പേജുകള്‍‌

2013, മേയ് 14, ചൊവ്വാഴ്ച

പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍
മത്സരിക്കില്ല: ചെന്നിത്തല

അടുത്ത പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകില്ലെന്നു കെപിസിസി പ്രസിഡന്‍റ് രമേശ് ചെന്നിത്തല. കെപിസിസി പ്രസിഡന്‍റ് ആയി താന്‍ ചുമതല ഏല്‍ക്കുമ്പോള്‍ സംസ്ഥാനത്ത് ഒരൊറ്റ കോണ്‍ഗ്രസ് എംപി പോലുമുണ്ടായിരുന്നില്ല. അടുത്ത തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കു പരമാവധി എംപിമാരെ സംഭാവന ചെയ്യുകയാണു തന്‍റെ ലക്ഷ്യമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. കേരള യാത്രയുടെ ഭാഗമായി കൊല്ലം ജില്ലയിലെ പര്യടനിത്തിനെത്തിയ അദ്ദേഹം മെട്രൊ വാര്‍ത്തയുമായി സംസാരിക്കുകയായിരുന്നു.

ആറു തവണ താന്‍ പാര്‍ലമെന്‍റിലേക്കു മത്സരിച്ചു. നാലു തവണ വിജയിച്ചു. രണ്ടു തവണ വളരെ നിസാര വോട്ടുകള്‍ക്കാണു പരാജയപ്പെട്ടത്. കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ഒരു തടസവും ഉണ്ടായിരുന്നില്ല. മത്സരിക്കണമെന്നു സോണിയാ ഗാന്ധി അടക്കമുള്ള നേതൃത്വം ശക്തമായി ആവശ്യപ്പെടുകയും ചെയ്തു. മത്സരിച്ചിരുന്നെങ്കില്‍ വിജയിക്കുമായിരുന്നു. കേന്ദ്ര ക്യാബിനറ്റില്‍ ഇടവും കിട്ടുമായിരുന്നു. എന്നാല്‍ ഒരു മന്ത്രിയാവുക എന്നതല്ല ജീവിതാഭിലാഷമെന്നും കെപിസിസി പ്രസിഡന്‍റ് വ്യക്കമാക്കി.

പാര്‍ട്ടിക്ക് എക്കാലത്തെയും വലിയ ചരിത്ര വിജയം നേടിക്കൊടുത്ത കെപിസിസി പ്രസിഡന്‍റ് ആയിരുന്ന തെന്നല ബാലകൃഷ്ണ പിള്ളയുടെ കസേര നഷ്ടപ്പെട്ട സംഭവം ഓര്‍മിപ്പിച്ചപ്പോള്‍, തെന്നലയോടു പാര്‍ട്ടി നീതി കാണിച്ചില്ലെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. കോണ്‍ഗ്രസ് തറവാട്ടു പൂമുഖത്തു കത്തിച്ചു വച്ച നിലവിളക്കാണ് തെന്നല ബാലകൃഷ്ണപിള്ള. പിസിസി പ്രസിഡന്‍റ് എംഎല്‍എ, എംപി തുടങ്ങിയ നിലകളിലെല്ലാം അദ്ദേഹം തിളങ്ങി. എന്നാല്‍ അതിനനുസരിച്ചുള്ള അംഗീകാരം തെന്നലയ്ക്കു കിട്ടിയില്ലെന്നാണ് തന്‍റെ അഭിപ്രായം. അതു തിരുത്താന്‍ ശ്രമിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.

സംസ്ഥാന വികസനത്തിന്‍റെ അവസാന ബസ് വരാന്‍ സമയമായിട്ടില്ലെന്നു കെപിസിസി പ്രസിഡന്‍റ് രമേശ് ചെന്നിത്തല. ഒന്നല്ല, നിരവധി ബസുകളാണ് വരാനിരിക്കുന്നത്. അതിനു കേരളത്തിന്‍റെ രാഷ്ട്രീയ സമീപനങ്ങളിലും കാഴ്ചപ്പാടുകളിലും സമഗ്രമായ മാറ്റം വരുത്തണമെന്നും ചെന്നിത്തല. വിവാദങ്ങളില്‍പ്പെടുത്തിയും രാഷ്ട്രീയ പ്രതിസന്ധികളുണ്ടാക്കിയും പദ്ധതികളെ എതിര്‍ക്കുകയല്ല കാലഘട്ടത്തിന്‍റെ ആവശ്യം. സംസ്ഥാനത്തിന് അനുയോജ്യമായ പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കാന്‍ ഭിന്നതകള്‍ മറന്ന് എല്ലാ രാഷ്ട്രീയ നേതാക്കളും കൂട്ടായ തീരുമാനം എടുക്കണം. ഇക്കാര്യത്തില്‍ ഒരു ഗവണ്മെന്‍റിന്‍റെ തുടര്‍ച്ചയാവണം അടുത്തത്. അവിടെ രാഷ്ട്രീയം പാടില്ല. വ്യക്തി താത്പര്യങ്ങള്‍ക്കല്ല, സമൂഹ താത്പര്യങ്ങള്‍ക്കാവണം മുന്‍തൂക്കം. അതിനു പറ്റുന്ന രാഷ്ട്രീയ അന്തരീക്ഷം സൃഷ്ടിക്കുകയാണ് താന്‍ നയിക്കുന്ന കേരള യാത്രയുടെലക്ഷ്യം എന്നും അദ്ദേഹം വ്യക്തമാക്കി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ