പേജുകള്‍‌

2013, ഏപ്രിൽ 3, ബുധനാഴ്‌ച

അഴിച്ചുപണിയണം ഈ മന്ത്രിസഭ

 
 
കേരള രാഷ്ട്രീയത്തില്‍ അപൂര്‍വമായ ഒരു അധ്യായത്തിനു വിരാമമാകുന്നു. ഒരു മന്ത്രി മന്ദിരത്തിലുണ്ടായ കുടുംബപ്രശ്നത്തിന് ആഴ്ചകള്‍ നീണ്ട വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവില്‍ മന്ത്രിയുടെ രാജിയോടെ പരിസമാപ്തി. അപൂര്‍വങ്ങളില്‍ അത്യപൂര്‍വം എന്ന് ഇതിനെ വിശേഷിപ്പിക്കാനാവില്ല. മന്ത്രിമാരായിരിക്കെ വിവാഹം കഴിക്കുകയും മന്ത്രിമാരായിരിക്കെത്തന്നെ വിവാഹ മോചനത്തിലെത്തുകയും ചെയ്തവരുടെ ചരിത്രവും കേരളത്തിന് ഓര്‍മിക്കാനുണ്ട്. മന്ത്രിമാരും സാധാരണ മനുഷ്യരായതു കൊണ്ട് മാനുഷികമായ പ്രശ്നങ്ങള്‍ അവരെയും ബാധിക്കുമെന്നോ സ്വാധീനിക്കുമെന്നോ എന്നു വേണം ഈ സംഭവങ്ങളെ വിലയിരുത്തേണ്ടത്. ഇത്തരം സംഭവങ്ങളെ ബന്ധപ്പെട്ടവരുടെ സ്വകാര്യ പ്രശ്നങ്ങളായിക്കണ്ട്, സംസ്ഥാനത്തിന്‍റെ മുഖ്യ അജന്‍ഡയില്‍ നിന്നു മാറ്റി നിര്‍ത്തുകയാണ് ഉചിതം. കേരള നിയമസഭയുടെ ബജറ്റ് സമ്മേളനമാണു പുരോഗമിക്കുന്നത്. നടപ്പു സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് വിഹിതവും വികസന പദ്ധതികളും അളന്നുമുറിച്ചു ചര്‍ച്ച ചെയ്യുകയും ഓരോ നിയമസഭാ മണ്ഡലത്തിന്‍റെയും ആവശ്യങ്ങളും പരാതികളും പരിശോധിച്ച് അര്‍ഹമായ വിഹിതം നേടിയെടുക്കുകയും ചെയ്യേണ്ട അവസരം. ഇങ്ങനെ ഒരവസരത്തിനു വേണ്ടിയാണ് ജനങ്ങള്‍ തങ്ങളുടെ സാമാജികരെ തെരഞ്ഞെടുക്കുന്നത്. അത്തരം ചര്‍ച്ചകള്‍ നടത്തേണ്ട വിലയേറിയ സമയം, വിലകുറഞ്ഞ വ്യക്തിവിഷയങ്ങള്‍ക്കു വേണ്ടി മാറ്റി വയ്ക്കുന്നത് ജനങ്ങളുടെ താത്പര്യങ്ങള്‍ക്കു വിരുദ്ധവും പൊതു ഖജനാവിന്‍റെ ദുര്‍വ്യയവുമാണ്.

ഇപ്പോഴത്തെ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് രണ്ടു വര്‍ഷം തികയാന്‍ പോകുന്നു. സംസ്ഥാന വികസനംഅഞ്ചു വര്‍ഷത്തോളം മുരടിപ്പിലാക്കിയ ഒരു സര്‍ക്കാരില്‍ നിന്നുള്ള കരകയറ്റമായിരുന്നു, 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിലൂടെ ജനങ്ങള്‍ ആഗ്രഹിച്ചത്. യുഡിഎഫിന്‍റെ തന്നെ രാഷ്ട്രീയ കാരണങ്ങളാല്‍ ഉദ്ദേശിച്ചത്ര ഭൂരിപക്ഷം കിട്ടാതെ, ഏറെക്കുറെ തൂക്കു മന്ത്രിസഭയ്ക്കു നേതൃത്വം കൊടുക്കാനാണ് ഉമ്മന്‍ ചാണ്ടിക്കു ജനവിധി ലഭിച്ചത്. കഷ്ടിച്ച് ഒരു വര്‍ഷം പോലും തികയ്ക്കാന്‍ മന്ത്രിസഭയ്ക്കു കഴിയില്ലെന്നു പ്രവചിച്ചവരാണ് രാഷ്ട്രീയത്തിനു പുറത്തുള്ള നിരീക്ഷകരെല്ലാം. മുതിര്‍ന്ന നേതാവും ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രിയുമായിരുന്ന ടി.എം. ജേക്കബിന്‍റെ ആകസ്മിക നിര്യാണം കൂടി സംഭവിച്ചതോടെ, മന്ത്രിസഭയുടെ ആയുസ് അസ്തമിച്ചു എന്നു ധരിച്ചവരും നിരവധി. എന്നാല്‍, യുഡിഎഫിന്‍റെ പോലും പ്രതീക്ഷയ്ക്കു വിരുദ്ധമായി ജേക്കബിന്‍റെ മണ്ഡലത്തില്‍ ഉജ്വല വിജയം നല്‍കി ജനങ്ങള്‍ യുഡിഎഫിന് ഒപ്പം നിന്നു. സംസ്ഥാന താത്പര്യവുമായി ഒരു ബന്ധവുമില്ലെങ്കിലും നെയ്യാറ്റിന്‍കരയില്‍ രാഷ്ട്രീയ കുതിരക്കച്ചവടം നടത്തി, ജനങ്ങളെ നിര്‍ബന്ധപൂര്‍വം തെരഞ്ഞെടുപ്പിലേക്ക് ആട്ടിപ്പായിച്ചു, ഇതേ യുഡിഎഫ്. മനസില്ലാമനസോടെയെങ്കിലും ജനങ്ങള്‍ അതും സഹിച്ചു. കേരളത്തിലെ ഉപതെരഞ്ഞെടുപ്പു ചരിത്രത്തില്‍ ഭരണപക്ഷം വിജയിക്കുന്നത് അപൂര്‍വം. എന്നിട്ടും പിറവത്തിനു പിന്നാലെ, നെയ്യാറ്റിന്‍കരയിലും യുഡിഎഫിനു ജനങ്ങള്‍ അങ്ങനെ ഒരു ഔദാര്യം ചെയ്തുകൊടുത്തു. അതേ ജനങ്ങള്‍ക്ക് യുഡിഎഫും അതിന്‍റെ സര്‍ക്കാരും തിരികെ എന്തു കൊടുത്തു എന്ന ചോദ്യവും എത്രയും പ്രസക്തം.

ഒരു ദിവസത്തില്‍ താങ്ങാന്‍ പറ്റുന്ന മുഴുവന്‍ സമയവും ജനങ്ങള്‍ക്കു വേണ്ടി അധ്വാനിക്കുന്ന മുഖ്യമന്ത്രിയാണ് ഉമ്മന്‍ ചാണ്ടി എന്നു ശത്രുക്കള്‍ പോലും സമ്മതിക്കും. എന്നാല്‍ അതുകൊണ്ടു മാത്രമായോ? അദ്ദേഹത്തിന്‍റെ മന്ത്രിസഭയിലെ പകുതിയിലധികം മന്ത്രിമാരും പ്രതീക്ഷിച്ചത്ര പ്രകടനം കാഴ്ച വച്ചില്ല എന്നു മുഖ്യമന്ത്രി തന്നെ വിലയിരുത്തിയിട്ടുണ്ട്. ലക്ഷ്യം വച്ചതിന്‍റെ പകുതി പോലും മികവു കാണിക്കാത്ത മന്ത്രിമാരും നിരവധി. മന്ത്രിസഭയുടെ മൊത്തത്തിലുള്ള പ്രവര്‍ത്തന മികവ് ഒന്നാം വര്‍ഷത്തോളം വന്നില്ല, തുടര്‍ന്നുള്ള കാലഘട്ടത്തിലെന്നു യുഡിഎഫ് തന്നെ വിലയിരുത്തിയിട്ടുണ്ട്. ഇങ്ങനെ വിലയിരുത്തിയതു കൊണ്ട് എന്തു കാര്യം? പ്രവര്‍ത്തന മികവുള്ള മന്ത്രിമാരെ നിലനിര്‍ത്തുകയും അല്ലാത്തവരെ അധികാരത്തില്‍ നിന്നു മാറ്റി നിര്‍ത്തുകയുമാണ് ഇതിനുള്ള ബദല്‍. വനം വകുപ്പിന്‍റെ ചുമതല ഉണ്ടായിരുന്ന മന്ത്രി ഗണേഷ് കുമാറിന്‍റെ രാജി അതിനൊരു നിമിത്തമായാല്‍ നന്ന്. കേരള കോണ്‍ഗ്രസ് ബി യില്‍ രണ്ടാമതൊരു എംഎല്‍എ ഇല്ലാത്തതിനാല്‍ ഗണേഷ് കുമാര്‍ കൈകാര്യം ചെയ്തിരുന്ന വകുപ്പ് കോണ്‍ഗ്രസ് ഏറ്റെടുത്തേക്കുമെന്നാണ് ലഭിക്കുന്ന സൂചന. മതേതര ജനാധിപത്യ കക്ഷിയെന്ന നിലയില്‍ ജാതിമത പരിഗണനകളൊന്നുമില്ലാതെ, കോണ്‍ഗ്രസിനുള്ളിലെ കഴിവുറ്റ ഏതെങ്കിലും എംഎല്‍എയ്ക്ക് പദവി നല്കണം. ഈ അവസരം ഉപയോഗപ്പെടുത്തി, മന്ത്രിസഭയുടെ തന്നെ സമഗ്രമായ അഴിച്ചു പണിക്കു കൂടി യുഡിഎഫും കോണ്‍ഗ്രസ് നേതൃത്വവും തയാറാകണം. ഒരാളെയോ രണ്ടു പേരെയോ മാറ്റുകയോ ഉള്‍പ്പെടുത്തകയോ അല്ല, മുന്നണിയുടെയും മന്ത്രിസഭയുടെയും നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാന്‍ പാകത്തിന് സമഗ്രമായ അഴിച്ചുപണിക്കുള്ള അവസരമാണിത്. വികസനവും കരുതലും എന്ന മുദ്രാവാക്യത്തില്‍ പടുത്ത ഉമ്മന്‍ ചാണ്ടിയുടെ ഭരണവാഹനം ഇപ്പോള്‍ പഞ്ചറായി വഴിയില്‍ക്കിടപ്പാണ്. അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി, ഈ മുദ്രാവാക്യത്തിന്‍റെ വിശ്വാസ്യത വീണ്ടെടുക്കുന്നില്ലെങ്കില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും വരാനിരിക്കുന്ന മറ്റു തെരഞ്ഞെടുപ്പുകളിലും അതിന്‍റെ പ്രത്യാഘാതം തിരിച്ചറിയേണ്ടി വരുമെന്നു മറക്കാതിരിക്കട്ടെ, ഭരണത്തിനും മുന്നണിക്കും നേതൃത്വം നല്‍കുന്നവര്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ