പേജുകള്‍‌

2013, ഏപ്രിൽ 9, ചൊവ്വാഴ്ച

 

ഇന്ത്യയുടെ ഇന്ദിര, ബ്രിട്ടന്‍റെ മാര്‍ഗരറ്റ്

 
ബ്രിട്ടനു പുറത്തുള്ളവര്‍ക്കും ചിരപരിചിതയായ ബ്രിട്ടീഷുകാരി. ഇന്നലെ അന്തരിച്ച മുന്‍ പ്രധാനമന്ത്രി മാര്‍ഗരറ്റ് ഹില്‍ഡ താച്ചര്‍ക്കു വേറൊരു പരിചയപ്പെടുത്തല്‍ വേണ്ട. വിശേഷണങ്ങള്‍ നിരവധിയുണ്ടെങ്കിലും. റോയല്‍ ഫാമിലിയിലെ മഹാറാണിമാര്‍ക്കും അവരുടെ മരുമക്കള്‍ക്കും സൂര്യനസ്തമിക്കാത്ത സാമ്രാജ്യ പരിധിക്കുള്ളില്‍ പ്രഭുത്വം ലഭിച്ചിട്ടുണ്ടാകാം. പക്ഷേ, അന്താരാഷ്ട്ര രാഷ്ട്രീയ വേദികളില്‍ മാര്‍ഗരറ്റിനോളം നിറഞ്ഞു നിന്ന മറ്റൊരു ബ്രിട്ടീഷ് വനിത ഇല്ല.

ഇന്ത്യയില്‍ ഇന്ദിര ഗാന്ധിക്ക് എന്തു സ്ഥാനമാണോ ഉണ്ടായിരുന്നത്, ബ്രിട്ടനില്‍ അതായിരുന്നു മാര്‍ഗരറ്റ് താച്ചര്‍ക്കും. ഇരുവര്‍ക്കും രാഷ്ട്രീയ ഗോദാകളില്‍ പതിഞ്ഞുകിട്ടിയ ചെല്ലപ്പേരും ഒന്നു തന്നെ- ഉരുക്കു വനിത. ഇവിടെ ഇന്ദിര ഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ മാര്‍ഗരറ്റ് ബ്രിട്ടനില്‍ പ്രധാനമന്ത്രിയായിരുന്നു. ഇന്ദിര വധിക്കപ്പെട്ട് ആറു വര്‍ഷം കൂടി മാര്‍ഗരറ്റ് ബ്രിട്ടന്‍ ഭരിച്ചു. ഇന്ത്യയില്‍ ഇന്നോളം ഒരു വനിതാ പ്രധാനമന്ത്രി മാത്രമേ ഭരിച്ചിട്ടുള്ളൂ. ബ്രിട്ടനിലും. രണ്ടു പേരും താന്താങ്ങളുടെ രാഷ്ട്രീയ പാര്‍ട്ടികളുടെയും സാരഥ്യം വഹിച്ചിരുന്നു എന്നതും സമാനത.

അത്രയ്ക്കു രാഷ്ട്രീയം വശമില്ലാത്ത സാധാരണക്കാര്‍ വളരെപ്പെട്ടെന്ന് ഇരുവരും തമ്മിലുള്ള വലിയൊരു സമാനത കണ്ടുപിടിച്ചിരുന്നു. വശ്യമായ സൗന്ദര്യത്തിന് ഉടമകളായിരുന്നു ഇരുവരും. ബോബ് ചെയ്ത മുടിയിലും വെണ്മ തുളുമ്പുന്ന നറുംചിരിയിലും മിഴിവാര്‍ന്ന മഴിയഴകിലും സ്ത്രൈണ സൗന്ദര്യം നിറഞ്ഞു നിന്നു. പക്ഷേ, ഈ സ്ത്രൈണത അവരുടെ സ്വഭാവങ്ങളെ തെല്ലും സ്വാധീനിച്ചിരുന്നില്ല. എതിരാളികള്‍ക്കു മേല്‍ ഉരുക്കു മുഷ്ടി പ്രയോഗിച്ചും ചടുലമായ നീക്കങ്ങളിലൂടെ വൈരികളെ നിലംപരിശാക്കിയുമാണ് ഇരുവരും ഉരുക്കു വനിതകളായത്. അതിര്‍ത്തിക്കുള്ളില്‍ മാത്രമല്ല, ഉരുക്കു തോല്‍ക്കുന്ന ഇവരുടെ കരുത്തു പുറത്തു വന്നത്. 1971ല്‍ ഇന്ത്യാ പാക് യുദ്ധം വിജയിച്ചു ബംഗ്ലാദേശ് രൂപീകരിക്കപ്പെട്ടപ്പോള്‍ ഇന്ദിര ഗാന്ധിയുടെ കരുത്ത് ലോകം തിരിച്ചറിഞ്ഞു.

അര്‍ജന്‍റിനിയന്‍ പരിസരത്തെ ഫാക്ലാന്‍ഡ് ദ്വീപ സമൂഹത്തെച്ചൊല്ലിയുണ്ടായ ഉടമസ്ഥത്തര്‍ക്കത്തെത്തുടര്‍ന്നുണ്ടായ യുദ്ധത്തില്‍ അര്‍ജന്‍റീനിയയെ പരാജയപ്പെടുത്തിയത് മാര്‍ഗരറ്റ് താച്ചറുടെയും പൊളിറ്റിക്കല്‍ ഗ്രാഫ് ഉയര്‍ത്തി. അധികാരത്തിലിരുന്ന കാലത്ത് ലോകത്തേക്കും സ്വാധീനമുള്ള വനിതകളുടെ മുന്‍നിരയിലായിരുന്നു ഇന്ദിരയും മാര്‍ഗരറ്റും.

സമാനതകള്‍ നിരവധിയുണ്ടെങ്കിലും വൈരുധ്യങ്ങള്‍ അതിലേറും. ഇരുവരുടെയും രാഷ്ട്രീയ സമീപനങ്ങള്‍ തന്നെ ഭിന്ന ധ്രുവങ്ങളിലായിരുന്നു. അച്ഛന്‍റെ പാത പിന്തുടര്‍ന്ന ഇന്ദിര ഗാന്ധിക്കു സോഷ്യലിസ്റ്റ് സാമ്പത്തിക സങ്കല്പങ്ങളായിരുന്നു. സാമ്പത്തികാടിത്തറ പൊതു മേഖലയില്‍ നിലനില്‍ക്കണമെന്ന് ഇന്ദിര ഗാന്ധി ആഗ്രഹിച്ചു. കൂടുതല്‍ ദേശസാല്‍ക്കരണത്തിനായിരുന്നു അവര്‍ പരിശ്രമിച്ചത്. മുതലാളിത്ത വിഭാഗത്തിന്‍റെ എതിര്‍പ്പുണ്ടായെങ്കിലും തൊഴിലാളികളുടെയും പൊതുമേഖലാസ്ഥാപനങ്ങളുടെയും പിന്തുണ ഇന്ദിരയ്ക്കുണ്ടായിരുന്നു. എന്നാല്‍, പരമ്പരാഗത സാമ്പത്തികശൈലിയോടു പൊരുത്തപ്പെടാന്‍ മാര്‍ഗരറ്റ് തയാറായിരുന്നില്ല. ബ്രിട്ടീഷ് യാഥാസ്ഥിതകര്‍ക്ക് അനുകൂലമായ സാമ്പത്തിക പരിഷ്കരണത്തിന് അവര്‍ മുന്നിട്ടിറങ്ങി.

പൊതുമേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഒട്ടുമിക്ക സ്ഥാപനങ്ങളും സ്വകാര്യമേലയ്ക്കു വിറ്റു. സ്വകാര്യ കമ്പോളവല്‍ക്കരണം, ബ്രിട്ടന്‍റെ സാമ്പത്തിക മേഖലയെ പിടിച്ചുലച്ചു. തൊഴിലാളി സംഘടനകളുടെ അധികാരങ്ങള്‍ എടുത്തുകളയുകയോ വെട്ടിക്കുറയ്ക്കുകയോ ചെയ്തു. ഇത് തൊഴില്‍ സ്ഥാപനങ്ങളെ ഗുരുതരമായി ബാധിച്ചു. താച്ചര്‍ അധികാരത്തിലെത്തി ഒരു വര്‍ഷത്തിനുള്ളില്‍ ബ്രിട്ടന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. എല്ലാ മേഖലകളെയും സാമ്പത്തിക മാന്ദ്യം ബാധിച്ചു. അവരുടെ ജനപ്രീതിയും പെട്ടെന്ന് ഇടിഞ്ഞുവീണു. 1982ലാണ് സാമ്പത്തിക തിരിച്ചടിയില്‍ നിന്നു ബ്രിട്ടന്‍ കഷ്ടിച്ചു കരകയറിയത്. ഫാക്ലാന്‍ഡ് യുദ്ധവിജയവും ഇതേ കാലത്തായിരുന്നു.

അങ്ങനെ 1983ലെ പൊതു തെരഞ്ഞെടുപ്പില്‍ വന്‍ വിജയത്തിലെത്താന്‍ മാര്‍ഗരറ്റിന് ആയി. സാമ്പത്തിക അച്ചടക്കം, യാഥാസ്ഥിതിക സമൂഹവല്‍ക്കരണം തുടങ്ങിയവയിലൂടെ മുന്നേറാന്‍ കഴിഞ്ഞെങ്കിലും അവര്‍ നയിച്ച കണ്‍സേര്‍വെറ്റിവ് പാര്‍ട്ടിക്കുള്ളില്‍പ്പോലും എതിര്‍പ്പും വളരുന്നുണ്ടായിരുന്നു. എങ്കിലും 1987ലെ പൊതു തെരഞ്ഞെടുപ്പില്‍ ഹാട്രിക് വിജയം കുറിച്ച് അവര്‍ എതിരാളികളുടെ വായടപ്പിച്ചു.

പക്ഷേ, ഭരണത്തിന്‍റെ ആദ്യനാളുകളില്‍ത്തന്നെ അഭിപ്രായ ഭിന്നതകളും തലപൊക്കിത്തുടങ്ങി. യൂറോപ്യന്‍ യൂണിയന്‍ രൂപീകരണം, പോള്‍ ടാക്സ് എന്നറിയപ്പെടുന്ന പൊതു നികുതി, അന്ധമായ സ്വകാര്യവല്‍ക്കരണം തുടങ്ങിയവ വലിയ വെല്ലുവിളികളായി. ഒടുവില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ അവര്‍ പ്രധാനമന്ത്രിസ്ഥാനം രാജിവച്ചൊഴിഞ്ഞു, 1990ല്‍. ഒപ്പം കണ്‍സര്‍വെറ്റിവ് പാര്‍ട്ടിയുടെ നേതൃസ്ഥാനവും. പിന്നീടു രാഷ്ട്രീയമായും വ്യക്തിപരമായും വനവാസത്തിലായിരുന്നു, മാര്‍ഗരറ്റ്. പല തവണയുണ്ടായ പക്ഷാഘാതങ്ങളും ഈ ഉരുക്കുവനിതയെ തളര്‍ത്തി.

വളരെ സാധാരണമായ ഒരു കുടുംബത്തില്‍ ജനിച്ച് സ്വന്തം കഴിവും സാമര്‍ഥ്യവും കൊണ്ട് ജനായത്ത ബ്രിട്ടന്‍റെ പരമാധികാരിയാകാന്‍ കഴിഞ്ഞതു തന്നെ മാര്‍ഗരറ്റിന്‍റെ അപാര വ്യക്തിത്വത്തിന്‍റെ നിദര്‍ശനം. ഇന്ദിര ഗാന്ധിക്കു പ്രധാനമന്ത്രിയാകാന്‍ സ്വന്തം പിതാവിന്‍റെ അദൃശ്യമായ കരുത്തുണ്ടായിരുന്നു. എന്നാല്‍ ലിങ്കണ്‍ഷെയറിലെ ഗ്രാന്‍തം ടൗണിലെ ഒരു പലചരക്കു കച്ചവടക്കാരന്‍ ആല്‍ബര്‍ട്ട് റോബര്‍ട്ടിന് അവകാശപ്പെടാന്‍ ഒട്ടും പാരമ്പര്യമില്ലായിരുന്നു. റോബര്‍ട്ടിന്‍റെയും ബിയാട്രിസ് റോബര്‍ട്ടിന്‍റെയും ഇളയ മകള്‍ക്കു പക്ഷേ, ചെറുപ്പത്തിലേ അസമാന്യമായ ബുദ്ധിവൈഭവമുണ്ടായിരുന്നു. വശ്യമായ സൗന്ദര്യവും. ലിങ്കണ്‍ഷെയറിലെ പ്രഭു ബാരോണ്‍സ് താച്ചറുടെ മനം കവരാന്‍ ഇതു രണ്ടും ധാരാളമായിരുന്നു. രസതന്ത്രത്തില്‍ ഗവേഷക, ബ്രിട്ടീഷ് കോടതിയില്‍ ലോയര്‍ തുടങ്ങിയ പദവികളിലും തിളങ്ങിയതോടെ, മാര്‍ഗരറ്റ് റോബര്‍ട്ട് അസാധാരണത്വമുള്ള പെണ്‍കുട്ടിയെന്നു ഡെന്നിസ് ബാരോണ്‍സും തിരിച്ചറിഞ്ഞു. അത് അവരുടെ വിവാഹത്തിലെത്തിച്ചു. അതോടെ, ബ്രിട്ടീഷ് പ്രഭു പരമ്പകളിലേക്കുള്ള ചവിട്ടുപടിയായി, മാര്‍ഗരറ്റിന്.

1959ലെ പൊതു തെരഞ്ഞെടുപ്പ്. കണ്‍സര്‍വേറ്റിവ് നേതാവ് എഡ്വേഡ് ഹീത്തിന്‍റെ മനസില്‍ മാര്‍ഗരറ്റ് വിജയപ്രതീക്ഷയുള്ള യുവ നേതാവിയിരുന്നു. ബ്രിട്ടീഷ് പാര്‍ലമെന്‍റിലേക്കും രാഷ്ട്രീയത്തിലേക്കും വനിതകള്‍ അധികം കടന്നുവരാത്ത കാലം. മാര്‍ഗരറ്റ് മടിച്ചു നിന്നില്ല. ബാരോണ്‍സും പിന്തുണച്ചു. ഫ്രഞ്ച്ലിയില്‍ തെരഞ്ഞെടുപ്പിനു നിന്ന മാര്‍ഗരറ്റ് വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചു. അന്നത്തെ സര്‍ക്കാരിനു നേതൃത്വം നല്‍കിയ ഹീത്ത്, മാര്‍ഗരറ്റിനെ തന്‍റെ മന്ത്രിസഭയിലെ വിദ്യാഭ്യാസ -ശാസ്ത്ര വകുപ്പ് മന്ത്രിയാക്കി. മാര്‍ഗരറ്റ് അവിടെ തന്‍റെ കുതിപ്പു തുടങ്ങുകയായിരുന്നു. ഹീത്ത് കിതപ്പിനും. 1975ലെ തെരഞ്ഞെടുപ്പില്‍ സ്വന്തം പാര്‍ട്ടിയെ തെരഞ്ഞെടുപ്പില്‍ നയിക്കാനുള്ള മത്സരത്തില്‍ ഹീത്ത്, മാര്‍ഗരറ്റിനോടു പരാജയപ്പെട്ടു. അന്നത്തെ തെരഞ്ഞെടുപ്പില്‍ മാര്‍ഗരറ്റ് ജയിച്ചെങ്കിലും കണ്‍സര്‍വേറ്റിവ് പാര്‍ട്ടി പരാജയപ്പെട്ടു. അങ്ങനെ അവര്‍ പ്രതിപക്ഷ നേതാവായി. 1979ലെ തെരഞ്ഞെടുപ്പിലാണ് അവര്‍ ആദ്യമായി പ്രധാനമന്ത്രിയാകുന്നത്.

നിലപാടുകളിലെ കാര്‍ക്കശ്യവും പഴയ സോവ്യറ്റ് വിരോധവുമാണ് അവരെ ഉരുക്കുവനിത എന്ന വിശേഷണത്തിലെത്തിച്ചത്. അമെരിക്കയോട് എപ്പോഴും കൂറു കാട്ടിയ മാര്‍ഗരറ്റ്, പ്രസിഡന്‍റ് റോണാള്‍ഡിന്‍റെ ആത്മമിത്രവുമായിരുന്നു.

ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുമായും മികച്ച സൗഹൃദത്തിലായിരുന്നു മാര്‍ഗരറ്റ് താച്ചര്‍. ഇവരുടെ ജീവിത കാലത്തു തന്നെ ലബ്ധപ്രതിഷ്ഠ നേടിയ മറ്റൊരു വനിതാ പ്രധാനമന്ത്രി കൂടിയുണ്ട്. ശ്രീലങ്ക ഭരിച്ച സിരിമാവോ ബന്ധാര നായകെ; ആധുനിക ലോകത്തിന്‍റെ തന്നെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി. ഇസ്രയേലിന്‍റെ ആണവ വനിത ഗോള്‍ഡാ മെയര്‍, പാക്കിസ്ഥാന്‍റെ ബേനസീര്‍ ഭൂട്ടോ, ശ്രീലങ്കയുടെ തന്നെ ചന്ദ്രിക കുമാരതുംഗെ, ബംഗ്ലാദേശിന്‍റെ ബീഗം ഖാലിദാ സിയ തുടങ്ങിയ എത്രയെത്ര വനിതാ പ്രധാനമന്ത്രിമാരെ പിന്നെയും ലോകം കണ്ടു. ബ്രസീല്‍, ഓസ്ട്രേലിയ, ഫിലിപ്പീന്‍സ്, കാനഡ, ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലുമുണ്ട് വനിതാ പ്രധാനമന്ത്രിമാര്‍. എങ്കിലും അവര്‍ക്കെല്ലാം മീതെ മാാത്ത പുഞ്ചിരിയായി എപ്പോഴുമുണ്ട്, ഇന്ത്യയുടെ ഇന്ദിരയും ബ്രിട്ടന്‍റെ മാര്‍ഗരറ്റും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ