പേജുകള്‍‌

2013, ഏപ്രിൽ 27, ശനിയാഴ്‌ച

പണ്ടു നാം കണ്ട കിനാവുകള്‍ക്കൊക്കെയും...

പ്രണയത്തിലൂടെ ഒരു എഴുത്തുകാരിയുടെ സ്വൈര സല്ലാപമാണ് നഷ്ടമഴ എന്ന കാവ്യ സമാഹാരം. മീന ശൂരനാട് എന്ന നവാഗത എഴുത്തുകാരി കുറിച്ചിട്ട 63 കവിതകളുടെ സമാഹാരം. പക്ഷേ, വായിച്ചു തീര്‍ന്നാലും ഓരോ കവിതയും പിന്നെയും മനസിലേക്കു തിരികെയെത്തും. വായനക്കാരില്‍ ഗൃഹാതുരത്വത്തിന്‍റെ മധുരം നിറയ്ക്കും. ബാല്യ-കൗമാര സൗഹൃദങ്ങളുടെ ഓര്‍മ പുതുക്കും.
ദുര്‍ഗ്രാഹ്യതയുടെ കൊടുമുടികളൊന്നുമില്ല, ഈ കവിതകളില്‍. അത്യാധുനികതയുടെ ജാടകളുമില്ല. വാചാലമായ മൗനത്തിന്‍റെയും നിശബ്ദമായ ചിന്തകളുടെയും തെളിമയും ചുഴികളുമുണ്ട്, പലേടത്തും...
സൗഹൃദപ്പക്ഷി എന്ന പന്ത്രണ്ടു വരി കവിതകളുടെ തുടക്കത്തില്‍ത്തന്നെ കവി തന്‍റെ നിസ്സഹായതയുടെ കുമ്പസാരക്കൂട്ടിലേക്കു കയറുന്നതിങ്ങനെ:
ഹൃദയത്തിലായിരം വാക്കുകളെങ്കിലു-
മൊരുവാക്കുമില്ലെന്‍റെ തൂലികയില്‍ ...
പറഞ്ഞതിലപ്പുറം പറയാന്‍ കൊതിക്കുന്ന, പറയാന്‍ ബാക്കി വച്ചു മനസു വിങ്ങുന്ന എഴുത്തിന്‍റെ നോവ് ഇവിടെ വായനക്കാര്‍ തിരിച്ചറിയും.
വ്യഥയുടെ തീരഭൂ എന്ന കാവ്യശകലത്തില്‍, കൗമാരസ്വപ്നത്തിന്‍റെ വാതായനങ്ങള്‍ തുറന്നിടുന്നു, മീന.
പ്രണയാര്‍ദ്ര കൗമാര കൗതൂഹലങ്ങളില്‍
നീയെന്‍റെ സന്ധ്യകള്‍ ഹൃദ്യമാക്കി,
നീയെന്‍റെ രാവുകള്‍ ദീപ്തമാക്കി...
സുഖദമായ വെറുമൊരു ഓര്‍മപ്പെടുത്തല്‍ അഥവാ ആര്‍ദ്രമായ ഒരു പകല്‍ക്കിനാവ് മാത്രമാകാം ഈ വരികള്‍. പക്ഷേ, ഇവിടെ ഒളിഞ്ഞിരിക്കുന്ന തരളിതമായ നൊമ്പരം, പ്രണയം എന്ന അനുഭൂതി നുകര്‍ന്നിട്ടുള്ള ആരിലും ചെറിയൊരു നെടുവീര്‍പ്പു കോറിയിടും, തീര്‍ച്ച. ഏകാകിയുടെ സ്വര്‍ഗം എന്ന കവിതയിലെ,
പണ്ടു നാം കണ്ട കിനാവുകള്‍ക്കൊക്കെയു-
മിത്രമേല്‍ ചാരുത ആരു നല്‍കി...
എന്ന ചോദ്യത്തില്‍ കൗമാര സ്വപ്നങ്ങളുടെ മുഴുവന്‍ കാല്പനികതയും തെളിഞ്ഞു നില്‍ക്കുന്നു. എല്ലാ പ്രണയ നഷ്ടങ്ങളുടെയും സ്വയം ന്യായീകരണം പോലെ, കവിയുടെ സ്വപ്നാടനം വൈശാലിയില്‍ തളിരിടുന്നത് ഇങ്ങനെ:
എന്നെ മറക്കുകയേതോ ദുഃസ്വപ്നമായ്
പുഞ്ചിരി തൂകി മുഖം ഹൃദ്യമാക്കുക
നിന്നിലെ നിന്നെയറിഞ്ഞു, ഞാനെങ്കിലു-
മിന്നു നീയെന്നെക്കടന്നുപൊയ്ക്കൊള്ളുക...
അപ്പോഴും, അമൂര്‍ത്തമായ പ്രണയത്തിന് കിനാവിലെങ്കിലും ശിവശക്തി സാക്ഷ്യപ്പെടുത്തി കൈലാസഭൂവില്‍ പുനര്‍ജനി കാംക്ഷിക്കുന്നു, എഴുത്തുകാരി.
മകളേ നിനക്കായി എന്നൊരു ചെറു കവിതയുണ്ട്, നഷ്ടമഴയില്‍. ഒരു അമ്മയുടെ ആത്മാംശം കലര്‍ന്ന വരികളാണ് അവയെന്ന് ആര്‍ക്കും വേഗത്തില്‍ തിരിച്ചറിയാനാവും. അമ്മയുടെ ആദ്യത്തെ ഈറ്റുനോവിന്‍റെ സുഖം മുതല്‍ ഒരു മകളുടെ മംഗല്യ മംഗളത്തിന്‍റെ ആനന്ദാശ്രു വരെ ഇവിടെ അനുഭവേദ്യമാകുന്നു.
അമ്മതന്‍ നേത്രമനുയാത്ര ചെയ്യുന്നു
നിന്‍വഴിത്താരയില്‍ വിഘ്നമകലുവാന്‍... എന്ന വരികള്‍ മാത്രം മതി, ഒരു അമ്മയ്ക്ക് തന്‍റെ കുഞ്ഞിനോടുള്ള കരുതലിന്‍റെ ആഴം കുറിക്കുവാന്‍.
പ്രസാധകര്‍ അവകാശപ്പെടുന്നതു പോലെ ഹൃദയ ഭാഷയില്‍ സംവദിക്കുന്ന ഭാവ ബന്ധുരമായ ഏതാനും കവിതകളുടെ സമാഹാരമാണു നഷ്ടമഴ. ഛന്ദം, ചമല്‍ക്കാരം തുടങ്ങിയ കാവ്യഭാവങ്ങള്‍ക്ക് ഇതില്‍ ഭംഗം വന്നേക്കാം. മഹാകാവ്യങ്ങളുടെ പടുത്വം കുറഞ്ഞേക്കാം. അത്യന്താധുനികതയുടെ ദുര്‍ഗ്രാഹ്യതകളില്ലാത്തതിനാല്‍ നിരൂപകപടുക്കള്‍ ഗ്രഹണം വിധിച്ചേക്കാം. എങ്കിലും, കാല്പനികതയുടെ പടവുകളിലിരുന്ന് ഇത്തിരിനേരം കിനാവു കാണാന്‍ കൊതിക്കുന്ന ശരാശരി വായനക്കാര്‍ക്ക്, തീര്‍ച്ചയായും ഇഷ്ടപ്പെടുക തന്നെ ചെയ്യും, മീനയുടെ നഷ്ടമഴ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ