പേജുകള്‍‌

2013, ജൂൺ 5, ബുധനാഴ്‌ച

ഒരു ലീവ് വേക്കന്‍സിയും

മൂന്ന് അപേക്ഷകരും



നിയമസഭാ ചരിത്രത്തില്‍ നിരവധി റെക്കോഡുകള്‍ സ്ഥാപിച്ചിട്ടുള്ള കേരള നിയമസഭയ്ക്ക് അവസരം ലഭിച്ചാല്‍ പുതിയൊരു റെക്കോഡിനു കൂടി സാധ്യത തെളിയുന്നു. ഒരേ സമയം, ഒരു മുഖ്യമന്ത്രിയും മൂന്ന് ഉപമുഖ്യമന്ത്രിമാരും വാണ ഏക നിയമസഭയെന്നോ സംസ്ഥാനമെന്നോ കേരളം വാഴ്ത്തപ്പെടാന്‍ പോകുന്നു എന്നാണു പാണന്മാര്‍ പാടുന്നത്. കേരളത്തിന്‍റെ ഏകമാന സമാരാധ്യ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്ന് ഇന്ദ്രപ്രസ്ഥത്തിലിറങ്ങിയാല്‍ ഉടന്‍ അതു സംബന്ധിച്ചുള്ള ചിട്ടവട്ടങ്ങള്‍ തുടങ്ങും. നാളെ അക്ബര്‍ റോഡിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് മാഡത്തെക്കൂടി കണ്ടു വണങ്ങുന്നതോടെ കാര്യത്തില്‍ ഒരു തീരുമാനമാകും. അതോടെ മന്ത്രിസഭയിലെ രണ്ടാം കക്ഷി പദവിയോടെ പി.കെ. കുഞ്ഞാലിക്കുട്ടി ഒന്നാം ഉപമുഖ്യമന്ത്രി. കോണ്‍ഗ്രസിലെ രണ്ടാം അധികാര സ്ഥാനങ്ങളോടെ രമേശ് ജി ചെന്നിത്തലജി മുന്നണിയുടെ രണ്ടാം ഉപമുഖ്യമന്ത്രി. ഒന്നാമനോടും രണ്ടാമനോടും സമദൂരത്തില്‍ കേരള കോണ്‍ഗ്രസ് എന്ന മൂന്നാം കക്ഷിയുടെ അപ്രതിരോധ്യനായ സാക്ഷാല്‍ കരിങ്ങോഴയ്ക്കല്‍ മാണി മാണി അവര്‍കള്‍ മൂന്നാം ഉപമുഖ്യമന്ത്രി..!

140 അംഗ കേരള നിയമസഭയില്‍ പരമാവധി ഒരു മുഖ്യമന്ത്രിക്കും 20 സഹമന്ത്രിമാര്‍ക്കും മാത്രമേ ഒഴിവുള്ളൂ. എന്നാല്‍ ഉപമുഖ്യമന്ത്രിമാരുടെ കാര്യത്തില്‍ അങ്ങനെ നിശ്ചിത എണ്ണം പറഞ്ഞിട്ടില്ല. ഉപമുഖ്യമന്ത്രിയുടെ കൂടി അധികച്ചുമതലയുള്ള മുഖ്യമന്ത്രി എന്ന് അപരനാമം സ്വീകരിച്ചാല്‍ ഉമ്മന്‍ ചാണ്ടിയടക്കം 21 ഉപമുഖ്യമന്ത്രിമാര്‍ക്കു വരെ സ്കോപ് ഉണ്ട്. പക്ഷേ, സെക്രട്ടേറിയറ്റിലെ സ്ഥല പരിമിതി മൂലമാണ് എണ്ണം മൂന്നായി ചുരുക്കുന്നത്. ചില താത്ക്കാലിക ഒഴിവുകളില്‍ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി നിയമനം നേടിയ ശേഷം മുകളിലെ പിടിപാടുകള്‍ ഉപയോഗിച്ചു നിയമനം സ്ഥിരപ്പെടുത്തുന്ന ചില വിരുതന്മാരുണ്ട്. ഗര്‍ഭിണികളായ അധ്യാപകര്‍ പ്രസവാവധി എടുക്കുമ്പോള്‍ ലീവ് വേക്കന്‍സിയില്‍ കയറി, പിന്നീടുണ്ടാകുന്ന സ്ഥിരം ഒഴിവിലേക്ക് നിയമനം ബുക്ക് ചെയ്യുന്ന എയ്ഡഡ് വിദ്യാലയങ്ങളിലെ സമ്പ്രദായം പോലെ എന്നും പറയാം. എല്ലാം പരസ്പരമുള്ള ചില എയ്ഡുകളായ സ്ഥിതിക്ക് ഉപമുഖ്യമന്ത്രി പദവിയെ എയ്ഡഡ് പദവിയോട് ഉപമിക്കുന്നതാണു യുക്തി.

ഇങ്ങനെ നോക്കുമ്പോള്‍ കേരളത്തില്‍ ഒഴിവു വരാനിരിക്കുന്ന ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് മുസ്ലിം ലീഗിനു തന്നെയാണ് മുന്‍ഗണന കൊടുക്കേണ്ടത്. ലീവ് വേക്കന്‍സിയില്‍ കയറി പിന്നീടു തരം കിട്ടിയപ്പോള്‍ സ്ഥിരം നിയമനം തേടുന്നവരല്ല ലീഗ്. കൈയിലുണ്ടായിരുന്ന പ്രിന്‍സിപ്പലിന്‍റെ സ്ഥിരനിയമനം നിരുപാധികം കോണ്‍ഗ്രസിനു വിട്ടുകൊടുത്ത് ആദ്യം വൈസ് പ്രിന്‍സിപ്പലിന്‍റെ കസേരയിലേക്കും പിന്നീട് ഒരു സാദാ മാഷിന്‍റെ ബഞ്ചിലേക്കും മാറിയവരാണ് ലീഗുകാര്‍. പഴയകാല ചരിത്ര പുസ്തകം മറിച്ചു നോക്കിയാല്‍ ഉമ്മന്‍ ചാണ്ടിക്കും രമേശിനുമൊക്കെ ഇക്കാര്യം മനസിലാക്കാവുന്നതേയുള്ളൂ. പക്ഷേ, എഴുത്തും വായനയുമൊന്നും പണ്ടേ പഥ്യമല്ലാത്തതിനാല്‍ മെനക്കെടാറില്ലല്ലോ. വായിക്കുന്നതിനു പകരം സമയം കിട്ടുമ്പോള്‍ മാണി സാറിനോടു ചോദിച്ചാല്‍ അദ്ദേഹം സവിസ്തരം പറഞ്ഞുതരും.

അടിയന്തരാവസ്ഥ കഴിഞ്ഞെത്തിയ തെരഞ്ഞെടുപ്പ്. ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ യുഡിഎഫ് അധികാരത്തില്‍. നിയമസഭയില്‍ ഒരുമിച്ചു നില്‍ക്കാന്‍ 111 എംഎല്‍എമാര്‍. കെ. കരുണാകരന്‍റെ അപ്രമാദിത്വം ഐകകണ്ഠ്യേന അംഗീകരിച്ച് സുശക്തമായ മന്ത്രിസഭ. പക്ഷേ, കഷ്ടിച്ച് ഒരു മാസത്തിനുള്ളില്‍ അടിയന്തരാവസ്ഥയുടെ ദുര്‍ഭൂതം രാജന്‍ കേസിന്‍റെ രൂപത്തിലെത്തി കരുണാകരന്‍ മന്ത്രിസഭയെ വിഴുങ്ങി. തുടര്‍ന്ന് എ.കെ. ആന്‍റണി മുഖ്യമന്ത്രി. അടിയന്തരാവസ്ഥക്കാലത്ത് ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രത്തിന്‍റെ സെന്‍സറിങ് കമ്മിറ്റിയിലേക്ക് ഇന്ദിരാ ഗാന്ധി നല്‍കിയ നിയമനം അംഗീകരിച്ച്, അധികാര സൗകര്യങ്ങള്‍ ഉപയോഗിച്ചെങ്കിലും പിന്നീട് അടിയന്തിരാവസ്ഥയെയും ഇന്ദിരാ ഗാന്ധിയെയും തള്ളിപ്പറഞ്ഞ് ആന്‍റണി മുഖ്യമന്ത്രി പദം രാജിവച്ചു. തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനത്ത് വന്നത് പി.കെ. വാസുദേവസന്‍ നായര്‍.

വിശാല ഇടതുപക്ഷ ഐക്യത്തിന്‍റെ പേരു പറഞ്ഞ് വാസുദേവന്‍ നായരും സിപിഐയും സിപിഎം ചേരിയിലേക്കു ചേക്കേറിയപ്പോള്‍, അടുത്ത ഊഴം കിട്ടിയത് മുസ്ലിം ലീഗിലെ കരുത്തനായ സി.എച്ച്. മുഹമ്മദ് കോയയ്ക്ക്. കഷ്ടിച്ച് ഒരു മാസവും ഒരാഴ്ചയുമാണ് അദ്ദേഹം അധികാരത്തിലിരുന്നതെങ്കിലും ചരിത്രത്തില്‍ സി.എച്ച്. മുഹമ്മദ് കോയ കേരളത്തിന്‍റെ മുന്‍ മുഖ്യമന്ത്രിയാണ്. കെ. കരുണാകരന്‍റെയും കരുണാകരന്‍റെ കോണ്‍ഗ്രസിന്‍റെയും ഒപ്പം നിന്നതിന്‍റെ പ്രതിഫലം. ആന്‍റണിയോടൊപ്പം ആദര്‍ശം വിഴുങ്ങി, മന്ത്രിസഭയും മുന്നണിയും വിട്ടു പോയിരുന്നില്ലെങ്കില്‍ കെ.എം. മാണിക്കും കിട്ടുമായിരുന്നു ഈ പദവി. പോയ ബുദ്ധി ആന പിടിച്ചാലും തിരിച്ചു കിട്ടില്ലെന്നാണു ഗുരുകാരണവന്മര്‍ പറയുന്നത്. പോയതു പോയി എന്നു മാണിക്കു സമാധാനിക്കാം. അല്ലായിരുന്നെങ്കില്‍ ലീഗിന്‍റെ ക്ലെയിം മാണിക്കും ലഭിച്ചേനെ.

ഏതായാലും 111 എംഎല്‍എമാരുമായി അധികാരത്തിലെത്തിയ യുഡിഎഫ് നിലനില്‍ക്കാനുള്ള ആള്‍ബലമില്ലാതെ രാജിവച്ചൊഴിഞ്ഞു. 1982ല്‍ കോണ്‍ഗ്രസ് എ, സിപിഐ, കേരള കോണ്‍ഗ്രസ്, ആര്‍എസ്പി തുടങ്ങിയ കക്ഷികളൊന്നും കൂട്ടില്ലാതെ കെ. കരുണാകരന്‍ തെരഞ്ഞെടുപ്പ് നയിച്ചു. ഒപ്പം നില്‍ക്കാന്‍ നാലാള്‍ തികച്ചുള്ള ഏക പാര്‍ട്ടി മുസ്ലിം ലീഗ് മാത്രം. ഇക്കുറിയും വിജയം കരുണാകരനൊപ്പമായിരുന്നു. യുഡിഎഫിനു വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിട്ടും തന്‍റെ മന്ത്രിസഭയില്‍ ഒരു മുന്‍ മുഖ്യമന്ത്രി വെറും മന്ത്രി ആകരുത് എന്ന കരുണാകരന്‍റെ താത്പര്യം സി.എച്ച്. മുഹമ്മദ് കോയയ്ക്ക് ഉപമുഖ്യമന്ത്രി എന്ന പദവി നല്‍കി. 1983 സെപ്റ്റംബറില്‍ മരിക്കുന്നതു വരെ കോയ തല്‍സ്ഥാനത്തു തുടര്‍ന്നു. മുഹമ്മദ് കോയ മരിച്ചെങ്കിലും ഉപമുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുക്കാന്‍ ലീഗ് തയാറായില്ല. അങ്ങനെ 1983 ഒക്റ്റോബര്‍ 24ന് സീനിയര്‍ മന്ത്രി അവുക്കാദര്‍ കുട്ടി നഹ (ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദു റബ്ബിന്‍റെ വന്ദ്യ പിതാവ്) ഉപമുഖ്യമന്ത്രിയായി. 1987 ജൂണില്‍ മന്ത്രിസഭയുടെ കാലാവധി അവസാനിക്കുന്നതു വരെ അദ്ദേഹം സ്ഥാനത്തു തുടര്‍ന്നു.

അന്ന് അപ്രത്യക്ഷമായതാണ് ഉപമുഖ്യമന്ത്രി പദം. ഇടതു വലതു മുന്നണികളിലൊന്നും അത്തരമൊരു ആവശ്യം ഇന്നോളം ഉയര്‍ന്നിരുന്നില്ല. വാസ്തവത്തില്‍ അങ്ങനെ ഒരു ഒഴിവുള്ള കാര്യം ലീഗും മറന്നതാണ്. അത് ഓര്‍മിപ്പിച്ചതിന് രമേശ് ചെന്നിത്തലയോട് ലീഗിനു പെരുത്ത നന്ദിയുമുണ്ട്. അതിനു പ്രത്യുപകരാമായാണ് ഇക്കുറി രമേശ് ഉപമുഖ്യമന്ത്രിയായിക്കോട്ടെ, എന്ന രഹസ്യ അജന്‍ഡയില്‍ പി.കെ. കുഞ്ഞാലിക്കുട്ടി എത്തിച്ചേര്‍ന്നത്. ഇനി ഒരു മന്ത്രിസഭയും അതില്‍ ലീഗുമുണ്ടെങ്കില്‍ ഉപമുഖ്യമന്ത്രിപദം മൂന്നുതരം.

പക്ഷേ, പ്രായം ചെന്ന പല മുന്‍ മാനെജര്‍മാരും മനസില്‍ ചികയുന്നത് മറ്റൊന്നാണ്. മഹാനായ സിഎച്ചും വളരെ സീനിയറായിരുന്ന അവുക്കാദര്‍ കുട്ടി നഹയ്ക്കും ഉപമുഖ്യമന്ത്രിപദത്തിന് പല തരത്തിലും യോഗ്യതയും അര്‍ഹതയുമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ അവകാശവാദങ്ങളുടെ അടിസ്ഥാനം എന്താണാവോ? എത്ര ആലോചിച്ചിട്ടും ഉത്തരം കിട്ടുന്നില്ല. പിന്നെ യുക്തി നിരത്തിയാല്‍ ഇങ്ങനെ ചുരുക്കാം. ലീവ് വേക്കന്‍സിയില്‍ ഒരു നിയമനം. ഭാവിയിലേക്കുള്ള ക്ലയിം. അത്രയേയുള്ളൂ കാര്യം.

സ്റ്റോപ് പ്രസ്:

സംസ്ഥാനത്തു പുതുതായി അനുവദിക്കപ്പെട്ട ഹയര്‍ സെക്കന്‍ഡറി എയ്ഡഡ് സ്കൂളുകളില്‍ അധ്യാപകരുടെ ലീവ് വേക്കന്‍സിയില്‍ നിയമനം ലഭിക്കുന്നതിന് 28 ലക്ഷം രൂപ വരെ കോഴ നല്‍കണമത്രേ.

കോളെജ് അധ്യാപക നിയമനത്തിന്‍റെ തുക ആരും വെളിപ്പെടുത്തുന്നില്ല. എങ്കിലും ആഗോള കുത്തകകളായ ടാറ്റയ്ക്കും ബിര്‍ളയ്ക്കും പോലും താങ്ങാന്‍ ബുദ്ധിമുട്ടാണെന്നു കേള്‍ക്കുന്നു. അപ്പോള്‍പ്പിന്നെ ഉപമുഖ്യമന്ത്രിയെന്ന ലീവ് വേക്കന്‍സിയുടെ കാര്യം..? ഹമ്മോ...ഓര്‍ത്തിട്ടു തലകറങ്ങുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ