പേജുകള്‍‌

2013, ജൂലൈ 1, തിങ്കളാഴ്‌ച

നന്ദി ആരോട് ചൊല്ലേണ്ടൂ..

 
 
 
നന്ദി ആരോടു ചൊല്ലേണ്ടൂ എന്ന അവസ്ഥയിലാണ് കേരളത്തിലെ എല്ലാ പക്ഷത്തുമുള്ള രാഷ്ട്രീയ നേതൃത്വങ്ങളും. ഒന്നില്‍പ്പിടിച്ചു മറ്റൊന്നിലേക്ക് എന്ന മട്ടില്‍ കത്തിക്കയറുന്ന വിവാദങ്ങളില്‍ നിന്നു പരസ്പരം തലയൂരാനുള്ള പഴുതൊരുക്കുന്നതില്‍ പരസ്പരം മത്സരിക്കുകയാണ്. പരസ്പരം പഴിക്കാന്‍ മാത്രമല്ല, തലയൂരാനുള്ള പഴുതും ഓരോരുത്തരും ഒരുക്കുന്നതു വെറും യാദൃശ്ചികം.

കേരളയാത്ര കഴിഞ്ഞു നല്ല ഗ്ലാമറില്‍ അധികാരത്തില്‍ തിരിച്ചെത്താമെന്ന പ്രതീക്ഷയിലായിരുന്നു കെപിസിസി പ്രസിഡന്‍റ് രമേശ് ചെന്നിത്തല. ഉപമുഖ്യമന്ത്രി പദത്തോടെയുള്ള മന്ത്രിസഭാ പ്രവേശമായിരുന്നു ലക്ഷ്യം. ലക്ഷ്യം നല്ലതായിരുന്നെങ്കിലും മാര്‍ഗം പിഴച്ചുപോയി. ഭൂരിപക്ഷ തുരുപ്പിറക്കി, ന്യൂനപക്ഷ കാര്‍ഡ് വെട്ടിയതു വിനയായി. യുഡിഎഫില്‍ ഉപമുഖ്യമന്ത്രി സ്ഥാനം അനുവദിച്ചാല്‍ അതിന് ക്ലംയിം തങ്ങള്‍ക്കാണെന്ന് ലീഗ് കട്ടായം പറഞ്ഞു. സി.എച്ച്. മുഹമ്മദ് കോയയുടെയും അവുക്കാദര്‍ കുട്ടി നഹയുടെയും ഭരണം മുന്‍നിര്‍ത്തി അവരതു ശക്തിയുക്തം വാദിച്ചു. അതോടെ ചെന്നിത്തല അയഞ്ഞു.

ഉപമുഖ്യമന്ത്രി സ്ഥാനം കിട്ടിയില്ലെങ്കില്‍ ആഭ്യന്തരമന്ത്രി സ്ഥാനം കിട്ടിയാലും മതിയെന്നു പറഞ്ഞു നോക്കി. പക്ഷേ, ക്യാബിനറ്റിലെ രണ്ടാം റാങ്ക് തനിക്കായിരിക്കണമെന്നു വ്യവസ്ഥ വച്ചു. പക്ഷേ, ആരു കേള്‍ക്കാന്‍. ഇന്ദു ലേഖ ഇല്ലെങ്കില്‍ അവളുടെ തോഴി ആയാലും മതിയെന്നു ചന്തു മേനോന്‍ തന്‍റെ വികടകഥാപാത്രത്തെക്കൊണ്ടു പറയിച്ച മട്ടില്‍, ഏതു സ്ഥാനവും വഹിക്കാമെന്നു പറഞ്ഞിട്ടും എ ഗ്രൂപ്പുകാര്‍ പാലം വലിച്ചു. അതിന്‍റെ നിരാശയില്‍ കഴിഞ്ഞ ചെന്നിത്തലയ്ക്ക് ഇത്തിരി മനസമാധാനം കിട്ടിയത് സോളാര്‍ എനര്‍ജി കത്തിയപ്പോഴാണ്. താന്‍ താന്‍ നിരന്തരം ചെയ്യുന്നതിന്‍ ഫലം താന്‍ താന്‍... എന്ന രാമായണോക്തി പോലെ ഉമ്മന്‍ ചാണ്ടി അനുഭവിച്ചോട്ടെ എന്നു കരുതി ചെന്നിത്തല മനസു കൊണ്ടെങ്കിലും സോളാര്‍ എനര്‍ജി പായ്ക്ക് സരിത നായര്‍ക്കു നന്ദി പറഞ്ഞിരിക്കും.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍, തുടങ്ങി എത്രയെത്ര വന്‍മരങ്ങളാണ് സരിതയുടെ സോളാര്‍ ചാര്‍ജില്‍ കത്തി നില്‍ക്കുന്നത്. എങ്കിലും ഹൈവോള്‍ട്ട് ഷോക്ക് ഉമ്മന്‍ ചാണ്ടിക്കാണ് ഏറ്റത്. തട്ടിപ്പു നടത്തിയ സരിത നായര്‍, കോടിയേരി ബാലകൃഷ്ണനെ അങ്കിള്‍ എന്നു വിളിച്ചതാണു കുഴപ്പമായത്. ഒരാള്‍ മറ്റൊരാളെ എന്തു വിളിക്കണം എന്നു വിളിക്കുന്നയാളാണു തീരുമാനിക്കുന്നത്. വിളിക്കുന്നത് അശ്ലീലമോ മാനക്കേടുണ്ടാക്കുന്ന പദങ്ങളോ ആയാല്‍ കേട്ടയാള്‍ക്ക് കേസ് കൊടുക്കാന്‍ വകുപ്പുണ്ട്. അങ്കിള്‍ എന്നാല്‍ അശ്ലീലമോ മാനഷ്ടമുണ്ടാക്കുന്നതോ ആയ വാക്കല്ലത്തതിനാല്‍ കോടിയേരിക്കു തടിയൂരാം. കോടിയേരിയുടെ തല പിടിച്ചു വയ്ക്കാന്‍ പറ്റുന്ന വല്ല വകുപ്പുകളും ഉണ്ടോയെന്നു പരിശോധിക്കാന്‍ തിരുവഞ്ചൂരിന്‍റെ പൊലീസിന് ഉന്നതങ്ങളില്‍ നിന്നു നിര്‍ദേശം ലഭിച്ചിട്ടുണ്ടത്രേ. കോടിയേരി സൂക്ഷിച്ചാല്‍ കോടിയേരിക്കു ദുഃഖിക്കേണ്ടി വരില്ല.

അച്യുതാനന്ദന്‍റെ സെക്യൂരിറ്റി സര്‍ക്കിളില്‍ ഉള്‍പ്പെട്ട ചിലര്‍ക്കും സരിതയുമായി എന്തൊക്കെയോ ഇടപാടുകളുണ്ടെന്ന് ആരോപണമുണ്ട്. പക്ഷേ, അതുകേട്ട് സഖാവ് ഒട്ടും കുലുങ്ങിയില്ല. കൂടെ നില്‍ക്കുന്നവരെ കൈവിട്ടു ശീലമുള്ളതിനാല്‍, സെക്യൂരിറ്റിക്കാരന്‍ കുടുങ്ങിയാലും സഖാവിന് ഒന്നും സംഭവിക്കാനില്ല. ഇനിയുള്ളത് മുഖ്യമന്ത്രിയാണ്. രാവിലെ മുതല്‍ വൈകുന്നേരം വരെ വെള്ളം കോരിയാണു ശീലം. പക്ഷേ, വൈകുന്നേരം ആരെങ്കിലും വന്നു കുടം തല്ലിയുടയ്ക്കുമെന്നതാണ് ഇന്നോളമുള്ള അനുഭവം. ഒപ്പമുള്ള ആള്‍ക്കൂട്ടവും, സ്വന്തമായി ഒരു ഫോണ്‍ പോലുമില്ലാതെ അവരെയൊക്കെ ഡീല്‍ ചെയ്യുന്നതിലെ വൈഭവവുമൊന്നും രമേശ്ജി ചെന്നിത്തലജിക്കോ, ഹൈക്കമാന്‍ഡിലെ മുനീശ്വരന്മാര്‍ക്കോ, സാക്ഷാല്‍ കുമാരനു പോലുമോ മനസിലാകില്ല. വല്ലതും മനസിലാകണമെങ്കില്‍ ജനീവയിലെ ഐക്യ രാഷ്ട്ര സഭയിലേക്ക് ഫോണില്‍ വിളിച്ച് സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിനെ കനക്റ്റ് ചെയ്യാന്‍ പറഞ്ഞാല്‍ മതി. ഉമ്മന്‍ ചാണ്ടിയുടെ കാര്യക്ഷമതയെക്കുറിച്ചു മൂന്നു പേജില്‍ കുറയാതെ അദ്ദേഹം ഉപന്യസിക്കും.

ആഗോള തലത്തില്‍ ഉന്നത ബഹുമതികള്‍ കിട്ടുമ്പോള്‍, കൂടെയുള്ളവര്‍ക്കു കൊതിക്കെറുവുണ്ടാകുന്നതു സ്വാഭാവികം. വിട്ടുകളഞ്ഞാല്‍ മതി. ഏതായാലും സോളാര്‍ തട്ടിപ്പിന്‍റെ പേരില്‍ നിയമസഭാസമ്മേളനം മുഴുവന്‍ അലങ്കോലപ്പെടുമെന്നും പ്രതിഷേധ ജ്വാലയില്‍ ഒരു വേള കസേര തന്നെ തെറിക്കുമെന്നും തോന്നലുണ്ടാക്കിയ നിമിഷങ്ങളിലാണ് സഭ ഗില്ലറ്റിന്‍ ചെയ്യാനുള്ള സദ്ബുദ്ധി ഉദിച്ചത്. അതോടെ, ചില ഇടതു യുവജന സംഘടനകളുടെ ആളില്ലാ സമരങ്ങളും വീറൊഴിഞ്ഞ് അപ്രസക്തമായി. സമരമധ്യത്തിലേക്കു ക്ലോസറ്റും പ്രതിഷേധവുമായെത്തിയ തോക്കു സ്വാമി ഹിമവല്‍ ഭദ്രാനന്ദയ്ക്ക് ആവശ്യത്തിലേറെ ഇടി കൊണ്ടതു മാത്രമായിരുന്നു പ്രതിഷേധ സമരത്തില്‍ ഓര്‍മയില്‍ തെളിയുന്ന രസകരമായ ഏക സംഭവം. ഏതായാലും ഇവര്‍ക്കൊക്കെ മുഖ്യമന്ത്രി നന്ദി പറയാന്‍ തയാറെടുക്കുമ്പോഴേക്കും ഇതാ വരുന്നു, മുന്‍ മന്ത്രി ജോസ് തെറ്റയിലും പരിവാരങ്ങളും. തെറ്റയിലിന്‍റെ മാനം കളഞ്ഞെങ്കിലും ഉമ്മന്‍ ചാണ്ടിക്ക് പിടിച്ചു നില്‍ക്കാനൊരു വൈക്കോല്‍ത്തുരുമ്പായിരുന്നു സംഭവം.

തെറ്റയിലിനോട് ഉമ്മന്‍ ചാണ്ടി നന്ദി പറഞ്ഞു തീരുംമുന്‍പ്, തെറ്റയിലിനു നിയമപരമായും രാഷ്ട്രീയമായും സ്വന്തം പാര്‍ട്ടി പൂര്‍ണ പിന്തുണ നല്‍കി. അതൊക്കെ ഘടക കക്ഷികളുടെ ആഭ്യന്തരകാര്യം എന്നു കരുതി സിപിഎം തെറ്റയിലിനെ വെറുതേ വിട്ടു. എല്ലാക്കാലത്തും പാര്‍ട്ടി വിരുദ്ധ നിലപാടിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന വിഎസ് സഖാവിന് അവിടെയും ഒരു വെടിക്കുള്ള വഹ കിട്ടി. തെറ്റയില്‍ രാജി വയ്ക്കേണ്ടെന്ന ജനതാദള്‍ നിലപാട് അനുകൂലിച്ച പാര്‍ട്ടി നിലപാടു തിരുത്തി, രാജി കൂടിയേ തീരൂ എന്നു പറഞ്ഞ് പുതിയൊരു കലാപത്തിനു വഴി തുറന്ന അച്യുതാനന്ദനോട് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ ഐക്യദാര്‍ഢ്യം പറഞ്ഞു തീരും മുന്‍പേ, സിപിഎം അടവു മാറ്റി. അച്യുതാനന്ദനെക്കൂടി വിളിച്ചുവരുത്തി, തെറ്റയിലിന്‍റെ കാര്യത്തില്‍ പാര്‍ട്ടി എടുക്കുന്നതാണ് ശരിയായ നിലപാടെന്ന് വിഎസ് സമ്മതിച്ചതോടെ, ജനതാദള്‍ സിപിഎം സെക്രട്ടറി പിണറായി വിജയനു നന്ദി പറഞ്ഞു. നന്ദി രേഖപ്പെടുത്താന്‍ ഒരാളെ കിട്ടുന്നതു വരെ സിപിഐ തല്‍ക്കാലും നിലപാട് പുറത്തു പറയില്ല.

കാര്യങ്ങള്‍ ഇവിടം കൊണ്ടൊക്കെ അവസാനിച്ച് അടുത്ത എട്ടിനു നിയമസഭ സുഗമമായി കൂടിയേക്കും എന്നു വിചാരിച്ചിരിക്കുമ്പോഴാണ് രമേശ് ചെന്നിത്തല പുതിയ ഏടാകൂടത്തിനു കര്‍ട്ടന്‍ ഉയര്‍ത്തിയത്. പഴയ തലശേരി പടക്കുതിര സി.കെ. ഗോവിന്ദന്‍ നായര്‍ എന്ന സികെജിയ കൂട്ടുപിടിച്ച് മുസ്ലിം ലീഗിനിട്ട് ഒരു കൊട്ടു കൊടുക്കാന്‍ ശ്രമിച്ചതു തിരിഞ്ഞു കൊണ്ടു. ഇടതുപക്ഷത്തുണ്ടായിരുന്ന മുസ്ലിം ലീഗിനെ കോഴിക്കോട് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പക്ഷത്തേക്കു കൂട്ടിക്കൊണ്ടുവന്ന ഡിസിസി നടപടി കെപിസിസി പ്രസിഡന്‍റ് ആയിരുന്ന സികെജി എതിര്‍ത്തു. സമുദായങ്ങളെ ആയിരുന്നില്ല, ഏതു സമുദായത്തിലെയും പാവപ്പെട്ടവരെ മുഖ്യധാരയിലെത്തിക്കാനായിരുന്നു സികെജിയുടെ വ്യഗ്രത. സമുദായ നേതാക്കളെയല്ല, എല്ലാ സമുദായത്തിലെയും പാവപ്പെട്ടവര്‍ക്കു വേണ്ടി സികെജി വാദിച്ചു. ലീഗ് സഖ്യത്തിന്‍റെ പേരില്‍ ഡിസിസി പ്രസിഡന്‍റിനു കസേര നഷ്ടപ്പെട്ടെങ്കിലും ഇന്നത്തെ യുഡിഎഫിനു ശക്തമായ രാഷ്ട്രീയ അടിത്തറ ഉറപ്പാക്കുന്നതില്‍ അന്നത്തെ കോണ്‍ഗ്രസ്- ലീഗ് സഖ്യം വലിയ തോതില്‍ ഗുണം ചെയ്തു എന്ന കാര്യത്തില്‍ രമേശ് സംശയിച്ചാല്‍ കൂടെ നില്‍ക്കാന്‍ ആളു കുറയും.

തന്‍റെ ഉപമുഖ്യമന്ത്രി സ്ഥാനത്തിനു വരെ പാര വച്ച മുസ്ലിം ലീഗിനെ അടിക്കാന്‍ എടുത്ത വടി തിരിഞ്ഞു കൊണ്ടതാണ് രമേശിന്‍റെ ദൗര്‍ഭാഗ്യം. സോളാര്‍ വിവാദത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരേ തിരിഞ്ഞ ഹൈക്കമാന്‍ഡ്, തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ലീഗിനെ പിണക്കിയതിന് രമേശിനെതിരേയാണിപ്പോള്‍ വടി ഓങ്ങുന്നത്. ആരൊക്കെ അടി വാങ്ങുമെന്ന് ആരു കണ്ടു!



സ്റ്റോപ് പ്രസ്

നേതൃമാറ്റത്തിന് ഐ ഗ്രൂപ്പ് ശ്രമിച്ചാല്‍ പ്രത്യാഘാതം ഗുരുതരമെന്ന് എ ഗ്രൂപ്പ്.

പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് കഴിയുംവരെ എല്ലാ ഗ്രൂപ്പുകളും വെയ്റ്റ് ചെയ്യണം, പ്ലീസ്..!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ