറഞ്ഞാല്‍ അതു ചീപ്പ് തന്നെയാണ്. ഏതോ ഒരു മന്ത്രിയുടെ വീട്ടില്‍ക്കയറി ആരോ ഒരാള്‍ തോണ്ടിയെന്നോ കോക്രി കാണിച്ചെന്നോ ഏതോ ഒരു പത്രത്തില്‍ ഒരു വാര്‍ത്ത വന്നതാണ് തുടക്കം. ഈ വാര്‍ത്ത അവിടം കൊണ്ട് അവസാനിക്കേണ്ടതായിരുന്നു. പക്ഷേ, ചീഫ് വിപ്പ് അതില്‍ക്കയറി പിടിച്ചു. അടികൊണ്ട മന്ത്രി ഞങ്ങളുടെ മാണി സാറാണോ ഉമ്മന്‍ ചാണ്ടിയാണോ എന്നൊക്കെ ആളുകള്‍ തന്നെ വിളിച്ചു ചോദിക്കുന്നതായി വിപ്പിനൊരു തോന്നല്‍. (അതോ ഇവരെ രണ്ടാളെയും ഒന്നു വിരട്ടി നോക്കിയതാണോ എന്നും അന്വേഷണം തുടങ്ങിയെന്നുമുണ്ട് അശരീരി). ഏതായാലും നാട്ടുകാര്‍ക്കു വിപ്പു കൊടുക്കാന്‍ വകുപ്പില്ലാത്തതു കൊണ്ട് മന്ത്രി ഗണേഷ് കുമാറിനിട്ടൊരു പണി കൊടുത്തു. പണി പക്ഷേ, പാളി.

ആദ്യം വിപ്പ് ലംഘിച്ചത് ഗണേഷ്. ചീഫ് വിപ്പിനെതിരേ കേസ് കൊടുക്കുമെന്നു മുന്നറിയിപ്പും വന്നു. തൊട്ടു പിന്നാലെ ഹരിത എംഎല്‍എ മാര്‍ കൂടി രംഗത്തു വന്നതോടെ ചീഫ് വിപ്പ് പുലിവാലു പിടിച്ചു. സംഗതി കൊഴുത്തു മുന്നോറുമ്പോഴേക്കും ആലപ്പുഴയില്‍ അടുത്ത വെടി പൊട്ടി. ഇപ്പറയുന്ന ചീഫ് വിപ്പ് പണ്ട് ആദ്യമായി നിയമസഭയില്‍ വന്നപ്പോള്‍ അദ്ദേഹത്തെത്തേടി ഒരു സ്ത്രീ കൈക്കുഞ്ഞുമായി വന്നെന്നും, താന്‍ ഇടപെട്ട് വിപ്പിന്‍റെ കൈയില്‍ നിന്ന് 2000 രൂപ വാങ്ങി നല്‍കി അവരെ പറഞ്ഞുവിട്ടെന്നുമാണു സാക്ഷാല്‍ കെ.ആര്‍. ഗൗരിയമ്മ പൊട്ടിച്ചത്. ചീഫ് വിപ്പിന്‍റെ മര്‍മത്തിനേറ്റ അടിയായി അത്.

അതോടെ വിപ്പിന്‍റെ മട്ടുമാറി. ഗൗരിയമ്മയ്ക്കും ടി.വി. തോമസിനുമെതിരേ തലങ്ങും വിലങ്ങും പുലഭ്യം ചൊരിഞ്ഞ വിപ്പിനെതിരേ അതോടെ പ്രതിപക്ഷത്തുള്ളവരും ചെരുപ്പും ചൂലും ഉയര്‍ത്തി. ഈ വിഴുപ്പ് ഇനി ചുമക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കെ.സി. ജോസഫും തുറന്നടിച്ചു. ചീഫ് വിപ്പ് മര്യാദയ്ക്ക് പെരുമാറണമെന്നു മുഖ്യമന്ത്രി തോളില്‍ത്തട്ടി പറഞ്ഞെങ്കിലും തനിക്കു വിപ്പു നല്‍കാന്‍ മുഖ്യമന്ത്രിക്കു വകുപ്പില്ലെന്ന് പറഞ്ഞ് വടിയെടുത്തു. അതോടെ മുഖ്യമന്ത്രി വായടക്കി.

അപ്പോഴേക്കും സഭയും ബജറ്റും വന്നു. ഗൗരിയമ്മയ്ക്കെതിരേ പരാമര്‍ശം നടത്തിയതിന് ചീഫ് വിപ്പ് സഭയില്‍ മാപ്പു പറയണമെന്നായി പ്രതിപക്ഷം. വി.എസ്. സുനില്‍ കുമാര്‍ എംഎല്‍എ പാദരക്ഷ ഉയര്‍ത്തിയപ്പോള്‍, പി.സി. ജോര്‍ജ് കാലു പിടിച്ചു മാപ്പു പറഞ്ഞു. പക്ഷേ, സഭയ്ക്കു പുറത്ത് വീണ്ടും ജോര്‍ജ് ഗൗരിയമ്മയ്ക്കെതിരേ തിരിഞ്ഞതു സ്വന്തം പാര്‍ട്ടിക്കുള്ളിലെ ഐക്യത്തിന്‍റെ മറ നീക്കി. ഫ്രാന്‍സിസ് ജോര്‍ജ് ആണ് ആദ്യം ജോര്‍ജിനെതിരേ തിരിഞ്ഞത്. പിന്നീട് കൂടുതല്‍ പേര്‍ രംഗത്തു വന്നതോടെ സാക്ഷാല്‍ കെ.എം. മാണി വശംകെട്ടു. ഒരുത്തനും ഇനി മിണ്ടിപ്പോകരുതെന്നാണ് മാണി സാര്‍ നല്‍കിയിരിക്കുന്ന വിപ്പ്. ചീഫ് വിപ്പ് സ്ഥാനത്ത് ജോര്‍ജ് ഇരിക്കുന്നിടത്തോളം മാണി ചീപ്പ് ആകുമെന്നും അതുകൊണ്ട് കൈയോടെ ജോര്‍ജിനെ പടിയടച്ചു പിണ്ഡം വയ്ക്കണമെന്നും ഗൗരിയമ്മയും ജെഎസ്എസും ഉഗ്ര വിപ്പ് നല്‍കിയിരിക്കുകയാണിപ്പോള്‍.

ഏതായാലും ജോര്‍ജിന്‍റെ വിപ്പ് കൊണ്ട് ഒരു ഗുണമുണ്ടായി. കേരള കോണ്‍ഗ്രസ് ബിയിലുണ്ടായിരുന്ന സംഘടനാ പ്രശ്നങ്ങള്‍ മിക്കവാറും പരിഹരിക്കപ്പെട്ടു എന്നാണ് അണിയറയില്‍ കേള്‍ക്കുന്നത്. അച്ഛന്‍റെ വിപ്പ് ഒന്നൊന്നായി തള്ളിക്കളഞ്ഞിരുന്ന ഗണേഷ് കുമാര്‍ ഇപ്പോള്‍ താമസം പോലും അച്ഛനൊപ്പമാക്കിയത്രേ. ബ്രഹ്മ-വിഷ്ണു- മഹേശ്വരന്മാര്‍ വിചാരിച്ചിട്ടു നടക്കാത്ത കാര്യമാണ് ഒരു വിപ്പിലൂടെ ജോര്‍ജ് ശരിയാക്കിക്കൊടുത്തത്.

പക്ഷേ, അപ്പോഴേക്കും മുന്നണിയില്‍ മറ്റൊരു ഐക്യത്തിന്‍റെ മുള പൊട്ടിക്കഴിഞ്ഞു. കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം രണ്ടു കഷണമാകുമോ, അതോ പല കഷണങ്ങളാകുമോ എന്നാണ് ആശങ്ക. മന്ത്രി അനൂപ് ജേക്കബ് പാര്‍ട്ടിക്കു വിധേയനല്ലെന്നു പറയുന്നത് പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂര്‍. ജോണിയങ്കിളും കൂട്ടരും തന്നെ വഴി പിഴപ്പിക്കാന്‍ നോക്കുകയാണെന്ന് അനൂപ്. അനൂപിനെ ജോണി പുറത്താക്കുമോ, ജോണിയെ അനൂപ് പുറത്താക്കുമോ എന്നാണ് ഇനി അറിയേണ്ടത്. അത്രയ്ക്ക് സുദൃഢമാണ് ജേക്കബ് വിഭാഗത്തിലെ ഐക്യം.

കെ.എം. മാണിയുടെ ബജറ്റ് പ്രസംഗത്തില്‍ തങ്ങളുടെ മണ്ഡലങ്ങളെയും വികസന നിര്‍ദേശങ്ങളെയും അവഗണിച്ചു എന്നു പറഞ്ഞ് മൂന്ന് എംഎല്‍എമാര്‍ ബജറ്റ് ചര്‍ച്ച ബഹിഷ്കരിക്കുമെന്നു മുന്നറിയിപ്പു നല്‍കിയിരിക്കുകയാണ്. ഹൈബി ഈഡന്‍, എം.പി. വിന്‍സെന്‍റ്, കെ.എം. ഷാജി എന്നീ ഭരണപക്ഷ എംഎല്‍എമാരാണിവര്‍. മുന്നണിയിലെ ഐക്യത്തിന്‍റെ മറ്റൊരു ഉദാഹരണം.

അതിനിടെ ബജറ്റില്‍ തന്‍റെ വകുപ്പിന് യാതൊന്നും കിട്ടിയില്ലെന്ന് ആര്യാടന്‍ മുഹമ്മദിന്‍റെ പരിദേവനം. ബജറ്റ് ഒന്നിനും കൊള്ളില്ലെന്ന കമന്‍റും. ഭരണത്തിലിരുന്ന് ബജറ്റിനെ വിമര്‍ശിക്കരുതെന്ന് ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദിന്‍റെ പ്രതികരണം, ആര്യാടന്‍റെ വായില്‍ കോലിട്ടു കുത്താനേ ഉപകരിച്ചുള്ളൂ. ആര്യാടനും ലീഗും തമ്മിലുള്ള ഐക്യം അറിയാത്തവരായി ഭൂമിമലയാളത്തില്‍ മജീദ് അല്ലാതെ ആരുമുണ്ടാകില്ല. തന്നെ ഭരണ ഘടന പഠിപ്പിക്കാന്‍ ലീഗ് വളര്‍ന്നിട്ടില്ലെന്നും, ലീഗ് വിചാരിച്ചാല്‍ തന്നെ ഒരു ചുക്കും ചെയ്യാന്‍ കഴിയില്ലെന്നുമായി ആര്യാടന്‍. നിലമ്പൂര്‍ കാട്ടിലെ നല്ല തണ്ടി തികഞ്ഞ തേക്കിന്‍ കൂപ്പു പോലെ ശക്തരായ പാര്‍ട്ടി പ്രവര്‍ത്തകര്‍ തനിക്കൊപ്പമുള്ളിടത്തോളം നിലമ്പൂരില്‍ ജയിക്കാന്‍ ആര്യാടന് ലീഗിന്‍റെ തിട്ടൂരം വേണ്ട. പാണക്കാട് സയ്യദലി ശിഹാബ് തങ്ങള്‍ ജീവിച്ചിരുന്ന കാലം മുതല്‍ അതാണു കീഴ്വഴക്കം. അതിറിയാമായിരുന്നിട്ടും പാണക്കാട്ടു വെറുതേയിരുന്ന ഹൈദരലി ശിഹാബ് തങ്ങളെ വരെ ആര്യാടനെക്കൊണ്ടു പഴി പറയിക്കാതിരിക്കാനുള്ള വിവേകമെങ്കിലും മജീദ് കാണിക്കണമായിരുന്നു. ഏതായാലും ലീഗ്-കോണ്‍ഗ്രസ് ഐക്യത്തിന്‍റെ കാതല്‍ അളക്കാന്‍ കഴിഞ്ഞതായിരുന്നു ആര്യാടന്‍-മജീദ് ഏറ്റുമുട്ടല്‍.

ഇതൊക്കെ കാണുമ്പോള്‍, 2004ലെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് ഓര്‍മയില്‍ വരുന്നു. അന്നും യുഡിഎഫിന്‍റെ ഐകമത്യം ഏതാണ്ട് ഇതുപോലൊക്കെത്തന്നെയായിരുന്നു. അന്നത്തെ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തോറ്റുതൊപ്പിയിട്ടു. ഒരൊറ്റ കോണ്‍ഗ്രസുകാരന്‍ അന്നു കേരളത്തില്‍ ജയിച്ചില്ല. അതോടെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു ഡല്‍ഹിക്കു വണ്ടികയറിയ എ.കെ. ആന്‍റണി പിന്നീടിന്നു വരെ കേരളത്തിലെ യുഡിഎഫ് ഐക്യത്തിലേക്കു തിരിച്ചു വന്നിട്ടില്ല. അടുത്ത പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് മാസങ്ങള്‍ മാത്രം അകലെയാണ്. യുഡിഎഫിന്‍റെ ഇപ്പോഴത്തെ ഐക്യം ഇതേ പോലെ തുടര്‍ന്നാല്‍ 2004ലേതിനെക്കാള്‍ മോശമാകും കാര്യങ്ങള്‍. സാക്ഷാല്‍ ഉമ്മന്‍ ചാണ്ടിയാകും അതിന്‍റെ ബലിയാട് എന്ന കാര്യത്തിലും തര്‍ക്കമില്ല. പക്ഷേ, പാവം വണ്ടി കയറുന്നത് ഹൈക്കമാന്‍ഡിലേക്കാണോ കോട്ടയം പുതുപ്പള്ളിയിലേക്കാണോ എന്നു മാത്രം ആലോചിച്ചാല്‍ മതി.

സ്റ്റോപ് പ്രസ്:

കാര്യങ്ങള്‍ ഇപ്പരുവത്തിലാക്കിയ പി.സി. ജോര്‍ജിനോട് കടപ്പാടുള്ള ഒരാളുണ്ട്. രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ. പി.ജെ. കുര്യന്‍. എത്ര പെട്ടെന്നാണു സൂര്യനെല്ലിയില്‍ നിന്ന് കുര്യന്‍ രക്ഷപെട്ടത്. വല്ലാതെ വശം കെട്ടു പോയിരുന്നു, പാവം. ആമേന്‍...!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ