പേജുകള്‍‌

2013, മേയ് 27, തിങ്കളാഴ്‌ച

മനസിലേക്ക് തെളിക്കുന്ന ടോര്‍ച്ച്

 
 
എല്ലാവരുടെയും അകക്കണ്ണുകള്‍ തുറപ്പിക്കാന്‍ ആശാന്‍ ബാല്യത്തിലെത്തണമെന്നാണ് ഗുരുകാരണവന്മാര്‍ പറഞ്ഞിട്ടുള്ളത്. മാതാവ് പിതാവിനെയും പിതാവ് ഗുരുവിനെയും ഗുരു അറിവാകുന്ന ദൈവത്തെയും കാണിച്ചുകൊടുക്കണമെന്നുമുണ്ട് പ്രമാണം. തലവര നന്നായിട്ടുള്ളവര്‍ക്കു നല്ല ഗുരുക്കന്മാരെ ലഭിക്കും. അല്ലാത്തവരുടെ തലവര തന്നെ തെറ്റും. അങ്ങനെയുമുണ്ട് ഗുരുത്വപുരാണത്തിന്‍റെ അകംപൊരുള്‍. ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ രാഷ്ട്രീയ അറിവ് ആവശ്യമുള്ള വിദ്യാര്‍ഥി ആരെന്നു ചോദിച്ചാല്‍ ഒരൊറ്റ ഉത്തരമേയുള്ളൂ. രാജ്യത്തിന്‍റെ ഭാവി പ്രധാനമന്ത്രി രാഹുല്‍ജി ഗാന്ധിജി!

തന്‍റെ പിതാജിയെയും മാതാജിയെയും രാഷ്ട്രീയം പഠിപ്പിച്ച അഹമ്മദ് പട്ടേലിനെപ്പോലുള്ള മഹാഗുരുക്കന്മാര്‍ പലരും അടുത്തൂണ്‍ പറ്റി പിരിഞ്ഞു. (അല്ല, വിഎര്‍എസ് നല്‍കി പറഞ്ഞു വിട്ടതാണെന്നുമുണ്ട് പഴി). ഏതായാലും കുമാരനെ എഴുത്തും വായനയും പഠിപ്പിക്കാന്‍ ഇന്ദ്രപ്രസ്ഥത്തിലെ നമ്പര്‍ 10 ജന്‍പഥ് കണ്ടെത്തിയ ഗുരുവാണ് ദിഗ്വിജയ് സിങ്. സിങ്ങിനെക്കൊണ്ട് ആകാവുന്നതൊക്കെ അദ്ദേഹം കുമാരനെ പറഞ്ഞു പഠിപ്പിക്കുന്നുമുണ്ട്. കുമാരന്‍ ചിലതു പഠിക്കുകയും ചിലതൊക്കെ പഠിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ടെങ്കിലും പ്രോഗ്രസ് റിപ്പോര്‍ട്ട് അത്ര പോരാ എന്നു പഴിക്കുന്നുണ്ട്, അക്ബര്‍ റോഡിലെ തലനരച്ച കോണ്‍ഗ്രസ് ഹെഡ്മാസ്റ്റര്‍മാര്‍.

മാര്‍ക്ക് കുറയുന്ന കുട്ടികള്‍ പെട്ടെന്നു പഴിക്കുന്നതു പഠിപ്പിക്കുന്ന അധ്യാപകരെയാവും. വേറേ ചില സാറന്മാര്‍ പഠിപ്പിച്ചിരുന്നെങ്കില്‍ നല്ല മാര്‍ക്ക് കിട്ടിയേനെ എന്നു ഭര്‍ത്സിക്കുകയും ചെയ്യും. രാഹുല്‍ജിയും ഈയിടെ അങ്ങനെയൊരു സാറിന്‍റെ പേരു പറഞ്ഞു- ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ പേര്. മോഡി തനിക്കു ഗുരുവാണെന്നും അദ്ദേഹത്തില്‍ നിന്നു നല്ല കാര്യങ്ങള്‍ പലതും പഠിക്കാനുണ്ടെന്നും കുമാരന്‍ പറഞ്ഞതു പക്ഷേ, രാജഗുരുക്കളെ പ്രകോപിപ്പിച്ചു. അര്‍ഥശാസ്ത്രവും തര്‍ക്കശാസ്ത്രവും പഠിപ്പിക്കാന്‍ അഷ്ടസിദ്ധന്മാര്‍ പലതുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എന്നിട്ടും കുമാരനിഷ്ടം ശത്രുഗുരുവിനെയോ എന്നായി ചോദ്യം- എന്നു വച്ചാല്‍ കണക്കു പഠിപ്പിക്കാന്‍ പാട്ടു സാറോ എന്ന മട്ട്. മാഡം കാണാതെ ആരോ ഇരുട്ടത്തു കുമാരന്‍റെ മൂട്ടില്‍ നുള്ളിയെന്നും കേള്‍ക്കുന്നു. കരഞ്ഞു കണ്ണടച്ചതിനാല്‍ പിച്ചിയ ആളെ കൊച്ചന്‍ കണ്ടില്ല. സാറിന്‍റെ ഭാഗ്യം. ഇല്ലെങ്കില്‍ പള്ളിക്കൂടം തന്നെ പൂട്ടിയേനെ.

ഏതായാലും നല്ല ഒരു ഗുരുവിനെ കണ്ടെത്തിയിട്ടു തന്നെ കാര്യം എന്നായി കുമാരന്‍. അന്വേഷണം ചെന്നെത്തിയത് മഹാമുനി, ആചാര്യ ശിരോമണി സാക്ഷാല്‍ അറയ്ക്കപ്പറമ്പില്‍ കുര്യന്‍ പിള്ള മകന്‍ ആന്‍റണി സാറിന്‍റെ സവിധത്തില്‍. ആന്‍റണിയങ്കിള്‍ തനിക്ക് ഗുരുവാണെന്നു കുമാരന്‍ കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്തു വന്നാണു പറഞ്ഞത്. അതു കേട്ടതും അനന്തപുരി മുതല്‍ ഇന്ദ്രപ്രസ്ഥം വരെയുള്ള എല്ലാ പാര്‍ട്ടി ഗുരുക്കന്മാരും കുമാരനെ നോക്കി, മിടുക്കന്‍ എന്ന് ഏമ്പക്കം വിട്ടു പറഞ്ഞു പ്രോത്സാഹിപ്പിച്ചു. സാറു കൊള്ളാം, പക്ഷേ, പള്ളിക്കൂടം മോശം എന്ന മട്ടില്‍ രാഹുല്‍ജി അടുത്ത ആശങ്ക പങ്കു വച്ചു. ആന്‍റണിയങ്കിള്‍ തന്നെ ശിഷ്യനായി സ്വീകരിക്കുമോ എന്നറിയില്ലത്രേ. കുമാരനെ തള്ളുമെന്നോ കൊള്ളുമെന്നോ ആന്‍റണിജി പറഞ്ഞില്ല. മൗനം വിദ്വാനു മാത്രമല്ല, നല്ല അധ്യാപകര്‍ക്കും ഭൂഷണം തന്നെ.

പണ്ട്, പഞ്ചപാണ്ഡവന്മാരെയും കൗരവന്മാരെയും ആയോധന കല പഠിപ്പിച്ച ദ്രോണാചാര്യരുടെ അധ്യാപനം, അദ്ദേഹം പോലുമറിയാതെ ഒളിഞ്ഞിരുന്നു പഠിച്ച് അര്‍ജുനനെ തോല്‍പ്പിച്ച് ഫസ്റ്റ് റാങ്ക് നേടിയ ഏകലവ്യനെപ്പോലെ ആന്‍റണിയുടെ വിദ്യകള്‍ രാഹുല്‍ജി ഒളിഞ്ഞിരുന്നു പഠിക്കാന്‍ തുടങ്ങി എന്നാണ് അശരീരി. മിക്കവാറും അടുത്ത മാര്‍ച്ച് ഏപ്രിലിലാണു പരീക്ഷ. അതില്‍ ഫസ്റ്റ് റാങ്ക് വാങ്ങിയാല്‍ പ്രധാനമന്ത്രി.

ഏതായാലും ഒളിവിദ്യയുടെ ആദ്യപാഠം കഴിഞ്ഞ ദിവസം ആന്‍റണി കോഴിക്കോട് വായിച്ചു. അതിലെ ആദ്യ വാചകം ഇങ്ങനെ. കേരളത്തിലെ കോണ്‍ഗ്രസിലെ കാര്യങ്ങള്‍ ഇലയ്ക്കും മുള്ളിനും കേടില്ലാതെ, അഥവാ ഇരു ചെവി അറിയാതെ തീര്‍ക്കാന്‍ കഴിവുള്ള രണ്ടു നേതാക്കളാണ് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും. ഇരു നേതാക്കളും തമ്മില്‍ കഴിഞ്ഞ കുറച്ചു നാളായി ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന നീക്കങ്ങള്‍ നിരീക്ഷിക്കുന്ന ഏതു കോണ്‍ഗ്രസ് കുട്ടിക്കും അക്കാര്യം വ്യക്തമാണ്. കോണ്‍ഗ്രസ് അധ്യാപകരാണ് പേപ്പര്‍ പരിശോധിക്കുന്നതെങ്കില്‍ നൂറില്‍ നുറൂ മാര്‍ക്ക് ഉറപ്പ്.

ആന്‍റണിയങ്കിളിന്‍റെ രണ്ടാമത്തെ പാഠം വെറും തിയറിയല്ല, പ്രാക്റ്റിക്കലാണ്. കോണ്‍ഗ്രസുകാര്‍ ശരിതെറ്റുകള്‍ മനസിലാക്കാന്‍ സ്വന്തം മനസിലേക്ക് ടോര്‍ച്ച് തെളിക്കണം എന്നത്രേ എക്സര്‍സൈസ്. വളരെ നല്ല കാര്യമാണ്. ഓരോരുത്തരുടെയും മനസിലിരിപ്പ് എത്ര വ്യക്തമായി ഈ വെളിച്ചത്തില്‍ തെളിഞ്ഞുവരും എന്നറിയാന്‍ പറ്റിയ വിദ്യ.

പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ മനസിലേക്കാവാം ആദ്യ ടോര്‍ച്ച്. (ടോര്‍ച്ചറിങ് അല്ല). കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി പാര്‍ട്ടിയെ നയിക്കുന്നു പാവം. ഇന്ദിരാ ഗാന്ധിക്കു പോലും അതിനു കഴിഞ്ഞില്ല. ഇപ്പോള്‍ 67 വയസായി. ഇനിയെങ്കിലും ഇത്തിരി വിശ്രമിക്കണം. കുമാരനെ ഭരണമേല്‍പ്പിച്ച് അടുത്തൂണ്‍ പറ്റിപ്പിരിയണമെന്നാണ് മനസു മന്ത്രിക്കുന്നത്. അതിനു മുന്‍പ് ആന്‍റണിയടക്കം എത്ര പേരേ കുമാരന്‍ ഓവര്‍ടേക്ക് ചെയ്യണം എന്നാലോചിക്കുമ്പോള്‍ മനസ് പിടയുന്നു. ഒരിക്കല്‍ ഭര്‍തൃശുശ്രു ഇന്ദിരാ ഗാന്ധിയെപ്പോലും ഭര്‍ത്സിച്ചിട്ടുണ്ട് ആന്‍റണി. ഇനി കുമാരനെ തള്ളിപ്പറയില്ല എന്ന് ആരുകണ്ടു. വേണ്ട, വേണ്ട... എന്നേ പറയൂ എങ്കിലും തരം കിട്ടിയാല്‍ സെവന്‍ റെയ്സ് കോഴ്സില്‍ത്തന്നെയാണ് അങ്കിളിനും നോട്ടം. ഓര്‍ത്തിട്ട് ഉറക്കം വരുന്നില്ല. കൂടുതല്‍ ചികയണ്ട. ലൈറ്റ് അണയ്ക്കാം.

ഇനി മന്‍മോഹന്‍ജിയുടെ മനസിലേക്കാവട്ടെ, ടോര്‍ച്ച്. അധികാരത്തിന്‍റെ ഉന്നതങ്ങളില്‍ അര നൂറ്റാണ്ടു പിന്നിട്ടിരിക്കുന്നു സര്‍ദാര്‍ജി. ഇനിയെങ്കിലും കളം വിടും എന്നാണു കുമാരന്‍ കരുതിയത്. പക്ഷേ, താനൊരു പാവ പ്രധാനമന്ത്രിയാണെന്നു പ്രതിപക്ഷവും മാധ്യമങ്ങളും ഒരുപോലെ ആക്ഷേപിക്കുന്ന സാഹചര്യത്തില്‍, മൂന്നാമത് ഒരു ഊഴം കിട്ടിയാല്‍ ഒരു കൈ നോക്കിയിട്ടു തന്നെ കാര്യം എന്ന മട്ടിലാണ് സിങ്ജി. പത്താം നമ്പര്‍ ജന്‍പഥിലേക്ക് ഈയിടെ ഫോണ്‍വിളി പോലും കുറച്ച്, മുന്‍ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ടി.എന്‍. ശേഷന്‍, സിഎജി വിനോദ് റായ് തുടങ്ങിയവരുടെ ആത്മകഥള്‍ ഗൃഹപാഠം ചെയ്യുന്ന ചിത്രമാണ് ടോര്‍ച്ചില്‍ തെളിയുന്നത്. കട്ട്..!

ഇനിയാണ് ടോര്‍ച്ച് ശരിക്കും തെളിക്കേണ്ടത്. ആദ്യം ഉമ്മന്‍ ചാണ്ടിയുടെ മനസിലേക്കാവട്ടെ. പണ്ട് പാമോയില്‍ കേസ്, ചാരക്കേസ് മുതലിങ്ങോട്ട് സകലമാന കേസുകെട്ടുകളും കുത്തിപ്പൊക്കിയപ്പോഴൊക്കെ മനസില്‍ ഒരാഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. കരുണാകരനു പകരം ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രി. ജനിച്ച നാള്‍ മുതല്‍ പാര്‍ട്ടി, പാര്‍ട്ടി എന്നല്ലാതെ പാര്‍ലമെന്‍ററി പദവി എന്നു നാവെടുക്കാത്ത ആന്‍റണി അന്നും കെപിസിസി ഓഫിസില്‍ ചടഞ്ഞുകൂടുമെന്നായിരുന്നു കരുതിയിരുന്നത്. പക്ഷേ, ഉമ്മന്‍ ചാണ്ടി മനസില്‍ കണ്ടത് ആന്‍റണി മാനത്തു കണ്ടു. കരുണാകരന്‍ അല്ലെങ്കില്‍ ആന്‍റണി- അതാണ് കോണ്‍ഗ്രസ് ഇക്വേഷന്‍ എന്ന് ആന്‍റണി വിധിച്ചു. അങ്ങനെ ഉമ്മന്‍ ചാണ്ടി ഔട്ട്.

അവിടെ നിന്ന് എത്ര കഷ്ടപ്പെട്ടിട്ടാണ് ആന്‍റണിയെ ഇന്ദ്രപ്രസ്ഥത്തിലേക്കു കെട്ടുകെട്ടിച്ച് കേരളത്തിലെ ഭരണത്തില്‍ കയറിപ്പറ്റിയത്. അതെങ്ങാനും തട്ടിയെടുക്കാന്‍ ചെന്നിത്തലയല്ല, അതിലും വലിയ തല വന്നാലും നടക്കില്ല, ചങ്ങാതീ, നടക്കില്ല. അതിനിടെ, കഴിഞ്ഞ ഇടതു സര്‍ക്കാരിനെ പ്രശംസിക്കാന്‍ തന്‍റെ കൈയില്‍ വാക്കുകളില്ല എന്നൊരു ബ്രഹ്മോസ് കൂടി പൊട്ടിച്ചിട്ടുണ്ട് ആന്‍റണി. നല്ല ഭരണം നയിക്കാന്‍ വല്ല വിമാനവും കയറി ആന്‍റണി തന്നെ നേരിട്ടു വരുമോ, അതോ വേറേ വല്ലവരെയും കെട്ടിയിറക്കുമോ എന്നറിയാതെ തിളച്ചു മറിയുന്ന ചങ്കാണ് ഉമ്മന്‍ ചാണ്ടിയുടെ ഉള്ളില്‍ ടോര്‍ച്ച് വെളിച്ചത്തില്‍ തെളിയുന്നത്.

വോള്‍ട്ടെജ് മങ്ങിയ ടോര്‍ച്ചില്‍ ഇനി ഒരാളുടെ മനസിലേക്കു കൂടി പ്രകാശിപ്പിക്കാനുള്ള ചാര്‍ജേയുള്ളൂ. രമേശ് ചെന്നിത്തലയുടെ മനസിലേക്കാകട്ടെ അത്. അഹോ, ഭയങ്കരം! കഴിഞ്ഞ നാല്‍പ്പതു വര്‍ഷമായി എന്തെല്ലാം മോഹങ്ങളാണ് ഈ മനസില്‍ തെളിഞ്ഞുനില്‍ക്കുന്നത്. നിയമ നിര്‍മാണ സഭകളില്‍ ഉമ്മന്‍ ചാണ്ടിയുടെ അത്ര വരില്ലെങ്കിലും രമേശിനുമുണ്ട് മികച്ച പാര്‍ലമെന്‍ററി പരിജ്ഞാനം. പാര്‍ട്ടി പദവികളില്‍ രമേശിന്‍റെ ഏഴയലത്തു വരില്ല, ഉമ്മന്‍ ചാണ്ടി. എന്നിട്ടും താനിപ്പോഴും വെറുമൊരു എംഎല്‍എ. മിണ്ടാതിരുന്ന തന്നെ വിളിച്ചുണര്‍ത്തി മന്ത്രീ, മന്ത്രീ എന്നു നീട്ടി വിളിച്ചിട്ട് ഏയ് പൂയ്... എന്ന് ആക്ഷേപിക്കുന്നവരോട് ഇനി ക്ഷമിക്കാന്‍ വയ്യ. ഇനി രണ്ടിലൊന്നറിഞ്ഞിട്ടു മതി ബാക്കി. അടുത്ത പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് കഴിയട്ടെ. കാണിച്ചു തരാം. ഹൈക്കമാന്‍ഡിനെ ബോധിപ്പിക്കാനുള്ള എംപി സംഖ്യ തികയുന്നില്ലെങ്കില്‍ തനിക്കൊരു കുന്തവും വരാനില്ല. 2004ല്‍ എ.കെ. ആന്‍റണിക്കു പറ്റിയത് കുഞ്ഞൂഞ്ഞിനു പറ്റുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ആന്‍റണിക്ക് ഹൈക്കമാന്‍ഡില്‍ പിടിയുണ്ടായിരുന്നു. അതുകൊണ്ട് അദ്ദേഹം ഹൈക്കമാന്‍ഡ് ആയി. അതുപോലെ, തനിക്കു പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാകാനുള്ള സാധ്യതയെങ്കിലുമുണ്ട്. കുഞ്ഞൂഞ്ഞിന്‍റെ കാര്യമോ! ചെന്നിത്തല പൊട്ടിച്ചിരിക്കുന്നു.

ടോര്‍ച്ച് അണയുന്നു, കുഞ്ഞൂഞ്ഞ് ബോധം കെട്ടു വീഴുന്നു. കുമാരന്‍ ചിന്താമഗ്നനാകുന്നു.

കര്‍ട്ടന്‍..!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ