പേജുകള്‍‌

2013, മേയ് 20, തിങ്കളാഴ്‌ച

ബ്ലോക്ക് പ്രസിഡന്‍റിന്‍റെ പരാതി പരിഹാരവും

ചെന്നിത്തലയുടെ

ഉപമുഖ്യമന്ത്രി മോഹവും



ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ്, കോണ്‍ഗ്രസില്‍ നിന്നുള്ള പ്രധാനമന്ത്രി എന്നീ തന്ത്രപ്രധാന തസ്തികകളില്‍ ഒഴികെ. മറ്റെല്ലാ സ്ഥാനമാനങ്ങളിലും എന്തെങ്കിലുമൊക്കെ നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്ന് എ.ഒ. ഹ്യൂം എന്ന ഒന്നാം പ്രസിഡന്‍റ് മുതലിങ്ങോട്ടുള്ള സകലമാന കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുകളും ആലോചിച്ചിട്ടുള്ളതും ആഗ്രഹിച്ചിട്ടുള്ളതുമാണ്. എന്നു കരുതി മുന്‍പറഞ്ഞ രണ്ടു തസ്തികകളില്‍ എല്ലാവര്‍ക്കും ആജീവനാന്തം വാഴാം എന്നും ധരിക്കരുത്. ആചാര്യ കൃപാലിനി, ഡോ. പട്ടാഭി സീതാരാമയ്യ, പി.ഡി. ഠണ്ടന്‍, ഡി.കെ. ബറുവ, പി.വി. നരസിംഹ റാവു, എന്‍. ജഗജീവന്‍ റാം, സീതാറാം കേസരി തുടങ്ങിയ മഹാരഥന്മാര്‍ക്കുപോലും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് ഒരിക്കല്‍ മാത്രമേ അവരോധിക്കപ്പെടാന്‍ അവസരം ലഭിച്ചുള്ളൂ.

അവരുടെ നിരയില്‍ രാജീവ് ഗാന്ധിയും ഉള്‍പ്പെടുമെങ്കിലും അദ്ദേഹത്തിന് ആറു വര്‍ഷം ആ സ്ഥാനത്തു തുടരാനായി. അകാലത്തില്‍ ജീവന്‍ പൊലിഞ്ഞതു കൊണ്ടാണ് നെഹ്റു കുടംബത്തിലെ മറ്റുള്ളവര്‍ക്കു ലഭിച്ച രാജയോഗം രാജീവിനു പെട്ടെന്നു നഷ്ടമായത്. യു.എന്‍. ധേബര്‍, നീലം സഞ്ജീവ റെഡ്ഡി, കെ. കാമരാജ്, എസ്. നിജലിംഗപ്പ തുടങ്ങിയവര്‍ ഒന്നിലേറെത്തവണ പോര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെട്ടെങ്കിലും അവരുടെ കാലാവധി ഏതാനും വര്‍ഷമായി ചുരുങ്ങിപ്പോയി. ചിലര്‍ക്കു പിന്നീട് പാര്‍ട്ടി പോലും വിടേണ്ടി വന്നു.

ശതോത്തര രജത ജൂബിലി ആഘോഷിച്ച പാര്‍ട്ടിയുടെ ചരിത്രം അങ്ങനെയൊക്കെ ആണെന്ന് അറിയാത്തവരല്ല, എ.കെ. ആന്‍റണിയും വയലാര്‍ രവിയും ഉമ്മന്‍ ചാണ്ടിയുമൊക്കെ. അതുകൊണ്ടാണ് കിട്ടിയ അവസരങ്ങളൊന്നും പാഴാക്കാതെ അവരൊക്കെ ഓരോരോ സ്ഥാനത്തെത്തിയത്. പക്ഷേ, അവസരങ്ങള്‍ കിട്ടിയിട്ടും വേണ്ട വിധത്തില്‍ ഉപയോഗിക്കാന്‍ കഴിയാതെ പോയ അപൂര്‍വം ചിലരുമുണ്ട് പാര്‍ട്ടിയില്‍. അവരില്‍ ഒരാളാണ് കെപിസിസിയുടെ ഇപ്പോഴത്തെ പ്രസിഡന്‍റ് രമേശ് ചെന്നിത്തല.

1986ല്‍ ഇരുപത്തേഴാം വയസില്‍ കേരളത്തില്‍ മന്ത്രിയായ ആളാണ് രമേശ്. അതിനു മുമ്പ് പാര്‍ട്ടിയില്‍ നിന്നു മന്ത്രിമാരായ രണ്ടേ രണ്ടു പേര്‍ മാത്രമേ, ഇപ്പോഴത്ത യുഡിഎഫ് മന്ത്രിസഭയിലുളളൂ. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രി ആര്യാടന്‍ മുഹമ്മദും. മറ്റെല്ലാവരും മന്ത്രിസഭയിലും പാര്‍ട്ടി പദവികളിലും രമേശിനെക്കാള്‍ എത്രയോ ജൂനിയര്‍ ആണ്. രാശിദോഷം പലപ്പോഴും പിടികൂടുന്നില്ലേ എന്നൊരു സംശയവും അദ്ദേഹത്തിന്‍റെ വിശ്വസ്തരെ അലോസരപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ ഒരു മാസമായി രമേശ് നയിച്ചിരുന്ന കേരള യാത്രയിലുടനീളം, അദ്ദേഹം കയറാത്ത അമ്പലങ്ങളോ, പള്ളികളോ, മോസ്കുകളോ ഇല്ല. പക്ഷേ, ഒന്നും ഫലിക്കുന്നില്ല എന്നാണു പ്രശ്നവശാല്‍ കാണുന്നതത്രേ.

കാസര്‍ഗോട്ടു തുടങ്ങിയ കേരളയാത്ര തിരുവനന്തപുരത്ത് അവസാനിക്കുമ്പോഴേക്കും ചിലതൊക്കെ നടക്കുമെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു. അക്കാര്യം രമേശ് വെട്ടിത്തുറന്നു പറയുകയും ചെയ്തു. അതിനു കാരണങ്ങള്‍ പലതാണ്. പിസിസി അധ്യക്ഷ സ്ഥാനത്ത് തുടര്‍ച്ചയായി രണ്ടു ടേമില്‍ കൂടുതല്‍ ആരെയും പരിഗണിക്കരുത് എന്നൊരു പ്രമേയം അംഗീകരിച്ചിട്ടുണ്ട് പാര്‍ട്ടി നേതൃത്വം. രമേശ് ഈ പദവിയിലെത്തിയിട്ട് എട്ടു വര്‍ഷം കഴിഞ്ഞു. അതായത് രണ്ടു ടേം പിന്നിടുന്നു. ആറു വര്‍ഷം കാലാവധി പൂര്‍ത്തിയായ ഒഡിഷ, ജാര്‍ഖണ്ഡ് പിസിസി അധ്യക്ഷന്മാരെ തസ്ഥാനത്തു നിന്നും ഈയിടെ മാറ്റി. കേരളത്തില്‍ സംഘടനാ തെരഞ്ഞെടുപ്പ് പാതി വഴിയിലാണ്. കീഴ്ഘടകങ്ങളിലെല്ലാം തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയായിക്കഴിഞ്ഞു. യൂത്ത് കോണ്‍ഗ്രസ് മാതൃകയില്‍ കെപിസിസിയിലും ഒരു മത്സരം നടന്നാല്‍ പണ്ട് എ.കെ.ആന്‍റണിയും വയലാര്‍ രവിയും തമ്മില്‍ മത്സരിച്ചതിനെക്കാള്‍ വീറും വാശിയും ഉണ്ടായേക്കാം. അങ്ങനെയൊരു കടുത്ത മത്സരം നേരിടാനുള്ള ആര്‍ജവം ചെന്നിത്തലയ്ക്ക് ഉണ്ടെങ്കിലും അദ്ദേഹത്തെ പിന്താങ്ങുന്ന വിശാല ഐ ഗ്രൂപ്പിന് ഉണ്ടോ എന്ന കാര്യത്തില്‍ എല്ലാവര്‍ക്കുമുണ്ട് സന്ദേഹം.

ആ റിസ്ക് ഒഴിവാക്കി, മന്ത്രിസഭയിലേക്ക് ഒന്നു പയറ്റിയേക്കാം എന്നായിരുന്നു അടുത്ത ആലോചന. രമേശ് ആഗ്രഹിച്ചാല്‍ ആ നിമിഷം മന്ത്രി എന്ന കാര്യത്തില്‍ ആര്‍ക്കുമില്ല സംശയം. അദ്ദേഹം 1986ല്‍ വഹിച്ച ഗ്രാമ വികസന വകുപ്പ് ഇപ്പോള്‍ എ ഗ്രൂപ്പിന്‍റെ കൈയിലാണ്. ഒരു സങ്കോചവും കൂടാതെ അവരത് രമേശിനു വിട്ടുകൊടുക്കാന്‍ തയാര്‍. അതല്ല, വനം, സ്പോര്‍ട്സ്, സിനിമ വകുപ്പുകള്‍ മതിയെങ്കില്‍ ഇന്നല്ല, ഇന്നലെ മുതല്‍ തന്നെ ഉമ്മന്‍ ചാണ്ടി തയാര്‍. എന്നാല്‍ രമേശ് ഒരു സാദാ കോണ്‍ഗ്രസുകാരനല്ല. സാദാ നേതാവുമല്ല. പാര്‍ട്ടി പ്രവര്‍ത്തകസമിതിയില്‍ വരെ പ്രവര്‍ത്തിച്ചു പാരമ്പര്യമുണ്ട്. ആരുടെയെങ്കിലും പെട്ടി ചുമന്നും മുകളില്‍ നിന്നു കെട്ടിയിറക്കിയുമല്ല ഈപാരമ്പര്യം സമ്പാദിച്ചത്. പാര്‍ട്ടിയില്‍ നന്നായി പണിയെടുത്തു തന്നെ നേടിയെടുത്തതാണത്.

മന്ത്രിസഭയിലേക്ക് താന്‍ വരില്ല എന്ന് ഇക്കണ്ട കാലമത്രയും രമേശ് പറഞ്ഞു നടന്നതിന്‍റെ അര്‍ഥം, ഒരു സാധാരണ മന്ത്രിയാകാനില്ല എന്നേയുള്ളൂ. മന്ത്രിസഭയിലെ സമന്മാരില്‍ ഒന്നാമന്‍ എന്നതു മാത്രമാണു മറ്റു മന്ത്രിമാരില്‍ നിന്നു മുഖ്യമന്ത്രിക്കുള്ള വ്യത്യാസം. ഒന്നാമന്‍ കഴിഞ്ഞാല്‍ പിന്നെ രണ്ടാമനാണ് പ്രധാനി. ആ പ്രാധാന്യം തനിക്കു കിട്ടണമെന്ന് നിര്‍ബന്ധം രമേശിനുണ്ട്. പക്ഷേ, അതേ പ്രാമാണിത്വത്തിനു താന്‍ തന്നെ യോഗ്യന്‍ എന്ന് ഈ മന്ത്രിസഭയിലല്ല, പണ്ടു കരുണാകരന്‍റെ മന്ത്രിസഭ മുതല്‍ കെ.എം. മാണി ഉള്ളിലൊതുക്കിയും അവസരം കിട്ടുമ്പോഴൊക്കെ തുറന്നു പറഞ്ഞും നടപ്പുണ്ട്.

സൂര്യനു കീഴെയുള്ള സകലമാന കേരള കോണ്‍ഗ്രസുകാരെയും ഒന്നിപ്പിച്ചു തെരഞ്ഞെടുപ്പ് നേരിട്ടപ്പോഴും തങ്ങളെക്കാള്‍ കുറച്ചു എംഎല്‍എ മാരെ മാത്രമേ മാണിക്കു ലഭിച്ചിട്ടുള്ളൂ എന്നു പറയുന്നു, മുസ്ലിം ലീഗ്. കേരള കോണ്‍ഗ്രസിന് ഒരിക്കല്‍പ്പോലും ഒരു മുഖ്യമന്ത്രിയെ ലഭിച്ചിട്ടില്ലെന്നും. ലീഗിന് അങ്ങനെയല്ല. ഒരു മാസത്തേക്കെങ്കിലും സി.എച്ച്. മുഹമ്മദ് കോയയിലൂടെ തങ്ങള്‍ക്കതു ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് ഉപമുഖ്യമന്ത്രി സ്ഥാനം എന്നൊരു ചര്‍ച്ച ഉണ്ടായാല്‍ കുഞ്ഞാലിക്കുട്ടിയെ വിട്ടൊരു കളിയുണ്ടാവില്ല ലീഗിന്. ഇപ്പോള്‍ത്തന്നെ ഒരു മന്ത്രിയെക്കൂടി ചോദിക്കാവുന്നതേയുള്ളൂ. നെയ്യാറ്റിന്‍കര ആവര്‍ത്തിക്കുമോ എന്നൊരു ഭയം കൊണ്ട് തത്ക്കാലം മിണ്ടുന്നില്ല. ഉപമുഖ്യസ്ഥാനത്തേക്കു കുഞ്ഞാലിക്കുട്ടിയും മാണിയും അഹമഹമിഹയാ തള്ളിക്കയറാന്‍ തക്കം പാര്‍ത്തിരിക്കുമ്പോഴാണ് രമേശിന്‍റെ മനസില്‍ അങ്ങനെയൊരു ലഡു പൊട്ടിയത്. പക്ഷേ, സാധിക്കുമെന്നു തോന്നുന്നില്ല.

എങ്കില്‍പ്പിന്നെ, ആഭ്യന്തരവകുപ്പ് കിട്ടിയാലും മതി എന്നാണ് ഗ്രൂപ്പിലെ രമേശ് പക്ഷത്തിന്‍റെ ആവശ്യം. കെ. കരുണാകരന്‍ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ വലയാര്‍ രവിക്കോ ഉമ്മന്‍ ചാണ്ടിക്കോ ആയിരുന്നു പൊലീസ് ഭരണം. അതായത് പൊതുഭരണം ഐ ഗ്രൂപ്പിനെങ്കില്‍ പൊലീസ് ഭരണം എ ഗ്രൂപ്പിന്. എന്നാല്‍ എ ഗ്രൂപ്പുകാര്‍ അധികാരത്തിലെത്തിയാല്‍ ഈ ഫോര്‍മുല പരിഗണിക്കാത്തതില്‍ ഐ ഗ്രൂപ്പിന് വലിയ അമര്‍ഷമുണ്ട്. എ.കെ. ആന്‍റണിയും ഉമ്മന്‍ ചാണ്ടിയും മുഖ്യമന്ത്രിമാരായപ്പോള്‍ പൊലീസിനെ ഭരിക്കാന്‍ അവര്‍ മറ്റാരെയും അനുവദിച്ചില്ല. ഇപ്പോഴത്തെ മന്ത്രിസഭയിലും അങ്ങനെ തന്നെയായിരുന്നു. എന്നാല്‍, പെരുന്നയിലെ ചില നായന്മാര്‍ വല്ലാതെ കോപിച്ചപ്പോള്‍ തന്‍റെ പക്കലിരുന്ന പൊലീസ് വകുപ്പ് ആത്മമിത്രം തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ഏല്‍പ്പിച്ചു എന്നു മാത്രം.

എന്നാല്‍ ഈ വകുപ്പു മാറ്റം കൊണ്ട് പെരുന്ന നായന്മാര്‍ക്കോ കോണ്‍ഗ്രസ് ഐ ഗ്രൂപ്പു കാര്‍ക്കോ ഒരു തൃപ്തിയും വന്നില്ലെന്നു മാത്രമല്ല, വെളുക്കാന്‍ തേച്ചതു പാണ്ടായി എന്നതാണ് അവസ്ഥ. തിരുവഞ്ചൂര്‍ മന്ത്രിയായത് എന്‍എസ്എസിന്‍റെ അക്കൗണ്ടില്‍ അല്ലെന്നാണ് പെരുന്ന മണിച്ചേട്ടന്‍ കട്ടായം പറയുന്നത്. തിരുവഞ്ചൂര്‍ നായരല്ലെന്നു പറയാത്തതു ഭാഗ്യം. എന്നാല്‍ കേരളത്തിന്‍റെ ഇപ്പോഴത്തെ ആഭ്യന്തരമന്ത്രി ഒരു കോണ്‍ഗ്രസുകാരനേ അല്ലെന്നാണ് ഐ ഗ്രൂപ്പിലെ ഒരു പ്രബല വിഭാഗത്തിന്‍റെ വിശ്വാസം. ഇതാ ഒരു ഉദാഹരണം.

കൊല്ലത്തെ ഒരു ബ്ലോക്ക് കമ്മിറ്റി പ്രസിഡന്‍റ് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ അദ്ദേഹത്തിന്‍റെ കോട്ടയത്തെ വീട്ടില്‍ച്ചെന്നു കണ്ടു. തന്‍റെ നാട്ടിലെ ഒരു പൊലീസ് സബ് ഇന്‍സെപ്കറ്റര്‍ക്ക് കോണ്‍ഗ്രസുകാരോട് ഒരു മതിപ്പുമില്ലത്രേ. അതേ സമയം അദ്ദേഹത്തിന് എല്ലാ കോണ്‍ഗ്രസുകാരോടും ഈ വിരോധമില്ലതാനും. ഐ ഗ്രൂപ്പുകാര്‍ എന്തെങ്കിലും കാര്യം പറഞ്ഞാല്‍ അതിനു വിപരീതമായേ ചെയ്യൂ. ഭരണം മാറിയിട്ടും സിപിഎമ്മിനാണത്രേ ഈ സ്റ്റേഷനില്‍ കോണ്‍ഗ്രസുകാരെക്കാള്‍ സ്വാധീനം. അതുകൊണ്ട്, ഈ സബ് ഇന്‍സ്പെക്റ്ററെ ബന്ധപ്പെട്ട സ്റ്റേഷനില്‍ നിന്ന് സ്ഥലം മാറ്റണമെന്ന് ബ്ലോക്ക് പ്രസിഡന്‍റ് അഭ്യര്‍ഥിച്ചു. ആളിന്‍റെ പേരു ചോദിച്ച് സ്ഥലം എസ്പിയെ വിളിച്ചു മന്ത്രി തന്നെ നേരിട്ടു പറഞ്ഞാല്‍ നടക്കുന്ന കാര്യമേയുള്ളൂ. അല്ലെങ്കില്‍ പ്രൈവറ്റ് സെക്രട്ടറിക്ക് ഒരു കുറിപ്പു കൊടുത്ത് ഡിജിപിയെ ഒന്നു ഫോണില്‍ വിളിപ്പിച്ചാല്‍ മതി. സ്വന്തം പാര്‍ട്ടിക്കാരെ സുഖിപ്പിക്കാന്‍ എല്ലാ മന്ത്രിമാരും ഇതൊക്കെയാണു ചെയ്യുന്നതും.

എന്നാല്‍ തിരുവഞ്ചൂര്‍ മന്ത്രി ചെയ്തതു മറ്റൊന്നാണ്. വെള്ളപ്പേപ്പറില്‍ ഒരു പരാതി എഴുതിക്കൊടുക്കാന്‍ മന്ത്രി ബ്ലോക്ക് പ്രസിഡന്‍റിനോട് ആവശ്യപ്പെട്ടു. മുതുപാതിരാത്രി വരെ മന്ത്രിയുടെ വീട്ടുപടിക്കല്‍ നിന്നു സകലമാന പൊലീസ് കാവല്‍ക്കാരുടെയും തെറിയും ഉന്തും തള്ളും ഏറ്റവാങ്ങിയാണ് മന്ത്രിയുടെ മുഖദാവിലെത്തിയത്. ആ നേരത്ത് ഒരു വെള്ളപ്പേപ്പര്‍ കൈയില്‍ കരുതുന്ന കാര്യം പാവം ബ്ലോക്കന്‍ മറന്നു പോയി. എങ്കിലും അസയമത്ത് എവിടൊക്കെയോ ചുറ്റിത്തിരിഞ്ഞ് കടലാസ് സംഘടിപ്പിച്ച് ഇരുട്ടത്തിരുന്ന് ഒരു പരാതി തയാറാക്കി, ബഹു. മന്ത്രിക്കു സമര്‍പ്പിച്ചു. ഇപ്പം ശര്യാക്കിത്തരാം എന്ന മട്ടില്‍ ബ്ലോക്കന്‍റെ തോളത്തു തട്ടി പറഞ്ഞു വിട്ടു.

ഒരാഴ്ച കഴിഞ്ഞപ്പോള്‍, ബന്ധപ്പെട്ട പൊലീസ് സ്റ്റേഷന്‍ നിയന്ത്രിക്കുന്ന സര്‍ക്കിള്‍ ഇന്‍സ്പെക്റ്ററുടെ ഒരു ഇണ്ടാസ് കണ്ടു ബ്ലോക്ക് പ്രസിഡന്‍റ് ഞെട്ടി. നിങ്ങള്‍ സ്ഥലം സബ് ഇന്‍സ്പെക്റ്റര്‍ക്കെതിരേ നല്‍കിയ പരാതി സംബന്ധിച്ചു തെളിവെടുപ്പു നടത്താന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്റ്ററുടെ മുമ്പാകെ നേരിട്ടു ഹാജാരാകാനായിരുന്നു അതിലെ ഉള്ളടക്കം. പുലിവാലു പിടിച്ച പ്രസിഡന്‍റ് ഇപ്പോള്‍ സദാ ജാമ്യക്കാരുമായാണു നടപ്പ് എന്നാണ് അശരീരി. സ്ഥലം എസ്ഐ പണ്ടു പറഞ്ഞാല്‍ കേള്‍ക്കില്ലെന്നേ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹത്തിനെതിരേ മന്ത്രിക്കു പരാതി കൊടുത്തതിന്‍റെ പേരില്‍ എന്തൊക്കെ പുകിലാണാവോ ഇനി ഉണ്ടാവുക. മൂന്നാംമുറയ്ക്കു പേരു കേട്ട ആളാണ് സര്‍ക്കിള്‍ ഇന്‍സ്പെക്റ്ററും. പാവം ബ്ലോക്ക് പ്രസിഡന്‍റിന് ഉറക്കമില്ലെന്നാണു വീട്ടുകാര്‍ പറയുന്നത്.

മേല്‍പ്പടി ബ്ലോക്ക് പ്രസിഡന്‍റ് കെപിസിസി പ്രസിഡന്‍റിനെ നേരിട്ടു കണ്ടു പരാതി പറയാന്‍ ശ്രമിച്ചെങ്കിലും തിരക്കു മൂലം കഴിഞ്ഞില്ല. തങ്ങളുടെ ഗ്രൂപ്പ് നേതാവ് ആഭ്യന്തരമന്ത്രി ആകണേ എന്നു ഉരുള്‍ നേര്‍ച്ച നേര്‍ന്നു കാത്തിരിപ്പാണ് പാവം ബ്ലോക്ക് പ്രസിഡന്‍റ്.



സ്റ്റോപ് പ്രസ്:

പെഴ്സണല്‍ സ്റ്റാഫിലെ മൂന്നു വിശ്വസ്തരെയും പാര്‍ട്ടി പുറന്തള്ളിയപ്പോള്‍ ഒരക്ഷരം പ്രതികരിക്കാതെ, വി.എസ്. അച്യുതാനന്ദന്‍ പാര്‍ട്ടിക്കു വഴങ്ങി.



അവരോടു പോയി പണി നോക്കാന്‍ പറയ്. കന്‍റോണ്‍മെന്‍റ് ഹൗസ്, ക്ലിഫ് ഹൗസ് എന്നിവിടങ്ങളിലൊക്കെ അന്തിയുറങ്ങുന്നവര്‍ക്ക്, അതു നഷ്ടപ്പെടുമ്പോള്‍ ഇത്തിരി ചൊറിയും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ